Pages

11 August 2013

വിധികര്‍ത്താവില്‍ നിന്ന് നടത്തിപ്പുകാരനിലേക്ക്‌

പി.ആര്‍ പരമേശ്വരന്‍
റിസര്‍വ് ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഗവര്‍ണര്‍മാരില്‍ ഒരാളായി സപ്തംബറില്‍ രഘുറാം രാജന്‍ അധികാരമേല്‍ക്കുമ്പോള്‍ ഇതുവരെ അപരിചിതമായ ഒരു മേലങ്കിയാണ് അദ്ദേഹം എടുത്തണിയുന്നത്. വിധികര്‍ത്താവിന്റെ റോളില്‍ നിന്ന് ഒരു നടത്തിപ്പുകാരന്റെ സങ്കീര്‍ണതകളിലേക്കാണ് രഘുറാം രാജന്റെ പരിവര്‍ത്തനം.

രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോള്‍, റിസര്‍വ് ബാങ്ക് ഗവര്‍ണറായി 1943ല്‍ അധികാരമേറ്റ സി.ഡി. ദേശ്മുഖ് ആണ് ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍. അതുവരെ ബ്രിട്ടീഷുകാര്‍ നയിച്ചിരുന്ന കേന്ദ്രബാങ്കിന്റെ തലവനായെത്തിയ ആദ്യത്തെ ഇന്ത്യക്കാരനും സി.ഡി. ദേശ്മുഖ് ആണ്. ഗവര്‍ണറായപ്പോള്‍ ദേശ്മുഖിന്റെ പ്രായം 47 മാത്രം. സാമ്പത്തിക വിദഗ്ധനെന്ന നിലയില്‍ കുറെക്കാലം വിദേശത്തു കഴിഞ്ഞ രഘുറാം രാജന്‍ (അദ്ദേഹം ഇപ്പോഴും ഒരു അമേരിക്കന്‍ പൗരനാണ്, ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാത്തതിനാല്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ എന്നവകാശപ്പെടാം) അഞ്ചുകൊല്ലം മുമ്പ് അമേരിക്കയെയും യൂറോപ്പിനെയും ഗ്രസിച്ച സാമ്പത്തികപ്രതിസന്ധിയും മാന്ദ്യവും നേരത്തെ പ്രവചിച്ചതിലൂടെ പ്രസിദ്ധി നേടിയ ആളാണ്. പതിനഞ്ചു കൊല്ലത്തിനിടയില്‍, സാമ്പത്തിക പരിഷ്‌കാരങ്ങളുടെ രണ്ടാംഘട്ടത്തില്‍ സുരക്ഷിതദിശ നേടുന്ന സമ്പദ്സ്ഥിതിക്ക് പുതിയ ഊര്‍ജവും അച്ചടക്കവും കൊണ്ടുവരുമെന്നും ബാങ്കിങ് വ്യവസായ വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നു.
സപ്തംബറില്‍ അധികാരമേല്‍ക്കുമ്പോള്‍ രാജന്‍ ഏറ്റുവാങ്ങുന്നത് ഒരു പിന്തുടര്‍ച്ചക്കാരനും സ്വാഗതം ചെയ്യാത്ത മുള്‍മുനകളാണ്. വിലയിടിയുന്ന രൂപ (ഒന്നരമാസത്തിനിടയില്‍ 12.5 ശതമാനമാണ് രൂപയുടെ മൂല്യശോഷണം, ഡോളറിന് 62 രൂപ എന്ന നിലയുടെ അരികിലാണ് രൂപ ഇന്ന്), താങ്ങാനാകാത്ത വിദേശനാണ്യ കമ്മി (85,000 കോടി ഡോളര്‍ വരും ഇന്ത്യയുടെ വിദേശനാണ്യക്കടം), വര്‍ദ്ധിച്ചുവരുന്ന നാണ്യപ്പെരുപ്പം (മൊത്തവ്യാപാര വിലസൂചിക നിയന്ത്രിക്കാനായെന്ന് അവകാശപ്പെടുമ്പോഴും ഉപഭോക്തൃ വിലസൂചിക വീണ്ടും രണ്ടക്കങ്ങളിലേക്ക് അടുക്കുമെന്നാണ് സൂചനകള്‍), കുറയുന്ന ആഭ്യന്തര ഉത്പാദന വളര്‍ച്ച (ലോകമാകെ മാന്ദ്യം നേരിട്ടപ്പോഴും എട്ട് ശതമാനം വളര്‍ച്ച കാട്ടിയ സമ്പദ് വ്യവസ്ഥ ഇന്ന് വളര്‍ച്ചാ തോത് അഞ്ചിലേക്കെത്തി) -പുതിയ ആര്‍.ബി.ഐ. ഗവര്‍ണര്‍ നേരിടുക സങ്കീര്‍ണമായ പ്രശ്‌നങ്ങളാണ്.
അന്താരാഷ്ട്ര നാണയനിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധന്‍ എന്ന നിലയിലും, ബാങ്കിങ് മോണിറ്ററി നയങ്ങളുടെ വിദഗ്ധന്‍ എന്ന നിലയിലും ആഗോള പണ, മൂലധനമൊഴുക്കിന്റെ ആഴങ്ങളറിഞ്ഞ രാജന് 2005ല്‍ തന്നെ 2008ല്‍ ബാധിച്ച ആഗോള മാന്ദ്യത്തെ മുന്‍കൂട്ടി പ്രവചിക്കാനായി എന്ന കീര്‍ത്തി നല്‍കിയ പ്രാധാന്യം ചെറുതല്ല. എന്നാല്‍ ഒരു അക്കാദമിക്കിനപ്പുറം, സാമ്പത്തിക സമത്വങ്ങളുടെ രാവണന്‍കോട്ടയായ ഇന്ത്യയെപ്പോലൊരു രാജ്യത്തെ കേന്ദ്രബാങ്ക് ഗവര്‍ണര്‍ എന്ന നിലയിലെ നടത്തിപ്പ് പദവി സമ്മാനിക്കുക ഒട്ടേറെ വൈരുദ്ധ്യങ്ങളെ ഏകോപിപ്പിക്കേണ്ട ചുമതലയാണ്.
എന്നും 'ക്യാപ്പിറ്റലിസ്റ്റ്' എന്ന് മുദ്രകുത്താവുന്ന സാമ്പത്തിക നയങ്ങളെ ആണ് അദ്ദേഹം മുറുകെപ്പിടിച്ചിട്ടുള്ളത്. മനുഷ്യാവസ്ഥകളെ മെച്ചപ്പെടുത്താന്‍ സമൂഹത്തിന് കിട്ടാവുന്ന ഏറ്റവും വലിയ സാമ്പത്തിക ഘടനയാണ് 'സ്വതന്ത്രവിപണി' വ്യവസ്ഥ എന്ന് 'മുതലാളിത്തത്തെ മുതലാളിമാരില്‍നിന്ന് രക്ഷിക്കല്‍' (സേവിങ് ക്യാപ്പിറ്റലിസം ഫ്രം ക്യാപ്പിറ്റലിസ്റ്റ്) എന്ന പുസ്തകത്തില്‍ അദ്ദേഹം വാദിച്ചിട്ടുണ്ട്. മതിയായ അടിസ്ഥാനസൗകര്യങ്ങളൊരുക്കി 'സ്വതന്ത്രവിപണി'യെ നിയന്ത്രിക്കാനുള്ള നിയമങ്ങളൊരുക്കുക മാത്രമാണ് ഒരു സര്‍ക്കാറിന്റെ ചുമതല. എന്നാല്‍ സര്‍ക്കാറിനെ സ്വകാര്യ താല്പര്യങ്ങള്‍ക്ക് സ്വാധീനിക്കാവുമെന്നും, ഇതേ സ്വതന്ത്രവിപണിയെ തങ്ങളുടെ കുത്തകയാക്കി മാറ്റാന്‍ സ്വകാര്യ താല്പര്യങ്ങള്‍ ശ്രമിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. അതുകൊണ്ട് 'മുതലാളിത്തത്തെ മുതലാളിമാരി'ല്‍ നിന്നു രക്ഷിക്കലാണ് സമൂഹത്തിന്റെയും സര്‍ക്കാറിന്റെയും പങ്കെന്നാണ് ഒരു അക്കാദമിക്കായ രാജന്റെ വാദം. ഈ സങ്കല്പത്തില്‍ സാമൂഹികമായും സാമ്പത്തികമായും ദുര്‍ബലരായവര്‍ക്ക് ഒരു 'സുരക്ഷാവല'യൊരുക്കി സ്വതന്ത്രവിപണിക്ക് രാഷ്ട്രീയ താങ്ങ് ഒരുക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഒരു അക്കാദമിക്കെന്ന നിലയിലും, അന്താരാഷ്ട്ര നാണയനിധിയുടെ സാമ്പത്തിക വിദഗ്ദ്ധനായിരുന്നെന്ന നിലയിലും ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിച്ച്, സാമൂഹിക സുരക്ഷാ സംരക്ഷണത്തോടെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനുള്ള സര്‍ക്കാറിന്റെ പങ്കിനെക്കുറിച്ച് 2005ല്‍ രഘുറാം രാജന്‍ എഴുതിയതും പ്രവചിച്ചതും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളോട് മാറ്റുരക്കുമ്പോള്‍ എത്ര മാറ്റേണ്ടിരുമെന്നാണ് ഇനി കാണേണ്ടത്. കാരണം ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവി സാമ്പത്തിക സംവിധാനത്തില്‍ അത്ര സ്വതന്ത്രമായ ഒന്നല്ല- പലപ്പോഴും നാണയനയങ്ങളെ മാത്രം ആശ്രയിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് തീരുമാനങ്ങളില്‍ എത്താനാവില്ല.
ഒരു വര്‍ഷം മുമ്പ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവെന്ന നിലയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ 'നാണയപ്പെരുപ്പം നിയന്ത്രിക്കുക മാത്രമാകണം ഒരു കേന്ദ്രബാങ്കിന്റെ പങ്ക്' എന്ന് രാജന്‍ അഭിപ്രായപ്പെട്ടിരുന്നു. മൂലധനമൊഴുക്കില്‍ തുറന്ന സമീപനം സ്വീകരിക്കുന്ന രാജ്യം നാണയത്തിന്റെ വിലയിടവിനെയോ, മൂല്യശോഷണത്തെയോ അത്ര ഗൗരവമായി എടുക്കേണ്ടതില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര സാമ്പത്തിക വ്യവസ്ഥയില്‍ നാണയപ്പെണരുപ്പം നിയന്ത്രിക്കാനായാല്‍ സാമ്പത്തിക വളര്‍ച്ചയും, ഉല്പാദനവളര്‍ച്ചയും, നാണയത്തിന്റെ മൂല്യസ്ഥിരതയും പിന്നാലെ കൈവരുമെന്നാണ് ന്യായം.
2005ല്‍ തന്നെ രഘുറാം രാജന്‍ എഴുതിയത് ഇതാണ്. ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം മതിയായ 'ഡിമാന്‍ഡ്' ഇല്ലാത്തതല്ല, വിഭവങ്ങളുടെ വികലമായ ഉപയോഗമാണ്. കടംവാങ്ങിയുള്ള വളര്‍ച്ച സൃഷ്ടിക്കുന്നത് സുസ്ഥിരതയല്ല, വീണ്ടും കടത്തിലേക്കുള്ള പോക്ക് ഒന്നും നല്‍കില്ല, ഓരോ സമ്പദ് വ്യവസ്ഥയിലുമുള്ള അടിസ്ഥാന പിഴവുകളെയാണ് രാജ്യങ്ങള്‍ പരിഹരിക്കേണ്ടത്.
റിസര്‍വ് ബാങ്ക് ഗവര്‍ണറെന്ന നിലയില്‍ പക്ഷേ അദ്ദേഹത്തിന് ഈ തിരക്കഥകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാവില്ല. കാരണം റിസര്‍വ് ബാങ്കിന് ഒരു സ്വതന്ത്ര പദവി കേന്ദ്രസര്‍ക്കാര്‍ എളുപ്പം അനുവദിക്കില്ല. ആര്‍.ബി.ഐ. ഗവര്‍ണറും കേന്ദ്രസര്‍ക്കാറും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടിവരുമ്പോള്‍ 'നാണ്യമൊഴുക്കി' ന്റെ മുന്‍കൂട്ടി നിര്‍വചിച്ച വഴികളിലൂടെ സമ്പദ് വ്യവസ്ഥയെ നടത്താനാകില്ലെന്നു ഒരു കൊല്ലത്തെ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവെന്ന പദവി അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടാകും.
സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തല്‍, രൂപയുടെ മൂല്യശോഷിപ്പ് തടയല്‍, ആഭ്യന്തര സമ്പദ് വ്യവസ്ഥയെയും ബാങ്കിങ് അന്തരീക്ഷത്തെയും നിയന്ത്രിക്കല്‍, പുതിയ ബാങ്കുകളുടെ കടന്നുവരവിന് വഴിയൊരുക്കല്‍, ഒരു സ്വയംഭരണ സാമ്പത്തിക സ്ഥാപനമെന്ന നിലയില്‍ റിസര്‍വ് ബാങ്കിന്റെ അസ്തിത്വം ഉറപ്പാക്കല്‍ എന്നിങ്ങനെ പുതിയ ഗവര്‍ണര്‍ക്കു മുമ്പില്‍ ഒട്ടേറെ ചോദ്യങ്ങളുണ്ട്.
ഇതൊക്കെ പറയുമ്പോഴും ഇന്ത്യന്‍ അവസ്ഥകളെ കുറിച്ച് ഏറെ പഠിച്ചിട്ടുള്ള അദ്ദേഹത്തിന്, അന്താരാഷ്ട്ര സമ്പദ് രംഗമായുള്ള അടുപ്പവും, അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള അഭിപ്രായവിനിമയത്തില്‍ സ്വയം ആര്‍ജിക്കാവുന്ന മികവും പ്രശ്‌നങ്ങളെ നേരിടാന്‍ ഏറെ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാവസായികലോകവും, ബാങ്കിങ് വൃത്തങ്ങളും പുതിയ ഗവര്‍ണറുടെ നിയമനവാര്‍ത്ത സ്വാഗതം ചെയ്തതും ഈ പ്രതീക്ഷയില്‍ തന്നെയാണ്.
തുടക്കം എന്‍ജിനീയറായി
മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ ഒരു തമിഴ് കുടുംബത്തിലാണ്, തുടക്കത്തില്‍ എന്‍ജിനീയറിങ് പഠനം തിരഞ്ഞെടുത്ത് പിന്നീട് ധനകാര്യ എന്‍ജിനീയറിങ്ങിലേക്ക് തിരിഞ്ഞ രഘുറാം രാജന്റെ ജനനം. ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ ഉദ്യോഗസ്ഥനായ അച്ഛന്‍ തന്റെ സര്‍വീസില്‍ ഭൂരിഭാഗവും ചെലവഴിച്ചത് വിദേശത്താണ്. വിദേശനയതന്ത്രകേന്ദ്രങ്ങളില്‍ ഇന്ത്യയുടെ അറ്റാഷെയായും പലപ്പോഴും രഹസ്യാന്വേഷണ മേഖലയിലുമായിരുന്നു അദ്ദേഹത്തിന്റെ സേവനം.
ഏഴാം ക്ലാസുവരെ ബെല്‍ജിയത്തില്‍ പഠിച്ച രഘുറാം രാജന്‍ ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഡല്‍ഹി ഐഐടിയില്‍ നിന്ന് ഇലക്ട്രക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദംഒന്നാം റാങ്കില്‍ പാസായി. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്ലോമ. രണ്ടിടത്തും സുവര്‍ണ മെഡലോടെയായിരുന്നു പഠനം. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഡോക്ടറല്‍ ബിരുദമെടുത്ത രാജന്‍ (ബാങ്കിങ് ആയിരുന്നു മേഖല) ചിക്കാഗോ സര്‍വകലാശാലയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ ഫാക്കല്‍റ്റി അംഗമായി. പിന്നീടാണ് അന്താരാഷ്ട്ര നാണയ നിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ പദവി കൈവന്നത്. 'സേവിങ് ക്യാപിറ്റലിസം ഫ്രംദി ക്യാപ്പിറ്റലിസ്റ്റ്' എന്ന പുസ്തകം ലൂയി സിംഗേഴ്‌സിനൊപ്പം എഴുതി. ഫാള്‍ട്ട്‌ലൈന്‍സ്, ഹൗ ദി ഹിഡന്‍ ഫ്രാക്‌ചേര്‍ഡ് ദി വേള്‍ഡ് എക്കണോമി എന്ന പുസ്തകത്തിന്റെയും രചയിതാവാണ്. ഐഐഎമ്മില്‍ ഒരുമിച്ചു പഠിച്ച രാധികാപുരിയാണ് ഭാര്യ. ചിക്കാഗോ ലോ സ്‌കൂളില്‍ അധ്യാപികയാണ്. രണ്ടു മക്കളുണ്ട്. സഹോദരന്‍ മുകുന്ദ് രാജന്‍ ടാറ്റാ ഗ്രൂപ്പില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്.

No comments:

Post a Comment