കേരളത്തിന്‍െറ അവസ്ഥയെപ്പറ്റി സുഹൃത്തുക്കളോട് സംസാരിക്കുമ്പോള്‍ രണ്ടു തരത്തിലുള്ള പ്രതികരണങ്ങളാണ് കേള്‍ക്കാറുള്ളത്. ഒന്ന് വളരെ ഉത്സാഹഭരിതമാണ്: പണ്ടുമുതല്‍ക്കെ നമ്മള്‍ ജീവിതഗുണ സൂചികകളുടെ കാര്യത്തില്‍ മുന്നിലാണ്. സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, ജനസംഖ്യാ നിയന്ത്രണം, സ്ത്രീപുരുഷാനുപാതം, വിദ്യാഭ്യാസത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം, എന്നുവേണ്ട, സൂചികകള്‍ കൊണ്ട് അളക്കാവുന്ന കാര്യത്തിലെല്ലാം നാം മുന്നിലാണ്. ആകെ ഒരു കുഴപ്പമുണ്ടായിരുന്നത് സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തിലാണ്. വേണ്ടത്ര സാമ്പത്തിക വളര്‍ച്ചയില്ലാത്തതുകൊണ്ട് ഈ നേട്ടങ്ങള്‍ നിലനിര്‍ത്താനാവില്ല എന്നതായിരുന്നു ഭീഷണി. രൂക്ഷമായ തൊഴിലില്ലായ്മ അതിന്‍െറ പ്രത്യക്ഷ ലക്ഷണവും ആയിരുന്നു. ഗള്‍ഫിലെ തൊഴിലവസരങ്ങളും വിദേശപ്പണ വരവും തുടങ്ങിയതോടെ ആ കുറവും തീര്‍ന്നു. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ വരുമാനമുള്ള, ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പക്ഷേ, ചില ദു$ഖങ്ങളില്ലെന്നില്ല. ഗള്‍ഫിലുള്ളതുപോലെയുള്ള സൗകര്യങ്ങള്‍ ഇവിടെയില്ല. അംബരചുംബികളായ കെട്ടിടങ്ങള്‍, ആകര്‍ഷകമായ മാളുകള്‍, നൂറു നൂറ്റിരുപത്തഞ്ചു കിലോമീറ്റര്‍ സ്പീഡില്‍ തടസ്സമേതുമില്ലാതെ വണ്ടിയോടിക്കാന്‍ കഴിയുന്ന റോഡുകള്‍, വീടിന്നടുത്തു വിമാനമിറങ്ങാന്‍ ഉതകുന്ന വിമാനത്താവളങ്ങള്‍, സീപ്ളെയിന്‍, വാട്ടര്‍ സ്കീയിങ് മുതലായ വിനോദങ്ങള്‍, കാടിന് നടുക്കും കായലോരത്തും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനുതകുന്ന വിധത്തില്‍ സകലവിധ സുഖസൗകര്യങ്ങളുമുള്ള സ്റ്റാര്‍ ഹോട്ടലുകള്‍ ... ഇതൊക്കെയില്ലാതെ എന്തു വികസനം, എന്നാണ് അവരുടെ ചോദ്യം. ദോഷം പറയരുതല്ലൊ, ഇതൊക്കെ ശരിപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു പ്രബലവിഭാഗം ഇവിടെയുണ്ട്. പക്ഷേ, അവരുടെ ശ്രമങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന, പരിസ്ഥിതിയുടെയും സാമൂഹികനീതിയുടെയും പേരുപറഞ്ഞ് നല്ല്ള പദ്ധതികള്‍ക്കൊക്കെ പാര വെക്കുന്ന ഒരു കൂട്ടം വികസനവിരോധികളുണ്ടിവിടെ. അവരാണ് പ്രശ്നം, എന്നാണിവരുടെ പരാതി. ഞാന്‍ സാധാരണ ഇടപെടുന്ന എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, വിദേശത്തുനിന്നു അവധിക്കു വരുന്നവര്‍ തുടങ്ങിയവര്‍ മിക്കവാറും ഈ കൂട്ടത്തില്‍ പെടുന്നു. പക്ഷേ, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലും ഐ.ആര്‍.ടി .സിയിലുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞാന്‍ ഇടപെടുന്ന മറ്റൊരു കൂട്ടരുണ്ട്. അവര്‍ ഈ സമ്പദ്സമൃദ്ധിയുടെ പുറമ്പോക്കിലേക്കു പുറന്തള്ളപ്പെട്ടുപോയവരാണ്.
അവരില്‍ പലരും ഈ സമ്പദ്സമൃദ്ധി വെച്ചുനീട്ടുന്ന അവസരങ്ങള്‍ മുതലെടുക്കാന്‍ വേണ്ട കഴിവുകളില്ലാത്തവരാണ്. വേണ്ടത്ര വിദ്യാഭ്യാസമോ നൈപുണികളോ ഇല്ലാത്തവര്‍. പരമ്പരാഗതമായി അനുഭവിച്ചിരുന്ന അവസരങ്ങള്‍ നഷ്ടപ്പെട്ടവര്‍. അധ്വാനിക്കാന്‍മാത്രം അറിയുന്നവര്‍, പക്ഷേ, അതിനുള്ള കൃഷിഭൂമി സ്വന്തമായി ഇല്ലാത്തവര്‍. അതുകൊണ്ടുതന്നെ നൈപുണികള്‍ വേണ്ടാത്ത കൂലിപ്പണി മാത്രം ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍. പണിയില്ലെങ്കില്‍ പട്ടിണിയാകുന്നവര്‍. മറ്റു ചില കൂട്ടര്‍ അല്‍പംകൂടി ഉയര്‍ന്ന സാമ്പത്തിക നിലയുള്ളവരാണ്. സാധാരണഗതിയില്‍ അവര്‍ ഒരുവിധം പിടിച്ചുനില്‍ക്കും. അവര്‍ ശമ്പളം കൊണ്ടോ കൂലികൊണ്ടോ രണ്ടറ്റവും കൂട്ടിമുട്ടിക്കുക മാത്രമല്ല, കുട്ടികളെ പഠിപ്പിക്കുകയും ഭാവിയെക്കുറിച്ചു സ്വപ്നങ്ങള്‍ നെയ്യാന്‍ ധൈര്യപ്പെടുകയും ചെയ്യും. പക്ഷേ, രോഗം, അപകടം തുടങ്ങിയ അവിചാരിത ചെലവുകള്‍ (ഇതില്‍ കുടുംബത്തിലെ വിവാഹവും മറ്റ് അടിയന്തരങ്ങളും പെടാം) വന്നാല്‍ അവര്‍ കടംകേറി മുടിഞ്ഞേക്കാം. അവരെപ്പോഴും ഈ ദരിദ്രവത്കരണ ഭീഷണിയിലാണ് ജീവിക്കുന്നത്. കൂടുതല്‍ ജോലിമേഖലകള്‍ താല്‍കാലികവും കോണ്‍ട്രാക്ട് അടിസ്ഥാനത്തിലുള്ളതുമായിത്തീരുന്നതോടെ ഈ വിഭാഗത്തില്‍പെട്ടവരുടെ അനുപാതം വര്‍ധിച്ചുവരുകയാണ്. പുറമേ സമ്പന്നതയുടെ ചില അടയാളങ്ങള്‍ കാണിക്കുന്നവരും ഉള്ളാലെ ഈ ഭീതി വെച്ചുപുലര്‍ത്തുന്നവരാണ്. പണ്ട് തങ്ങളുടെ ചെറുപ്പ കാലത്ത് സൗജന്യമായി കിട്ടിയ വിദ്യാഭ്യാസം, ആരോഗ്യസേവനം, തുടങ്ങിയവക്ക് കൂടുതല്‍ പണം കൊടുക്കേണ്ടിവരുന്നതും അവര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണമേന്മ കുറയുന്നതും അവരെ കുഴക്കുന്നു. ഓരോരോ മേഖലയായി കച്ചവടവത്കരിക്കപ്പെടുന്നത് അവരുടെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നു.
പരിഷത്ത് നടത്തിയ കേരളപഠനം കാണിച്ചത് കേരളത്തിലെ കുടുംബങ്ങളില്‍ ഏതാണ്ട് 15 ശതമാനം അതിദരിദ്രരും 35 ശതമാനം ദരിദ്രവത്കരണ ഭീഷണിയില്‍ കഴിയുന്നവരും ആണെന്നാണ്. ഇവരാരും സമീപകാലത്തു നടന്ന വികസനക്കുതിപ്പിന്‍െറ ഗുണഭോക്താക്കളല്ല, മറിച്ച് അതിന്‍െറ ഇരകളാണ്.
ഈ വികസനക്കുതിപ്പിന്‍െറ ഗുണഭോക്താക്കളായ ഒരു പ്രബല വിഭാഗം ഇവിടെയുണ്ട് എന്നതു നിസ്തര്‍ക്കമാണ്. ഉയര്‍ന്ന ശമ്പളമുള്ള ഉദ്യോഗസ്ഥര്‍, വമ്പിച്ച ഫീസ് വാങ്ങുന്ന പ്രഫഷനലുകള്‍, കോണ്‍ട്രാക്ടര്‍മാര്‍, വന്‍ ബിസിനസുകാര്‍, കുത്തക കമ്പനികളുടെ ഏജന്‍റുമാര്‍ തുടങ്ങിയവരൊക്കെ ഇക്കൂട്ടരില്‍പെടും. തീര്‍ച്ചയായും ഇവരുടെ ജീവിതനിലവാരം മെച്ചപ്പെട്ടിട്ടുണ്ട്. മുമ്പ് കാശുണ്ടെങ്കിലും വാങ്ങാന്‍ കഴിയാതിരുന്ന സുഖഭോഗവസ്തുക്കള്‍ ഇവര്‍ക്ക് ഇന്ന് യഥേഷ്ടം ലഭ്യമാണ്. ഇവര്‍ നെഹ്റുവിയന്‍ സോഷ്യലിസ്റ്റ് സങ്കല്‍പങ്ങളെയും പഴയ ‘കേരളവികസനമാതൃകയെയും’ തള്ളിപ്പറയുകയും പുച്ഛിക്കുകയും ചെയ്യുന്നതില്‍ അദ്ഭുതമില്ല. പക്ഷേ, ആ പാരമ്പര്യത്തിന്‍െറ ഗുണഭോക്താക്കളായാണ് തങ്ങള്‍ ഈ നിലയിലെത്തിയത് എന്നത് ഇവര്‍ മറക്കുന്നു. സൗജന്യ വിദ്യാഭ്യാസവും ആരോഗ്യരക്ഷയും റേഷനുമൊക്കെ ഉണ്ടായിരുന്നില്ലെങ്കില്‍ ഇവരൊരുപക്ഷേ ഈ നിലയിലെത്തുമായിരുന്നില്ല! ഇപ്പോള്‍ ഇവരുടെ വിചാരം കൂടുതല്‍ കാശുകൊടുക്കാന്‍ കഴിയുമെന്നതുകൊണ്ട് തങ്ങള്‍ക്കു കൂടുതല്‍ മികച്ച സേവനങ്ങള്‍ക്ക് അര്‍ഹതയുണ്ട് എന്നാണ്. അതുകൊണ്ട് പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്താല്‍ അവര്‍ക്ക് താല്‍പര്യമില്ല. എന്നുതന്നെയല്ല എല്ലാ സേവനങ്ങളും സ്വകാര്യവത്കരിക്കുന്നതാണ് ഗുണമേന്മ മെച്ചപ്പെടുത്താനുള്ള നല്ല മാര്‍ഗം എന്ന് അവര്‍ വാദിക്കുകയും ചെയ്യും.
മേല്‍ സൂചിപ്പിച്ച കൂട്ടരും ഈ വിഭാഗവും തമ്മിലുള്ള വിടവ് അതിവേഗം വര്‍ധിക്കുകയാണ്. സമൂഹത്തിലെ സമ്പത്തിന്‍െറ വിതരണം കൂടുതല്‍ അസന്തുലിതമായിവരുകയാണ്. പരിഷത്ത് നടത്തിയ കേരളപഠനം കാണിച്ചത് ഇക്കാലത്തു നടക്കുന്ന ഭൂമിക്കച്ചവടം, കൂടുതല്‍ ഭൂമി, കുറഞ്ഞ ആളുകളുടെ കൈപ്പിടിയിലേക്ക് എത്തിക്കുന്നു എന്നാണ്. ഈ ഭൂമിക്കച്ചവടമാണ് ചിലരുടെ കൈയിലേക്ക് ധാരാളം പണം താല്‍കാലികമായി എത്തിക്കുന്നത്. ഈ പണത്തിന്‍െറ പച്ചപ്പിലാണ് കുറേപേരുടെ ഉപഭോഗധാരാളിത്തം വിലസുന്നത്. പക്ഷേ, ഇത് യഥാര്‍ഥ സമ്പത്തുല്‍പാദനമല്ല എന്നതു വ്യക്തമാണല്ലോ. അടിസ്ഥാന മേഖലകളായ കൃഷിയും ഉല്‍പാദനവും മുരടിച്ചുനില്‍ക്കുകയാണ്. ഒരുകാലത്ത് പത്തുലക്ഷം ഹെക്ടറോളം ഉണ്ടായിരുന്ന നെല്‍വയല്‍ ഇപ്പോള്‍ രണ്ടേകാല്‍ ലക്ഷം ഹെക്ടറായി ചുരുങ്ങിയിരിക്കുന്നു. റബറൊഴികെ മറ്റൊരു വിളയിലും നമുക്ക് അഭിമാനിക്കാവുന്ന ഉല്‍പാദനക്ഷമതയില്ല. അധ്വാനിക്കാന്‍ തയാറുള്ളവര്‍ക്ക് കൃഷിഭൂമിയില്ല. കൃഷിഭൂമി കൈയിലുള്ളവര്‍ക്ക് എങ്ങനെയും അത് നികത്തി വിറ്റു കാശാക്കണം എന്ന ചിന്തയേയുള്ളൂ. ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് പണികൊടുക്കുന്ന പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ച്ചയിലാണ്. ടൂറിസവും ഐ.ടിയുമൊഴികെ കാര്യമായ പുതിയ വ്യവസായങ്ങളൊന്നും വരുന്നുമില്ല. സേവനമേഖലയാണ് കുതിച്ചുകയറുന്നത്. അവിടെയാണെങ്കില്‍, പ്രശസ്ത സാമ്പത്തിക വിദഗ്ധനായ പ്രഫ. സി.ടി. കുര്യന്‍ പറയുമ്പോലെ, ഉല്‍പാദന മേഖലക്കു താങ്ങാനാവാത്ത സേവനമേഖല ഒരു കുമിളയാണ്. ഗള്‍ഫുപണം കൊണ്ട് ഊതിവീര്‍പ്പിക്കപ്പെടുന്ന ഈ കുമിള എപ്പോള്‍ പൊട്ടുമെന്ന് പറയാനാവില്ല. പൊട്ടുമെന്നതില്‍ സംശയവുമില്ല. അതിന്‍െറ മറ്റൊരു സവിശേഷത, അതിനുള്ളിലെ ഭീകരമായ വരുമാന വ്യത്യാസമാണ്.
ഒരുകൂട്ടര്‍ വമ്പിച്ച വരുമാനമുണ്ടാക്കുമ്പോള്‍ ബഹുഭൂരിപക്ഷവും ഒരു തൊഴില്‍ സുരക്ഷയുമില്ലാത്ത, തുച്ഛവേതനത്തില്‍ പണിയെടുക്കേണ്ട, ഒരു തൊഴില്‍ നിയമവും ബാധകമല്ലാത്ത, അസംഘടിത മേഖലയിലാണ് അഭയം പ്രാപിക്കുന്നത്. ഈ വമ്പിച്ച വരുമാന വ്യത്യാസം രൂക്ഷമായ അസംതൃപ്തിക്കും സാമൂഹിക സംഘര്‍ഷങ്ങള്‍ക്കും കാരണമാകുമെന്ന് വികസിത രാജ്യങ്ങളിലെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു. വര്‍ധിക്കുന്ന മദ്യപാനവും, സ്ത്രീശിശു പീഡനവും, മാഫിയവത്കരണവും, മൊത്തത്തില്‍ സമൂഹത്തിന്‍െറ ക്രിമിനല്‍വത്കരണവുമെല്ലാം ഇതിന്‍െറ ലക്ഷണങ്ങളല്ലേ?
ഇതിനോടൊപ്പം ചേര്‍ത്തു കാണേണ്ടതാണ് വികസനത്തിന്‍െറ പേരില്‍ ഇവിടെ നടക്കുന്ന പ്രകൃതി ധ്വംസനം. മുന്നേ സൂചിപ്പിച്ചതുപോലെ, ഇവിടെ ആകെ നടക്കുന്ന വികസനം റിയല്‍ എസ്റ്റേറ്റ് വികസനമാണ്. ആ മേഖലയുടെ സമ്മര്‍ദമാണ് അമിതമായ മണലൂറ്റിനും കുന്നിടിക്കലിനും പാറ പൊട്ടിക്കലിനും കായല്‍ കൈയേറ്റത്തിനും കാരണമാകുന്നത്. കേരളത്തെ കേരളമാക്കിയ പ്രകൃതിസൗഭാഗ്യം നശിപ്പിച്ചാല്‍ പിന്നെ ഇപ്പോള്‍ കൊട്ടിഘോഷിക്കുന്ന ടൂറിസം പോലും മരീചികയാകും. മരുവത്കരണവും കുടിവെള്ള ക്ഷാമവും കാലാവസ്ഥാമാറ്റവും ഇവിടത്തെ ജനജീവിതം ദുസ്സഹമാക്കും. ഭാവിതലമുറകള്‍ നമ്മെ പഴിക്കും.
ഈ പോക്ക് അപകടത്തിലേക്കാണെന്നു കരുതുന്ന, ഇത് തിരുത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം കേരളത്തില്‍ വര്‍ധിച്ചുവരുന്നുണ്ട്. അവരാണ് മറ്റൊരു കേരളത്തിനുവേണ്ടി വാദിക്കുന്നത്. അത് സാമൂഹികനീതി പുലരുന്നതായിരിക്കണം. അസമത്വം കുറക്കുന്നതായിരിക്കണം. സ്ത്രീസമത്വം ഉറപ്പാക്കുന്നതായിരിക്കണം. പ്രകൃതിയെ സംരക്ഷിക്കുന്നതായിരിക്കണം. എന്തായിരിക്കണം അതിലെ ഉല്‍പാദനവ്യവസ്ഥ? എന്തായിരിക്കണം അതിലെ ഗതാഗതക്രമം? ഊര്‍ജവ്യൂഹം? സാമൂഹിക സുരക്ഷ? സേവനരംഗം? തൊഴില്‍ രംഗം? കേരളത്തിന്‍െറ ഭാവിയെപ്പറ്റി ഉത്കണ്ഠപ്പെടുന്ന വിദഗ്ധര്‍ അതേപറ്റി ആഴത്തില്‍ ചിന്തിക്കുകയും ചര്‍ച്ചചെയ്യുകയും വേണ്ടിയിരിക്കുന്നു. അമ്പതാണ്ട് തികയുന്ന കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഈ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.
No comments:
Post a Comment