Pages

5 May 2020

സാമൂഹികതയുടെ മടങ്ങിവരവ്

സുനിൽ പി ഇളയിടം
മഹാമാരികൾ വന്നതുപോലെ മടങ്ങിപ്പോകില്ല. മഹാമാരികളുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്ന വലിയ പാഠങ്ങളിലൊന്ന് അതാണ്. ക്രിസ്തുവിനും അഞ്ച് നൂറ്റാണ്ടുമുമ്പ് ഏഥൻസിനെ വിഴുങ്ങിയ മഹാമാരിമുതൽക്കേ ഇത് കാണാനാകും. ഏഥൻസിന്റെ സർവപ്രതാപങ്ങളും അന്ന് നിലംപൊത്തി. നിലനിൽക്കുന്ന ജീവിതക്രമത്തെയും സാമൂഹ്യവ്യവസ്ഥയെയും മഹാമാരികൾ വലിയതോതിൽ മാറ്റിമറിക്കും. പഴയലോകം അതേപടി തുടരുന്നത് അസാധ്യമാക്കും.

ലോകത്തെ ഇന്ന് വലയംചെയ്തിരിക്കുന്ന കോവിഡ്–- 19 എന്ന മഹാമാരിയുടെ കാര്യവും വ്യത്യസ്തമല്ല. രണ്ട് നൂറ്റാണ്ടെങ്കിലുമായി തുടരുന്ന ആധുനിക ലോകവ്യവസ്ഥയെ അത് പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നു. സർവപ്രതാപം നിറഞ്ഞ രാഷ്ട്രങ്ങൾ മൂക്കുകുത്തുന്നു. മുതലാളിത്ത സമ്പദ്‌വ്യവസ്ഥ ചരിത്രത്തിലെ വലിയ പ്രതിസന്ധിയെ നേരിടുകയാണ് ഇപ്പോൾ. പുതിയ ലോകക്രമത്തെക്കുറിച്ച് പലരും പ്രവചിക്കാൻ തുടങ്ങിയിരിക്കുന്നു. പടിഞ്ഞാറൻ രാജ്യങ്ങളുടെ വീട്ടകങ്ങളിലേക്കുതന്നെ ഈ പ്രതിസന്ധി കടന്നുകയറിയിട്ടുണ്ട്. ഒരുപക്ഷേ, രണ്ടാം ലോകമഹായുദ്ധംപോലും ഇത്രയും ആഴത്തിൽ ആ വീട്ടകങ്ങളിൽ എത്തിയിട്ടുണ്ടാകില്ല. ഇതിനെയെല്ലാം മുൻനിർത്തി, മാനവനാഗരികത വ്യവസ്ഥാപരമായ ഒരു പരിവർത്തനത്തിലേക്ക് നീങ്ങുകയാണോ എന്ന ചോദ്യം വ്യാപകമായി ഉന്നയിക്കപ്പെടാൻ തുടങ്ങിയിരിക്കുന്നു.

സാമൂഹ്യ അകലം പാലിക്കുക എന്നതാണ് ലോകത്തിന്റെ പുതിയ മുദ്രാവാക്യം. കോവിഡ്–- 19ന്റെ വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും സമർഥവും ഫലപ്രദവുമായ മാർഗമായി അത് മാറിക്കഴിഞ്ഞു. അടച്ചിടലുകളുടെ കാലം കഴിഞ്ഞാലും ദീർഘകാലത്തേക്ക് സാമൂഹ്യ അകലം എന്നത് ലോകത്തിന്റെ ജീവിതശീലങ്ങളുടെ അടിസ്ഥാനമായി തുടരും എന്നത് ഉറപ്പാണ്. വലിയ വലിയ ഒത്തുചേരലുകൾ, സമ്മേളനങ്ങൾ, ഉത്സവങ്ങൾ, പൊതുവെ ഇവയെല്ലാം ഇനിയും പ്രയാസകരമായി തുടരും. സംഘം ചേർന്നുള്ള പ്രവൃത്തികളും ആവിഷ്കാരങ്ങളും അപ്രാപ്യമായി അവശേഷിക്കും. തമ്മിൽ തമ്മിൽ അകലം പാലിക്കാൻ ഓരോ മനുഷ്യനും ശ്രദ്ധാലുവാകുന്ന, അകന്നുനിൽക്കലിൽ ഒരുമ കണ്ടെത്തേണ്ടിവരുന്ന, ഒരു സാഹചര്യം രൂപപ്പെടുകയാണ്. മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ അസാധാരണ സന്ദർഭങ്ങളിലൊന്നാണത്. ജീവിതത്തിന്റെ ഇതുവരെയുള്ള ക്രമങ്ങളെ അത് എങ്ങനെയൊക്കെ മാറ്റിമറിക്കും എന്ന് വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. എന്തായാലും പഴയ ലോകക്രമത്തിന് അതേപടി തിരിച്ചുവരാനാകില്ലെന്ന് മിക്കവരും കരുതുന്നുണ്ട്. നാഗരികതാ പരിണാമം (സിവിലൈസേഷണൽ ചെയ്‌ഞ്ച്) എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പരിവർത്തന സന്ദർഭമാണ് ഇതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.

 

ഈ പ്രതിസന്ധി ജീവിതത്തെയും ലോകക്രമത്തെയും എങ്ങനെയെല്ലാം മാറ്റിമറിക്കും എന്നതിനെക്കുറിച്ച് ലോകത്തെ വലിയ ചിന്തകർ പലതരം നിരീക്ഷണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സ്ലാവെയ് സീസെക്, നോം ചോംസ്കി, യുവാൽനോവ ഹരാരി, അർജുൻ അപ്പാദുരൈ എന്നിങ്ങനെ ഒട്ടനവധിപേർ കോവിഡ്–- 19ന്റെ സാമൂഹ്യ ഫലങ്ങളെക്കുറിച്ച് ശ്രദ്ധേയമായ നിഗമനങ്ങൾ പലതും മുന്നോട്ടുവച്ചുകഴിഞ്ഞു. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലധികമായി പ്രബലമായി തുടരുന്ന മുതലാളിത്തം എന്ന വ്യവസ്ഥയുടെ അഗാധമായ പ്രതിസന്ധിസ്ഥാനങ്ങളിലൊന്നായാണ് സിസെക്കിനെയും ചോംസ്കിയെയും പോലുള്ളവർ ഇതിനെ കാണുന്നത്. പുതിയ തരത്തിലുള്ള ഒരു കമ്യൂണിസത്തിന്റെ, (സാർവദേശീയതയുടെയും ആഗോള സാഹോദര്യത്തിന്റെയും) സന്ദർഭമായി സിസെക് ഇതിനെ വിലയിരുത്തുന്നുണ്ട്. നിയോലിബറലിസം കെട്ടഴിച്ചുവിട്ട മൂലധനഭ്രാന്ത് ആരോഗ്യപരിപാലനത്തെ വിഴുങ്ങിയതിന്റെ ഉത്തമോദാഹരണമായി നോം ചോസ്കി ഇതിനെ കാണുന്നു. മറുഭാഗത്ത്, അമിതാധികാരപരവും അതികേന്ദ്രീകൃതവുമായ ഭരണകൂടങ്ങളിലേക്കും ജീവിതക്രമങ്ങളിലേക്കുമുള്ള വഴിതിരിയലിന്റെ സാധ്യതയാണ് യുവാൽനോവ ഹരാരിയും അർജുൻ അപ്പാദുരൈയും മറ്റും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സാർവദേശീയതയുടെയും ആഗോളസാഹോദര്യത്തിന്റെയും സന്ദർഭമായിരിക്കെത്തന്നെ, അതിനെതിരെ ദേശീയമായ ഉൾവലിയലിന്റെയും അതിർത്തികൾ അടയ്ക്കലിന്റെയും അമിതാധികാരത്തിന്റെയും ഭീഷണമായ മേൽനോട്ടങ്ങളുടെയും (സർവൈലൻസ്‌) ഒക്കെ ലോകത്തിലേക്ക് വർത്തമാനകാലം പരിണമിക്കാമെന്ന സാധ്യതയാണ് അവർ കാണുന്നത്. ഭാവിയുടെ ഗതി പ്രവചനാതീതമാണ്. അക്കാര്യം അംഗീകരിച്ചുകൊണ്ടുതന്നെ ഉറപ്പു പറയാവുന്ന ഒരു കാര്യമുണ്ട്. മനുഷ്യവംശത്തിന്റെയും നാഗരികതയുടെയും ചരിത്രം നിസ്സംശയമായും ഒരു വഴിത്തിരിവിലെത്തിയിരിക്കുന്നു.

ഈ വഴിത്തിരിവിന്റെ സ്വഭാവത്തെക്കുറിച്ച് പറയാവുന്ന ഒരു കാര്യം ‘സാമൂഹികതയുടെ മടങ്ങിവരവ്' എന്ന ആശയമാണ്. ഇത് പുറമേക്ക് കൗതുകകരമായി തോന്നാവുന്ന ഒരു കാര്യമാണ്. ‘സാമൂഹ്യ അകലം പാലിക്കൽ' അടിസ്ഥാന സ്വഭാവമായി മാറിയ ഒരു സന്ദർഭത്തെ മുൻനിർത്തി ‘സാമൂഹികതയുടെ മടങ്ങിവരവ്' എന്ന് എങ്ങനെയാണ് പറയാനാവുക? ‘സാമൂഹ്യ അകലം പാലിക്കൽ' എന്ന ആശയത്തിന് കേരളം നൽകിയ വിശദീകരണം ഇവിടെ കൂടുതൽ സംഗതമാണ്. ‘ശാരീരികമായ അകലം; സാമൂഹികമായ ഒരുമ' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ‘സോഷ്യൽ ഡിസ്റ്റൻസിങ്‌' എന്നതിനെ വിശദീകരിച്ചത്. കോവിഡ്–- 19 ഉയർത്തിക്കൊണ്ടുവന്ന ലോകസന്ദർഭത്തിൽ ഇത് വളരെ പ്രാധാന്യമുള്ള ഒന്നാണ്. ഒരർഥത്തിൽ, മുതലാളിത്ത ജീവിതക്രമത്തിന്റെ അടിസ്ഥാനപരമായ വിമർശനംകൂടിയാണ് ഈ ആശയം.

വ്യക്തി എന്ന അടിസ്ഥാന ഏകകത്തെ മുൻനിർത്തിയാണ് മുതലാളിത്തസമൂഹം വികസിച്ചുവന്നത്. വ്യക്തിയും സമൂഹവും അവിടെ വിപരീതദ്വന്ദങ്ങൾ ആയിരുന്നു. (ഈ സങ്കല്പത്തിന്റെ ഗാഢവിമർശനം എന്ന നിലയിലാണ് മനുഷ്യനെ സാമൂഹ്യബന്ധങ്ങളുടെ സമുച്ചയം (എൻസെംബിൾ ഓഫ്‌ സോഷ്യൽ റിലേഷൻസ്‌) എന്ന് മാർക്സ് വിശദീകരിച്ചത്.) പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലൂടെ വളർന്നുവികസിച്ച മുതലാളിത്തലോകം അടിസ്ഥാനപരമായി വ്യക്തിവാദപരമായിരുന്നു. അവിടെ ആരോഗ്യവും രോഗവും വ്യക്തിപരമായ കാര്യങ്ങളാണ്. എന്റെ രോഗം എന്റെ സ്വകാര്യപ്രശ്നവും എന്റെ ആരോഗ്യം എന്റെ വ്യക്തിപരമായ കാര്യവും ആയിരുന്നു. ആരോഗ്യം എന്ന സങ്കല്പത്തെ സ്വകാര്യവ്യക്തി (പ്രൈവറ്റ്‌ ഇൻഡിവിജ്വൽ) എന്ന ആശയവുമായി മുതലാളിത്തം കൂട്ടിക്കലർത്തി. ഈ അടിസ്ഥാനത്തിനു മുകളിലാണ് ആരോഗ്യപരിപാലനത്തിന്റെ ആധുനിക സംവിധാനങ്ങൾ കെട്ടിപ്പൊക്കപ്പെട്ടത്. നവഉദാരവൽക്കരണ കാലമായപ്പോൾ ആരോഗ്യപരിപാലനം സമ്പൂർണമായി മൂലധനത്തിന്റെയും ലാഭത്തിന്റെയും പിടിയിലായി. പണവും സാങ്കേതികവിദ്യയും വ്യക്തിപരതയും കൈകോർത്തുനിൽക്കുന്ന ഒന്നായി അത് മാറി. വ്യക്തികളുടെ ആരോഗ്യപരിപാലനവും പൊതുജനാരോഗ്യവും വഴിപിരിഞ്ഞു.

ആധുനിക കേരളത്തിന്റെ രൂപീകരണവേളമുതൽ ഇവിടെ പ്രബലമായി തുടരുന്ന സാമൂഹികത എന്ന ആശയത്തിന്റെയും അതിന്റെ വിവിധ രൂപത്തിലുള്ള സാക്ഷാൽക്കാരത്തിന്റെയും വിജയംകൂടിയാണത്. കേരളം ആധുനികമായത് സാങ്കേതികവും ഉപകരണപരവുമായ തലങ്ങളിൽ ആധുനികതയെ പുണർന്നതുകൊണ്ടുമാത്രമല്ല. മറിച്ച് ആധുനികമായ അവബോധത്തെക്കൂടി വികസിപ്പിച്ചുകൊണ്ടാണ്.

കോവിഡ്–-19ന്റെ ഒരു സവിശേഷ പ്രാധാന്യം അത് ആരോഗ്യപരിപാലനത്തെ വ്യക്തിപരം എന്നതിൽനിന്ന് സാമൂഹികം എന്നതിലേക്ക് തിരിച്ചുകൊണ്ടുവന്നു എന്നതാണ്. ഒരാളുടെ ആരോഗ്യവും അയാൾക്കുമാത്രമായി സംരക്ഷിക്കാനാകില്ല എന്ന തിരിച്ചറിവ് ഇപ്പോഴുണ്ട്. എന്റെ ആരോഗ്യം സാമൂഹ്യാരോഗ്യത്തിന്റെ ഭാഗമാണെന്ന ബോധ്യം ശക്തമായി തിരിച്ചെത്തിയിട്ടുണ്ട്. അതുപോലെതന്നെ ഒരാളുടെ രോഗാവസ്ഥ അയാളുടെമാത്രം പ്രശ്നമല്ലെന്നും വന്നുകഴിഞ്ഞു. രോഗിക്കും അയാളുടെ കുടുംബത്തിനുംമാത്രം ബാധകമായത് എന്നതിൽനിന്ന് സമൂഹത്തിനാകെ ബാധകമായ ഒന്നാണ് രോഗം എന്നുവന്നിരിക്കുന്നു. ഒരാൾ മറ്റൊരാളുടെ തുടർച്ചയാണ് എന്ന നിലയിൽ മനുഷ്യരുടെ ആരോഗ്യത്തെയും രോഗത്തെയും പരിഗണിക്കേണ്ടിവന്നിരിക്കുന്നു. ഇങ്ങനെ വ്യക്തിപരമായ തലത്തിനപ്പുറം സാമൂഹികമായ തലത്തിൽവച്ച് രോഗത്തെയും ആരോഗ്യത്തെയും മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും നാം നിർബന്ധിതരായിത്തീർന്നിരിക്കുന്നു എന്നതാണ് കോവിഡ്–-  19 സന്ദർഭം ഉയർത്തിയ ഒരു സമീക്ഷ. ആധുനികലോകത്തിലെ വ്യക്തികേന്ദ്രീകൃതമായ രോഗആരോഗ്യ സങ്കല്പത്തിന്റെയും നിയോലിബറൽ കാലത്തെ ആരോഗ്യവിപണിയുടെയും ഗാഢവിമർശനംകൂടിയാണ് ഇത്.

മഹാമാരിയെ പ്രതിരോധിക്കുന്നതിൽ കേരളം നേടിയ വിജയത്തെ വിലയിരുത്തേണ്ടത് ഈ പശ്ചാത്തലത്തിൽ കൂടിയാണ്. ആധുനിക കേരളത്തിന്റെ രൂപീകരണവേളമുതൽ ഇവിടെ പ്രബലമായി തുടരുന്ന സാമൂഹികത എന്ന ആശയത്തിന്റെയും അതിന്റെ വിവിധ രൂപത്തിലുള്ള സാക്ഷാൽക്കാരത്തിന്റെയും വിജയംകൂടിയാണത്. കേരളം ആധുനികമായത് സാങ്കേതികവും ഉപകരണപരവുമായ തലങ്ങളിൽ ആധുനികതയെ പുണർന്നതുകൊണ്ടുമാത്രമല്ല. മറിച്ച് ആധുനികമായ അവബോധത്തെക്കൂടി വികസിപ്പിച്ചുകൊണ്ടാണ്. നവോത്ഥാനകാലംമുതൽ ആരംഭിച്ച ഒന്നാണത്. ആധുനികമായ ഈ അവബോധത്തിന്റെ കേന്ദ്രം ‘സാമൂഹികത' എന്ന ആശയമായിരുന്നു. വിദ്യാഭ്യാസംമുതൽ ദൈവഭാവനവരെയുള്ള തലങ്ങളിൽ അത് വേരുപിടിച്ചുനിന്നു. കർഷകസമരങ്ങളും ദേശീയപ്രസ്ഥാനവും ഇടതുപക്ഷ രാഷ്ട്രീയവും ഗ്രന്ഥശാലാപ്രസ്ഥാനവും സാക്ഷരതാപ്രസ്ഥാനവും സ്ത്രീശാക്തീകരണവും എല്ലാം ഈ സാമൂഹികതാസങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്നുവന്നവയാണ്. കേരളത്തിലെ അനന്യമായ പൊതുജനാരോഗ്യസംവിധാനത്തിന്റെയും പൊതുവിദ്യാഭ്യാസ സംവിധാനങ്ങളുടെയും അടിസ്ഥാനവും മറ്റൊന്നല്ല.

അവബോധതലത്തിലും സ്ഥാപനസംവിധാനങ്ങളുടെ തലത്തിലും ഒരുപോലെ ബലമുള്ള ഈ സാമൂഹികതയാണ് കോവിഡ്–-19നെ പ്രതിരോധിക്കുന്നതിൽ കേരളത്തെ വിജയിപ്പിച്ചത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, കുടുംബശ്രീ സംവിധാനം, തദ്ദേശസ്ഥാപനങ്ങൾ, പ്രാദേശിക കൂട്ടായ്മകൾ ഇവയെല്ലാം ചേർന്ന് നടത്തിയ രോഗപ്രതിരോധത്തിന്റെ വിശാലമായ ഒരു ചിത്രം നമുക്ക് മുന്നിലുണ്ട്. സാമൂഹികതയുടെ വലിയ ഒരു വിജയദൃശ്യമാണത്. സമ്പത്തിനെയും സാങ്കേതിക മികവിനെയും മുൻനിർത്തി ലോകത്തെ വൻശക്തികൾ കെട്ടിപ്പടുത്ത എല്ലാ സംവിധാനങ്ങളും കോവിഡിനു മുന്നിൽ പരാജയമടഞ്ഞപ്പോൾ കേരളം അതിൽ നേടിയ വിജയം സാമൂഹികതയുടെ വിജയമാണ്.

നവഉദാരവൽക്കരണം അരങ്ങുവാണ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിൽ ഈ സാമൂഹികതയെയും അതുവഴി രൂപപ്പെട്ട പൊതു സംവിധാനങ്ങളെയും തകർക്കാനുള്ള വലിയ ശ്രമങ്ങളാണ് നടന്നത്. കേരളത്തിൽ വലതുപക്ഷ മധ്യവർഗം പൊതുസംവിധാനങ്ങളെ പുച്ഛിക്കുകയും പടിയടച്ച് പുറത്താക്കുകയുംചെയ്തു. വിദ്യാഭ്യാസ–- ആരോഗ്യമേഖലകളെ സ്വകാര്യവൽക്കരിക്കാനുള്ള നാനാതരം ശ്രമങ്ങൾ അരങ്ങേറി. ചെറുതും വലുതുമായ സമരങ്ങളിലൂടെയും ഇടതുപക്ഷ ഭരണകൂട ഇടപെടലുകളിലൂടെയും അതിനെ കഴിയുന്നത്ര പ്രതിരോധിക്കാൻ കഴിഞ്ഞതിന്റെ വിജയംകൂടിയാണ് കോവിഡ് പ്രതിരോധത്തിൽ നാം കൈവരിച്ച നേട്ടത്തിന്റെ അടിസ്ഥാനം. ഈ സന്ദർഭത്തിന്റെ രാഷ്ട്രീയ ഉള്ളടക്കവും അതുതന്നെയാണ്. വ്യക്തിവാദത്തിനും മൂലധനവാദത്തിനും വിപണിവാദത്തിനും എതിരായ സാമൂഹികതയുടെ രാഷ്ട്രീയവിജയംകൂടിയാണത്. കോവിഡ് പ്രതിരോധത്തിലെ വിജയപതാകയോടൊപ്പം അതിന്റെ ഈ രാഷ്ട്രീയ ഉള്ളടക്കത്തെയും നാം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്.

No comments:

Post a Comment