Pages

Showing posts with label Constitution. Show all posts
Showing posts with label Constitution. Show all posts

31 January 2020

ഭരണഘടന:ചരിത്രവും സംസ്‌കാരവും ഭാഗം - പി രാജീവ്‌

പി രാജീവ്‌

Part 1
ഭരണഘടന: ചരിത്രവും സംസ്‌കാരവും

ഭരണഘടനാ അസംബ്ലിയുടെ സമ്മേളനത്തിന്റെ മൂന്നാംദിവസം പകൽ ഒരു മണി കഴിഞ്ഞ് മൂന്നു മിനിറ്റ്‌ 12 സെക്കൻഡ്‌  കഴിഞ്ഞപ്പോൾ അംഗങ്ങൾ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. ഇങ്ക്വിലാബ് സിന്ദാബാദ്, ജയ്ഹിന്ദ്. അസംബ്ലിയുടെ സ്ഥിരം ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട രാജേന്ദ്രപ്രസാദിനെ ആചാര്യ കൃപലാനിയും മൗലാന അബ്‌ദുൾകലാം ആസാദും ചേർന്ന് അധ്യക്ഷവേദിയിലേക്ക് ആനയിക്കുമ്പോൾ അംഗങ്ങളാകെ കോറസ് പോലെ ഈ മുദ്രാവാക്യമാണ് വിളിച്ചത്. പൂർണ സ്വാതന്ത്ര്യത്തിന്റെ രൂപരേഖ തയ്യാറാക്കുന്ന ദൗത്യത്തിന്റെ തുടക്കത്തിൽ ഹസ്രത്ത് മൊഹാനി എഴുതിയ ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചത് ചരിത്രത്തിന്റെ മറ്റൊരു നിയോഗം. മൊഹാനിയാണ് 1921ൽ അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ ആസാദി ഇ കാമിൽ (പൂർണ സ്വാതന്ത്ര്യം) എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കുന്നത്. അദ്ദേഹവും സ്വാമി കുമാരാനന്ദയും ചേർന്നാണ് കമ്യൂണിസ്റ്റ് പാർടിയുടെ തീരുമാനപ്രകാരം പൂർണ സ്വരാജ് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചത്. 1925ൽ കാൺപുരിൽ ചേർന്ന കമ്യൂണിസ്റ്റ് പാർടിയുടെ സമ്മേളനത്തിന്റെ മുഖ്യസംഘാടകനും അദ്ദേഹമായിരുന്നു. ജയ്ഹിന്ദ് ഐഎൻഎയുടെ മുദ്രാവാക്യമാണ്. സുഭാഷ് ചന്ദ്രബോസ് ആവശ്യപ്പെട്ടത് അനുസരിച്ച് സൈനുൾ അബ്ദീൻ ഹസ്സനാണ് ഇത് എഴുതിയതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. രണ്ടു പേരുകളുടെ സവിശേഷത ഇന്നത്തെ ഇന്ത്യയിൽ കൗതുകകരമാണ്.
1946 ഡിസംബർ ഒമ്പതിനാണ് ഭരണഘടനാ അസംബ്ലിയുടെ സമ്മേളനം ആരംഭിക്കുന്നത്. അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ സച്ചിദാനന്ദസിംഹയായിരുന്നു താൽക്കാലിക അധ്യക്ഷൻ. അന്നുമുതൽ 1949 നവംബർ 26നു ഭരണഘടനയ്‌ക്ക് അംഗീകാരം നൽകുന്നതുവരെയുള്ള 165 സമ്മേളന (ഭരണഘടനാഅസംബ്ലി) ദിവസം ഇന്ത്യയുടെ ചരിത്രത്തിൽ സവിശേഷ പ്രാധാന്യമുള്ളവയാണ്. അതിൽ 101  ദിവസം ഭരണഘടനയുടെ കരടിനെ ആധാരമാക്കിയുള്ള ആഴത്തിലുള്ള ചർച്ചകളുടേതായിരുന്നു. 1948 നവംബറിലാണ് ഭരണഘടനയുടെ കരട് സഭയിൽ അവതരിപ്പിച്ചത്.

എന്നാൽ, ഈ ദിവസങ്ങൾക്കിടയിലുള്ള ഭരണഘടനാ അസംബ്ലിക്കകത്തു നടന്ന ചർച്ചകളിലൂടെ മാത്രമല്ല ഭരണഘടനയുടെ ഉള്ളടക്കത്തിനു രൂപം ലഭിക്കുന്നത്. അത് സ്വാതന്ത്ര്യസമരത്തിന്റെ സവിശേഷ ഘട്ടത്തിന്റേതാണ്. ഒപ്പം സ്വാതന്ത്ര്യസമരത്തിന്റെ വ്യത്യസ്‌ത ധാരകളുടെ ഏറ്റുമുട്ടലിന്റെ ഉൽപ്പന്നംകൂടിയാണ്. 1934ൽ എം എൻ റോയിയാണ് ഭരണഘടനയ്‌ക്ക് രൂപംനൽകാൻ ഭരണഘടനാ അസംബ്ലി രൂപീകരിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവയ്‌ക്കുന്നത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടി രൂപീകരിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു എം എൻ റോയി. കാൺപുർ ഗൂഢാലോചനക്കേസിൽ ജയിലിലടയ്‌ക്കപ്പെട്ട ഘട്ടത്തിലാണ്‌ ഭരണഘടനാ അസംബ്ലിയുടെ കാഴ്ചപ്പാട് റോയി വികസിപ്പിക്കുന്നത്. ഒരു വർഷം കഴിഞ്ഞാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ ആശയം അംഗീകരിക്കുന്നത്. 1940 ആഗസ്‌തിൽ ബ്രിട്ടൻ ഈ ആവശ്യം അംഗീകരിച്ചു. എന്നാൽ, പൂർണ സ്വാതന്ത്ര്യം നൽകാൻ അപ്പോഴും ബ്രിട്ടൻ തയ്യാറായിരുന്നില്ല. അതേസമയം തന്നെ ഭിന്നിപ്പിച്ചുഭരിക്കുകയെന്ന തന്ത്രം കുറെക്കൂടി ശക്തമായി. വർഗീയമായ ചേരിതിരിവുകളും പ്രത്യേക രാഷ്ട്രത്തിനായ സമ്മർദവുമെല്ലാം ഭരണഘടനാ അസംബ്ലിയുടെ രൂപീകരണം വൈകിപ്പിച്ചു. പിന്നീട് 1945ലാണ് ബ്രിട്ടന്റെ ഹൗസ് ഓഫ് കോൺഗ്രസ് ഭരണഘടനാ അസംബ്ലി രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുന്നത്.
ഭരണഘടനാ അസംബ്ലിയിലേക്കുള്ള 296 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത് 1946 ജൂലൈയിലാണ്. മുസ്ലിം സംവരണ സീറ്റുകളിൽ ഏഴെണ്ണം ഒഴികെയുള്ള എല്ലാ സീറ്റിലും മുസ്ലിംലീഗ് ജയിച്ചു. ജനറൽ സീറ്റുകളിൽ കോൺഗ്രസിന് വലിയ മുൻകൈ ലഭിച്ചു. 296 സീറ്റിൽ 208 എണ്ണത്തിലും അവരാണ് വിജയിച്ചത്. കോൺഗ്രസിനോടും മുസ്ലിംലീഗിനോടും ഏറ്റുമുട്ടിയ രണ്ടു പാർടിക്ക് ഓരോ സീറ്റാണ് ലഭിച്ചത്. ഒന്ന് എസ്‌സി ഫെഡറേഷന്റെ സ്ഥാനാർഥിയായി അംബേദ്കർ വിജയിച്ചപ്പോൾ ബംഗാളിൽനിന്ന്‌ കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥിയായി സോമനാഥ് ലാഹിരി വിജയിച്ചു. അകാലിദളിനും പഞ്ചാബിലെ യൂണിയനിസ്റ്റ് പാർടിക്കും അഞ്ചു സീറ്റ്‌ വീതമാണ് ലഭിച്ചത്. വിഭജനവും പാകിസ്ഥാന്റെ രൂപീകരണവും ഘടനയിൽ സമാനമായ മാറ്റങ്ങളുണ്ടാക്കി.
സ്വാതന്ത്ര്യസമരത്തിന്റെ വ്യത്യസ്‌ത ധാരകളിൽ ഏറ്റവും അപകടകരമായ ഹിന്ദുത്വശക്തികൾക്ക് അവരുടെ ലേബലിൽ മത്സരിച്ചുവിജയിക്കാനായില്ല. എന്നാൽ, ശ്യാമപ്രസാദ് മുഖർജിയെയും പുരുഷോത്തമദാസിനെ പോലുള്ളവരെയും കോൺഗ്രസ് തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി അംഗങ്ങളാക്കി. ഇതുകൂടാതെ കോൺഗ്രസിന്റെ പ്രതിനിധികളായവരിലും നാമനിർദേശം ചെയ്യപ്പെട്ടവരിലും ഹിന്ദുത്വ ആശയഗതിക്കാരുണ്ടായിരുന്നു എന്നത്‌ കാണാതിരുന്നുകൂടാ. ഭരണഘടനാ അസംബ്ലിക്കകത്തെ എല്ലാ ചർച്ചയിലും ഈ വ്യത്യസ്‌ത ധാരകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ കാണാൻ കഴിയും. അതോടൊപ്പം ബ്രിട്ടനിൽനിന്നു വിട്ടുപോകാതെ തന്നെ ഡൊമിനിയൻ പദവികൊണ്ട് തൃപ്തിപ്പെടുന്നവരും അക്കൂട്ടത്തിലുണ്ട്. കമ്യൂണിസ്റ്റ് പാർടിയുടെ പ്രതിനിധിയായ സോമനാഥ് ലാഹിരി വിശാലമായ സ്വാതന്ത്ര്യത്തിനും ജനതയുടെ അവകാശങ്ങൾക്കുംവേണ്ടി തന്റെ പരിമിതിക്കകത്തുനിന്നും ശക്തമായി വാദിച്ചു. രാജേന്ദ്രപ്രസാദിനെ അനുമോദിക്കുന്ന പ്രസംഗത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ കാഴ്ചപ്പാടുകൾ അദ്ദേഹം ശക്തമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്. പൂർണ സ്വാതന്ത്ര്യത്തിനേക്കാൾ കുറഞ്ഞതൊന്നുകൊണ്ടും ഇന്ത്യക്ക് തൃപ്തിപ്പെടാനാകില്ലെന്ന് ലാഹിരി പറഞ്ഞു. അത്തരം ചർച്ചകളുടെ വിശദാംശങ്ങളിലേക്ക് പിന്നീട് വരാം.
പ്രധാന ഏറ്റുമുട്ടൽ തീർത്തും വ്യത്യസ്‌തമായ രണ്ടു സംസ്‌കാരങ്ങൾ തമ്മിലായിരുന്നു. മതനിരപേക്ഷവും ബഹുമുഖവുമായ സംസ്‌കാരമെന്നതായിരുന്നു ഒരു കാഴ്ചപ്പാട്. എന്നാൽ, മതാത്മകവും ഏകമുഖവുമായ സംസ്‌കാരമെന്ന നിലപാട് ഹിന്ദുത്വശക്തികൾ സ്വീകരിച്ചു. യഥാർഥത്തിൽ സംസ്‌കാരത്തെ മതമായിത്തന്നെ കാണുകയാണ് ഇക്കൂട്ടർ ചെയ്‌തത്. അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രങ്ങളെ പുനർനിർവചിക്കുകയും ചെയ്യുന്നു. മതമായിരിക്കണം രാഷ്ട്രത്തിന്റെ അസ്‌തിത്വത്തെ നിർണയിക്കുന്നതെന്ന വാദം ഇവർ മുന്നോട്ടുവച്ചു. മതനിരപേക്ഷ ബഹുമുഖ സംസ്‌കാരമെന്നതിനെ സംബന്ധിച്ചും വ്യത്യസ്‌ത വീക്ഷണങ്ങളുണ്ടായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് രൂപംകൊണ്ട കാഴ്ചപ്പാട് മതമില്ലാത്ത ധാർമികതയാണ് മതനിരപേക്ഷതയെന്നാണ്. മതം ഭരണകൂടത്തിൽ ഇടപെടാൻ പാടില്ലെന്ന നിലപാടാണ് നെഹ്‌റുവും ഇടതുപക്ഷക്കാരും സ്വീകരിച്ചിരുന്നത്. എന്നാൽ, എല്ലാ മതങ്ങളോടും തുല്യമായ സമീപനമെന്ന നിലപാടാണ് എസ് രാധാകൃഷ്‌ണനെ പോലുള്ളവർ മുന്നോട്ടുവച്ചത്. ഇവ തമ്മിലുള്ള ഏറ്റുമുട്ടലുകളും പല ആർട്ടിക്കിളുകളുടെ ചർച്ചയിലും പ്രതിഫലിക്കുന്നുണ്ട്. എന്നാൽ, പ്രധാനപ്പെട്ട തർക്കം മതാത്മകതയും മതനിരപേക്ഷതയും തമ്മിലായിരുന്നു.
1949 സെപ്തംബർ 18നു നടന്ന ചർച്ച പ്രധാനമായും ഈ രാജ്യത്തിന്റെ പേരിനെ സംബന്ധിച്ചായിരുന്നു. പല തരത്തിലുള്ള വാദമുഖങ്ങൾ ഈ സന്ദർഭത്തിൽ ഉയരുന്നുണ്ട്. അതിലെല്ലാം നേരത്തെ പറഞ്ഞ വ്യത്യസ്‌ത സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടൽ കാണാം. ഭാരത്, ഹിന്ദുസ്ഥാൻ, ഹിന്ദ്, ഭാരതഭൂമി, ഭാരത് വർഷ് എന്നിങ്ങനെയുള്ള പേരുകൾ നിർദേശിക്കപ്പെട്ടു. ദുഷ്യന്തനും ശകുന്തളയും തുടങ്ങിയുള്ള പുരാണങ്ങളും വേദങ്ങളുമെല്ലാം ഉദ്ധരിച്ച് തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിക്കുന്നത് രേഖകളിൽ കാണാൻ കഴിയും. അംബേദ്കർ അവതരിപ്പിച്ചത് ഇന്ത്യ അഥവാ ഭാരത് എന്നായിരുന്നു. ഇതിനെതിരായി എം വി കമ്മത്ത് തുടർച്ചയായി വാദിക്കുകയും ഭേദഗതികൾ അവതരിപ്പിക്കുകയും ചെയ്‌തു. ഒരു ഘട്ടത്തിൽ ഇന്ത്യയെന്ന് ആദ്യം പ്രയോഗിക്കാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുക്കളുടേതാണ് ഈ രാജ്യമെന്നനിലയിൽ ഹിന്ദുസ്ഥാൻ എന്ന പേരു വേണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടു. വിഭജനത്തിന്റെ മുറിവുകൾ വൈരത്തെ കത്തിച്ചുനിർത്തിയ കാലത്തും ഭരണഘടനാ അസംബ്ലി വികാരത്തിന്റെ പിറകിൽ പോയില്ല. പകരം പക്വതയോടെ ഇന്ത്യ അഥവാ ഭാരത് എന്നതിന് അംഗീകാരം നൽകി.
ഓരോ ആർട്ടിക്കിളിനും രൂപംനൽകുമ്പോഴും ഈ വ്യത്യസ്‌ത കാഴ്ചപ്പാടുകൾ ഏറ്റുമുട്ടുന്നുണ്ട്. എന്നാൽ, മതാത്മകവും ഏകമുഖവുമായ സംസ്‌കാരിക കാഴ്ചപ്പാടിന് അന്ന് ആധിപത്യം ലഭിച്ചിരുന്നില്ല. മതനിരപേക്ഷവും ബഹുമുഖവുമായ സംസ്‌കാരത്തിനു ലഭിച്ച മുൻതൂക്കം വാക്കുകളിലും ഘടനയിലും വായിച്ചെടുക്കാൻ കഴിയും. എന്നാൽ, ഓരോന്നിനെയും കുറെക്കൂടി വിശാലമായ തലത്തിലേക്ക് കൊണ്ടുപോകുന്നതിന്, ഒത്തുതീർപ്പിന്റെ നിലപാട് പല ഘട്ടത്തിലും ഭൂരിപക്ഷം എടുക്കുന്നതുകൊണ്ട് കഴിഞ്ഞതുമില്ല. അതോടൊപ്പം വർഗീയ ചിന്തയുടെ സ്വാധീനം ഇല്ലാതായെന്നും തെറ്റിദ്ധരിക്കേണ്ടതില്ല. അത് പല പ്രചാര രൂപങ്ങളിലൂടെയും പ്രയോഗങ്ങളിലൂടെയും സമൂഹത്ത വിഷലിപ്‌തമാക്കുന്നതിനു ശ്രമിച്ചുകൊണ്ടിരുന്നു. ഡോക്ടർ കെ എൻ പണിക്കർ സൂചിപ്പിച്ചതുപോലെ ‘വർഗീയ ബോധത്തിന്റെ നിർമാണ’ പ്രക്രിയ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഭരണഘടനയുടെ ആമുഖം, പൗരത്വം, മൗലികാവകാശങ്ങൾ, ന്യൂനപക്ഷങ്ങളോടുള്ള സമീപനം, ഫെഡറൽ കാഴ്ചപ്പാട് എന്നിങ്ങനെയുള്ള വിവിധ പ്രശ്നങ്ങൾ ഭരണഘടനാ അസംബ്ലി ചർച്ച ചെയ്യുന്ന ഘട്ടത്തിൽ രണ്ടു വീക്ഷണങ്ങളുടെ ഏറ്റുമുട്ടലുകൾ എങ്ങനെയെന്ന് പരിശോധിക്കാം.

Part 11

ആമുഖത്തിന്റെ ദർശനം
ഇന്ന് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഒന്നാണ് ഭരണഘടനയുടെ ആമുഖം. അത് വായിക്കുന്നതുപോലും ക്രിമിനൽ കുറ്റമായി കാണുന്ന ഭരണസംവിധാനമാണ് രാജ്യത്ത് അധികാരത്തിലുള്ളത്. ഭരണഘടനയുടെ  തുടക്കത്തിലാണ് സ്വാഭാവികമായും ആമുഖമുള്ളതെങ്കിലും ഭരണഘടനാ അസംബ്ലിയുടെ അവസാനവട്ട ചർച്ചകളിലാണ് അതിന് രൂപംനൽകുന്നത്. ഇവിടെ രണ്ട്‌ കാഴ്ചപ്പാടുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ ശക്തമായി പ്രകടമായിരുന്നു. ‘ദൈവത്തിന്റെ പേരിൽ ’ എന്നായിരിക്കണം ഭരണഘടനയുടെ ആമുഖം തുടങ്ങേണ്ടത് എന്ന ഭേദഗതി എച്ച്‌ വി കമ്മത്ത് അവതരിപ്പിച്ചു. മതത്തിന്റെ പ്രാധാന്യം അദ്ദേഹം ആവർത്തിച്ചു. മതവിശ്വാസം സംബന്ധിച്ച ചർച്ചകളിലും നേരത്തെ അദ്ദേഹം പ്രകടിപ്പിച്ച വാദങ്ങൾ ആവർത്തിച്ചു. ഏതു ദൈവത്തിന്റെ പേരിലാണ് തുടങ്ങേണ്ടതെന്ന സംശയം മറ്റു ചിലർ പ്രകടിപ്പിച്ചു. ഷിബൻ ലാൽ സക്‌സേനയും പണ്ഡിറ്റ് ഗോവിന്ദ് മാളവ്യയും സമാനമായ ഭേദഗതികൾ അവതരിപ്പിച്ചു.
‘ആ പരമശക്തിയുടെ അനുഗ്രഹത്താൽ, ലോകത്തിലെ വ്യത്യസ്‌ത ജനവിഭാഗങ്ങൾ വ്യത്യസ്‌ത പേരിൽ വിളിക്കപ്പെടുന്ന പ്രപഞ്ചത്തിന്റെ നാഥന് ’ എന്ന വാക്യത്തിൽ വേണം ഭരണഘടന ആരംഭിക്കേണ്ടതെന്നാണ് പണ്ഡിറ്റ് മാളവ്യ അവതരിപ്പിച്ച ഭേദഗതി. എന്നാൽ, ഇത് അങ്ങേയറ്റം സങ്കുചിതമായ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു എന്ന് പണ്ഡിറ്റ്‌ കുൻസ്രുവിനെ പോലുള്ള അംഗങ്ങൾ വാദിച്ചു. ഭരണഘടനാ അസംബ്ലിയുടെ അധ്യക്ഷൻ മറ്റൊരു പ്രശ്നമാണ് ഉന്നയിച്ചത്. ഭരണഘടനയുടെ വ്യത്യസ്‌ത ആർട്ടിക്കിളുകൾ ചർച്ച ചെയ്‌ത്‌ അംഗീകരിച്ച കാര്യം അദ്ദേഹം ഓർമിപ്പിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ എങ്ങനെയായിരിക്കണം സത്യപ്രതിജ്ഞചെയ്‌ത്‌  ചുമതല എടുക്കേണ്ടതെന്നും നിശ്ചയിച്ചു. ഒരു ജനപ്രതിനിധിക്ക് ദൈവനാമത്തിൽ മാത്രമല്ല സത്യപ്രതിജ്ഞ ചെയ്യാൻ ഭരണഘടന അവകാശം നൽകുന്നത്. ദൃഢപ്രതിജ്ഞ എടുക്കുന്നതിനും അവകാശമുണ്ട്. അങ്ങനെയൊന്ന് അംഗീകരിച്ചുകഴിഞ്ഞാൽ പിന്നെ ദൈവത്തിന്റെപേരിൽ എങ്ങനെയാണ് ഭരണഘടന തുടങ്ങാൻ കഴിയുന്നത് എന്ന പ്രശ്നമാണ് ഉന്നയിച്ചത്. അതുകൊണ്ടുതന്നെ ഭേദഗതികൾ പിൻവലിക്കണമെന്ന് അധ്യക്ഷൻ അഭ്യർഥിച്ചു. നിരീശ്വരവാദം ഉൾപ്പെടെ അംഗീകരിക്കുന്നതാണ് ഇന്ത്യയുടെ പൈതൃകമെന്നും ചിലർ ഓർമിപ്പിച്ചു. രണ്ടുപേർ ഭേദഗതികൾ പിൻവലിച്ചെങ്കിലും കമ്മത്ത് തന്റെ ഭേദഗതിയിൽ ഉറച്ചുനിന്ന് വോട്ടിനിടാൻ  ആവശ്യപ്പെട്ടു. ദൈവത്തെ വോട്ടിനിടരുതെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അങ്ങനെ ‘ദൈവനാമത്തിൽ’ ഭരണഘടനാ അസംബ്ലി വോട്ടിനിട്ടു. 68–-41 ഇതായിരുന്നു വോട്ടിങ് നില. 62ശതമാനം പേർ ദൈവനാമത്തിന് എതിരായി വോട്ടുചെയ്‌തു. രണ്ട്‌ കാഴ്ചപ്പാടുകൾ തമ്മിലുള്ള അന്തരത്തിന്റെ സ്വഭാവം ഇത് വ്യക്തമാക്കുന്നു.
 
മതരാഷ്ട്രമാകണോ മതനിരപേക്ഷ രാഷ്ട്രമാകണോ എന്ന പ്രശ്നം പല ഘട്ടങ്ങളിലും സഭയിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. ആമുഖത്തിൽ മതനിരപേക്ഷത ഉൾപ്പെടുത്തണം എന്ന ഭേദഗതിയും തള്ളിക്കളഞ്ഞതാണെന്നും അത്‌ പിന്നീട് കൂട്ടിച്ചേർത്തതാണെന്നും വർഗീയകാഴ്ചപ്പാടുള്ളവർ വാദിക്കുന്നുണ്ട്. എന്നാൽ, മതനിരപേക്ഷതമാത്രം കൂട്ടിച്ചേർക്കണമെന്ന ഭേദഗതി അസംബ്ലിയിൽ അവതരിപ്പിക്കപ്പെട്ടിരുന്നില്ല. ബിഹാറിൽനിന്നുള്ള ബ്രജേശ്വർ പ്രസാദ് അവതരിപ്പിച്ച ഭേദഗതി മതനിരപേക്ഷത ഉൾപ്പെടെയുള്ളവകൂടി ചേരുന്നതായിരുന്നു. ‘സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥ സ്ഥാപിച്ച് അത് എല്ലാ ജനങ്ങൾക്കും ഉറപ്പുവരുത്തുന്ന ഒരു മതനിരപേക്ഷേ സഹകരണ  കോമൺവെൽത്ത്’ എന്ന നിലയിൽ പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, അന്നത്തെ സാഹചര്യത്തിൽ അത് അപ്രായോഗികമാണെന്ന നിലപാടാണ് സഭ സ്വീകരിച്ചത്. യഥാർഥത്തിൽ മതനിരപേക്ഷത അടിസ്ഥാന തത്വമായി നേരത്തേതന്നെ അംഗീകരിക്കുന്നുണ്ട്. അതിനെതിരെ ശക്തമായി വാദിച്ചിരുന്ന എച്ച് വി കമ്മത്തുതന്നെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചയിൽ ഇത് സമ്മതിക്കുന്നുണ്ട്. ‘തീർച്ചയായും നമ്മൾ ഇന്ത്യയെ മതനിരപേക്ഷരാഷ്ട്രമായി അംഗീകരിച്ചു. എന്നാൽ, അത്  ദൈവ രഹിതരാഷ്ട്രമോ മതരഹിതരാഷ്ട്രമോ അല്ല.’ മതനിരപേക്ഷത എന്ന ‘വാക്കി’നെ അംഗീകരിക്കുമ്പോൾത്തന്നെ മതത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള രാഷ്ട്രസങ്കൽപ്പം അംഗീകരിക്കാൻ കമ്മത്ത് ഉൾപ്പെടെയുള്ളവർ തയ്യാറായിരുന്നില്ല. ഫലത്തിൽ വാക്കിനെ അംഗീകരിക്കുകയും അത് ഉൾക്കൊള്ളുന്ന ദർശനത്തിന് തീർത്തും വ്യത്യസ്‌തമായ വ്യാഖ്യാനം നൽകുകയുമാണ് ഇവർ ചെയ്യുന്നത്. പക്ഷേ, തെറ്റായ വ്യാഖ്യാനങ്ങൾ ശക്തിപ്പെട്ട ഘട്ടത്തിലാണ് ഭരണഘടന ഭേദഗതി ചെയ്‌ത്‌ ആമുഖത്തിൽ മതനിരപേക്ഷത ഉൾപ്പെടെ കൃത്യമായി പ്രഖ്യാപിച്ചത്.
‘മതമല്ല, ദേശീയതയാണ് ആധുനികരാഷ്ട്രത്തിന്റെ അടിത്തറ’
ഭരണഘടനയുടെ ലക്ഷ്യങ്ങൾ പ്രതിപാദിച്ചുകൊണ്ട് സംസാരിക്കുമ്പോൾ ഡോ. എസ് രാധാകൃഷ്‌ണൻ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. അത് ഇന്നും പ്രസക്തമാണ്. ‘മതമല്ല, ദേശീയതയാണ് ആധുനികരാഷ്ട്രത്തിന്റെ അടിത്തറ. മതരാഷ്ട്രങ്ങളുടെ കാലം അവസാനിച്ചിരിക്കുന്നു. ഇനിയുള്ളത് ദേശീയതയുടെ കാലമാണ്.’  വിശ്വാസിയെന്ന അസ്‌തിത്വമല്ല ശക്തിപ്പെടുത്തേണ്ടതെന്നും പൗരൻ എന്ന അസ്‌തിത്വമാണ് ആധുനിക ഇന്ത്യക്ക് ആവശ്യമെന്ന നിലപാടും ഈ ഘട്ടത്തിൽത്തന്നെ ഉയരുന്നുണ്ട്. പൗരത്വത്തെ സംബന്ധിച്ച ആർട്ടിക്കിളുകളുടെ രൂപീകരണത്തിന്റെ ചർച്ചകളിൽ ഇത്തരം നിലപാടുകൾ എങ്ങനെ പ്രതിഫലിച്ചെന്ന് പിന്നീട് പരിശോധിക്കാം.
മതവിശ്വാസമെന്നത് തീർത്തും സ്വകാര്യമായ കാര്യമാണെന്ന നിലപാടിനായിരുന്നു അസംബ്ലിക്കകത്ത് ഭൂരിപക്ഷം. വിശ്വാസമെന്നത് മനുഷ്യനും ദൈവവും തമ്മിലുള്ള തീർത്തും സ്വകാര്യമായ കാര്യമാണെന്നായിരുന്നു നിഗമനം. അത് മറ്റൊരാളെയും ഒരുതരത്തിലും ബാധിക്കുന്നതായിരിക്കരുതെന്ന്  വ്യക്തമാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന് മതത്തിൽ ഇടപെടാൻ പാടില്ലെന്ന്‌ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നിയമത്തിൽ 123 (3) വ്യാഖ്യാനിച്ചുകൊണ്ട്  സുപ്രീംകോടതി 2017ൽ ഇതേ വാചകങ്ങൾ ആവർത്തിക്കുന്നുണ്ട്. 
 
മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തിനായി വാദിക്കുമ്പോൾത്തന്നെ തജ്മൽ ഹുസൈൻ ഒരു ഭേദഗതികൂടി ആവശ്യപ്പെട്ടു. അത്  ‘വിശ്വാസം സ്വകാര്യമായിരിക്കണം’ എന്നതായിരുന്നു. ഇന്നത്തെ കാലത്തെ കൂടി മുൻകൂട്ടി കണ്ടുകൊണ്ടായിരിക്കാം മറ്റൊരു ഭേദഗതികൂടി അദ്ദേഹം മുന്നോട്ടുവയ്‌ക്കുന്നുണ്ട്.  ‘ഒരാളുടെ മതത്തെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന പേരോ അടയാളങ്ങളോ ആർക്കും ഉണ്ടാകാൻ പാടില്ല. മതത്തെ വ്യക്തമാക്കുന്ന  വസ്ത്രങ്ങളും ധരിക്കാൻ പാടില്ല.’ എന്നാൽ,  ഇത്ര ശക്തമായ നിലപാട് സ്വീകരിക്കാൻ അന്ന് സഭ തയ്യാറായില്ല.
ആചാരങ്ങൾ പിന്തുടരുന്നതിനുള്ള സ്വാതന്ത്ര്യം വിശാലമാണോ, അതിന്‌ നിയന്ത്രണങ്ങൾ ഉണ്ടാകണമോ എന്ന പ്രശ്നവും ഭരണഘടനാ അസംബ്ലിക്കകത്ത് ചർച്ചചെയ്യപ്പെട്ടു. മതനിരപേക്ഷരാജ്യത്ത് പൊതുവായ തത്വങ്ങൾക്ക്‌ വിധേയമായിമാത്രമേ വിശ്വസിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും അവകാശമുള്ളൂ എന്നതായിരുന്നു ഭൂരിപക്ഷത്തിന്റെ സമീപനം. അങ്ങനെയല്ലെങ്കിൽ ഏത് സാമൂഹ്യവിപത്തും വിശ്വാസത്തിന്റെയും ആചാരത്തിന്റെയുംപേരിൽ നിയമപരമായ പിന്തുണ നേടുമെന്ന് രാജകുമാരി അമൃത് കൗർ മുന്നറിയിപ്പ്‌ നൽകി. തൊട്ടുകൂടായ്‌മ, അയിത്തം, ബാല്യവിവാഹം , സതി എന്നിവ ആചാരത്തിന്റെപേരിൽ ഇടം തേടും. അതിനെ നിരോധിക്കാൻ നിയമം നിർമിക്കുന്നതിന്  അവകാശമില്ലാതെയാകും. ഈ വാദങ്ങൾ പരിഗണിച്ചാണ് പൊതുക്രമം, ധാർമികത, ആരോഗ്യം എന്നിവയ്‌ക്ക് വിധേയമായാണ് വിശ്വാസത്തിന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തിയത്. അതോടൊപ്പം രാഷ്‌ട്രത്തിന് ഔദ്യോഗികമതമില്ലെന്നും വ്യക്തമാക്കി.
യഥാർഥത്തിൽ മതത്തിൽ ഭരണകൂടം ഇടപെടരുതെന്ന സങ്കൽപ്പത്തിൽമാത്രം ഒതുങ്ങിനിന്നല്ല ഭരണഘടനാ അസംബ്ലി ഈ പ്രശ്നത്തെ സമീപിച്ചത്. അതുകൊണ്ടാണ് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമായിത്തന്നെ വരാവുന്ന സാമ്പത്തികവും രാഷ്ട്രീയവും മറ്റു മതനിരപേക്ഷവുമായ കാര്യങ്ങളിൽ സർക്കാരിന്‌ നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്തുന്ന നിയമങ്ങൾ ഉണ്ടാക്കുന്നതിന്  ഈ മൗലികാവകാശം തടസ്സമല്ലെന്നും പ്രഖ്യാപിച്ചത്. എല്ലാ വിഭാഗങ്ങൾക്കും ഹിന്ദുക്ഷേത്രങ്ങൾ തുറന്നുകൊടുക്കുന്നതിനും സാമൂഹ്യ ക്ഷേമത്തിന്റെയും സാമൂഹ്യപരിഷ്‌കരണത്തിന്റെയും പദ്ധതികൾ  നടപ്പാക്കുന്നതിനും സർക്കാരിനുള്ള അവകാശവും സ്ഥാപിക്കുന്നത് ഈ കാഴ്ചപ്പാടിലാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർടികൾ രൂപീകരിക്കാൻ പാടില്ലെന്ന ചർച്ചകൾക്കും അസംബ്ലിയിൽ മുൻതൂക്കം കിട്ടി.
 
വ്യത്യസ്‌ത ധാരകൾ തമ്മിലുള്ള ഏറ്റുമുട്ടൽ
യഥാർഥത്തിൽ മതനിരപേക്ഷ കാഴ്ചപ്പാടും വർഗീയ കാഴ്ചപ്പാടുംതമ്മിൽ മാത്രമല്ല, അതിന്റെ വ്യത്യസ്‌ത ധാരകൾ തമ്മിലും ഏറ്റുമുട്ടലുകൾ ഉണ്ടായി. നെഹ്‌റു ‘ധർമ നിരപേക്ഷത’ എന്ന ആശയം മുന്നോട്ടുവച്ചു. എന്നാൽ, മഹാത്മാഗാന്ധിയുടേത് ‘സർവ ധർമ സമഭാവന’ എന്ന ദർശനമായിരുന്നു. ഒരാൾ മതത്തെ രാഷ്ട്രീയത്തിൽനിന്ന്‌ മാറ്റിനിർത്തുന്ന സമീപനം സ്വീകരിച്ചപ്പോൾ ഗാന്ധി എല്ലാ മതങ്ങളോടും തുല്യമായ ബഹുമാനത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിച്ചു. എന്നാൽ, ഇന്ന് ശക്തിപ്പെട്ട മറ്റൊരു കാഴ്ചപ്പാട് അന്നേ പ്രചരിപ്പിക്കപ്പെട്ടിരുന്നു. അത് സാംസ്‌കാരിക ദേശീയതയുടേതാണ്. ദേശീയത തന്നെ ഹിന്ദുത്വമാണെന്ന് സ്ഥാപിക്കലാണ്. അത് ഭൂരിപക്ഷാധിപത്യത്തിന്റേതാണ്. ഹിന്ദു രാഷ്ട്രത്തിലേക്കുള്ള വഴിയാണ്. മതനിരപേക്ഷരാഷ്ട്രത്തെ മതരാഷ്ട്രമാക്കുന്നതിനുള്ള ശ്രമം അന്നേ തുടങ്ങിയിരുന്നു. ഗാന്ധിയും നെഹ്‌റുവും  പിന്തുടർന്നിരുന്ന ദേശീയസങ്കൽപ്പത്തിന് തീർത്തും എതിരായ മതരാഷ്ട്ര കാഴ്ചപ്പാടാണ് സവർക്കറും ഗോൾവാൾക്കറും ശരത്‌ചന്ദ്ര ചതോപാധ്യയയും മറ്റും പ്രചരിപ്പിച്ചിരുന്നത്. സാംസ്കാരികരൂപങ്ങളിലൂടെ എങ്ങനെയാണ് ഇന്നത്തെ ഭീകരാവസ്ഥയിലേക്ക് വികസിച്ചതെന്ന് പ്രത്യേകം പരിശോധിക്കേണ്ടതാണ്.
അതുപോലെതന്നെ മറ്റൊരു പ്രശ്നമാണ്, ഇന്ത്യപോലുള്ള വിശ്വാസങ്ങൾക്ക് ആധിപത്യമുള്ള രാജ്യത്ത് മതനിരപേക്ഷത സാധ്യമാകുമോ എന്ന ചോദ്യം. ശശി തരൂരിനെ പോലുള്ളവരും ഇത് ആവർത്തിക്കുന്നുണ്ട്. യഥാർഥത്തിൽ ഭരണഘടനാ അസംബ്ലി അന്നേ ചർച്ചചെയ്‌ത്‌ വഴി കണ്ടെത്തിയ പ്രശ്നങ്ങളിലൊന്നാണിത്. മതനിരപേക്ഷവൽക്കരണം [ secularization]  അനിവാര്യമായ മുന്നുപാധിയാണെന്ന് അസംബ്ലി കണ്ടിരുന്നു. അതിൽ പ്രധാനം വിദ്യാഭ്യാസമാണ്.
മതനിരപേക്ഷതയിലേക്ക്‌  രാജ്യത്തെ ഉയർത്തുന്നതിന് ഉതകുന്നതായിരിക്കണം വിദ്യാഭ്യാസ സമ്പ്രദായം. മറ്റുപകരണങ്ങളും അതുപോലെതന്നെ ആധുനിക ഇന്ത്യയെ മതനിരപേക്ഷ ഇന്ത്യയാക്കി മാറ്റുന്നതിന്  ഉപയോഗിക്കണമെന്നും അഭിപ്രായപ്പെടുകയുണ്ടായി. എന്നാൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യ അതിൽ കേന്ദ്രീകരിച്ചില്ലെന്നുമാത്രമല്ല, വിപരീത ദിശയിലേക്ക്‌ പോകുകയുംചെയ്‌തു. അത്  ഭരണഘടനാ അസംബ്ലി കണ്ടതിൽനിന്ന്‌ തീർത്തും വ്യത്യസ്‌തമായ അനുഭവത്തിലേക്ക് എത്തിച്ചു. മതനിരപേക്ഷരാജ്യത്ത് ജീവിക്കാനുള്ള അവകാശം ജനങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകിയെങ്കിൽ ഇന്ന് ആ ഭരണഘടനയെത്തന്നെ സംരക്ഷിക്കാൻ ജനങ്ങൾ രംഗത്തിറങ്ങേണ്ടി വന്നിരിക്കുന്നു.

Part III

ജസ് സോളി’യോ ‘ജസ് സാൻഗ്യുനിസോ’
""എല്ലാ നിയമങ്ങളും ചട്ടങ്ങളും ഹിന്ദുക്കൾക്കും മുസ്ലിമിനും സിഖുകാർക്കും മറ്റുള്ളവർക്കും ഒരുപോലെ ബാധകമായിരിക്കും. നിങ്ങൾക്ക് ഹിന്ദുക്കൾക്കു മാത്രമായോ മുസ്ലിമിനു മാത്രമായോ ക്രിസ്‌ത്യാനിക്കു മാത്രമായോ നിയമം ഉണ്ടാക്കാൻ കഴിയില്ല.'' 1949 ആഗസ്‌ത്‌ 10, 11,12 തീയതികളിൽ ഭരണഘടനാ അസംബ്ലിയിൽ നടന്ന പൗരത്വത്തെ സംബന്ധിച്ച ആർട്ടിക്കിളുകളുടെ ചർച്ചയിൽ ഇടപെട്ടുകൊണ്ട് ജവാഹർലാൽ നെഹ്‌റു വ്യക്തമാക്കി. ഇന്നത്തെ സാഹചര്യത്തിൽ നടത്തിയ ഇടപെടലാണോ എന്ന് സംശയിച്ചുപോകും. ഏതോ പുതിയ കാര്യമെന്നമട്ടിൽ ഇന്ന് അവതരിപ്പിക്കുന്നവയെല്ലാം ഭരണഘടനാ അസംബ്ലി ആഴത്തിൽ ചർച്ചചെയ്‌ത്‌ തീർപ്പുകൽപ്പിച്ചവയാണ്.
പൗരത്വത്തെ സംബന്ധിച്ച ആർട്ടിക്കിളുകൾ അവതരിപ്പിക്കുമ്പോഴും പാസാക്കുമ്പോഴും ഒരു മതത്തെ സംബന്ധിച്ച പരാമർശവും അതിലുണ്ടായിരുന്നില്ല. എന്നാൽ, ദേശ്‌മുഖ് അവതരിപ്പിച്ച ഭേദഗതി മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകണമെന്നതായിരുന്നു. ‘മറ്റൊരു രാജ്യത്തിന്റെയും പൗരനല്ലാത്തതും ഇന്ത്യയിൽ താമസിക്കുന്നതുമായ ഹിന്ദുവും സിഖുകാരനും ഇന്ത്യൻ പൗരനായിരിക്കും’ എന്നതായിരുന്നു അദ്ദേഹം അവതരിപ്പിച്ച ഭേദഗതി. തുടർന്ന് ഇങ്ങനെ വിശദീകരിച്ചു. “ നമ്മൾ ഹിന്ദുക്കൾക്കും സിക്കുകാർക്കും പൗരത്വം സ്വാഭാവികമായി നേടുന്നതിന്‌ മറ്റു രാജ്യങ്ങളില്ല. അതുകൊണ്ട് എത്രകാലം ഈ മതത്തിൽ തുടരുന്നുവോ അത്രയും കാലം ഹിന്ദുവിനും സിഖുകാർക്കും ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന്‌ അവകാശമുണ്ട്.  മുസ്ലിമിനു മാത്രമായി പാകിസ്ഥാൻ ആകാമെങ്കിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇന്ത്യയെ തങ്ങളുടെ രാഷ്ട്രമാക്കി മാറ്റാം”. യഥാർഥത്തിൽ ലോകത്തെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ഇതല്ലാതെ മറ്റേത് രാഷ്ട്രമാണുള്ളതെന്ന് പ്രധാനമന്ത്രിമുതൽ എല്ലാവരും വിശദീകരിക്കുന്നത് കേൾക്കുമ്പോൾ ദേശ്‌മുഖിന്റെ വാദത്തിന്റെ തനിയാവർത്തനമാണോ എന്നു തോന്നും.
എന്നാൽ, ഈ നിലപാട് അന്ന് ഭരണഘടനാ അസംബ്ലി അംഗീകരിക്കാതെ പോയതാണെന്നതാണ് ചരിത്രം. അല്ലാടി കൃഷ്ണസ്വാമി അയ്യർ ഇതിനെല്ലാം നൽകിയ മറുപടിയാണ് അസംബ്ലിയുടെ തീരുമാനമായി മാറിയത്. ‘നമുക്ക് മതത്തിന്റെയോ വംശത്തിന്റെയോ മറ്റെന്തെങ്കിലിന്റേതുമോ അടിസ്ഥാനത്തിൽ വ്യക്തികളെ തമ്മിൽ വേർതിരിക്കാനാകില്ല. നമ്മൾ പല ഘട്ടങ്ങളിൽ ചർച്ച ചെയ്‌ത്‌ അംഗീകരിച്ച തത്വങ്ങൾ അതിന് അനുവദിക്കുന്നില്ല.’  
എന്നാൽ, പിന്നീടും മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിവ് വേണമെന്ന വാദം മറ്റ്‌ ആർട്ടിക്കിളുകളുടെ ചർച്ചയിലും ഒരു വിഭാഗം ഉന്നയിക്കുകയുണ്ടായി. 1948 ജൂലൈ 19നുമുമ്പ് പാകിസ്ഥാനിൽനിന്ന്‌ ഇന്ത്യയിലേക്ക് വന്നവർക്ക് സ്വാഭാവികമായും പൗരത്വം നൽകുമെന്നും അതിനുശേഷം വന്നവരിൽ ഭരണഘടന അംഗീകരിക്കുന്നതുവരെയുള്ള കാലയളവിൽ തുടർച്ചയായി ആറുമാസം ഇന്ത്യയിൽ താമസിച്ചവർക്കും ഇവിടെ പെർമിറ്റിനായി രജിസ്റ്റർ ചെയ്‌തവർക്കും പൗരത്വം ലഭിക്കുമെന്ന വ്യവസ്ഥയെ  സംബന്ധിച്ച് ഗൗരവമായ തർക്കങ്ങളുണ്ടായി. എങ്കിലും അംബേദ്കർ അവതരിപ്പിച്ച ഭേദഗതിതന്നെ അംഗീകരിച്ചു. ആർട്ടിക്കിൾ ഏഴുപ്രകാരം ഇന്ത്യയിൽനിന്ന്‌ പാകിസ്ഥാനിലേക്ക് പോയവർക്ക് പൗരത്വം നഷ്ടമാകും. എന്നാൽ, അങ്ങനെയുള്ളവരിൽ  ഇന്ത്യയിലേക്ക് തിരിച്ചുവന്ന് സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന,  പെർമിറ്റ് എടുത്തവർക്ക്  പൗരത്വം നൽകണമെന്ന വ്യവസ്ഥയിൽ അതിരൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളാണുണ്ടായത്. ഇവർക്ക് ഒരു കാരണവശാലും പൗരത്വം നൽകരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, മറ്റൊരു വിഭാഗം മുസ്ലിമിനെ അതിൽനിന്ന്‌ ഒഴിവാക്കണമെന്ന് വാദിച്ചു. അതിനുള്ള മറുപടിയായാണ് നെഹ്‌റു നേരത്തെ പരാമർശിച്ച പ്രസംഗം നടത്തിയത്.
ഈ വ്യവസ്ഥയെ ജുഗുപ്‌സാവഹമെന്നാണ് ജസ്‌പാൽ റോയ് കപൂർ വിശേഷിപ്പിച്ചത്. പാകിസ്ഥാനിലേക്ക് പോയവരുടെ സ്വത്തുക്കൾ പാകിസ്ഥാന്റെ ഭാഗമായ പഞ്ചാബിൽനിന്ന്‌ ഇന്ത്യയിലേക്ക് വന്ന ഹിന്ദുക്കൾക്കും സിഖുകാർക്കും നൽകിക്കഴിഞ്ഞെന്നും തിരിച്ചുവരുന്നവർ സ്വത്ത് ആവശ്യപ്പെട്ടാൽ അത് ഗൗരവമായ പ്രശ്നങ്ങളുണ്ടാക്കുമെന്നും ചിലർ വാദിച്ചു. എന്നാൽ, “ നമ്മൾ കച്ചവടക്കാരുടെ രാഷ്ട്രമല്ല. എന്തെല്ലാം സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെങ്കിലും നമ്മൾ ആദർശങ്ങളിൽ ഉറച്ചുനിൽക്കണം. ” എന്നും ബ്രജേശ്വർ പ്രസാദ് മറുപടി നൽകി.
എന്നാൽ, തിരിച്ചുവരുന്നവരിൽ  മുസ്ലിംവിഭാഗത്തിന് പൗരത്വം നൽകരുതെന്ന് മറ്റു ചിലർ വാദിച്ചു. മഹാത്മാഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ചരിത്രത്തിൽ ഇതുവരെ രക്തബന്ധമുള്ള സഹോദരരായി കണക്കാക്കിയ മുസ്ലിംജനത, വിഭജനത്തോടെ എങ്ങനെ ശത്രുവായി മാറുമെന്ന ചോദ്യം ബ്രജേഷ് ചോദിച്ചു. ജിന്ന ജനങ്ങളെ വിഭജിക്കാനാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ നമ്മൾ അത് അനുവദിച്ചില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. മഹാത്മാഗാന്ധിയുടെ ആഗ്രഹമാണ് തങ്ങൾ സാക്ഷാൽക്കരിക്കുന്നതെന്ന് ഇപ്പോൾ വാദിക്കുന്നവർ ഈ ചരിത്രത്തെ തമസ്‌കരിക്കുകയാണ്. 
അത് അന്നേ ശക്തിപ്പെട്ടിരുന്ന ചിന്താധാരയുടെ ഭാഗമാണ്. മുസ്ലിമിന് പൗരത്വത്തിന് അർഹതയില്ലെന്ന് ഗോൾവാൾക്കർ നാം അഥവാ നമ്മുടെ രാഷ്ട്രം നിർവചിക്കപ്പെടുന്നു എന്ന കൃതിയിൽ വ്യക്തമാക്കി. ഗോൾവാൾക്കറിന്റെയും സവർക്കറിന്റെയും നിലപാടുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടതായതുകൊണ്ട് വിശദീകരിക്കുന്നില്ല. ഹിന്ദുവിന്റെ സംസ്‌കാരം മുസ്ലിമിനേക്കാളും ഉയർന്നതാണ് എന്നതായിരുന്നു ഇവരുടെ നിലപാട്. എന്നാൽ, 1926ൽ ബംഗാളിലെ ഹിന്ദു പ്രവിശ്യ കോൺഗ്രസിൽ അവതരിപ്പിച്ച നാലുപേജുള്ള പ്രബന്ധത്തിൽ  പ്രശസ്‌ത ബംഗാളി നോവലിസ്റ്റായ ശരത്‌ചന്ദ്ര ചതോപാധ്യായ കുറെക്കൂടി തീവ്രമായ നിലപാട് അവതരിപ്പിക്കുന്നുണ്ട്. “ ഉന്നത കുലജാതനും അല്ലാത്തവനുമായ ഹിന്ദു ജനിക്കുന്നത്‌ സംസ്‌കാരത്തോടുകൂടിയാണ്. എന്നാൽ, മുസ്ലിം ജനിക്കുന്നത് സംസ്‌കാരമില്ലാതെയാണ്. പിന്നീട് സംസ്‌കാരം ആർജിക്കാനുമാകില്ല. അതുകൊണ്ടുതന്നെ ഗാന്ധിജിയുടെ ഹിന്ദു‐ മുസ്ലിം ഐക്യമെന്നത് പ്രായോഗികമല്ലെന്ന് മാത്രമല്ല പ്രകൃതിവിരുദ്ധവുമാണ്.” സംസ്‌കാരമില്ലാത്ത മുസ്ലിമിനെ പുറന്തള്ളേണ്ടത് രാഷ്ട്രത്തിന്റെ സംസ്‌കാരം സംരക്ഷിക്കാൻ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പുറന്തള്ളലിന്റെ കാഴ്ചപ്പാടിനെ അന്ന് ഭരണഘടനാ അസംബ്ലി തള്ളിക്കളഞ്ഞതാണ്.
എവിടെയാണോ ഒരു വ്യക്തി ജനിക്കുന്നത് അവർ ആ രാജ്യത്തിന്റെ സ്വാഭാവിക പൗരൻമാരായിരിക്കും. ആധുനിക രാഷ്ട്രങ്ങൾ ഈ ദർശനമാണ് പിന്തുടരുന്നത്
പൗരത്വത്തിന് ദാർശനികവും പ്രത്യയശാസ്ത്രപരവുമായ മാനങ്ങളുണ്ടെന്ന് ചർച്ചകൾ ആവർത്തിച്ചുറപ്പിക്കുന്നുണ്ട്.  പൗരത്വത്തെ സംബന്ധിച്ച് രണ്ട്‌ പ്രധാന കാഴ്ചപ്പാടാണുള്ളത്. അതിലൊന്ന് ജസ് സോളി [ jus soli ] യോ ആണ്. അതായത് ജന്മസിദ്ധമായ പൗരത്വം. എവിടെയാണോ ഒരു വ്യക്തി ജനിക്കുന്നത് അവർ ആ രാജ്യത്തിന്റെ സ്വാഭാവിക പൗരൻമാരായിരിക്കും. ആധുനിക രാഷ്ട്രങ്ങൾ ഈ ദർശനമാണ് പിന്തുടരുന്നത്. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ അഞ്ചിലെ ആദ്യ വ്യവസ്ഥ ഈ ദർശനത്തിന്റേതാണ്. ‘ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ ജനിക്കുന്ന ഏതൊരാളും ഇന്ത്യൻ പൗരനായിരിക്കും’ എന്നതാണ് ആ വ്യവസ്ഥ. ഇതിനെതിരെയും ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. അത് പൗരത്വത്തിന്റെ വില കളയുമെന്നുവരെ വാദിച്ചു. 
ജന്മസിദ്ധ പൗരത്വത്തിന് എതിരായ കാഴ്ചപ്പാടാണ് ജസ് സാൻഗ്യുനിസോ [ jus sanguinis ]. ഇത് രക്തബന്ധത്തെയും വംശത്തെയും സംസ്കാരത്തെയും അടിസ്ഥാനപ്പെടുത്തി പൗരത്വം നിർണയിക്കുന്നതാണ്. മാതാപിതാക്കൾ ഏതു രാജ്യം, വംശം എന്നിവയെ അടിസ്ഥാനമാക്കും. എന്നാൽ, ഇന്ത്യൻ ഭരണഘടന ആധുനിക കാഴ്ചപ്പാടിനെയാണ് പിന്തുടർന്നത്. പക്ഷേ,  രാജീവ് ഗാന്ധി സർക്കാർ ഇതിൽ മാറ്റം വരുത്തി.  പൗരത്വനിയമത്തിന് 1986ൽ വരുത്തിയ ഭേദഗതിയിൽ മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനായിരിക്കണമെന്ന വ്യവസ്ഥ ചേർത്തു. മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനും മറ്റൊരാൾ നിയമവിരുദ്ധ കുടിയേറ്റക്കാരനുമാകരുതെന്ന് 2003ൽ വാജ്പേയി സർക്കാർ ഭേദഗതി വരുത്തി. ഫലത്തിൽ ഭരണഘടനാ അസംബ്ലി ഉയർത്തിയ വിശാലമായ കാഴ്ചപ്പാട് തിരുത്തപ്പെട്ടു.
ഇപ്പോഴത്തെ ഭേദഗതിയാകട്ടെ ഭരണഘടനാ അസംബ്ലി അംഗീകരിച്ച എല്ലാ മൗലിക നിലപാടുകളെയും തള്ളിക്കളഞ്ഞു. അത് മൗലികാവകാശങ്ങളെക്കുറിച്ചും ഫെഡറലിസത്തെക്കുറിച്ചുമുള്ള നിഗമനങ്ങളെ എങ്ങനെ അട്ടിമറിച്ചെന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.

Part IV

ലാഹിരിയുടെ ഇടപെടലും മൗലികാവകാശങ്ങളും
ഈ രാജ്യത്ത് ഭരണഘടന വായിക്കുന്നതുപോലും രാജ്യദ്രോഹമായി വ്യാഖ്യാനിച്ച് വിദ്യാർഥികളെമുതൽ ചരിത്രകാരന്മാരെയും രാഷ്ട്രീയപ്രവർത്തകരെയുംവരെ അറസ്റ്റുചെയ്‌ത്‌ ജയിലിലടയ്‌ക്കുകയാണ്. കൊളോണിയൽ കാലത്തെ നിയമമാണ് അതിനായി ഉപയോഗിക്കുന്നത്. എന്നാൽ, മൗലികാവകാശങ്ങൾക്കായുള്ള സബ്‌ കമ്മിറ്റി ഭരണഘടനാ അസംബ്ലിയിൽ അവതരിപ്പിച്ച കരട് നിർദേശങ്ങൾ അംഗീകരിക്കപ്പെട്ടിരുന്നെങ്കിൽ പ്രകടനം നടത്തുന്നതിനോ സമരം ചെയ്യുന്നതിനോ മാത്രമല്ല അഭിപ്രായപ്രകടനം നടത്താൻ പോലും അനുവദിക്കപ്പെടുമായിരുന്നില്ല.
മൗലികാവകാശങ്ങളുടെ ഉപദേശക കമ്മിറ്റിയുടെ അധ്യക്ഷൻ സർദാർ വല്ലഭ്‌ഭായ് പട്ടേലായിരുന്നു. അദ്ദേഹം അവതരിപ്പിച്ച കരട് നിർദേശങ്ങൾ പലതും സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതായിരുന്നു. അതിനെ ഒന്നുകൂടി ശക്തിപ്പെടുത്തുന്ന ഭേദഗതികളായിരുന്നു രാജഗോപാലാചാരി അവതരിപ്പിച്ചത്. ഇതിനെ ശക്തമായി എതിർത്ത് പ്രസംഗിച്ചത് കമ്യൂണിസ്റ്റ് പാർടിയെ പ്രതിനിധാനംചെയ്‌ത സോമനാഥ് ലാഹിരിയായിരുന്നു.
“ഈ മൗലികാവകാശങ്ങൾ മിക്കവയും ഒരു പൊലീസ് കോൺസ്റ്റബിളിന്റെ കാഴ്ചപ്പാടിലൂടെ രൂപപ്പെടുത്തിയവയാണെന്ന് എനിക്ക്‌ തോന്നുന്നു. വളരെ കുറച്ച് അവകാശങ്ങളാണ് അംഗീകരിച്ചിട്ടുള്ളത്, അതും വലിയ വിഷമത്തോടെ. ഈ അവകാശവാദങ്ങളാകട്ടെ വിവിധ വ്യവസ്ഥകൾക്ക് വിധേയമാണ്. ഓരോ ആർട്ടിക്കിളിനും അതിനെ പ്രയോഗത്തിൽ ഇല്ലാതാക്കുന്ന അനുബന്ധ വ്യവസ്ഥകളുണ്ട്. അടിയന്തരഘട്ടങ്ങളിൽ ഇവ എടുത്തുമാറ്റാം. എന്താണ് അടിയന്തരഘട്ടം. ദൈവത്തിനു മാത്രം അറിയാം!  അതതു കാലത്തെ സർക്കാരുകളുടെ താൽപ്പര്യങ്ങളാണ് ഇത് നിശ്ചയിക്കുന്നത്. ഭരിക്കുന്ന പാർടിക്ക് ഇഷ്ടമല്ലാത്തതെല്ലാം ഇതിൽപ്പെടും.
വല്ലഭ്‌ഭായ് പട്ടേലിന്റെ ഭേദഗതിപ്രകാരം നമ്മൾ പ്രസംഗിച്ചാൽ ശിക്ഷിക്കും. എന്നാൽ, രാജാജിയുടെ ഭേദഗതി പ്രസംഗിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചാൽ തന്നെ ശിക്ഷിക്കും
രാജ്യദ്രോഹകരമായ പ്രസംഗം കുറ്റകരമാണ്. അധികാരത്തിലുള്ള സർക്കാർ ഏറ്റവും നിന്ദ്യമായ ഒന്നാണെന്ന് ഞാനോ സോഷ്യലിസ്റ്റ് പാർടിക്കാരോ ഭാവിയിൽ പ്രസംഗിച്ചാൽ, അന്ന് വല്ലഭ്‌ഭായ് പട്ടേൽ അധികാരത്തിലുണ്ടെങ്കിൽ ഞങ്ങളെ ജയിലിലടയ്‌ക്കും. ഞാൻ മനസ്സിലാക്കിയയിടത്തോളം ഇംഗ്ലണ്ടിൽ പോലും രാജ്യദ്രോഹക്കുറ്റം ചുമത്തണമെങ്കിൽ പ്രസംഗത്തിനു തുടർച്ചയായി ഒരു പ്രവൃത്തികൂടി വേണം. വല്ലഭ്‌ഭായ് പട്ടേലിന്റെ ഭേദഗതിപ്രകാരം നമ്മൾ പ്രസംഗിച്ചാൽ ശിക്ഷിക്കും. എന്നാൽ, രാജാജിയുടെ ഭേദഗതി പ്രസംഗിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചാൽ തന്നെ ശിക്ഷിക്കും.’’ ഈ പ്രസംഗം സഭയുടെ ചർച്ചകളുടെ വഴിതിരിച്ചുവിട്ടു. എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ഈ വാക്ക് ഉണ്ടെങ്കിൽ സർക്കാരിനെതിരായ ഏതു വിമർശനവും അനുവദനീയമല്ലാതാകുമെന്നതിനാൽ പലരും ഭേദഗതി ആവശ്യപ്പെട്ട്‌ സർക്കാരിനെതിരായ വിമർശനമാണ് ജനാധിപത്യത്തിന്റെ ഹൃദയമെന്ന നിഹരേന്ദു ദത്തു കേസിലെ ഫെഡറൽ കോടതിയുടെ വിധിയും അംഗങ്ങൾ ഉദ്ധരിച്ചു. ഇതിനെ തുടർന്ന് രാജ്യദ്രോഹം എന്ന വാക്ക് ഒഴിവാക്കാൻ പട്ടേൽ തയ്യാറായി.
എന്നാൽ, ഇതിന് അനുസൃതമായ മാറ്റം ശിക്ഷാനിയമത്തിൽ ഉണ്ടായില്ല. 1870ലാണ് ഇന്ത്യൻ ശിക്ഷാനിയമത്തിൽ 124 എ കൂട്ടിച്ചേർക്കുന്നത്. ഏറ്റവും ക്രൂരമായ നിയമങ്ങളിലൊന്നായാണ് ഇതിനെ കാണുന്നത്. പരിഷ്‌കൃതസമൂഹത്തിനു നിരക്കാത്ത ഈ കാടൻ നിയമമാണ് സമരക്കാരെ നേരിടുന്നതിന് ഇപ്പോൾ സർക്കാർ ഉപയോഗിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്ലാ പ്രക്ഷോഭവും രാജ്യതാൽപ്പര്യത്തിന് എതിരാണെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, അത് നിരോധിക്കാൻ കഴിയാത്തത് ഭരണഘടനയുടെ കരടിൽ അസംബ്ലി വരുത്തിയ മാറ്റത്തിന്റെ ഭാഗമാണ്. 
പത്രസ്വാതന്ത്ര്യത്തിൻമേൽ അടിച്ചമർത്തൽ പാടില്ലെന്നത് സ്വതന്ത്ര ഇന്ത്യയിൽ ഓരോ മനുഷ്യന്റെയും ഹൃദയത്തിനുള്ളിൽനിന്നും ഉയരുന്ന ആഗ്രഹമാണ്. പക്ഷേ, നമ്മുടെ മൗലികാവകാശങ്ങളിൽ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരാമർശം പോലുമില്ല
ലാഹിരി തന്നെയാണ് പത്രസ്വാതന്ത്ര്യത്തിനായി ശക്തമായി വാദിച്ചത്. “ഇന്നലെകളിൽ ബ്രിട്ടൻ നമ്മുടെ സ്വാതന്ത്ര്യത്തെ പൂർണമായും അടിച്ചമർത്തി. പത്രങ്ങളെ തകർത്തു. പത്രസ്വാതന്ത്ര്യത്തിൻമേൽ അടിച്ചമർത്തൽ പാടില്ലെന്നത് സ്വതന്ത്ര ഇന്ത്യയിൽ ഓരോ മനുഷ്യന്റെയും ഹൃദയത്തിനുള്ളിൽനിന്നും ഉയരുന്ന ആഗ്രഹമാണ്. പക്ഷേ, നമ്മുടെ മൗലികാവകാശങ്ങളിൽ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരാമർശം പോലുമില്ല. അഭിപ്രായ സ്വാതന്ത്ര്യമെന്ന വാക്കുണ്ടെന്നത് ശരി.” ഇതേ അഭിപ്രായം പല അംഗങ്ങളും ഉന്നയിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
അന്ന് ഭരണഘടന നൽകിയ സ്വാതന്ത്ര്യം പരിമിതമാണെന്നും കുറെക്കൂടി വിശാലമായ കാഴ്ചപ്പാട്‌ ജനാധിപത്യ സംവിധാനത്തിൽ വേണമെന്ന ആവശ്യം ശക്തമായിരുന്നു. പക്ഷേ, അതിനുശേഷം ഈ മൗലികാവകാശങ്ങൾ തന്നെ വീണ്ടും പരിമിതപ്പെടുത്തുകയാണ് ചെയ്‌തത്‌. ഇന്ത്യൻ ഭരണഘടനയുടെ ആദ്യത്തെ ഭേദഗതി തന്നെ ഈ മൗലികാവകാശങ്ങൾ പരിമിതപ്പെടുത്തുന്നതിനായിരുന്നുവെന്നത് മറ്റൊരു വിരോധാഭാസം. അപ്രകാരം അഭിപ്രായസ്വാതന്ത്ര്യത്തിനു യുക്തിപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് വ്യവസ്ഥ ചെയ്തു. രാജ്യസഭ അന്ന് രൂപീകരിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പും നടന്നിരുന്നില്ല. ഒരു പ്രൊവിഷ്യണൽ പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാൻ അധികാരമുണ്ടോയെന്ന ചോദ്യം ഉയർന്നെങ്കിലും ഭരണഘടന നിർമിച്ചവർക്ക് ഭേദഗതി ചെയ്യാൻ അധികാരമുണ്ടെന്ന് നെഹ്‌റു മറുപടി നൽകി. ഇന്ത്യയുടെ  ആദ്യത്തെ ഭരണഘടനാ ഭേദഗതി തന്നെ മൗലികാവകാശങ്ങൾ നിയന്ത്രിക്കുന്നതിനായിരുന്നെങ്കിൽ 1791ലെ അമേരിക്കൻ ഭരണഘടനയുടെ ആദ്യത്തെ ഭേദഗതി മൗലികാവകാശങ്ങൾ നിയന്ത്രിക്കുന്ന ഒരു നിയമവും നിർമിക്കാൻ പാർലമെന്റിന് അധികാരമില്ലെന്ന് പ്രഖ്യാപിക്കാനായിരുന്നുവെന്നത് കൗതുകകരമായ കാര്യം.
അതിന്റെ തുടർച്ചയിലുണ്ടായ മറ്റൊരു ഭേദഗതികൂടി ഈ സന്ദർഭത്തിൽ പ്രസക്തമാണ്. 1967ൽ 16–-ാമത്തെ ഭേദഗതിയിലൂടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന കാര്യങ്ങളിൽ കൂടിയും മൗലികാവകാശങ്ങൾ നിയന്ത്രിക്കുന്ന നിയമം കൊണ്ടുവരാൻ സർക്കാരുകൾക്ക് അധികാരം ലഭിച്ചു. അതിനെ തുടർന്നാണ് 1967ലെ യുഎപിഎ നിയമം ഭേദഗതി ചെയ്യുന്നത്. അതോടെ പരമാധികാരത്തിനെതിരെ ഉയരുന്നതായി വ്യാഖ്യാനിക്കാവുന്ന ഏതു കാര്യത്തിലും കുറ്റം ചുമത്തുന്നതിന് യുഎപിഎക്ക് ഭരണഘടനയുടെ പിൻബലം കിട്ടി.
ഭരണഘടനയുടെ ഏറ്റവും ജൈവമായ ആർട്ടിക്കിളുകൾ
ഭരണഘടനാ അസംബ്ലിക്കകത്തു നടന്ന സജീവമായ ചർച്ചകളിൽ മറ്റൊന്ന് തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ആയിരുന്നു. ഈ രണ്ട്‌ ആർട്ടിക്കിളാണ് ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും ജൈവമായ ആർട്ടിക്കിളുകൾ. എല്ലാവർക്കും തുല്യതയാണോ അതോ പൗരൻമാർക്ക് മാത്രമാണോ തുല്യതയെന്ന തർക്കപ്രശ്നം ഉയർന്നെങ്കിലും അതിനു വലിയ പിന്തുണ ലഭിച്ചിരുന്നില്ല. രാജ്യത്തിന്റെ അതിർത്തിക്കകത്തുള്ള എല്ലാ വ്യക്തികൾക്കും നിയമത്തിന്റെ മുമ്പിൽ സമത്വവും നിയമപരമായി തുല്യമായ സംരക്ഷണവും ഉറപ്പുവരുത്തുന്നുണ്ട്. അതുകൊണ്ടാണ് പൗരത്വത്തെ സംബന്ധിച്ച അഞ്ചുമുതൽ 11 വരെയുള്ള ആർട്ടിക്കിളുകളിൽ മതത്തിന്റെയോ രാജ്യത്തിന്റെയോ പേരിലുള്ള വിവേചനമില്ലാത്തത്. 1955ലെ പൗരത്വ നിയമത്തിലും 2019നു മുമ്പുള്ള ഒമ്പതു ഭേദഗതിയിലും വിവേചനവുമില്ലാത്തത് ആർട്ടിക്കിൾ 14ന്റെ കൂടി പിൻബലത്തിലാണ്.
മൗലികാവകാശങ്ങൾക്ക് എതിരായ ഏതു നിയമവും അസാധുവാണെന്നും ഭരണഘടന പ്രഖ്യാപിക്കുന്നുണ്ട്. ഭാവി പാർലമെന്റിനെക്കുറിച്ച് ഉൽക്കണ്ഠകൾ ഉള്ളതുകൊണ്ടാണോ ഇത്തരം വ്യവസ്ഥകൾ മുൻകൂട്ടി എഴുതിവയ്‌ക്കുന്നതെന്ന് ചില അംഗങ്ങൾ ചോദിക്കുന്നുണ്ട്. റിപ്പബ്ലിക് ആകുന്നതിനുമുമ്പുള്ള കാലത്തെ കൊളോണിയൽ നിയമങ്ങളിൽ ഏതെങ്കിലും വകുപ്പുകൾ മൗലികാവകാശങ്ങൾക്ക് എതിരാണെങ്കിൽ അവയ്‌ക്കും പ്രയോഗാധികാരമുണ്ടാകില്ലെന്നും അസംബ്ലി വ്യക്തമാക്കി.
എന്നാൽ, 2019ലെ ഭേദഗതി നിയമം മതത്തിന്റെയും രാജ്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റേതാണ്.  മറ്റു പല രാജ്യങ്ങളിലെ ഭരണഘടനകളിൽനിന്നും വ്യത്യസ്‌തമായി ഇന്ത്യൻ ഭരണഘടന ജുഡീഷ്യൽ റിവ്യു അനുവദിക്കുന്നുണ്ട്. ബ്രിട്ടനിൽ പാർലമെന്റിന് പരമാധികാരമുണ്ട്. അതുകൊണ്ട് പാർലമെന്റ്‌ പാസാക്കിയ നിയമങ്ങൾ റിവ്യു ചെയ്യുന്നതിന് നീതിപീഠത്തിന് അധികാരമില്ല. എന്നാൽ, ഇന്ത്യയിൽ നിയമങ്ങൾ ഭരണഘടനയ്‌ക്ക് അനുസൃതമാണോയെന്ന് പരിശോധിക്കുന്നതിനും യുക്തിപരമായ നിയന്ത്രണങ്ങൾ അതതു കാലത്തിന് അനുസരിച്ച് വ്യാഖ്യാനിക്കുന്നതിനും സുപ്രീംകോടതിക്ക്‌ അധികാരമുണ്ട്. അതുകൊണ്ട് പൗരത്വ നിയമം അസാധുവാണോയെന്ന് കോടതി പരിശോധിക്കട്ടെയെന്നാണ് കേന്ദ്രമന്ത്രിമാരും പറയുന്നത്. യഥാർഥത്തിൽ ഒരു നിയമം ഭരണഘടനയ്‌ക്ക് ചേരുന്നതാണോയെന്ന് ആദ്യം പരിശോധിക്കേണ്ടത് പാർലമെന്റാണ്. ഭരണഘടനയുടെ സൂക്ഷിപ്പുകാരൻ പാർലമെന്റാണ്. ഈ സന്ദർഭത്തിൽ അമേരിക്കൻ സുപ്രീംകോടതിയുടെ വിധിയും അതിനെ മറികടക്കാൻ പാർലമെന്റ്‌ ഭരണഘടന ഭേദഗതി ചെയ്‌തതും പ്രസക്തമാണ്.
ഡ്രെഡ് സ്‌കോട്ട്
ഡ്രെഡ് സ്‌കോട്ട്

 
ഡ്രെഡ് സ്‌കോട്ട് വേഴ്സസ് സാൻഡ്ഫോർഡ് കേസിൽ അമേരിക്കൻ സുപ്രീംകോടതി, ആഫ്രിക്കൻ അമേരിക്കൻ വിഭാഗം പൗരൻമാരല്ലെന്നു മാത്രമല്ല ഭാവിയിലും അവർക്ക് പൗരൻമാരാകാൻ കഴിയില്ലെന്നും വിധിച്ചു. നീതിപീഠം പൗരത്വത്തിൽ വിവേചനത്തിന്റെ വിധി പ്രഖ്യാപിച്ചപ്പോൾ 1868ൽ അമേരിക്കൻ പാർലമെന്റ്‌ 14–-ാമത് ഭരണഘടനാ ഭേദഗതി പാസാക്കി. ആഫ്രിക്കൻ അമേരിക്കൻ വംശജൻ ഉൾപ്പെടെ എല്ലാവർക്കും പൗരത്വത്തിന്റെ കാര്യത്തിൽ ഈ ഭേദഗതി തുല്യത നൽകുന്നു. എന്നാൽ, ഒന്നര നൂറ്റാണ്ടിനിപ്പുറം ഇന്ത്യയിൽ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയെ അട്ടിമറിച്ച് വിവേചനത്തിന്റെ പൗരത്വനിയമം പാർലമെന്റ്‌ പാസാക്കിയപ്പോൾ നീതിപീഠത്തിൽനിന്നും തുല്യത നേടിക്കൊള്ളൂവെന്ന് സർക്കാർ പറയുന്നു.  ഇതെല്ലാം മുൻകൂട്ടി കണ്ടായിരിക്കും അംബേദ്കർ ഭരണഘടനാ അസംബ്ലിയിൽ 1949 നവംബർ 25നു നടത്തിയ സമാപനപ്രസംഗത്തിൽ  ഇപ്രകാരം പറഞ്ഞത്, “ഭരണഘടന എത്ര നല്ലതാണെങ്കിലും അതു നടപ്പിലാക്കുന്നവർ നല്ലവരല്ലെങ്കിൽ അത് ചീത്തയായി മാറും.” അത് ഏതെല്ലാം തലംവരെ എത്തിയെന്ന് തുടർന്ന് പരിശോധിക്കാം.

Part V

ആരാണ് ഗവർണർ
“അതു  ഞാൻ വ്യക്തമാക്കാം. ഗവർണർ എന്നത് അങ്ങേയറ്റം ആലങ്കാരികമായ പദവി മാത്രമാണ്…ഗവർണർക്ക് നിർവഹിക്കേണ്ട ഒരു ചുമതലയും ഇല്ലെന്ന് ഈ ഭരണഘടനാ അസംബ്ലിയിലെ എല്ലാവർക്കും അറിയാമെന്നാണ്‌ ഞങ്ങൾ കരട് തയ്യാറാക്കിയ കമ്മിറ്റി കരുതുന്നത്. ഒരു പ്രശസ്‌തമായ പ്രയോഗം കടമെടുക്കുകയാണെങ്കിൽ ഗവർണർക്ക് വിവേചന അധികാരത്തോടെയോ സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ നിർവഹിക്കേണ്ട ഒരു ചുമതലയും ഇല്ലയെന്നതാണ്. പുതിയ ഭരണഘടനയുടെ തത്വമനുസരിച്ച് എല്ലാ കാര്യങ്ങളിലും മന്ത്രിസഭയുടെ ഉപദേശത്തെ പിന്തുടരേണ്ടതുണ്ട്.’’  ഭരണഘടനാ അസംബ്ലിയിൽ ഗവർണറെ എങ്ങനെ നിശ്ചയിക്കണമെന്ന ചർച്ചകളിൽ ഇടപെട്ടുകൊണ്ടാണ് അംബേദ്കർ ഈ വിശദീകരണം നടത്തുന്നത്. മൂന്നു നിലപാടുകൾ ചർച്ചകളിൽ അംഗങ്ങൾ സ്വീകരിച്ചിരുന്നു. ചിലർ ഗവർണർ എന്ന പദവി തന്നെ വേണ്ടെന്ന നിലപാടുകാരായിരുന്നു. ഭരണഘടനാ ജനാധിപത്യത്തിലേക്ക് രാജ്യം പ്രവേശിക്കുമ്പോൾ കോളനിയായിരുന്ന കാലത്തെ കാഴ്ചപ്പാടുകളിൽനിന്നും വിമുക്തി നേടണമെന്ന് അവർ അഭിപ്രായപ്പെട്ടു. 
നിശ്ചിത യോഗ്യതയുള്ള വ്യക്തിയെ പ്രസിഡന്റ്‌ നാമനിർദേശം ചെയ്യണമെന്നതായിരുന്നു  ഭരണഘടനാ കമ്മിറ്റിക്കുവേണ്ടി മുന്നോട്ടുവച്ച നിർദേശം. ബ്രജേശ്വർ പ്രസാദ് മറ്റൊരു ഭേദഗതി നിർദേശിച്ചു. പ്രവിശ്യകളിലെ (സംസ്ഥാനങ്ങളിലെ) നിയമസഭകൾ നിർദേശിക്കുന്ന പാനലിൽനിന്നും വേണം നാമനിർദേശം നടത്താനെന്നതായിരുന്നു അദ്ദേഹത്തിന്റെ ഭേദഗതി. മറ്റു ചില അംഗങ്ങളും സമാനമായ നിർദേശങ്ങൾ അവതരിപ്പിക്കുന്നുണ്ട്‌. ജനാധിപത്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനു തന്നെയായിരിക്കണം ഗവർണറെ നിയമിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സവിശേഷമായ മുൻകൈ ഉണ്ടാകേണ്ടതെന്നതായിരുന്നു ഈ നിലപാട്. ചിലർ നോമിനേഷൻ സംവിധാനത്തിലൂടെ ഗവർണറെ നിയമിക്കാൻ പാടില്ലെന്ന നിലപാടുകാരായിരുന്നു. ഗവർണർ വേണമെന്നാണ് തീരുമാനമെങ്കിൽ അത് വോട്ടെടുപ്പിലൂടെ ആകാമെന്നും അവർ അഭിപ്രായപ്പെട്ടു. അങ്ങനെ പണം ചെലവഴിച്ച്‌ തെരഞ്ഞെടുപ്പ് നടത്തി ഗവർണറെ നിശ്ചയിക്കുന്നതു പാഴ്‌ച്ചെലവല്ലേ എന്ന മറുവാദം മറ്റു ചില അംഗങ്ങളും ഉന്നയിച്ചു. ഇതിനോട് പ്രതികരിച്ചുകൊണ്ട് അംബേദ്കർ നടത്തിയ പരാമർശം നർമം കലർന്നതായിരുന്നു. അങ്ങേയറ്റം ആലങ്കാരികമായ ഈ പദവിയിലേക്ക് മത്സരിക്കാൻ അപൂർവം  വ്യക്തികളല്ലേ തയ്യാറാവുകയുള്ളു എന്നാണ് അദ്ദേഹം ചോദിച്ചത്. ഒന്നുകൂടി അദ്ദേഹം വ്യക്തമാക്കി. “പ്രധാനമന്ത്രി തെരഞ്ഞെടുക്കുന്നത് ഒരു നയത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ, ഗവർണർ അങ്ങനെയല്ല ; അദ്ദേഹത്തിന്‌ ഒരു നയവുമില്ല, അധികാരവുമില്ല… നമുക്ക് എല്ലാവർക്കും അറിയാം ഗവർണറുടെ അധികാരങ്ങൾ വളരെ പരിമിതവും നാമമാത്രവുമാണ്. അത് ആലങ്കാരികമാണ്.” വിശാലമായ ചർച്ചകൾക്ക് ശേഷം പ്രസിഡന്റിന്‌ ഗവർണറെ നാമനിർദേശം ചെയ്യാമെന്ന നിർദേശം തന്നെ അംഗീകരിച്ചു.
 
ഗവർണറുടെ അധികാരങ്ങളെ സംബന്ധിച്ചും വ്യത്യസ്ത കാഴ്ചപ്പാടുകൾ തമ്മിൽ ശക്തമായ ഏറ്റുമുട്ടലുകൾ അസംബ്ലിയിൽ ഉണ്ടായി. യഥാർഥത്തിൽ ഗവർണർക്ക് എന്താണ് അധികാരമെന്ന ചോദ്യത്തിനു നിർദേശത്തിൽ ഉപയോഗിച്ച വാക്കുകളെയും  വാചകഘടനയെയും കുറിച്ച് വരെ സംവാദങ്ങളുണ്ടായി. പ്രവിശ്യകളിലെ നേതാക്കൾക്ക് പക്വത ആകുന്നതേയുള്ളു. അതുകൊണ്ട് ഗവർണർക്ക് വിശാലമായ അധികാരങ്ങൾ നൽകേണ്ടതുണ്ടെന്ന് ചിലർ വാദിച്ചു. എല്ലാ അധികാരങ്ങളും ഇന്ത്യാ ഗവൺമെന്റിൽ കേന്ദ്രീകരിക്കണമെന്ന നിലപാടും സ്വീകരിച്ചു. യഥാർഥത്തിൽ ഇന്ത്യക്കാർക്ക് ഭരിക്കാൻ പക്വതയായിട്ടില്ലെന്നും അതുകൊണ്ട് പൂർണ സ്വരാജ് നൽകണ്ടേതില്ലെന്ന ബ്രിട്ടന്റെ വാദത്തിന്റെ തനിപ്പകർപ്പായിരുന്നു ഇത്‌. ഈ വാദം 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിലെ വകുപ്പുകളുടെ തനിയാവർത്തനം വേണമെന്ന നിലപാടാണ്. അത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് അംബേദ്കർ വ്യക്തമാക്കി.
ഗവർണർക്ക് അധികാരങ്ങൾ ഒന്നും തന്നെയില്ലെന്നും കടമകളാണ് ഉള്ളതെന്നും അംബേദ്കർ വ്യക്തമാക്കി. എന്നാൽ, ഏറ്റവും കൂടുതൽ തർക്കങ്ങൾ ഉയർന്നത് കരട് ഭരണഘടനയിലെ 143 –-ാം  ആർട്ടിക്കിളിനെ (ഭരണഘടനയിലെ 163) വിവേചനപരമായി കടമകൾ നിർവഹിക്കുന്നതു സംബന്ധിച്ചായിരുന്നു. പണ്ഡിറ്റ് കുൻസ്രു അതിനോട് വിയോജിച്ചു. എങ്ങനെയും വ്യാഖ്യാനിക്കാവുന്ന വാക്കുകൾ ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടിനെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം വാദിച്ചു. അംബേദ്കറുടെ അന്നത്തെ മറുപടി ഇന്നും ഏറെ പ്രസക്തമാണ്. ‘ഗവർണറെ അദ്ദേഹത്തിന്റെ ചുമതലകളുടെ നിർവഹണത്തിൽ ഉപദേശിക്കുന്നതിനും സഹായിക്കുന്നതിനും മൂഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭയുണ്ടാകും ; ഈ ഭരണഘടന നിഷ്‌കർഷിക്കുന്ന വിവേചന അധികാരത്തോടെ ഗവർണർ നിർവഹിക്കേണ്ട ചുമതലകൾ ഒഴികെ.’ എന്ന വാചകം തന്നെ എല്ലാം വ്യക്തമാക്കുന്നുണ്ട്. എന്നാൽ, അതിനു പകരം മന്ത്രിമാരുടെ ഉപദേശത്തിനും ആഗ്രഹത്തിനും [wish]  എതിരായി എപ്പോഴൊക്കെ പ്രവർത്തിക്കണമെന്ന് അദ്ദേഹത്തിനു തോന്നുന്നുവോ അപ്പോഴൊക്കെ വിവേചനാധികാരത്തോടെ പ്രവർത്തിക്കാമെന്നായിരുന്നു വ്യവസ്ഥയെങ്കിൽ പണ്ഡിറ്റ് കുൻസ്രുവിന്റെ വിമർശനം ശരിയാകുമായിരുന്നു. ഈ വിവേചനാധികാരം വളരെ പരിമിതമാണെന്നും അതുകൊണ്ടുതന്നെ ഗവർണറെ സംബന്ധിച്ച് വിശദീകരിക്കുന്ന മറ്റു ആർട്ടിക്കിളുകളുമായി ചേർത്തുവച്ചുകൊണ്ടു മാത്രമേ ആർട്ടിക്കിൾ 143 (ഇപ്പോഴത്തെ ആർട്ടിക്കിൾ 163) വ്യാഖ്യാനിക്കാനെന്നും പറഞ്ഞു. ഏതെല്ലാം കാര്യങ്ങളിൽ ഗവർണർക്ക് വിവേചനപരമായി തീരുമാനമെടുക്കാമെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. അതാണ് ഭരണഘടനാപരമായ പരിമിതി.
ഗവർണർക്ക് വിവരങ്ങൾ നൽകുന്നതു സംബന്ധിച്ച് 147–-ാം ആർട്ടിക്കിൾ (ഭരണഘടനയിലെ 167) ഭരണഘടനാ ജനാധിപത്യ സങ്കൽപ്പത്തിന്‌ എതിരാണെന്നതായിരുന്നു എച്ച് വി കമ്മത്തിന്റെ നിലപാട്. മന്ത്രിസഭ തീരുമാനിക്കുന്ന കാര്യങ്ങളിൽ ഇടപെടുന്നതിന്‌ ഗവർണർക്ക് അധികാരമില്ലെന്നും ആ സാഹചര്യത്തിൽ കാര്യങ്ങൾ മുൻകൂട്ടി അറിയിക്കുന്നത് വണ്ടിയെ കുതിരയ്‌ക്കു മുമ്പിൽ കെട്ടുന്നതുപോലെയാണെന്ന പരിഹാസ്യം നിറഞ്ഞ വിമർശനം ഉയരുകയുണ്ടായി. ഒരു ചാണകത്തരി ഒരു പാത്രത്തിലെ പാലിനെ മുഴുവൻ നശിപ്പിക്കുന്നതുപോലെ ആർട്ടിക്കിൾ 147 ഭരണഘടനയെ തന്നെ നശിപ്പിക്കുമെന്ന് റോഹിൻകുമാർ ചൗധരി അഭിപ്രായപ്പെട്ടു.
 
ഭരണനിർവഹണത്തിലും നിയമനിർമാണത്തിലും മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങളും മുഖ്യമന്ത്രി ഗവർണറെ അറിയിക്കേണ്ടതുണ്ട്. ഉത്തരവുകൾ ഗവർണറുടെ പേരിലായതുകൊണ്ട് അത് ആവശ്യമാണെന്ന നിലപാടാണ് ഒടുവിൽ അസംബ്ലി സ്വീകരിച്ചത്. സംസ്ഥാന ഭരണ നിർവഹണത്തെയും നിയമനിർമാണ നിർദേശങ്ങളെ സംബന്ധിച്ചും ഗവർണർ ആവശ്യപ്പെട്ടാൽ വിവരങ്ങൾ നൽകാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. എന്നാൽ, ദൈനംദിന ഭരണനിർവഹണത്തിൽ ഗവർണർക്ക് പ്രത്യേക അവകാശങ്ങൾ ഒന്നും ഭരണഘടന നൽകുന്നില്ല. വിവരങ്ങൾ തേടുന്ന കാര്യത്തിലും ഗവർണറുടെ തുടർ ഇടപെടലുകൾ ഒന്നും ഭരണഘടന അനുവദിക്കുന്നില്ല.
ഭരണഘടനയിലെ വ്യത്യസ്‌ത ആർട്ടിക്കിളുകളെ ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളും സുപ്രീംകോടതിയുടെ വിവിധ വിധികളുമായി ചേർത്തുവച്ച് വായിക്കുമ്പോൾ നല്ല വ്യക്തത ലഭിക്കും. അല്ലെങ്കിൽ അബദ്ധ ധാരണകളിലേക്ക് എത്തുകയും സ്വയം കുരുക്കുകളിൽ ചെന്നുപെടുകയും ചെയ്യും. ഉദാഹരണത്തിന് മന്ത്രിസഭ അധികാരത്തിൽ തുടരുന്നത് ഗവർണറുടെ ഇച്ഛയ്‌ക്ക് [pleasure]   അനുസരിച്ചാണെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്. അതുകൊണ്ട് തനിക്ക് ഇഷ്ടമില്ലെന്ന് തോന്നിയാൽ മന്ത്രിസഭയെയോ മന്ത്രിമാരെയോ പുറത്താക്കാൻ അധികാരമുണ്ടെന്ന് ഏതെങ്കിലും ഗവർണർ വാദിച്ചാലോ? ഇങ്ങനെയൊക്ക  വ്യാഖ്യാനിക്കാൻ ഇടയുണ്ടെന്നു കണ്ട് അംബേദ്കർ കൃത്യമായ വിശദീകരണം നൽകുന്നുണ്ട്. ഗവർണറുടെ ഇച്ഛയ്‌ക്ക്‌ അനുസരിച്ച് എന്നതിന്റെ അർഥം നിയമസഭയിലെ ഭൂരിപക്ഷമെന്നല്ലാതെ മറ്റൊന്നുമല്ല. എന്നാൽ, മന്ത്രിസഭകളുടെ രൂപീകരണ ഘട്ടത്തിലാണ് ഇത് പലപ്പോഴും വിവാദങ്ങളിലേക്ക് എത്തുന്നത്. പലപ്പോഴും പ്രയോഗത്തിൽ ഇത് ആത്മനിഷ്ഠമോ രാഷ്ട്രീയ നിലപാടോ ആയി മാറിയതുകൊണ്ട് പല ഘട്ടങ്ങളിലും സുപ്രീംകോടതിക്കുതന്നെ ഇടപെടേണ്ടി വന്നിട്ടുണ്ട്.
 
ഭരണഘടനാ അസംബ്ലി ചർച്ചകളിൽ കൂടുതൽ രൂക്ഷമായ വിമർശനം ഉയർന്നത് ആർട്ടിക്കിൾ 278 (ഭരണഘടനയിലെ 356) സംബന്ധിച്ചാണ്. സർക്കാരുകളെ പിരിച്ചുവിടുന്നതിനുള്ള അധികാരം ജനാധിപത്യത്തിൽ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് പലരും അഭിപ്രായപ്പെട്ടു. “നമ്മൾ ഫെഡറൽ ഭരണഘടനയെയും സ്വയംഭരണസംസ്ഥാനങ്ങളെയും അംഗീകരിച്ചുകഴിഞ്ഞു. അതുകൊണ്ടു തന്നെ ആർട്ടിക്കിൾ 278 ഇതേ രൂപത്തിൽ നിലനിൽക്കില്ല.” എന്ന് ഷിബുലാൽ സക്‌സേന അഭിപ്രായപ്പെട്ടു.
ജനാധിപത്യക്കുരുതിക്ക് പിന്നീട് പലപ്പോഴും ഉപയോഗിച്ച ചരിത്രം അന്നത്തെ ചർച്ചകളെ വീണ്ടും പ്രസക്തമാക്കുന്നുണ്ട്. 1959ൽ കേരളസർക്കാരിനെ പിരിച്ചുവിട്ട കോൺഗ്രസാണ് ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളുടെ അന്തസ്സത്തയെ തകർക്കുന്ന ജനാധിപത്യക്കുരുതിക്ക് തുടക്കമിട്ടത്‌. ഗവർണറുടെ വിവേചനാധികാരം ജുഡീഷ്യൽ പരിശോധനയ്‌ക്ക് വിധേയമാക്കാമെന്ന ബൊമ്മെ കേസിലെ വിധി ഭരണഘടനാ സങ്കൽപ്പത്തെ സംരക്ഷിക്കുന്നതായിരുന്നു. ഇതാണ് സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി സർക്കാരുകളെ പിരിച്ചുവിടുന്നതിന് നിയന്ത്രണം വരുത്തിയത്. 1999 ഫെബ്രുവരിയിൽ ബിഹാറിലെ റാബ്റി ദേവി സർക്കാരിനെ പിരിച്ചുവിട്ട വാജ്പേയ് സർക്കാരിന് മാർച്ചിൽ അവരെ വീണ്ടും മുഖ്യമന്ത്രിയാക്കേണ്ടി വന്നത് ബൊമ്മെ കേസിലെ വിധിയുടെ ഫലമാണ്.
ഭരണഘടനയുടെ കരട് അവതരിപ്പിക്കുമ്പോൾ അംബേദ്കർ നടത്തിയ പ്രസംഗത്തിൽ കരട് ഭരണഘടന ഒരു ഫെഡറൽ ഭരണഘടനയാണെന്ന് ആധികാരികമായി പ്രഖ്യാപിച്ചു. അതാണ് ഒന്നാമത്തെ ആർട്ടിക്കിളിൽ യൂണിയൻ ഓഫ് സ്റ്റേറ്റ് എന്ന് ആധികാരികമായി പ്രഖ്യാപിച്ചത്. ഭരണഘടന ഉറപ്പുവരുത്തിയ ഭാഷയുടെയും സംസ്‌കാരത്തിന്റെയും വൈവിധ്യങ്ങളെ എങ്ങനെയാണ് പ്രയോഗം തകർത്തുവെന്നതും പരിശോധിക്കേണ്ടതാണ്.

Part VI

അമേരിക്കൻ മോഡലോ പാർലമെന്ററി ജനാധിപത്യമോ
1841 ബ്രിട്ടനിൽ വിക്ടോറിയ രാജ്ഞി അധികാരത്തിലിരിക്കുന്ന സന്ദർഭത്തിൽ പാർലമെന്റിൽ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങളോട് രാജ്ഞി വിയോജിപ്പ് പ്രകടിപ്പിച്ചു. ആ ഭാഗങ്ങളിൽ മാറ്റംവരുത്തണമെന്ന് അവർ നിർദേശിച്ചു. എന്നാൽ, മന്ത്രിസഭ തങ്ങൾ തയ്യാറാക്കിയ പ്രസംഗത്തിൽ മാറ്റംവരുത്താൻ തയ്യാറായില്ല. അതിനെ തുടർന്ന് രാജ്ഞി അതേ പ്രസംഗം തന്നെ വായിക്കാൻ നിർബന്ധിതമായെന്ന് ചരിത്രം. ഇതാണ് ബ്രിട്ടീഷ് പാർലമെന്ററി സംവിധാനത്തിന്റെ സവിശേഷത. രാജ്ഞിയുടെ പ്രസംഗമെന്നത്, നടത്താൻ പോകുന്ന നയപരിപാടികളെയും പാസാക്കാൻ ഉദ്ദേശിക്കുന്ന നിയമങ്ങളെയും സംബന്ധിച്ച് മന്ത്രിസഭ തയ്യാറാക്കുന്ന പ്രസംഗമാണ്. അതിന്റെ പൂർണമായ ഉത്തരവാദിത്തം മന്ത്രിസഭയ്‌ക്കാണ്.
ഈ രീതിയാണ് ഇന്ത്യൻ ഭരണഘടനയും പിന്തുടരുന്നത്. അതുകൊണ്ടാണ് ഗവർണറുടെ പ്രസംഗമെന്നത് ഗവൺമെന്റിന്റെ പ്രസംഗമാണെന്ന് പറയുന്നത്. അതിൽ മാറ്റംവരുത്താൻ ഗവർണർക്ക് അധികാരമുണ്ടോയെന്ന ചോദ്യം പലതവണ ഇന്ത്യയിൽ ഉയർന്നിട്ടുണ്ട്. ഗവർണറെ സംബന്ധിച്ച ഭരണഘടനാ കാഴ്‌ചപ്പാട് വിശദീകരിച്ച കഴിഞ്ഞ ലക്കത്തിന്റെ വായനക്കാർ പലരും ഇതുസംബന്ധിച്ച് കൂടുതൽ വിശദീകരണങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സ്ഥലപരിമിതിമൂലം അതിലേക്ക് കടക്കുന്നില്ല. എന്നാൽ, ഇതുസംബന്ധിച്ച് പ്രശസ്‌ത പാർലമെന്റേറിയനായ ഭൂപേശ് ഗുപ്തയുടെ നിലപാട് പാർലമെന്ററി സംവിധാനത്തെക്കുറിച്ചുള്ള ഭരണഘടനാ ചർച്ചകളുടെ തുടർച്ചയായി കാണാൻ കഴിയും. “മന്ത്രിസഭ തയ്യാറാക്കിയ പ്രസംഗത്തിൽ മാറ്റംവരുത്താനുള്ള വിവേചനാധികാരം ഭരണഘടന ഗവർണർക്ക് നൽകുന്നില്ല. ഗവർണറുടെ പ്രസംഗമെന്നത് മന്ത്രിതല പ്രസ്‌താവനയാണെന്നത് നമ്മുടെ ഭരണഘടന അനുസരിച്ചും കീഴ്‌വഴക്കം അനുസരിച്ചും ബ്രിട്ടീഷ് പാർലമെന്ററി സംവിധാനമനുസരിച്ചും വ്യക്തത വരുത്തിയിട്ടുള്ള കാര്യമാണ്. നമ്മുടെ ഭരണഘടന പിന്തുടരുന്നത് ബ്രിട്ടീഷ് പാർലമെന്ററി സംവിധാനമാണ്.’’
ഇന്ത്യൻ ഭരണഘടനാ അസംബ്ലി നടത്തിയ പലതലത്തിലുള്ള ചർച്ചകളെ തുടർന്നാണ് ബ്രിട്ടീഷ് പാർലമെന്ററി സംവിധാനം പിന്തുടരാൻ നിശ്ചയിച്ചത്. പ്രധാനമായും മൂന്നു കാഴ്ചപ്പാടുകളാണ് ഉണ്ടായിരുന്നത്. ഒന്ന് ബ്രിട്ടീഷ് പാർലമെന്ററി സംവിധാനത്തിലുള്ള ഭരണനിർവഹണ സംവിധാനവും നിയമനിർമാണസഭയും നീതിന്യായസംവിധാനവും. രണ്ടാമത്തേത്‌ അമേരിക്കൻ മോഡലായ പ്രസിഡൻഷ്യൽ ഭരണസംവിധാനം. തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റും അവരിൽ കേന്ദ്രീകരിക്കുന്ന അധികാര സംവിധാനങ്ങളും. മൂന്നാമതായി സ്വിറ്റ്‌സർലൻഡ്‌ മാതൃകയിലുള്ള സമ്മിശ്രസംവിധാനവും ഒരു ന്യൂനപക്ഷം മുന്നോട്ടുവച്ചിരുന്നു.
ഭരണഘടനാ അസംബ്ലി അംഗീകരിച്ച പ്രമേയം അവതരിപ്പിച്ചുകൊണ്ട് ജവാഹർലാൽ നെഹ്‌റു ഇപ്രകാരം പറഞ്ഞു. “ഇന്ത്യയെ പരമാധികാര റിപ്പബ്ലിക്കായി ഈ പ്രമേയം പ്രഖ്യാപിക്കുന്നു. നമ്മൾ ഇതുവരെ റിപ്പബ്ലിക് എന്ന വാക്ക് പ്രയോഗിച്ചിട്ടില്ല. പക്ഷേ, സ്വതന്ത്ര ഇന്ത്യ റിപ്പബ്ലിക്കല്ലാതെ മറ്റൊന്നുമല്ലെന്ന് നിങ്ങൾക്ക് എല്ലാവർക്കും
അറിയാം.”ഭരണഘടനയുടെ കരട് രൂപങ്ങളിലേക്ക് പോകുന്നതിനു മുമ്പുതന്നെ എങ്ങനെയായിരിക്കണം ഇന്ത്യൻ ഭരണഘടനയെന്നതു സംബന്ധിച്ച് ഇതിന്റെ അടിസ്ഥാനത്തിൽ അംഗങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കുന്നതിനു സന്ദർഭം നൽകിയിരുന്നു. അതിനു സഹായകരമായി അഞ്ചു ഭാഗങ്ങളിലായി 27 ചോദ്യം എല്ലാ അംഗങ്ങൾക്കും നൽകിയിരുന്നു. അതിൽ 12–-ാമത്തെ ചോദ്യം ഏതു സ്വഭാവത്തിലുള്ള ഭരണസംവിധാനമാണ് വേണ്ടത് എന്നതു സംബന്ധിച്ചായിരുന്നു. നേരത്തെ പരാമർശിച്ച മൂന്നു രീതികളും ഇതിൽ സൂചിപ്പിക്കുന്നുണ്ട്.
കേന്ദ്രത്തിലെയും പ്രവിശ്യകളിലെയും ഭരണഘടനയെ സംബന്ധിച്ച കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുന്നതിനായി രണ്ടു കമ്മിറ്റികൾ നിശ്ചയിക്കുന്നുണ്ട്. കേന്ദ്രത്തിന്റെ കമ്മിറ്റിയുടെ അധ്യക്ഷൻ ജവാഹർലാൽ നെഹ്‌റുവും പ്രവിശ്യകളുടേത് സർദാർ വല്ലഭ്‌ഭായ് പട്ടേലുമായിരുന്നു. അവരുടെ റിപ്പോർട്ടുകൾ ബ്രിട്ടീഷ് പാർലമെന്ററി സംവിധാനത്തിന് അനുകൂലമായിരുന്നു. ‘ശക്തമായ കേന്ദ്രത്തോടെയുള്ള ഫെഡറൽ ഘടന എന്ന കാഴ്ചപ്പാടാണ് അംഗീകരിക്കപ്പെട്ടത്. നെഹ്‌റു സമർപ്പിച്ച റിപ്പോർട്ടിൽ ‘പ്രസിഡന്റിനെ അദ്ദേഹത്തിന്റെ ചുമതലകൾ നിർവഹിക്കുന്നതിൽ ഉപദേശിക്കുന്നതിനും സഹായിക്കുന്നതിനും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭയുണ്ടായിരിക്കുമെന്ന് വ്യക്തമാക്കി. എന്നാൽ, പ്രവിശ്യകളിലെ ഗവർണർമാരുടെ പദവിയെ സംബന്ധിച്ച് വ്യത്യസ്‌ത അഭിപ്രയങ്ങൾ ഉയർന്നു. അമേരിക്കയിൽ സംസ്ഥാനങ്ങളിലെ ഗവർണർമാർക്കുള്ളതുപോലെ ഭരണനിർവഹണാധികാരം ഉണ്ടാകണമെന്നതായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ, തത്വത്തിൽ അംഗീകരിച്ച ബ്രിട്ടീഷ് പാർലമെന്ററി സംവിധാനത്തിന്റെ കാഴ്ചപ്പാടിന് അത് എതിരായിരിക്കുമെന്ന നിലപാടാണ് ഭൂരിപക്ഷം പേരും സ്വീകരിച്ചത്. പട്ടേലിന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്നും അധികാരങ്ങൾ ദുർവിനിയോഗം ചെയ്യരുതെന്നും വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.
പാർലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചും വ്യത്യസ്‌ത കാഴ്ചപ്പാടുകളുണ്ടായി. അതിലൊന്ന് നിയമനിർമാണസഭ മന്ത്രിമാരെ തെരഞ്ഞെടുക്കുകയും അവർ ചേർന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയുമെന്നതായിരുന്നു. എന്നാൽ, അത് കൂട്ടായ ഉത്തരവാദിത്തമില്ലാതാക്കുമെന്നും ഓരോ മന്ത്രിയും വ്യക്തിപരമായ ഉത്തരവാദിത്തത്തിലേക്ക് ചുരുങ്ങുമെന്നും സർദാർ വല്ലഭ്‌ഭായ് പട്ടേൽ വ്യക്തമാക്കി. ഈ ചർച്ചയിൽ ഇടപെട്ടുകൊണ്ട് പാർലമെന്ററി സംവിധാനമാണ് നമ്മൾ അംഗീകരിച്ചതെന്ന് നെഹ്‌റു വ്യക്തമാക്കി. “പാർലമെന്ററി സംവിധാനമോ പ്രസിഡൻഷ്യൽ സംവിധാനമോ വേണ്ടതെന്ന ചോദ്യത്തിന് നമ്മൾ ഉത്തരം കണ്ടെത്തി. പാർലമെന്ററി സംവിധാനം അംഗീകരിച്ചതോടെ അധികാരങ്ങൾ മന്ത്രിസഭയിലും നിയമസഭകളിലുമാണ്. അത് പ്രസിഡന്റിൽ അല്ലതന്നെ.”
ഈ കാഴ്‌ചപ്പാടിന് അനുസരിച്ചാണ് ഭരണഘടന തയ്യാറാക്കുന്ന അംബേദ്കറുടെ നേതൃത്വത്തിലുള്ള ഡ്രാഫ്റ്റിങ് കമ്മിറ്റി ഓരോ ആർട്ടിക്കിളും തയ്യാറാക്കുന്നത്. എന്നാൽ, ഇതിന്റെ ചർച്ചയിലും വോട്ടെടുപ്പിലും അമേരിക്കൻ മോഡൽ നിലപാടുകാർ വീണ്ടും ഭേദഗതികൾ അവതരിപ്പിച്ചു. ‘യൂണിയൻ ഓഫ് ഇന്ത്യയുടെ തലവനും ചീഫ് എക്‌സിക്യൂട്ടീവും പ്രസിഡന്റ് ഓഫ് ഇന്ത്യ എന്ന് അറിയപ്പെടും’ എന്ന ഭേദഗതി കെ ടി ഷാ അവതരിപ്പിച്ചു. ചില അംഗങ്ങൾ അതിനോട് യോജിച്ചു. എന്നാൽ, ഭൂരിപക്ഷവും നേരത്തെ അംഗീകരിച്ച നിലപാട് ആവർത്തിച്ചു. പൊതുചർച്ചയിൽ ഇടപെട്ടുകൊണ്ട് അംബേദ്കർ ഇന്ത്യ അംഗീകരിക്കുന്ന പാർലമെന്ററി കാഴ്ചപ്പാടിനെ ലളിതമായി വിശദീകരിച്ചു. “ഇംഗ്ലീഷ് ഭരണഘടനയിൽ എന്താണോ രാജാവിന്റെ സ്ഥാനം അതേ സ്ഥാനമായിരിക്കും ഈ കരട് ഭരണഘടനയിൽ പ്രസിഡന്റിനുണ്ടാകുക. അദ്ദേഹം രാഷ്ട്രത്തിന്റെ തലവനായിരിക്കും, പക്ഷേ, ഭരണത്തിന്റെ (എക്‌സിക്യൂട്ടീവിന്റെ) തലവനായിരിക്കുകയില്ല. അദ്ദേഹം രാഷ്ട്രത്തെ പ്രതിനിധാനം ചെയ്യുന്നു, പക്ഷേ ഭരിക്കുന്നില്ല. അദ്ദേഹം രാഷ്ട്രത്തിന്റെ പ്രതീകമാണ്. എന്നാൽ, മന്ത്രിസഭയുടെ ഉപദേശത്താൽ ബന്ധിതനാണ്. അവരുടെ ഉപദേശത്തിന് വിരുദ്ധമായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മാത്രമല്ല അവരുടെ ഉപദേശമില്ലാതെ ഒന്നും പ്രവർത്തിക്കാനും കഴിയില്ല.” ഈ വാചകങ്ങൾ പാർലമെന്ററി സംവിധാനത്തെ സംബന്ധിച്ച അടിസ്ഥാന കാഴ്‌ചപ്പാടാണ്.
എന്നാൽ, പ്രയോഗത്തിൽ ഇത് പലപ്പോഴും ലംഘിക്കപ്പെട്ടിട്ടുണ്ട്. ആ സന്ദർഭങ്ങളിൽ സുപ്രീംകോടതി ഭരണഘടനയുടെ ഈ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചാണ് പലപ്പോഴും നിർണായകവിധികൾ പ്രഖ്യാപിച്ചിട്ടുള്ളത്. ശംഷേർസിങ് കേസിലെ സുപ്രീംകോടതി വിധി ഇന്ന് ഏറെ പ്രസക്തമാണ്. “എവിടെയൊക്കെയാണോ പ്രസിഡന്റിന്റെയും ഗവർണറുടെയും അധികാരവിനിയോഗത്തിന് അവരുടെ സംതൃപ്തി [satisfaction] ആവശ്യപ്പെടുന്നത് അത് പ്രസിഡന്റിന്റെയോ ഗവർണറുടെയോ വ്യക്തിപരമായ സംതൃപ്തിയല്ല. പകരം അത് പാർലമെന്ററി സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയ ഭരണഘടനാ ബോധത്തിൽനിന്നും പ്രസിഡന്റിനും ഗവർണർക്കുമുള്ള സംതൃപ്തിയാണ്. അതിന്റെ അർഥം ഇതാണ്, ഏതു മന്ത്രിസഭയുടെ ഉപദേശത്തിലും സഹായത്തിലുമാണോ പ്രസിഡന്റോ  ഗവർണറോ പ്രവർത്തിക്കേണ്ടത് ആ മന്ത്രിസഭയുടെ സംതൃപ്തിയല്ലാതെ മറ്റൊന്നുമല്ല അത്. ’’ ഇതോടൊപ്പം ഒരു താക്കീതുകൂടി ഉന്നത നീതിപീഠം നടത്തി. “മന്ത്രിസഭയുടെ ഉപദേശത്തിനു വിരുദ്ധമായി ഒരു സമാന്തര ഭരണസംവിധാനം ഉണ്ടാക്കുന്നതിന് ഭരണഘടന ഗവർണറെ അനുവദിക്കുന്നില്ല. ’’
പാർലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ച് അന്ന് ഭരണഘടനാ അസംബ്ലി തീർപ്പുകൽപ്പിച്ചതും സുപ്രീംകോടതി പല വിധികളിലൂടെയും ഊട്ടിയുറപ്പിക്കുകയും ചെയ്‌ത നിലപാടുകൾ വീണ്ടും തുറക്കാനുള്ള ശ്രമങ്ങളെ ഭരണഘടന തന്നെ പ്രതിരോധിക്കും.

Part VII

ദേശീയപതാകയും ദേശീയഭാഷയും
‘ഹിന്ദുക്കൾ ഈ ത്രിവർണ പതാകയെ ഒരിക്കലും ബഹുമാനിക്കുകയില്ല, ഇത് ഹിന്ദുക്കളുടെ പതാകയല്ല. മൂന്ന് എന്ന അക്കംതന്നെ തിന്മയുടേതാണ്. മൂന്നു നിറമുള്ള ഒരു പതാക മാനസികമായി രാജ്യത്തിന് അങ്ങേയറ്റം ചീത്ത അനുഭവം നൽകും. അത് രാജ്യത്തെ സംബന്ധിച്ചിടത്തോളം അപകടകരമാണ്.’ ഭരണഘടനാ അസംബ്ലി ദേശീയപതാക അംഗീകരിച്ചതിന്റെ തുടർച്ചയിൽ ആർഎസ്‌എസിന്റെ മുഖപത്രമായ ഓർഗനൈസർ തങ്ങളുടെ നിലപാട് വ്യക്തമാക്കി. ബ്രഹ്മ, വിഷ്‌ണു, മഹേശ്വരൻ എന്ന ത്രിമൂർത്തി സങ്കൽപ്പം ആർഎസ്എസ് അംഗീകരിക്കുന്നുണ്ടോയെന്നത് കൗതുകകരമായ ചോദ്യമാണ്. അത് ‘ഭാരത’ത്തിന് അപകടം നൽകിയോ എന്ന അനുബന്ധ ചോദ്യ സാധ്യതയും നിലനിൽക്കുന്നുണ്ട്!
ഇതേ സമീപനം തന്നെയാണ് വിചാരധാരയിൽ ഗോൾവാൾക്കർ അവതരിപ്പിക്കുന്നത്. ‘നമ്മുടെ നേതാക്കൾ രാജ്യത്തിനായി ഒരു പുതിയ പതാക സൃഷ്ടിച്ചിരിക്കുന്നു. എന്തുകൊണ്ട് അവർ ഇതു ചെയ്‌തു? പിന്നിട്ട 1000 വർഷങ്ങളിൽ നമുക്ക് ഒരു ദേശീയ ചിഹ്നമുണ്ടായിരുന്നില്ലേ? സംശയരഹിതമായി പറയാം, ഉണ്ടായിരുന്നു. പിന്നെ എന്തിനാണ് ഇവർ തെറ്റായ, ശൂന്യതയുടെ ചിന്ത നമ്മുടെ മനസ്സിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്?’ ഭഗവദ്‌ധ്വജമാണ് ഭാരതത്തിന്റെ അടയാളമെന്ന് അദ്ദേഹം പറഞ്ഞുവയ്‌ക്കുന്നത്. ആർഎസ്എസ് ശാഖകളിൽ ഉപയോഗിക്കുന്നത് ഇതാണ്. അനാദികാലംമുതൽ ഇതായിരുന്നു ഭാരതത്തിന്റെ അന്തസ്സും സംസ്‌കാരവും ഉൾക്കൊള്ളുന്ന പ്രതീകമെന്നും അവർ പഠിപ്പിക്കുന്നുണ്ട്.
എന്നാൽ, ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളിൽ സമാനമായ ചില ചിന്തകൾ പ്രതിഫലിക്കുന്നുണ്ടെങ്കിലും അതിനു പിന്തുണ കിട്ടിയിരുന്നില്ല. ദേശീയപതാകയെ സംബന്ധിച്ച പ്രമേയം ജവാഹർലാൽ നെഹ്‌റുവാണ് അവതരിപ്പിച്ചത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവും വർത്തമാനവും വിശദീകരിച്ചുകൊണ്ടാണ് നെഹ്‌റു പതാകയെ അവതരിപ്പിച്ചത്. എച്ച് വി കമ്മത്ത് ഒരു ഭേദഗതിക്ക് നോട്ടീസ് നൽകിയിരുന്നു. അപ്രകാരം സ്വസ്‌തികകൂടി പതാകയിൽ ഉൾപ്പെടുത്തണമെന്നതായിരുന്നു. ഹിറ്റ്‌ലറുടെ കൊടിയടയാളമായിരുന്നു സ്വസ്‌തിക എന്നത് കമ്മത്തിനെ അലട്ടിയിരുന്നില്ല. ഇന്ത്യയുടെ പൗരാണിക അടയാളംകൂടി പതാകയിൽ ഉണ്ടാകുന്നത് നല്ലതായിരിക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ, പതാകയുടെ രൂപകൽപ്പന കണ്ടതിനുശേഷം സ്വസ്‌തികകൂടി ഉൾപ്പെടുത്താൻ ഇടമില്ലെന്നു സ്വയംതിരിച്ചറിഞ്ഞ് തന്റെ ഭേദഗതി സഭയുടെ അനുമതിയോടുകൂടി പിൻവലിക്കുകയാണ് ചെയ്‌തത്.
1921ൽ കോൺഗ്രസ് അംഗീകരിച്ച ചുവപ്പും പച്ചയും വെള്ളയും ചേർന്ന ഒരു പതാകയിൽ ചുവപ്പ് ഹൈന്ദവതയെയും പച്ച ഇസ്ലാമിനെയും വെള്ള മറ്റു ചെറിയ ന്യൂനപക്ഷ മതവിഭാഗങ്ങളെയുമാണ് പ്രതിനിധാനം ചെയ്‌തിരുന്നത്.
ചർച്ചകളിൽ ഉയർന്ന ഒരു വാദം ആര്യ സംസ്‌കാരത്തിന്റെ അവിഭാജ്യഭാഗമാണ് പതാക എന്നതായിരുന്നു. എന്നാൽ, ജയ്‌പാൽ സിങ്‌ അതിന് ഇപ്രകാരം മറുപടിപറഞ്ഞു. ‘ഞാൻ മൂന്നു കോടിയിലധികം വരുന്ന ആദിവാസികൾക്കു വേണ്ടിയാണ് സംസാരിക്കുന്നത്. ഞങ്ങൾ 6000 വർഷത്തിലധികമായി സ്വാതന്ത്ര്യത്തിനായി പൊരുതിക്കൊണ്ടിരിക്കുന്നു. ആര്യസംസ്‌കാരത്തിന്റെ ഭാഗമാണ് പതാക ഉയർത്തൽ എന്ന് ചില അംഗങ്ങൾ പരാമർശിക്കുകയുണ്ടായി. പക്ഷേ, ആദിവാസികളാണ് ആദ്യമായി പതാക ഉയർത്തിയതും സ്വന്തം പതാകയ്‌ക്കായി പൊരുതിയതും. ബിഹാറിന്റ ചരിത്രത്തിലൂടെ സഞ്ചരിക്കുന്നവർക്ക് അറിയാം, ഓരോ ഗോത്രത്തിനും അവരുടേതായ പതാകകളുണ്ടായിരുന്നു. ആരെങ്കിലും പതാകയെ വെല്ലുവിളിച്ചാൽ അവസാന രക്തംവരെ നൽകി പതാകയെ സംരക്ഷിക്കാൻ പൊരുതുകയും ചെയ്യും.’
ചർച്ചകളിൽ ഉയർന്നുവന്ന ഒരു പ്രശ്‌നം ഈ പതാകയിലെ നിറങ്ങൾ മതങ്ങളെ പ്രതിനിധാനം ചെയ്യുന്നുണ്ടോയെന്നതായിരുന്നു. അതിനു കാരണം 1921ൽ കോൺഗ്രസ് അംഗീകരിച്ച ചുവപ്പും പച്ചയും വെള്ളയും ചേർന്ന ഒരു പതാകയിൽ ചുവപ്പ് ഹൈന്ദവതയെയും പച്ച ഇസ്ലാമിനെയും വെള്ള മറ്റു ചെറിയ ന്യൂനപക്ഷ മതവിഭാഗങ്ങളെയുമാണ് പ്രതിനിധാനം ചെയ്‌തിരുന്നത്. പിന്നീട് 1931ൽ പതാകയിൽ മാറ്റംവരുത്തിയെങ്കിലും ദേശീയപതാക അംഗീകരിക്കുന്ന ഘട്ടത്തിൽ ഈ സംശയം വീണ്ടും ഉയർന്നിരുന്നു.
 
സേഥ്‌ ഗോവിന്ദദാസിന്റെ ചർച് ഇതുസംബന്ധിച്ച് പുതിയ ചില കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. ‘പുരാതനകാലംമുതൽ കാവി ഹിന്ദുവിന്റേതാണെന്ന് ആരാണ് പറഞ്ഞത്? പേഷ്വമാരുടെ കാലത്ത് കാവി അവർ കൊടിയുടെ നിറമാക്കിയിരുന്നു. എന്നാൽ, പിന്നോട്ടു പോയി നോക്കൂ. മഹാഭാരതത്തിൽ അർജുനന്റെ രഥത്തിലെ പതാകയ്‌ക്ക് ഈ നിറമായിരുന്നില്ല. ഹനുമാന്റെ ചിത്രമാണ് അതിനെ അടയാളപ്പെടുത്തിയിരുന്നത്. കർണന്റെ രഥം നോക്കിയാൽ അതിലും ഈ നിറമില്ല, അതിലെ അടയാളം ആനയായിരുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു നിറം പുരാതന ഹിന്ദുവിന്റേതാണെന്ന വാദം ചരിത്രപരമായി തെറ്റാണ്.’
മറ്റൊരു വാദംകൂടി അദ്ദേഹം തുറന്നുകാട്ടി. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ പച്ചയും ഒരു മതത്തെയല്ല ഇന്ത്യയിൽ പ്രതിനിധാനം ചെയ്യുന്നതെന്ന് അദ്ദേഹം വാദിച്ചു. ‘1857ൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പതാകയുടെ നിറം പച്ചയായിരുന്നു. ഝാൻസിറാണിയും നാനാസാഹിബ്ബും താന്തിയത്തോപ്പിയും എല്ലാം നയിച്ച സമരത്തിന്റെ ഒടുവിൽ ബഹദൂർഷാ ഉയർത്തിയത് പച്ചപ്പതാകയായിരുന്നു. അത് മുസ്ലിമിന്റേതും ഹിന്ദുവിന്റെയും മാത്രമല്ല, അതിൽ പങ്കെടുത്ത മുഴുവൻ പേരുടേതുമായിരുന്നു.’
ഡോ. എസ് രാധാകൃഷ്‌ണൻ അതിനു വിശാലമായ വ്യാഖ്യാനം നൽകി. ‘കുങ്കുമം ത്യാഗത്തെയും നിഷ്‌പക്ഷതയെയും സൂചിപ്പിക്കുന്നു… വെള്ളനിറം നമ്മുടെ പ്രവൃത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു. പച്ചനിറം നമ്മുടെ ജീവിതം നിലനിർത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുമുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു.
ദിവസങ്ങളോളം നീണ്ടുനിന്ന ചർച്ചകൾക്ക് ഒടുവിൽ ഒരു ഭാഷയും ദേശീയ ഭാഷയാക്കാൻ അസംബ്ലി തീരുമാനിച്ചില്ല. ഹിന്ദി ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷിനൊപ്പം നിശ്ചയിച്ചു
ഭരണഘടനാ അസംബ്ലി ഏകകണ്ഠമായാണ് പതാകയെ സംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. എന്നാൽ, ഭാഷയുടെ കാര്യത്തിൽ ഈ ഐക്യം എല്ലാം അട്ടിമറിക്കപ്പെട്ടു. വ്യത്യസ്‌ത ആശയങ്ങൾ തമ്മിൽ ഏറ്റുമുട്ടി. തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമായി സഭ വേർപിരിഞ്ഞു. മതത്തിന്റെയും സംസ്‌കാരത്തിന്റെയും വ്യത്യസ്‌തതകൾ ഏറ്റുമുട്ടി. ഇവിടെയും ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ എന്ന മുദ്രാവാക്യം ചില അംഗങ്ങളുടെ ചർച്ചയിൽ ഉയരുന്നുണ്ട്. ആർ വി ദുലേഖർ വർഗീയത കത്തിപ്പടരുന്ന നിലപാടാണ് ചർച്ചകളിലുടനീളം ഉയർത്തിയത്. സംസ്കൃതം അന്താരാഷ്ട്ര ഭാഷയാണെന്നും ഹിന്ദി ദേശീയ ഭാഷയാണെന്നും അദ്ദേഹം വാദിച്ചു. എപ്പോഴാണ് ഹിന്ദി ദേശീയ ഭാഷയായതെന്ന് ഒരംഗം ചോദിച്ചപ്പോൾ അദ്ദേഹം പൊട്ടിത്തെറിച്ചു. “എന്റെ രാജ്യത്തിന്റെ ഭാഷ ഹിന്ദിയാണ്. നിങ്ങൾ മറ്റേതെങ്കിലും രാജ്യക്കാരനായിരിക്കും. ഞാൻ ഇന്ത്യക്കാരനാണ്. ഹിന്ദി സംസാരിക്കാൻ അറിയാത്തവർക്ക് ഇന്ത്യയിൽ താമസിക്കാൻ അവകാശമില്ല.”
ഇന്ന് ബിജെപി ഉയർത്തുന്ന ദേശീയ ഭാഷാവാദങ്ങൾ അന്നും ഉയർന്നിരുന്നുവെന്ന് അർഥം.‘സംസ്കൃതം നമ്മുടെ ദേശീയ ഭാഷയാകാൻ അനുയോജ്യമാകുന്ന സമയംവരെ ഹിന്ദിക്ക് പ്രാധാന്യം നൽകുക തന്നെ വേണം’ എന്നാണ് ഗോൾവാൾക്കർ വിചാരധാരയിൽ വ്യക്തമാക്കിയത്. പണ്ഡിറ്റ് ലക്ഷ്മികാന്ത് മിശ്ര സംസ്കൃതം തന്നെ ദേശീയ ഭാഷയാകണമെന്ന നിലപാട് അസംബ്ലിയിൽ സ്വീകരിക്കുകയുണ്ടായി. എന്നാൽ, ദക്ഷിണേന്ത്യയിൽനിന്നുള്ള അംഗങ്ങൾ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. അവർ മാത്രമല്ല മറ്റു പല പ്രവിശ്യകളിൽനിന്നുള്ളവരും സമാനമായ സമീപനമെടുത്തു. ഏറ്റവും സമ്പന്നമായ ചരിത്രമുള്ള, ലോകത്ത് പല സർവകലാശാലകളും പഠിപ്പിക്കുന്ന ബംഗാളി ദേശീയ ഭാഷയാക്കണമെന്ന് സതീഷ് മിശ്ര ആവശ്യപ്പെട്ടു.
ദിവസങ്ങളോളം നീണ്ടുനിന്ന ചർച്ചകൾക്ക് ഒടുവിൽ ഒരു ഭാഷയും ദേശീയ ഭാഷയാക്കാൻ അസംബ്ലി തീരുമാനിച്ചില്ല. ഹിന്ദി ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷിനൊപ്പം നിശ്ചയിച്ചു. 15 കൊല്ലത്തേക്ക് ഇംഗ്ലീഷ് ഔദ്യാഗിക ഭാഷയായി തുടരാനും തീരുമാനിച്ചു. സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയ വിനിമയങ്ങളിലും കോടതി വ്യവഹാരങ്ങളിലും ഇംഗ്ലീഷ് തന്നെ തുടരാനും നിശ്ചയിച്ചു. എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്ന ഭാഷകൾക്കും ഔദ്യോഗിക സ്വഭാവം ലഭിച്ചു.
ദേശീയഭാഷ ഒരു രാഷ്ട്രത്തിന്റെ ചരിത്രത്തെയും സാംസ്കാരിക പൈതൃകത്തെയും പ്രതിനിധാനം ചെയ്യുന്നു. എന്നാൽ, ഔദ്യോഗിക ഭാഷയെന്നത് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഔദ്യോഗിക കാര്യങ്ങൾക്കായുള്ള ഭാഷയാണ്. 15 വർഷം കഴിഞ്ഞ് മാറ്റത്തിന്റെ ശ്രമമുണ്ടായെങ്കിലും എതിർപ്പുകളെ തുടർന്ന് നടപ്പിലാക്കാൻ കഴിഞ്ഞില്ല. ഹിന്ദി സംസാരിക്കാത്ത ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നതുവരെ ഹിന്ദി ഇംഗ്ലീഷിന് പകരമാക്കില്ലെന്ന് നെഹ്‌റു ഉറപ്പുനൽകി. അതിന്റെ തുടർച്ചയിൽ ഔദ്യോഗികഭാഷാ നിയമവും പാസാക്കി. ഹിന്ദി അടിച്ചേൽപ്പിക്കാൻ ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച് ചിലർ ശ്രമിക്കുമ്പോൾ ഈ ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്.

Part VIII

ഭരണഘടനയും പ്രയോഗവും

“ സർ, ഏതെങ്കിലും തരത്തിലുള്ള കുറ്റമാരോപിക്കാതെതന്നെ ഞാൻ പറയട്ടെ, മഹത്തായ പാർടിയിലെ അംഗങ്ങൾ, സാങ്കേതികമായി അവർ കോൺഗ്രസ് പാർടിയിലെ അംഗങ്ങളാണ്, എന്നാൽ, ആശയപരമായി അവർ ആർഎസ്എസിന്റെയും ഹിന്ദു മഹാസഭയുടെയും അംഗങ്ങളാണ്. നിർഭാഗ്യവശാൽ, കോൺഗ്രസിന്റെ ആദരണീയരും സ്വാധീനശക്തിയുള്ളവരുമായ നേതാക്കളുടെ പ്രസംഗങ്ങൾ എല്ലാ ദിവസവും ഞാൻ വായിക്കുന്നുണ്ട്. അവർ പറയുന്നത് അനുസരിച്ചാണെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യമെന്നതുകൊണ്ട്  അവർ അർഥമാക്കുന്നത് ഹിന്ദുരാജ് മാത്രമാണ്. അവരുടെ വാക്കുകൾ അനുസരിച്ച് ഇന്ത്യൻ സംസ്‌കാരമെന്നത് ഹിന്ദുസംസ്‌കാരം മാത്രമാണ്.” ഭരണഘടനാ അസംബ്ലിയിൽ ഫ്രാങ്ക് ആന്റണി നടത്തിയ ഈ പ്രസംഗം കോൺഗ്രസിനകത്ത് ഹിന്ദുത്വചിന്താഗതി എത്രമാത്രം ശക്തമാണെന്ന് വ്യക്തമാക്കുന്നു. ഇന്ന് കോൺഗ്രസ് സ്വീകരിക്കുന്ന സമീപനത്തിന്റെ വേരുകൾ അന്നേ ഇതിനകത്ത്‌ കാണാൻ കഴിയും. ഫ്രാങ്ക് ആന്റണി കോൺഗ്രസിന്റെ ഭാഗമായിരുന്നു. ര‌ണ്ട്‌ ടേം ഒഴിവാക്കിയാൽ ഒന്നാമത്തെ പാർലമെന്റ്‌മുതൽ പത്താമത്തെ പാർലമെന്റ്‌വരെ ആംഗ്ലോ ഇന്ത്യൻ നോമിനി കൂടിയായിരുന്നു അദ്ദേഹം.
കോൺഗ്രസിനകത്ത് മതാത്മകതയും മതനിരപേക്ഷതയും തമ്മിൽ നടന്ന ഏറ്റുമുട്ടലിന്റെ പ്രതിഫലനമാണ് ഭരണഘടനാ അസംബ്ലിയിൽ നടന്നതെന്ന് ഫ്രാങ്ക് ആന്റണിയുടെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. അതിൽ ഉദ്ദേശിച്ചതുപോലെ അന്ന് മതനിരപേക്ഷ ആശയത്തിന്‌ മേൽക്കൈ കിട്ടിയെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ന്യൂനപക്ഷ അവകാശങ്ങളുടെ കാര്യത്തിലും ഏക സിവിൽകോഡ് സംബന്ധിച്ച ചർച്ചകളിലും മറ്റും  ഈ വ്യത്യസ്‌ത വീക്ഷണഗതികൾ ഏറ്റുമുട്ടുന്നത് കാണാൻ കഴിയും. എന്നാൽ, വിസ്‌തരഭയത്താൽ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. 
ചില പ്രധാന കാര്യങ്ങൾകൂടി വിശദമാക്കാൻമാത്രമാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. അതിലൊന്ന് ഭരണഘടനയുടെ പ്രയോഗത്തെ പറ്റിയുള്ള ഉൽക്കണ്ഠകൾ എങ്ങനെയാണ് അതിന്റെ ശിൽപ്പികൾ കണ്ടിരുന്നത് എന്ന ചോദ്യമാണ്. രണ്ടാമത്തേത് പലരും ഉന്നയിക്കുന്ന മറ്റൊരു പ്രശ്നമാണ്. കമ്യൂണിസ്റ്റുകാർ ഭരണഘടനയെ അംഗീകരിച്ചിരുന്നോ എന്ന ചോദ്യമാണ്. ഇതോടൊപ്പം ഇങ്ങനെ കൊണ്ടാടാനും സംരക്ഷിക്കാനുമുള്ളതാണോ ഈ ഭരണഘടന എന്ന ചോദ്യവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.  അതിനെ വർഗപരമായി വിലയിരുത്തിക്കൊണ്ടാണല്ലോ നിഗമനങ്ങളിലേക്ക് എത്തേണ്ടത് എന്നും ഇക്കൂട്ടർ അഭിപ്രായപ്പെടുന്നു.
യഥാർഥത്തിൽ ഇന്ത്യൻ ഭരണഘടന വ്യത്യസ്‌തധാരകൾ തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ഉൽപ്പന്നമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ സ്വാതന്ത്ര്യസമരത്തിൽ പ്രകടമായ ഈ വ്യത്യസ്‌തത ചർച്ചകളിൽ നന്നായി പ്രതിഫലിച്ചു. ഹിന്ദുത്വ പ്രതിനിധികളില്ലാതെതന്നെ അവരുടെ കാഴ്‌ചപ്പാടുകൾ കോൺഗ്രസ് അംഗങ്ങൾതന്നെ ഉയർത്തി. സമത്വത്തിന്റെ കാര്യത്തിലും മൗലികാവകാശങ്ങളുടെ കാര്യത്തിലും വ്യത്യസ്‌തമായ നിലപാടുകൾ ഏറ്റുമുട്ടി. ആധിപത്യവർഗ താൽപ്പര്യത്തിനകത്തുതന്നെ വ്യതിരക്ത പരിപ്രേക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ജനാധിപത്യ രൂപങ്ങളെക്കുറിച്ചും തർക്കങ്ങളുണ്ടായി. ആനുപാതിക ജനാധിപത്യം വേണമെന്ന നിലപാട് അന്നും ഉയർന്നെങ്കിലും ഭൂരിപക്ഷപിന്തുണ ലഭിച്ചില്ല. ഇങ്ങനെയൊക്കെയാണെങ്കിലും പൊതുസമവായത്തിൽ സ്വതന്ത്ര ഇന്ത്യക്ക് ഒരു ഭരണഘടന ഉണ്ടായി എന്നത് എല്ലാവരും അംഗീകരിച്ചിരുന്നു.
ജവാഹർലാൽ നെഹ്‌റു ഭരണഘടനയിൽ ഒപ്പുവയ്‌ക്കുന്നു
ജവാഹർലാൽ നെഹ്‌റു ഭരണഘടനയിൽ ഒപ്പുവയ്‌ക്കുന്നു
 
ഭരണഘടനയ്‌ക്ക് അംഗീകാരം ലഭിക്കുന്നതിനുമുമ്പ്, ഭരണഘടനാ അസംബ്ലിയിൽ നടത്തിയ അവസാന പ്രസംഗത്തിൽ അംബേദ്കർ ഭരണഘടനയുടെ ഭാവിയെ സംബന്ധിച്ച ഉൽക്കണ്ഠകൾ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. ഈ ഭരണഘടന തന്റേതുമാത്രമല്ല എന്ന് അദ്ദേഹം വ്യക്തമാക്കി. കമ്യൂണിസ്റ്റുകാർ തൊഴിലാളി വർഗാധിപത്യത്തിനുവേണ്ടി നിൽക്കുന്നവരായതുകൊണ്ട് അവർക്കും സോഷ്യലിസ്റ്റുകൾക്കും വ്യത്യസ്‌ത നിലപാടുകൾ ഉണ്ടായെന്നുവരാം. എന്നാൽ, പാർലമെന്ററി രൂപം മാത്രമാണ് ജനാധിപത്യത്തിന്റെ ഏറ്റവും ശരിയായ രൂപമെന്ന്‌ താനും കരുതുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നത്തെ കാലത്ത് ഇന്ത്യക്ക് സ്വീകരിക്കാൻ കഴിയുന്നതെന്ന് നമ്മൾ എല്ലാവരുംകൂടി നിശ്ചയിച്ച രൂപം മാത്രമാണ് ഇതെന്നും അംബേദ്കർ വ്യക്തമാക്കി.
എന്നാൽ, സാമൂഹ്യവും സാമ്പത്തികവുമായ മേഖലയിൽ തുടരുന്ന അസമത്വത്തെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ ഈ പ്രസംഗത്തിൽ ശക്തമായിത്തന്നെ അദ്ദേഹം ഉന്നയിച്ചു. “ 1950 ജനുവരി 26ന് വൈരുധ്യങ്ങളുടെ പുതിയ ലോകത്തേക്ക് നാം പ്രവേശിക്കുകയാണ്. രാഷ്ട്രീയത്തിൽ നമുക്ക് തുല്യത വരുന്നു. എന്നാൽ, നിലനിൽക്കുന്ന വ്യവസ്ഥയുടെ പ്രത്യേകതയാൽ സാമൂഹ്യവും രാഷ്ട്രീയവുമായ മേഖലയിൽ അസമത്വം തുടരുന്നു. രാഷ്ട്രീയത്തിൽ ഒരാൾക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം എന്ന തത്വം നമ്മൾ അംഗീകരിക്കാൻ പോകുന്നു. എന്നാൽ, സാമൂഹ്യ സാമ്പത്തിക മണ്ഡലത്തിൽ ഒരാൾക്ക് ഒരു മൂല്യം എന്നത് തുടർച്ചയായി നിഷേധിക്കുന്നു. എത്രകാലം നമുക്ക് വൈരുധ്യങ്ങളുടെ ലോകത്ത് ജീവിക്കാൻ കഴിയും? എത്രകാലം സാമൂഹ്യ സാമ്പത്തിക ജീവിതത്തിൽ സമത്വം നിഷേധിക്കാൻ കഴിയും? ഇത് ദീർഘകാലം തുടരാൻ അനുവദിച്ചാൽ നമ്മുടെ രാഷ്ട്രീയജനാധിപത്യം പ്രതിസന്ധിയിലാകും. സാധ്യമാകുന്ന ആദ്യ സന്ദർഭത്തിൽത്തന്നെ ഈ വൈരുധ്യം അവസാനിപ്പിക്കാൻ കഴിയണം. അല്ലെങ്കിൽ , ഈ ഭരണഘടനാ അസംബ്ലി കെട്ടിപ്പൊക്കിയിട്ടുള്ള രാഷ്ട്രീയ ജനാധിപത്യത്തിന്റെ അടിത്തറയെ അസമത്വത്തിന്റെ ഇരകൾ വലിച്ചെറിയുകതന്നെ ചെയ്യും.”
ഏറെ മാനങ്ങളുള്ള ഈ വാക്കുകൾ ഇന്ന് എവിടെ എത്തിനിൽക്കുന്നുവെന്നത് മറ്റൊരു പരിശോധനാവിഷയമാണ്. സാമുഹ്യ സാമ്പത്തിക മേഖലയിലെ സമത്വത്തെ സംബന്ധിച്ച ചർച്ചകൾ ഭരണഘടനാ അസംബ്ലിയിൽ പലപ്പോഴും ഉയർന്നുവന്നിട്ടുണ്ട്. സമത്വത്തിനായി വാദിക്കുന്നവർക്ക് അന്നത്തെ അസംബ്ലിയിൽ ആവശ്യമായ പ്രാതിനിധ്യമുണ്ടായിരുന്നില്ല. ആർട്ടിക്കിൾ 39 (സി)ക്ക്  മാർഗനിർദേശക തത്വങ്ങളിലാണ് ഇടം കിട്ടിയത്.  സമ്പദ്ഘടനയുടെ പ്രവർത്തനം സമ്പത്തിന്റെയും ഉൽപ്പാദന ഉപാധികളുടെയും  കേന്ദ്രീകരണത്തിലേക്ക് നയിക്കരുതെന്നാണ് ആർട്ടിക്കിൾ 39(സി)വ്യക്തമാക്കുന്നത്. അതുതന്നെ വലിയ സമ്മർദത്തിന്റെ ഫലമായി വിളക്കിച്ചേർത്തതാണ്. പക്ഷേ, പ്രയോഗം അസമത്വത്തിന്റെ അതിതീവ്ര വ്യാപനത്തിലേക്കാണ് നയിച്ചത്. അംബേദ്കർ ആവശ്യപ്പെട്ടതുപോലെ അസമത്വം പരിഹരിക്കാൻ കഴിഞ്ഞില്ലെന്നുമാത്രമല്ല, നേർവിപരീതം പ്രയോഗത്തിൽ സംഭവിക്കുകയുംചെയ്‌തു.
 
എന്നാൽ, ഭരണഘടന ഉറപ്പുനൽകിയെന്ന് അംബേദ്കർ വ്യക്തമാക്കിയ രാഷ്ട്രീയത്തിലെ തുല്യതയെന്നതും അപ്രസക്തമായി ക്കൊണ്ടിരിക്കുന്നുവെന്നതാണ് വർത്തമാനകാലാനുഭവം. ജാതി വ്യവസ്ഥയ്‌ക്കെതിരെ ഈ പ്രസംഗത്തിൽ അംബേദ്കർ നടത്തിയ വിമർശനവും ഇന്ന് കുറെക്കൂടി പ്രസക്തമായിരിക്കുന്നു. “ജാതി ദേശവിരുദ്ധമാണ്. അത് സാമൂഹ്യജീവിതത്തിൽ വേർതിരിവുകൾ ഉണ്ടാക്കുന്നു. ജാതികൾതമ്മിൽ അസമത്വവും വൈരുധ്യവും ശക്തിപ്പെടുത്തുന്നു. അത് ദേശവിരുദ്ധമാണ്. ജനാധിപത്യത്തിന്റെ വിജയകരമായ പ്രയോഗത്തിന് സമൂഹത്തിൽ അസമത്വം ഉണ്ടാകാൻ പാടില്ല. അടിച്ചമർത്തുന്ന വർഗവും അടിച്ചമർത്തപ്പെട്ട വർഗവും ഉണ്ടാകാൻപാടില്ല. അസമത്വം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം.” എന്നാൽ, ഇന്ന് പ്രയോഗത്തിൽ ഇന്ത്യ എവിടെ എത്തിനിൽക്കുന്നുവെന്ന പരിശോധന അസ്വസ്ഥമാക്കുന്ന ഉത്തരങ്ങളിലേക്ക് നയിക്കും.
ജനാധിപത്യമെന്നത് ഭൂരിപക്ഷത്തിന്റെ സേച്ഛാധിപത്യമല്ലെന്ന് അംബേദ്കർ ഈ പ്രസംഗത്തിൽ വ്യക്തമാക്കി. ഭരണഘടന പ്രതിപക്ഷത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നു. അതോടൊപ്പം ഭരണഘടന ധാർമികതയെ ഉയർത്തിപ്പിടിക്കുന്നു. ഭൂരിപക്ഷത്തിന്റെ ഹിതംമാത്രം നടപ്പാക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് വിയോജിക്കുന്നതിനുള്ള അവകാശം തുടങ്ങി ജുഡീഷ്യൽ റിവ്യൂവരെ ഭരണഘടനയുടെ ഭാഗമായത് എന്ന് അദ്ദേഹം വ്യക്തമാക്കി. വർഗീയ ആശയങ്ങൾക്ക് മുൻതൂക്കം കിട്ടുന്ന അവസ്ഥ വന്നാൽ അതോടെ ജനാധിപത്യം കൊല്ലപ്പെടുമെന്നും അംബേദ്കർ ഈ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകി. ഇന്ന് ഏറെ പ്രസക്തമാണ് ഈ നിരീക്ഷണങ്ങൾ.
ഭരണഘടനയോടുള്ള കമ്യൂണിസ്റ്റ് സമീപനം
കമ്യൂണിസ്റ്റുകാർ ഭരണഘടനയെ അംഗീകരിക്കാത്തവരാണ് എന്ന വിമർശനത്തിന് ഇ എം എസ് പലതവണ വിശദീകരണം നൽകിയിട്ടുണ്ട്.  ‘ഭരണഘടനയും സോഷ്യലിസവും’ എന്ന പ്രഭാഷണത്തിൽ ഭരണഘടനയുടെ ഗുണവും അതിന്റെ പ്രയോഗത്തിലെ പരിമിതികളും ഇ എം എസ് വ്യക്തമാക്കി. “നമ്മുടെ ഭരണഘടനയെക്കുറിച്ച് നമുക്ക് അഭിമാനമുണ്ട്. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു അവിസ്‌മരണീയ സംഭവമാണ് ഭരണഘടന നിർമാണ സമിതി അതിനെ അംഗീകരിച്ചതെന്ന് നാം വിചാരിക്കുന്നു... രാഷ്ട്രീയസ്വാതന്ത്ര്യത്തിന്റെയും പാർലമെന്ററി ജനാധിപത്യത്തിന്റേയും ആവേശഭരിതമായ മുദ്രാവാക്യങ്ങളെ നമ്മുടെ കൊടിക്കൂറയിൽ അത് എഴുതിച്ചേർത്തു. മാത്രമല്ല, എല്ലാ രൂപത്തിലുമുള്ള സാമൂഹ്യ അസമത്വങ്ങളെ അവസാനിപ്പിക്കുമെന്നും സാർവത്രികപുരോഗതി നേടിയെടുക്കുമെന്നും അത് ഉറപ്പുനൽകി.”
മാർക്‌സിസം ലെനിനിസത്തോടുള്ള കൂറ് പാർലമെന്ററി ജനാധിപത്യത്തിന്റെ തത്വങ്ങളോടും ഗതിക്രമങ്ങളോടും പൊരുത്തപ്പെടാത്തതാണെന്നാണ് പൊതുവെ കരുതുന്നതെന്നും അത് തെറ്റാണെന്നും ഇ എം എസ് സൂചിപ്പിക്കുന്നു. “സാമൂഹ്യ പരിവർത്തനത്തിനുള്ള ഒരു മാർഗത്തെയും ഞങ്ങൾ തള്ളിക്കളയുന്നില്ല. ഒരേയൊരു മാർഗംമാത്രമാണ് സ്വീകാര്യമെന്നും കരുതുന്നില്ല. പാർലമെന്ററി സംവിധാനം വികസിച്ച ബ്രിട്ടനിൽ അതുവഴിയും സോഷ്യലിസത്തിലേക്കുള്ള മാറ്റം സാധ്യമാണെന്ന മാർക്‌സിന്റെ നിരീക്ഷണവും ഇ എം എസ് പങ്കുവയ്‌ക്കുന്നു. ഈ കാഴ്ചപ്പാടിന്റെ രണ്ടു തലങ്ങൾ ഇ എം എസ് പ്രഭാഷണത്തിൽ ഓർമിപ്പിക്കുന്നു. അതോടൊപ്പം ഭരണഘടനയുടെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് എങ്ങനെ തങ്ങൾ പ്രവർത്തിക്കാൻ പോകുന്നെന്നും അദ്ദേഹം വിശദീകരിക്കുന്നു.  അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കും  അവരുടെ പ്രതിനിധികൾക്കും സംഘടിക്കുന്നതിനും ഒരു സോഷ്യലിസ്റ്റ് സംവിധാനത്തിനു വേണ്ടിയുള്ള സമരായുധംകൂടിയാണ് ഭരണഘടന എന്ന് പറഞ്ഞ ഇ എം എസ് അതിനെ സംബന്ധിച്ച അധിക വ്യാമോഹങ്ങളും പാടില്ലെന്ന് മുന്നറിയിപ്പ് നൽകി.
മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ പാടില്ലെന്ന മൗലികാവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനയുള്ളപ്പോൾ മുസ്ലിം വിഭാഗത്തിനെതിരെ വെറുപ്പും വിരോധവും പ്രചരിപ്പിക്കുന്ന പട്ടാളച്ചിട്ടയുള്ള സംഘടനകൾ എത്ര ഭയങ്കര ഭീഷണിയായി കലാശിച്ചിരിക്കുന്നു.
എങ്ങനെയാണ് തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനയുള്ള രാജ്യത്ത് പ്രയോഗം നേരെ എതിരാകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. “മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ പാടില്ലെന്ന മൗലികാവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനയുള്ളപ്പോൾ മുസ്ലിം വിഭാഗത്തിനെതിരെ വെറുപ്പും വിരോധവും പ്രചരിപ്പിക്കുന്ന പട്ടാളച്ചിട്ടയുള്ള സംഘടനകൾ എത്ര ഭയങ്കര ഭീഷണിയായി കലാശിച്ചിരിക്കുന്നു. ന്യൂനപക്ഷാവകാശം ഉറപ്പുവരുത്തേണ്ട കോടതികളും ദുർബലമായിരിക്കുന്നു.” ഇന്ന് പട്ടാളച്ചിട്ടയുള്ള ആ സംഘടനകൾ രാജ്യഭരണത്തിലേക്ക് എത്തിയിരിക്കുന്നു. അപ്പോൾ പിന്നെ ഈ പ്രവണതകളുടെ ഭീമാകാരത്തെ വിശദീകരിക്കേണ്ടതില്ലല്ലോ.
അതുകൊണ്ട് ഇന്ന് നമ്മൾ ഭരണഘടനയെ സമീപിക്കുന്നത് ഈ സവിശേഷസാഹചര്യത്തിലാണ്. ഭരണഘടനാ അസംബ്ലിക്കകത്തും പുറത്തും നടന്ന സമരങ്ങളിൽ കുറെക്കൂടി സമത്വത്തിനും മൗലികാവകാശങ്ങൾക്കുമായി പൊരുതിയവർക്കുപോലും നിലവിലുള്ളത്‌ സംരക്ഷിക്കേണ്ട ചരിത്രപ്രാധാന്യമേറിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്നു. അന്ന്‌ അതിനെ പുറകോട്ടുനയിക്കാൻ ശ്രമിച്ച ആശയത്തിന്റെ വക്താക്കൾക്ക്  രാഷ്ട്രീയാധികാരം ലഭിച്ചിരിക്കുന്നു. അതോടെ ഭരണഘടനയെ സംരക്ഷിക്കൽ വർത്തമാനകാല രാഷ്ട്രീയ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. എല്ലാത്തിനെയും ചരിത്രവൽക്കരിച്ചുകൊണ്ടുമാത്രമേ ഇന്നിന്റെ ഈ വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയുകയുള്ളൂ.

Sources:
https://www.deshabhimani.com/

22 January 2020

CAA-led narrative on religious persecution ignores political specificity, nuance in neighbourhood

Sanjib Baruah
What is remarkable about statements by ruling party politicians on the Citizenship Amendment Act (CAA) is that they attribute the purported persecution of non-Muslim religious minorities in Bangladesh, Pakistan and Afghanistan to a fixed and unchanging reality. At all times in their recent history, the three countries have presumably been alike. This ideologically laden narrative defines the three neighbouring countries in essentialist terms — they are Muslim majority countries; that’s all there is to know about them. There is no need to understand history, and the dynamics of political change. The ideological predilections of governments in Muslim-majority countries make no difference to the way religious minorities are treated. The implicit contrast is with Hindu-majority India, which by definition, is inclusive and tolerant — no matter the actual treatment meted out to minorities.
Thus, in neighbouring Bangladesh — if one follows the logic of this perverse revisionism — the persecution of religious minorities has occurred under all governments: The first post-liberation government led by Mujibur Rahman, the military regimes of Ziaur Rahman and Hossain Mohammad Ershad, the democratically elected Bangladesh National Party (BNP) government led by Khaleda Zia, or the Awami League governments led by Sheikh Hasina Wazed.
But was life for the Hindu minority really the same in the Bangladesh of the early 1970s, when “Joy Bangla” dominated political life, as in the 1990s, when “Allahu Akbar” and “Bismillah” became popular election slogans? Was the removal of secularism in 1977 as one of the four fundamental principles of the Bangladeshi Constitution, or the declaration of Islam as the state religion in 1988, of no consequence to the situation of the Hindu minority in that country?
India’s new official narrative is, of course, at complete variance with the understanding that has informed Indian foreign policy so far. If Hindus were equally persecuted in East Pakistan/Bangladesh both before and after it broke away from Pakistan, why did India even bother to intervene in the war of liberation? Was India’s decision to intervene in Bangladesh’s war of liberation, where Hindu Bengalis were both major players and targets of the Pakistani crackdown, then a failure of historic proportions?
If the persecution of Hindus has been a persistent feature of all Bangladeshi governments, what explains the very different quality of its relations with India when the country has been ruled by governments with different ideological orientations? Were previous Indian governments unconcerned about the condition of the Hindu minority? Or did they pursue a more pragmatic and realist approach than the current government? After all, putting non-Muslim citizens of the three countries on a path to Indian citizenship — as the CAA effectively does, despite the asserted cut-off date of December 2014 — amounts to a significant surrender of India’s sovereign prerogatives to set immigration policies to its smaller neighbours.
This new narrative is, of course, oblivious of the way inter-faith relations in India, or the state of bilateral relations with India, affect the security and confidence of the Hindu minority. According to the Bangladeshi scholar Meghna Guhathakurta, who has written extensively on the conditions of the Hindu minority in that country, the destruction of the Babri Masjid in 1992 had “resulted in a backlash against the Hindu temples, life and properties all over Bangladesh. Even Christians and Buddhists were not spared.” Attacks on Hindus and their property in Bangladesh also took place after the Gujarat riots of 2002.
The seven decades of the subcontinent’s post-Partition history make it abundantly clear that there is no better guarantee of peace and security for religious minorities in the CAA-covered countries than better inter-faith relations within India, and relatively peaceful relations among South Asia’s three post-Partition states.
Not surprisingly, people in all three CAA-covered countries — including leaders of minority organisations — reject the new Indian narrative. Some have sounded the alarm on the danger that this narrative — and the Indian policies accompanying it — presents to South Asia’s future stability. While the Indian media has focused mostly on Pakistani Prime Minister Imran Khan’s criticism of these policies, the reaction of the other two countries that enjoy friendly relations with India, merits no less attention.
Afghan and Bangladeshi officials have set aside diplomatic niceties to criticise the new Indian narrative. Afghanistan’s ambassador to India Tahir Qadiry has publicly rejected the charge that his country persecutes religious minorities. Afghans of all ethnicities and faith, he said in an interview with India Today, have been victims of the four decades of war that his country has suffered. However, since the fall of the Taliban, the Afghan government has tried to fashion policies beneficial to the country’s Sikh and other minority communities. There are now Sikh members of the Afghan Parliament, and Sikhs are represented at the presidential palace as well.
Bangladesh’s Foreign Minister A K Abdul Momen also rejects the “allegations of minority repression in Bangladesh.” Important voices in Bangladeshi civil society, such as Professor C R Abrar of the University of Dhaka, have been highly critical of the “anti-Bangladeshi vitriolic statements” coming from the “Indian ruling elite.” Categorising Bangladesh “as a nation that oppresses its religious minority,” he writes, is a deliberate insult to the people of Bangladesh. Despite India’s much-repeated assertion that the NRC and CAA are India’s internal matters, Abrar warns that their consequences for Bangladesh are likely to be “grave.” There will be millions of Muslims unable to prove their claim to Indian citizenship under the rules of the NRC who would not get the protection of the faith-based amnesty that the CAA now provides. While India may not deport them as a matter of policy, in coming years many of them may choose to cross into Bangladesh in order “to avoid languishing in detention camps in atrocious conditions.”

The Bangladesh Hindu Bouddha Christian Oikya Parishad (Hindu Buddhist Christian Unity Council) fully echoes the concerns of the protesters in Assam and the rest of Northeast India regarding the CAA. The Parishad, formed in response to the Eighth Amendment to the Bangladeshi Constitution which had made Islam the official state religion, has expressed its “deep concern” that the CAA would “encourage minority people to leave Bangladesh.” The organisation’s adviser, Nitai Roy Chowdhury, has expressed fears that because of the NRC and the CAA, “Hindus will want to go to India, meanwhile Muslims from India will try to enter into Bangladesh which could create a dangerous situation.”
India’s many friends and well-wishers in Afghanistan and Bangladesh now have ample reasons to wonder: With friends like these, who needs enemies?
This article first appeared in the print edition on January 22, 2020 under the title ‘Three as one’. The writer is professor of political studies, Bard College, New York