By ഷബിത
ഫെമിനിസം എന്ന സംജ്ഞ വളരെ സൂക്ഷിച്ച്
ഉപയോഗിക്കേണ്ട ഒന്നാണെന്നിരിക്കേ സാധാരണക്കാരന്റെ സാമാന്യബോധത്തില്‍ അത്
പൊരിച്ച മത്തിയായും ഒ.എം.കെ.വിയായും വ്യാഖ്യാനിക്കപ്പെടുന്നു.
വ്യക്തിജീവിതത്തിലും സാമൂഹിക ഇടപെടലുകളിലും ലിംഗങ്ങള്‍ വേര്‍തിരിവുകളുടെ
അതിര്‍വരമ്പുകള്‍ പണിതതെന്തുകൊണ്ട് എന്ന അന്വേഷണത്തിനുള്ള ഉത്തരമാണോ
ഫെമിനിസം? കേരളത്തിലെ സ്ത്രീപക്ഷചിന്തകളിലൂടെ ഒരു അന്വേഷണം. സാറാജോസഫ്, ഡോ.
മിനി പ്രസാദ്, ഡോ. ഐറിസ് കൊയ്‌ലിയോ, സ്മിത നെരവത്ത് എന്നിവര്‍
സംസാരിക്കുന്നു.
കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചാ വഴികള്‍
സാറാജോസഫ്
എഴുത്തുകാരി, കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരി
എഴുത്തുകാരി, കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരി
കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ ആരംഭിക്കുന്നത് തന്നെ സ്ത്രീകളുടെ
പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം
അന്വേഷിക്കുന്ന ഒരു സാമൂഹിക മുന്നേറ്റമായാണ് അത് ആരംഭിക്കുന്നത്.
പിന്നീടാണ് ജാതിവിരുദ്ധ പോരാട്ടമായൊക്കെ അത് മാറുന്നത്. കല്ലുമാല
സമരമായാലും ചാന്നാര്‍ ലഹളയായാലും മുലക്കരത്തിനെതിരായ പ്രക്ഷോഭമായാലും
പ്രാകൃതമായ അനാചാരങ്ങളാല്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ അവസ്ഥ നമ്മുടെ
സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ വളരെ പ്രാധാന്യത്തോടെ ഉള്‍ക്കൊള്ളുകയും
അതിനൊരു മാറ്റം വരണമെന്ന് ആഗ്രഹിക്കുകയും അതിന്റെ ഫലമായിട്ടുണ്ടായ
ചിന്തയില്‍ സാമൂഹിക പരിവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ മുന്നോട്ടുവരവ് എന്ന
ആശയം മുന്നോട്ടുവെക്കുകയുമായിരുന്നു. അയ്യങ്കാളിയുടെ സമയമാവുമ്പോഴേക്കും
അത് സ്ത്രീ വിദ്യാഭ്യാസം എന്ന ആശയത്തിലേക്ക് വികസിച്ചു. സ്ത്രീകളുടെ
തുല്യതയും സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞുകൊണ്ടാണ്
എല്ലാ നവോത്ഥാന പ്രസ്ഥാനങ്ങളും പ്രവര്‍ത്തിച്ചത്. സ്വാതന്ത്ര സമരകാലത്ത്
ഗാന്ധിജിയായാലും ഈ വിഷയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
കുമാരനാശാനിലേക്ക് എത്തുമ്പോള്‍ സ്ത്രീകളുടെ തുല്യത
എന്നതിനപ്പുറത്തേക്ക് സ്ത്രീയ്ക്ക് അവളുടെ ജീവിതത്തിന്റെ സ്വയം
നിര്‍ണയാവകാശത്തെപ്പറ്റി ലീല പോലുള്ള കാവ്യത്തില്‍ ആശാന്‍
മുന്നോട്ടുവെയ്ക്കുന്നുണ്ട്. കേരളത്തിന്റെ സ്ത്രീ വിമോചന മുന്നേറ്റം
തുടങ്ങുന്നത് ഇവിടുത്തെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും മുന്‍പാണ്.
സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ഊന്നിക്കൊണ്ടാണ് നവോത്ഥാന മുന്നേറ്റം
വികസിക്കുന്നത് തന്നെ. അത് പിന്നീട് ജാതിവിരുദ്ധ പോരാട്ടമായും സ്വാതന്ത്ര
സമര പോരാട്ടമായും സമാന്തരമായി വികസിക്കുകയായിരുന്നു. അതേസമയം അതിലധികവും
പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ എന്ന നിലയിലായിരുന്നു.
വി.ടി ഭട്ടതിരിപ്പാടിലേക്കും ലളിതാംബിക അന്തര്‍ജനത്തിലേക്കുമൊക്കെ
വരുമ്പോള്‍ അത് വളരെ ആഴവും പരപ്പുമുള്ള സാമൂഹിക പരിഷ്‌കരണമായി മാറുന്നത്
കാണാം. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന മുദ്രാവാക്യം സ്ത്രീ
മുന്നേറ്റത്തിന് ചാലകശക്തിയായി. നവോത്ഥാന മുന്നേറ്റത്തിലെ സ്ത്രീകളുടെ
ഏറ്റവും ശക്തമായ ശബ്ദം 'താഴില്‍ കേന്ദ്രത്തിലേക്ക്' എന്ന നാടകത്തിലെ
സ്ത്രീകളായിരുന്നു. സ്ത്രീകള്‍ തന്നെയായിരുന്നു ആ നാടകം സംഘടിപ്പിച്ചതും
അതില്‍ അഭിനയിച്ചതുമെല്ലാം. ലളിതാംബിക അന്തര്‍ജനത്തിന്റെ വാക്കുകളുടെ
തുടര്‍ച്ചയും കൂടുതല്‍ രാഷ്ട്രീയ ഉള്ളടക്കമുള്ളതുമായിരുന്നു ആ നാടകം.
ക്രമാനുഗതമായ വളര്‍ച്ച സ്ത്രീകളുടെ വിമോചനത്തിനായുള്ള പോരാട്ടങ്ങള്‍
പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ നിന്ന് വളര്‍ന്നു വന്നതായി കാണാം. അപ്പോഴേക്കും
ലോകത്ത് ശക്തിപ്പെട്ടിരുന്ന സ്ത്രീ വിമോചനാശയങ്ങള്‍ 80 കളിലാണ് കേരളത്തിലെ
സ്ത്രീകള്‍ ഉന്നയിക്കുന്നത്. അതായത് സ്ത്രീകള്‍ക്ക് ചെറിയ ചെറിയ
പരിഷ്‌കരണങ്ങളല്ല ആവശ്യം അവളുടെ അവസ്ഥയുടെ മാറ്റമാണെന്നും ജനാധിപത്യ
അവകാശങ്ങളുള്ള തുല്യ പൗരനെന്ന സ്ത്രീയുടെ വിമോചനമാണ് ആവശ്യപ്പെടുന്നത്
എന്നും പറഞ്ഞുകൊണ്ട് 80കളില്‍ വലിയ ചര്‍ച്ചകളും സംവാദങ്ങളും നടന്നു.
അതിന്റെ ഭാഗമായി നിരവധി സ്ത്രീ വിമോചന ഗ്രൂപ്പുകള്‍ കേരളത്തില്‍ സജീവമായി.
രാഷ്ട്രീയ പാര്‍ട്ടികളുടെയോ സാമൂഹിക നവീകരണ പ്രസ്ഥാനങ്ങളുടേയോ ഭാഗമല്ലാതെ
സ്ത്രീകള്‍ സ്വതന്ത്രമായിട്ട് ഞങ്ങളുടെ വിമോചനം ഞങ്ങളുടെ മുന്‍കയ്യില്‍
ഞങ്ങളുടെ വിമോചനം എന്ന ആശയം മുന്നോട്ട് വെച്ചുകൊണ്ട് എണ്‍പതുകള്‍
തൊട്ടിവിടെ വളരെ സജീവമായിട്ട് വരികയുണ്ടായി. അത് എണ്ണത്തില്‍
കുറവായിരിക്കാം. പക്ഷേ, വളരെ അധികം സംവാദങ്ങള്‍ക്കും തുറന്ന
ചര്‍ച്ചകള്‍ക്കും സാമൂഹിക മാറ്റങ്ങള്‍ക്കും അത് വഴിവെച്ചു. എണ്‍പതുകളിലെ
സ്ത്രീകളുടെ വിമോചന പോരാട്ടങ്ങളോട് ചേര്‍ന്നുകൊണ്ടുതന്നെ ഉയര്‍ന്നുവന്ന
കുറേ മുന്നേറ്റങ്ങളുണ്ട്. ദളിത് മുന്നേറ്റങ്ങള്‍, പരിസ്ഥിതി
മുന്നേറ്റങ്ങള്‍, ട്രാന്‍സ് ജെന്‍ഡേഴ്സിന്റെ മുന്നേറ്റങ്ങള്‍
തുടങ്ങിയവയാണവ. ഇവയെല്ലാം ചേര്‍ന്ന് ഒരു നവധാര ഉണ്ടായത് കാണാം.
അത്തരത്തില്‍ സ്ത്രീ വിമോചന പ്രസ്ഥാനം എന്നത് ഒറ്റക്ക് നില്‍ക്കുന്ന
ഒന്നല്ല. സ്ത്രീകളെപ്പോലെ ചൂഷണംചെയ്യപ്പെടുന്നവരും
അരികുവത്കരിക്കപ്പെടുന്നവരുമായ ഇതര വിഭാഗങ്ങളെക്കൂടി ചേര്‍ത്ത്
നിര്‍ത്തുന്ന ഒരു സമഗ്രമായ മുന്നേറ്റമാണ് സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍
ലക്ഷ്യം വെക്കുന്നത്. ക്രമാനുഗതമായ വളര്‍ച്ചയും വികാസവും അന്വേഷണവും
രാഷ്ട്രീയ നിലപാടുകളും ഉള്ള ഒന്നാണ് കേരളത്തിലെ സ്ത്രീ വിമോചന പ്രസ്ഥാനം.
നേരത്തെ ഞാനുള്‍പ്പടെയുള്ള ആളുകള്‍ സ്ത്രീ വിമോചന മുന്നേറ്റങ്ങളെ ഒരു
രാഷ്ട്രീയ പ്രവര്‍ത്തനമായാണ് കണ്ടിരുന്നത്. ആ പ്രവര്‍ത്തനങ്ങള്‍
സിദ്ധാന്തങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. കുടുംബത്തിനകത്ത്
നടക്കുന്ന സ്ത്രീ ചൂഷണം എന്നത് കുടുംബത്തിനകത്തെ വൈകാരിക കാര്യമാണെന്നും
വ്യക്തികളുടെ കാര്യമാണെന്നും പറഞ്ഞിരുന്ന കാലഘട്ടത്തില്‍ ഭര്‍ത്താവ്
ഭാര്യയെ തല്ലുന്നതിന് നാട്ടുകാര്‍ക്കെന്താ എന്ന് ചോദിക്കുന്ന അവസ്ഥയില്‍
നിന്ന് അതിന്റെ കാരണങ്ങള്‍ എന്ത് എന്നും അതിന്റെ രാഷ്ട്രീയമെന്താണെന്ന്
അന്വേഷിക്കുകയുമാണ് ചെയ്തത്. അങ്ങനെയാണ് പുരുഷാധിപത്യപരമായ വ്യവസ്ഥ
നിലനില്‍ക്കുന്നു എന്നും അത് മാറ്റിമറിക്കാതെ സ്ത്രീക്ക് തുല്യതയുള്ള ഒരു
വ്യവസ്ഥ ഉണ്ടാവില്ല എന്ന തിരിച്ചറിവ് വെച്ചുകൊണ്ട് ഞങ്ങള്‍
പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അത്തരത്തിലുള്ള ഒരു രാഷ്ട്രീയ അടിത്തറ എല്ലാ
സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ക്കും ആവശ്യമാണ്. അതില്ലെങ്കില്‍ വ്യക്തികളുടെ
സ്വാതന്ത്രത്തിന്റെയും വ്യക്തി വിമോചനത്തിന്റെയും കേവലം ലൈംഗിക
വിമോചനത്തിന്റെയും പ്രശ്നമായി ചുരുക്കാന്‍ വളരെ എളുപ്പമാണ്. എല്ലാം
അങ്ങനെയാണെന്ന അഭിപ്രായമില്ല. സ്ത്രീകളെപ്പോലെ പ്രശ്നമനുഭവിക്കുന്ന
സ്ത്രീകളും ദളിതരും ട്രാന്‍സ്ജെന്‍ഡേഴ്സും കര്‍ഷകരും ഒക്കെ അടങ്ങിയിട്ടുള്ള
ഒരു വലിയ സമൂഹത്തിന്റെ ആശയമാണ് സ്ത്രീ വിമോചനം മുന്നോട്ടുവെക്കുന്നത്. ആ
സിദ്ധാന്തങ്ങളില്‍ ഊന്നിയാണ് ഞങ്ങളെപ്പോലുള്ളവര്‍ പ്രവര്‍ത്തിച്ചത്.
ഉത്തരാധുനിക യുഗത്തിലെ ഫെമിനിസം; സിദ്ധാന്തങ്ങളിലെ വ്യതിചലനങ്ങള്‍
ഡോ. ഐറിസ് കൊയ്ലിയോ
എഴുത്തുകാരി, അധ്യാപിക
എഴുത്തുകാരി, അധ്യാപിക
ഫെമിനിസം എന്നത് രാഷ്ട്രീയപ്രാധാന്യമുള്ള ഒരുപരികല്പനയും പ്രതിരോധ
പ്രക്രിയയുമാണ്. ആണധികാരവ്യവസ്ഥ കാലാകാലങ്ങളിലായി നിലനിര്‍ത്തിപ്പോരുന്ന
സ്ത്രീവിധേയത്വത്തെ, അത് നിയമം വഴിയോ സാമൂഹികമായ പരുവപ്പെടുത്തല്‍ വഴിയോ,
വ്യക്തികളുടെ പെരുമാറ്റങ്ങള്‍ വഴിയോ പരമ്പരാഗതമായി രൂപപ്പെടുത്തിയ സാമൂഹിക
മിത്തുകളുടെ നിര്‍മിതികള്‍ക്കെതിരെയുള്ള മുന്നേറ്റങ്ങളും പ്രതിരോധങ്ങളുമാണ്
ഫെമിനിസം അഥവാ സ്ത്രീവാദപ്രസ്ഥാനം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. അത്
ആണധികാരത്തിന്റെ ചുവടുപിടിച്ച് അതിന് ബദലായി സൃഷ്ടിക്കുന്ന പെണ്ണധികാരമല്ല;
പ്രകൃതിയും മനുഷ്യരും സഹവര്‍ത്തികളാകുന്ന തുല്യതയുടെ പ്രത്യയശാസ്ത്രമാണ്.
വിധേയത്വത്തിന്റെ കുലീനതയല്ല സ്ത്രീശക്തിയുടെ പ്രതിബിംബം. ഓരോ സ്ത്രീയും
സ്വച്ഛമായി എടുക്കുന്ന 'സ്ത്രീശരീരം സ്ത്രീയുടെ അവകാശം' എന്ന
തെരഞ്ഞെടുപ്പിലൂടെ സ്വന്തം ജീവിതത്തിന്‍മേലുള്ള വ്യക്തിപരമായ ഉത്തരവാദിത്തം
തന്നെയാണ് സൈദ്ധാന്തികമായി ഫെമിനിസത്തിനുള്ള നിര്‍വചനം.
മേരി വൂള്‍സ്റ്റണ്‍ ക്രാഫ്റ്റിന്റെയും (ആദ്യത്തെ ഫെമിനിസ്റ്റ് ചിന്തക)
സഹകാരികളുടെയും നേതൃത്വത്തില്‍, അമേരിക്കന്‍ വിപ്ലവകാലത്ത് സമാന്തരമായി
ഉയര്‍ന്നുവന്ന സ്ത്രീ പോരാട്ടങ്ങളുടെ ലിബറല്‍ ഫെമിനിസ്റ്റ്
പ്രസ്ഥാനങ്ങളിലൂടെയാണ് ഫെമിനിസത്തിന്റെ സാമൂഹിക ഇടപെടലുകളുടെ ചരിത്രം
ആരംഭിക്കുന്നത്. സ്ത്രീയുടെ സ്വാഭിമാനത്തെ തകര്‍ക്കുന്ന അക്രമങ്ങളെയും
ഭീഷണികളെയും പ്രതിരോധിച്ചുകൊണ്ട് തുല്യതയുള്ള, നീതിപൂര്‍വകമായ, ആണ്‍-പെണ്‍
ബന്ധങ്ങള്‍ക്കായി ലിബറല്‍ ഫെമിനിസം ആഹ്വാനം ചെയ്തു. ഏറെ
വിമര്‍ശനങ്ങളുയര്‍ന്ന റാഡിക്കല്‍ ഫെമിനിസം 1967-68 കാലത്തെ പൗരാവകാശ സമാധാന
പ്രസ്ഥാനങ്ങളില്‍നിന്നാണ് രൂപപ്പെട്ടത്. സ്ത്രീയെ അടിച്ചമര്‍ത്തുന്നത്
മറ്റെല്ലാ വിധത്തിലുള്ള അടിച്ചമര്‍ത്തലുകളെക്കാള്‍ നിന്ദ്യമാണെന്നും
വംശീയവും സാംസ്‌കാരികവും വര്‍ഗീയവുമായ എല്ലാ സാമൂഹിക നിര്‍മിതികളിലും ഇത്
മാറ്റമില്ലാതെ തുടരുന്നതിനാല്‍ സാമൂഹികക്രമങ്ങള്‍ തന്നെയാണ്
ഉടച്ചുവാര്‍ക്കേണ്ടതെന്നും റാഡിക്കല്‍ ഫെമിനിസം അപലപിച്ചു.
സ്ത്രീകളുടെ അടിച്ചമര്‍ത്തലിന്റെ കാരണങ്ങള്‍ മുതലാളിത്ത സ്വകാര്യ
സാമ്പത്തികസംവിധാനങ്ങളില്‍ അന്വേഷിക്കുകയായിരുന്നു മാര്‍ക്സിസ്റ്റ്
സോഷ്യലിസ്റ്റ് ഫെമിനിസം. ഇത്തരം സാമൂഹിക സംവിധാനങ്ങള്‍ തകരുന്നതിലൂടെ
സ്ത്രീകളുടെ വിമോചനവും സാധ്യമാകുമെന്ന് അവര്‍ വിഭാവനം ചെയ്തു.
സ്ത്രീകളുടേതായ ഒരു ബദല്‍ സാംസ്‌കാരികത നിര്‍മിച്ചെടുത്തുകൊണ്ടാണ്
കള്‍ചറല്‍ ഫെമിനിസം രൂപപ്പെട്ടത്. സ്ത്രൈണ സവിശേഷതകളായ സൗമ്യതയും
കാരുണ്യവും കൊണ്ട് ശക്തീകരണം സാധ്യമാക്കാമെന്ന് അവര്‍ വാദിച്ചു.
പ്രകൃതിയിലേക്കുള്ള ഉണര്‍വായാണ് ഇക്കോ ഫെമിനിസം പിറവികൊണ്ടത്. ആണധികാര
ശ്രേണീബദ്ധസമൂഹം എല്ലാ വിഭവങ്ങളും ചൂഷണം ചെയ്യുന്നതിനാല്‍
സമാന്തരസാമൂഹികക്രമം ചിട്ടപ്പെടുത്തി, പ്രകൃതിയെ, ഭൂവിഭവങ്ങളെ,
ജന്തുജാലങ്ങളെ, സ്ത്രീകളെ എല്ലാം ഉള്‍ക്കൊള്ളുന്ന വികസനചിത്രമാണ് ഇക്കോ
ഫെമിനിസം മുന്നോട്ടുവയ്ക്കുന്നത്.
ഫെമിനിസത്തിന്റെ അന്വേഷണങ്ങളും നിരീക്ഷണങ്ങളും
മാനവചരിത്രത്തിലുണ്ടാക്കിയ ആഘാതങ്ങളെയാണ് ഫെമിനിസ്റ്റ് വേവ്സ് എന്ന്
വിശേഷിപ്പിക്കുന്നത്. രാഷ്ടീയമായും സാംസ്‌കാരികമായും ബൗദ്ധികമായും നാല്
സ്ത്രീവാദതരംഗങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍
ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെത്തിനില്ക്കുന്ന
സ്ത്രീകളുടെ വോട്ടവകാശത്തിനും അധികാരപങ്കാളിത്തത്തിനുമായുള്ള പോരാട്ടങ്ങളും
അതിലൂടെ പൊതു ഇടങ്ങളിലേക്കുള്ള പ്രവേശവുമാണ് ഒന്നാം ഫെമിനിസ്റ്റ് തരംഗമായി
നിരീക്ഷിക്കപ്പെടുന്നത്. തുടര്‍ന്ന് 1960-70കളില്‍ രൂപപ്പെട്ട നിരവധിയായ
സ്ത്രീസ്വതന്ത്ര്യപ്രസ്ഥാനങ്ങള്‍ രണ്ടാം തരംഗമായി അറിയപ്പെട്ടു.
സാമൂഹികമായും നിയമപരമായുമുള്ള തുല്യതയ്ക്കായാണ് ഇവ പരിശ്രമിച്ചത്.
കറുത്തവര്‍ഗക്കാര്‍ക്കും കീഴാളവിഭാഗങ്ങള്‍ക്കുമിടയിലെ സ്ത്രീകള്‍
വരേണ്യസമൂഹത്തിലെ സ്ത്രീകളാല്‍ തമസ്‌കരിക്കപ്പെടുന്ന സാഹചര്യത്തില്‍
വംശീയതയുടെ പേരിലുള്ള നീതിക്കായി നടത്തിയ ലിംഗപദവി പോരാട്ടങ്ങളെയാണ്
മൂന്നാം ഫെമിനിസ്റ്റ് തരംഗങ്ങളായി അടയാളപ്പെടുത്തിയത്. അഭയാര്‍ഥി
അവസ്ഥകളുടെയും സാംസ്‌കാരിക വൈവിധ്യങ്ങളുടെയും വംശീയ ഇടപെടലുകളുടെയും
ലോകത്തെ ലിംഗപദവി അസമത്വങ്ങള്‍ പുറത്തുകൊണ്ടുവന്നു നാലാം
ഫെമിനിസ്റ്റ്തരംഗം.
ഇന്ത്യന്‍ സമൂഹങ്ങളിലും സമാന്തര തരംഗങ്ങള്‍ തിരിച്ചറിയപ്പെടുന്നു.
പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ വിദേശമിഷണറിമാര്‍ നേതൃത്വം നല്കിയ
സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളും അനാചാരങ്ങള്‍ക്കെതിരെയും
മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുമുള്ള ശക്തമായ സമരങ്ങള്‍, സ്വാതന്ത്ര്യ
സമരരംഗത്ത് ഗാന്ധിജിയുടെ നേതൃത്വത്തില്‍ വളര്‍ന്നുവന്ന സ്ത്രീശാക്തീകരണ
പ്രസ്ഥാനങ്ങള്‍, സ്വാതന്ത്ര്യാനന്തര സ്ത്രീശാക്തീകരണപ്രസ്ഥാനങ്ങള്‍
ഇവയൊക്കെ ഫെമിനിസ്റ്റ് തരംഗങ്ങളായി നിരീക്ഷിക്കപ്പെടുന്നു. തുല്യമായ
സ്വകാര്യ സ്വത്തവകാശത്തിന്, വിദ്യാഭ്യാസതൊഴില്‍ അവകാശത്തിന്, കുടുംബത്തിലെ
നീതിയുക്തമായ പങ്കാളിത്തത്തിന് ഒക്കെ മൂന്നാം തരംഗം സാക്ഷ്യം വഹിക്കുന്നു.
അക്രമത്തിനും പീഡനത്തിനുമെതിരായി നീതി തേടിക്കൊണ്ടാണ് നാലാം തരംഗം ഇവിടെ
പ്രത്യക്ഷപ്പെടുന്നത്. മാധ്യമങ്ങളില്‍, പ്രത്യേകിച്ചും നവമാധ്യമങ്ങളില്‍
നാലാം ഫെമിനിസ്റ്റ് തരംഗം അനിഷേധ്യമായ ഇടം കണ്ടെത്തി. വിവേചനപരമായ എല്ലാ
നീക്കങ്ങള്‍ക്കുമെതിരെ, ആണധികാരത്തിന്റെ രാഷ്ട്രീയസാമൂഹികമതാത്മകമായ എല്ലാ
തലങ്ങള്‍ക്കുമെതിരെ സ്ത്രീകള്‍ മുന്നോട്ടുവരുന്നു. പിതൃത്വത്തിന്റെ
ഉത്തരവാദിത്തപങ്കാളിത്തവും ആണ്‍-പെണ്‍ വൈയക്തികബന്ധങ്ങളിലെ ഉത്തരവാദിത്തവും
ആവശ്യപ്പെടുന്നു ഈ കാലം. നവമാധ്യമങ്ങളില്‍ക്കൂടിയുള്ള ഹാഷ് ടാഗ്
ക്യാംപെയ്നുകള്‍: മീ റ്റൂ; യെസ് ഓള്‍ വിമെന്‍; ബ്രിങ് ബാക് അവര്‍ ഗേള്‍സ്
തുടങ്ങിയുള്ള ഇടങ്ങള്‍ സ്ത്രീശക്തീകരണത്തിന്റെയും സ്വാഭിമാനത്തിന്റെയും
തുല്യതയുടെയും കളമെഴുത്തുകളാണ്; പ്രതിരോധങ്ങളാണ്. യു.എന്‍ ഇപ്പോള്‍
നിര്‍ദേശിക്കുന്ന ' ഓരോരുത്തരും തുല്യതയിലേക്ക്'എന്ന ലിംഗപദവി
ശാക്തീകരണപ്രമേയം കൂടി നാലാം തരംഗത്തോട് ചേര്‍ത്തുവായിക്കാം.
ഫെമിനിസം ഉപജീവനത്തിന്റേതുകൂടിയാണ്
ഡോ. മിനിപ്രസാദ്
എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക, അധ്യാപിക
എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക, അധ്യാപിക
ചരിത്രത്തിലും സംസ്‌കാരത്തിലും തമസ്‌കരിക്കപ്പെട്ട ഒരു സമൂഹത്തിന് നാവും
ശബ്ദവും നല്‍കുകയാണ് ഫെമിനിസം എന്ന പ്രസ്ഥാനം കൊണ്ട് അര്‍ഥമാക്കിയത്.
തങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തെക്കുറിച്ച് അതിന്റെ
പ്രോദ്ഘാടകര്‍ക്ക് ശരിയായ ബോധ്യവുമുണ്ടായിരുന്നു. ചരിത്രം പോലും അവന്റെ
കഥകളും വീരഗാഥകളും മാത്രമായിപ്പോയ ഒരു കാലത്ത് (His-story ആണ് ചരിത്രം
Her-story അല്ല) അങ്ങനെയൊരു സമൂഹത്തിന് ശക്തമായ ഒരു ശക്തമായ സ്ഥാനം
നേടിക്കൊടുക്കേണ്ട കര്‍ത്തവ്യമാണ് തങ്ങളുടേത് എന്ന ബോധത്തോടെ
പ്രവര്‍ത്തിച്ചതിനാല്‍ അവരുടെ വാക്കുകള്‍ക്ക് ചാട്ടുളിയുടെ മൂര്‍ച്ചയും
പാരുഷ്യവും ഉണ്ടായി.
നിലനിന്ന സാമൂഹ്യ വ്യവസ്ഥിതിയോടുള്ള പ്രതിഷേധം എന്ന നിലയില്‍,
പിതൃആധിപത്യ വ്യവസ്ഥിതിയോടുള്ള വെല്ലുവിളി എന്ന നിലയില്‍ സ്ത്രീവാദികളുടെ
പ്രവൃത്തിയും പ്രഖ്യാപനങ്ങളും ഉള്‍ക്കൊള്ളാന്‍ ഈ സമൂഹത്തിനും
പ്രയാസകരമായിരുന്നു. അന്ന് അവര്‍ ചെയ്ത പ്രവൃത്തിയുടെ പേരില്‍ത്തന്നെയാണ്
ഇന്നും അത് വിലയിരുത്തപ്പെടുന്നത് എന്നതാണ് ഖേദകരമായ വസ്തുത. 1960-ല്‍ അത്
തുടങ്ങിയ കാലത്ത് നിന്നും മുന്നോട്ട് പോയി മറ്റ് ആശയങ്ങളോട് ചേര്‍ന്ന്
വളര്‍ച്ച പ്രാപിച്ചു. അങ്ങനെ ഫെമിനിസം പാരിസ്ഥിതിക ചിന്തകളോട് ചേര്‍ന്ന്
പ്രവര്‍ത്തനവിധേയമാവുന്നതാണ് ഇക്കോഫെമിനിസം അഥവാ പരിസ്ഥിതി തീവ്രവാദം.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ഭൂമിയുടെ നിലനില്‍പ്പിന് നേരെ
ഭീഷണികളുയര്‍ന്നു തുടങ്ങിയത്. ഭൂമിയിലെ വാഴ്വ് വലിയ പ്രതിസന്ധിയിലൂടെ
കടന്നുപോകുന്നു എന്നുള്ള തിരിച്ചറിവുകളാണ് പരിസ്ഥിതി ചിന്തകള്‍ക്ക്
അടിസ്ഥാനമായത്. സയന്‍സിന്റെ അപൂര്‍വമായ വളര്‍ച്ച പരിസ്ഥിതിയെ ചൂഷണം ചെയ്ത്
മുന്നോട്ട് പോയപ്പോള്‍ ജീവന്റെ നിലനില്‍പ്പ് ഭീഷണിയാകും വിധം
വെല്ലുവിളികള്‍ ശക്തമാവുന്നുണ്ട് എന്ന തിരിച്ചറിവില്‍ നിന്നാണ് പാരിസ്ഥിതിക
ദര്‍ശനങ്ങള്‍ ശക്തമാവുന്നത്. സ്ത്രീയെയും പരിസ്ഥിതിയെയും ചൂഷണം ചെയ്തതും
വിലയിടിച്ചതും പിതൃആധിപത്യ മൂല്യവ്യവസ്ഥയില്‍ ഊന്നിനിന്ന ശാസ്ത്രവും
സാങ്കേതിക വിദ്യയും കൂടിയായിരുന്നു.
അതുകൊണ്ട് ചൂഷണവിധേയമാകുന്ന സകലതിനോടും ഒപ്പമുള്ള ഒരു മോചനമാണ് ആവശ്യം
എന്നുമുളള കാഴ്ചപ്പാടിന്റെ ഭാഗമാണ് ഇക്കോഫെമിനിസം എന്ന പുതിയ
ദര്‍ശനത്തിന്റെ ഉദയത്തിന്റെ കാരണമായത്. സ്ത്രൈണചേതനയ്ക്ക് മാത്രം
സാദ്ധ്യമാകുന്ന സഹജഭാവത്തിന്റെ കനിവിലൂടെ ഈ ഭൂമിയേയും അതിന്റെ
സര്‍വചരാചരങ്ങളെയും ചേര്‍ത്തുപിടിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ് ഈ
ദര്‍ശനം. പുരുഷനില്‍ നിന്നുള്ള മോചനം മാത്രം ലക്ഷ്യമാക്കിരുന്ന ലിബറല്‍
ഫെമിനിസത്തില്‍ നിന്നും ഇക്കോഫെമിനിസം പലതലങ്ങളില്‍ വ്യത്യസ്തമാണ്.
പുരുഷനല്ല സ്ത്രീയുടെ ലക്ഷ്യമെന്നും സ്ത്രീയായിരിക്കുമ്പോളുള്ള ശാരീരിക
വ്യതിയാനങ്ങളെ അധമബോധത്തോടെയല്ല വീക്ഷിക്കേണ്ടതെന്നും ആ ദര്‍ശനം അന്നേ
തന്നെ പറഞ്ഞുവച്ചു. പുരുഷനോടല്ല, പുരുഷവ്യവസ്ഥകളോടാണ് കലമ്പേണ്ടതെന്നുതന്നെ
പറഞ്ഞു. നിലവിലുള്ള സാമ്പത്തിക-സാമൂഹിക സ്ഥിതിയ്ക്കെതിരെയുള്ള
പ്രക്ഷോഭമാണ് ആവശ്യമെന്നതിലും അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു.
1974-ല്‍ എഴുതിയ The Time of Ecofeminism എന്ന ലേഖനത്തിലൂടെ ഫ്രഞ്ച്
ഫെമിനിസ്റ്റ് ഫ്രാന്‍സ്വാ ദ യൂബോണ്‍ ആണ് ഈ ദര്‍ശനം മുന്നോട്ട് വച്ചത്.
കൃഷിയും ഭൂമി ഉടമസ്ഥതയും സ്ത്രീയുടെ ഉടമസ്ഥതയില്‍ നിന്നും
അപഹരിക്കപ്പെടുകയും പകരം പുരുഷാധിപത്യം അവയത്രയും കാല്‍ക്കീഴമര്‍ത്തുകയും
ചെയ്തതാണ് ഭൂമിയുടെ നാശത്തിന് കാരണമായതെന്നും പറഞ്ഞാണ് ഫ്രാന്‍സ്വാ തന്റെ
ലേഖനം അവസാനിപ്പിക്കുന്നത്. സ്ത്രൈണതയില്‍ അധിഷ്ഠിതമായ ഭൂമിലോകത്തില്‍
എല്ലാവര്‍ക്കും സുരക്ഷിതമായ ഒരിടം പ്രദാനം ചെയ്യും എന്നായിരുന്നു അവര്‍
ഊന്നിപ്പറഞ്ഞത്.
മനുഷ്യരെ ആണും പെണ്ണും എന്നതിനപ്പുറത്തേക്ക് മനുഷ്യരായി മാത്രം
പരിഗണിക്കുക എന്നാഹ്വാനം ചെയ്ത ഫ്രാന്‍സ്വാ ഒരുപക്ഷേ ഹ്യൂമനിസമായിട്ടാണ് ഈ
ദര്‍ശനത്തെ കണ്ടത്. എന്തുകൊണ്ട് സ്ത്രീയെ ഈ ചുമതല ഏല്‍പ്പിച്ചു
എന്നാണെങ്കില്‍ പാരിസ്ഥിതിക ദുരന്തങ്ങള്‍ അവളെ കൂടുതല്‍ ബാധിക്കുന്നു.
ജലക്ഷാമം രൂക്ഷമാകുന്നതോടെ കുടിവെള്ളത്തിനായുള്ള സ്ത്രീയുടെ അലച്ചില്‍
വര്‍ധിക്കുന്നു. വനങ്ങളുടെ നാശമാകട്ടെ കാലിത്തീറ്റയ്ക്കും വിറകിനുമായുള്ള
നടത്തം കൂട്ടുന്നു. അതിലൂടെ അവളുടെ ആരോഗ്യത്തിന് ക്ഷയം സംഭവിക്കുന്നു.
കീടനാശിനികളുടെ അമിത ഉപയോഗം പ്രകൃതിയ്ക്കും അതിന്റെ സര്‍വചരാചരങ്ങള്‍ക്കും
പ്രതികൂലമായിരിക്കുന്നതുപോലെ കൊഴുപ്പുകൂടുതലുള്ള സ്ത്രീയുടെ ശരീരത്തില്‍
അവയുടെ അവശിഷ്ടങ്ങളും കൂടുതലായി അടിഞ്ഞുകിടക്കും. അങ്ങനെ പ്രകൃതിയുടെ
ദുരന്തങ്ങളോരോന്നും സ്ത്രീയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പുരുഷന്
പ്രാമുഖ്യമുള്ള ഇന്നത്തെ അധികാരഘടനകളൊന്നും രേഖീയമായ വികസനത്തിന്റെ
ബാക്കിപത്രങ്ങളായ ഇത്തരം ദുരന്തങ്ങളുണ്ടെന്ന് നടിക്കുകയില്ല.
മേരിഡാലി സൂസന്‍ഗ്രിഫിന്‍, കരോളിന്‍ മര്‍ച്ചെന്റ്, റോസ്മേരി റൂതര്‍ഫോഡ്
എന്നിവരിലൂടെ ഇക്കാഫെമിനിസത്തിന് രൂപങ്ങളും ഭാവങ്ങളും കൈ വന്നു. വാല്‍പല്‍
വുഡ് വിശേഷിപ്പിച്ചതുപോലെ ആശയവൈവിധ്യത്തിന്റെ ഒരു വലിയ കുടക്കീഴ് ആയി ഇത്
പരിഗണിക്കപ്പെട്ടു. നാടുകടത്തപ്പെടുന്നവരും ഭൂമാതാക്കളും
ഭ്രഷ്ടരാക്കപ്പെടുന്നവരും കുലീനരായ കാട്ടാളരും അധ്വാനിക്കുന്ന ജനസമൂഹങ്ങളും
എല്ലാമടങ്ങുന്ന ഒരു വലിയ കുടക്കീഴ്. ഇവ ശ്രദ്ധയോടെ പുതിയസദാചാരം
സൃഷ്ടിക്കുന്നു. സ്ത്രൈണതയുടെ സഹജാവബോധത്തിലൂന്നി നില്ക്കുന്ന ഈ പ്രസ്ഥാനം
സഹഭാവത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഉപഭോഗസംസ്‌കാരത്തിന് ചൂഷണവിധേയയായ
പെണ്ണിനോട്, നശിച്ചുപോയ സസ്യജാലങ്ങളോട്, അന്യം നില്‍ക്കുന്ന
ജന്തുജാലങ്ങളോട് എല്ലാം ഒരേ മനോഭാവത്തോടെ പൊരുത്തപ്പെടാനും അവരെ
ചേര്‍ത്തുപിടിക്കാനും. ചിപ്കോ പ്രസ്ഥാനത്തിലൂടെ മരങ്ങളുടെ പൂത്തു നിന്ന
സ്നേഹവും സിംഹവാലന്‍ കുരങ്ങിലൂടെ നിശബ്ദത താഴ്വരയെ സംരക്ഷിക്കാന്‍ നടന്ന
പ്രക്ഷോഭങ്ങളെയും ഇതോട് ചേര്‍ത്താണ് വായിക്കുന്നത്.
മണ്ണും വെള്ളവും സസ്യങ്ങളും ജന്തുജാലങ്ങളെയും കൂടി ഉള്‍പ്പെടുത്തി സമൂഹം
എന്ന സങ്കല്പത്തെ ഇവര്‍ വികസിപ്പിക്കുന്നു. അങ്ങനെ ജൈവസംസ്‌കൃതിയുടെ
പാരസ്പര്യത്തില്‍ ആരോഗ്യദായകമായ മണ്ണും വെള്ളവും വായുവുമായി പ്രാദേശിക
സ്വയംപര്യാപ്തത. സാമൂഹ്യനീതിയില്‍ ഊന്നി നില്ക്കുന്ന ഈ പ്രസ്ഥാനം ജീവന്റെ
നിലനില്‍പിന്റെ വലിയ ദര്‍ശനമാണ്. അത് കൊണ്ടാണ് വന്ദനാശിവ ഇതിനെ
ഉപജീവനത്തിന്റെ ഫെമിനിസം എന്നുവിശേഷിപ്പിച്ചത്. ഇതൊരു ദര്‍ശനം എന്നതില്‍
കവിഞ്ഞ് അവസാനത്തെ ജീവനോപായമാണെന്ന ആവാസയോഗ്യമാം വിധം വരുംതലമുറയ്ക്ക് കൈ
മാറണമെങ്കില്‍ ഈ സഹഭാവത്തിന്റെ കനിവ് മാത്രമേ നമുക്കുള്ളൂ എന്നുപോലും
ഓര്‍ക്കേണ്ടതുണ്ട്.
സിദ്ധാന്തങ്ങള്‍ക്ക് മെരുങ്ങാന്‍ കൂട്ടാക്കാത്ത എന്റെ ഫെമിനിസ്റ്റ്
സ്മിത നെരവത്ത്
എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക, അധ്യാപിക
എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക, അധ്യാപിക
വെര്‍ജീനിയ വൂള്‍ഫിനേയോ, സിമോണ്‍ ദ ബുവിനേയോ ഞാന്‍
വായിച്ചിട്ടില്ലായിരുന്നു. പക്ഷേ ഞാന്‍ ഫെമിനിസ്റ്റായിരുന്നു. ചെറിയ
കുട്ടിയായിരുന്നപ്പോള്‍ എപ്പഴോ നേരം വൈകിയെത്തിയതിന് അച്ഛന്‍ നന്നായി
അടിച്ചപ്പോള്‍ അടുക്കളയിലെ പാതകത്തിനടിയില്‍ ഒളിച്ചിരുന്നു ഞാന്‍ വിളിച്ചു
കൂവി., 'നിങ്ങള്‍ തിന്നാന്‍ തരുന്നുണ്ടെന്നു കരുതി ഞാന്‍ നിങ്ങളുടെ
അടിമയല്ല '. വീണ്ടും തല്ലാനോങ്ങിയ അച്ഛന്‍ ഒരു നിമിഷം അനങ്ങാതെ നിന്നു.
പിന്നെ വടി താഴെയിട്ട് നിശബ്ദനായി തിരികെ തന്റെ വായനാമുറിയിലേക്കു പോയി.
എനിക്കു നിഷേധിക്കപ്പെട്ട ഇടങ്ങള്‍, സ്വപ്‌നങ്ങള്‍, കൂട്ടുകാര്‍
ഒക്കെയും എന്നെ അന്നേ അസ്വസ്ഥമാക്കിയിട്ടുണ്ട്. അതെനിക്കു തന്നത് കടുത്ത
തലവേദനയും, നിരന്തരമായ വേദനകളും മാത്രമായിരുന്നു. ബസ്സില്‍, ക്ലാസില്‍,
വീട്ടില്‍, സംഘടനകളില്‍, നിരത്തില്‍ ഒക്കെയും ഞാന്‍ ആണധികാരത്തോടു കലഹിച്ചു
കൊണ്ടേയിരുന്നു. വീട് ഏറ്റവും അസ്വസ്ഥത നിറഞ്ഞ ഇടമായി. വായിക്കുന്ന
കഥകളിലെ, പ്രത്യേകിച്ച് പെണ്ണെഴുത്തുകാരുടെ കഥകളിലെ കഥാപാത്രങ്ങള്‍ ഞാന്‍
തന്നെയായി മാറി. ആശാ പൂര്‍ണ്ണദേവിയുടെ ട്രിലോജികളിലെ, സുവര്‍ണ്ണലതയിലെ,
ബകുളിന്റെ കഥയിലെ പെണ്ണുങ്ങള്‍, മാധവിക്കുട്ടിയുടെ, സാറാ ജോസഫിന്റെ, ബി.എം.
സുഹറയുടെ, ഒക്കെ എഴുത്തുകളിലെ പെണ്ണുങ്ങള്‍ എന്നെ വിടാതെ
പിന്തുടര്‍ന്നു.അവര്‍ക്കൊപ്പം ഞാന്‍ കരഞ്ഞു, സന്തോഷിച്ചു, അതിരുകള്‍
കടക്കുന്നതിന്റെ സ്വാതന്ത്ര്യം ആസ്വദിച്ചു.
ഏറ്റവും അടുത്ത സുഹൃത്തും പിന്നെ പങ്കാളിയുമായ പ്രകാശന്‍ എന്റെ അസ്വസ്ഥതകളെ തിരിച്ചറിഞ്ഞ് നിരന്തരം ഫെമിനിസത്തെക്കുറിച്ചും നിലനില്‍ക്കുന്ന വ്യവസ്ഥയുടെ പരിമിതിയെക്കുറിച്ചും ഒക്കെ എനിക്ക് എഴുതുകയും, എന്നോട് സംസാരിക്കുകയും ചെയ്യുന്ന കാലത്ത് എനിക്ക് 20 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അപ്പോഴും ഞാനെന്റെ കാഴ്ചകളിലൂടെ ലോകത്തെ കാണാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നില്ല. പക്ഷേ ഫെമിനിസം ലോകത്തിന്റെ തന്നെ വിമോചനത്തിലേക്കുള്ള പല വഴികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് മെല്ലെ മെല്ലെ ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. അന്ധമായ പുരുഷ വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രമെന്ന ചീത്തപ്പേര് പ്രവര്‍ത്തന പദ്ധതിക്കുണ്ടായിരുന്നുവെന്ന് മുഖ്യധാര വ്യവഹാരങ്ങളും, ജനപ്രിയ സിനിമകളും, പുസ്തകങ്ങളുമെല്ലാം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ എനിക്കങ്ങനെ തോന്നിയതേയില്ല. പാതി വരുന്ന മനുഷ്യര്‍, സ്ത്രീകള്‍ നിരന്തരം അടിച്ചമര്‍ത്തപ്പെടുന്നതിനെ തിരിച്ചറിഞ്ഞ, അതിനെതിരെ കലഹിച്ച, സമരം ചെയ്ത, സാമൂഹികമായ വലിയ മാറ്റങ്ങള്‍ക്കു വഴിതെളിക്കുന്ന ഈ ചിന്താപദ്ധതിക്ക് എങ്ങനെ പുരുഷ വിദ്വേഷിയാവാന്‍ കഴിയും?
ഏറ്റവും അടുത്ത സുഹൃത്തും പിന്നെ പങ്കാളിയുമായ പ്രകാശന്‍ എന്റെ അസ്വസ്ഥതകളെ തിരിച്ചറിഞ്ഞ് നിരന്തരം ഫെമിനിസത്തെക്കുറിച്ചും നിലനില്‍ക്കുന്ന വ്യവസ്ഥയുടെ പരിമിതിയെക്കുറിച്ചും ഒക്കെ എനിക്ക് എഴുതുകയും, എന്നോട് സംസാരിക്കുകയും ചെയ്യുന്ന കാലത്ത് എനിക്ക് 20 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അപ്പോഴും ഞാനെന്റെ കാഴ്ചകളിലൂടെ ലോകത്തെ കാണാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നില്ല. പക്ഷേ ഫെമിനിസം ലോകത്തിന്റെ തന്നെ വിമോചനത്തിലേക്കുള്ള പല വഴികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് മെല്ലെ മെല്ലെ ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. അന്ധമായ പുരുഷ വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രമെന്ന ചീത്തപ്പേര് പ്രവര്‍ത്തന പദ്ധതിക്കുണ്ടായിരുന്നുവെന്ന് മുഖ്യധാര വ്യവഹാരങ്ങളും, ജനപ്രിയ സിനിമകളും, പുസ്തകങ്ങളുമെല്ലാം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ എനിക്കങ്ങനെ തോന്നിയതേയില്ല. പാതി വരുന്ന മനുഷ്യര്‍, സ്ത്രീകള്‍ നിരന്തരം അടിച്ചമര്‍ത്തപ്പെടുന്നതിനെ തിരിച്ചറിഞ്ഞ, അതിനെതിരെ കലഹിച്ച, സമരം ചെയ്ത, സാമൂഹികമായ വലിയ മാറ്റങ്ങള്‍ക്കു വഴിതെളിക്കുന്ന ഈ ചിന്താപദ്ധതിക്ക് എങ്ങനെ പുരുഷ വിദ്വേഷിയാവാന്‍ കഴിയും?
ഞാന്‍ വെര്‍ജീനിയ വൂള്‍ഫിനെ വായിച്ചു. സിമോണ്‍ ദബുവയെ വായിച്ചു.
കെയ്റ്റ് മില്ലറ്റ്, സീസു, ക്രിസ്തേവാ, ഇറിഗാറെ, ജൂഡിത്ത് ബട്ട്ലര്‍,
എലേന്‍ ഷോവാള്‍ട്ടര്‍ എന്നിങ്ങനെ നിരവധി പ്രതിഭാധനരായ പെണ്ണുങ്ങളുടെ
എഴുത്തുകളിലൂടെ എന്റെ ചിന്തകളെ മിനുക്കിയെടുത്തു. ആദ്യമൊക്കെ ആണധികാര
പ്രിവിലേജുകള്‍ ആസ്വദിക്കുന്ന എന്റെ എല്ലാ ആണുങ്ങളോടും ഞാന്‍
കലഹിച്ചിരുന്നു. ചിലര്‍ എന്നോട് തര്‍ക്കിച്ചു. പിണങ്ങി, വഴിമാറിപ്പോയി.
ചിലര്‍ തിരിച്ചറിവിന്റെ തെളിച്ചത്തോടെ സംസാരിക്കാന്‍ തയ്യാറായി. ആണ്‍ ലോകം
തയ്യാറാക്കി തന്ന രൂപത്തെ, നടപ്പിനെ', ഭാഷയെ ഒക്കെ ഉപേക്ഷിക്കാനും,
മാറ്റിപ്പണിയാനും ശ്രമിച്ചു തുടങ്ങി. മുടി മുഴുവനായും മൊട്ടയടിച്ചു.
രാത്രിയില്‍ ഏറെ യാത്ര ചെയ്തു. പുരുഷ സൗഹൃദങ്ങളെ ഒളിമറ ഇല്ലാതെ പുറത്തു
കാട്ടി. അന്നേരം അനുഭവിച്ച സംഘര്‍ഷങ്ങളെ ചിരിച്ചു തള്ളി. കുടുംബത്തിലേക്ക്
മെല്ലെ മെല്ലെ മാറ്റങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു.താന്‍ അതുവരെ അനുഭവിച്ച ചില
പ്രിവിലേജുകള്‍ ഒഴിവാക്കി എന്റെ പങ്കാളി അടുക്കളയില്‍ പണിയെടുക്കാനും,
കുഞ്ഞിനെ പോറ്റാനും ഒക്കെ തുടങ്ങി. എന്റെ വ്യത്യസ്തമായ
ലോകത്തെഅംഗീകരിക്കാന്‍ അവന്‍ പതിയെ പതിയെ തയ്യാറായി. വീട്ടിലേക്കു
മാത്രമായി ഞാന്‍ ചുരുങ്ങിപ്പോകുന്നുവെന്ന് തോന്നുമ്പോഴൊക്കെ, എന്റെ
അധ്വാനത്തെ അംഗീകരിക്കാതിരിക്കുമ്പോള്‍ ഒക്കെ ഞാനവനോടും കലഹിക്കും.
പിണങ്ങും. മകനെ ഒരാണ്‍കുട്ടിക്കു എക്കാലവും കുടുബത്ത് നല്‍കുന്ന പരിഗണനകള്‍
കൊടുക്കാതെ വളര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ, ട്രാന്‍സ്ജെന്‍ഡേസ്, ഗേ,
ലെസ്ബിയന്‍ തുടങ്ങിയ വ്യത്യസ്ത മനുഷ്യരെ അടുത്തറിയാന്‍ തുടങ്ങി.
പുരുഷാധികാര വ്യവസ്ഥയുടെ ഇരകള്‍ തന്നെയാണ് പുരുഷനെന്നും, അവന്‍ പക്ഷേ അത്
തിരിച്ചറിയാതിരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും മനസിലാക്കി.
കലഹിക്കാതെ തന്നെ അവനെ തിരുത്താനും, അവനോട് സംവദിക്കാനും ഉള്ള ഇടങ്ങള്‍
വികസിപ്പിച്ചെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അവളെ
മുറിപ്പെടുത്തുന്ന എല്ലാത്തരം അനീതികളോടും വിട്ടുവീഴ്ചയില്ലാതെ പൊരുതാന്‍
മടിച്ചതേയില്ല. പെണ്ണിന്റെ അനുഭൂതികളുടെ ലോകത്തെ മെല്ലെ
തിരിച്ചറിഞ്ഞു.ശരീരത്തിന്റെ ആനന്ദങ്ങള്‍ തികച്ചും സ്വതന്ത്രമായി
ആസ്വദിക്കാന്‍ പഠിച്ചു. സിസ്റ്റര്‍ഹുഡ് അഥവാ സാഹോദര്യത്തിന്റെ കരുണ നിറഞ്ഞ
ലോകത്തേക്ക് അതെന്നെ നയിച്ചു. ചിന്തിക്കുന്ന, ബുദ്ധിയുള്ള
പെണ്ണുങ്ങളുമായതെനിക്കു സൗഹൃദം നല്‍കി. സ്വാതന്ത്ര്യത്തിന്റെ ലോകം
തിരിച്ചറിയാതെ പോയി ജീവിച്ചുതീര്‍ക്കുന്ന പെണ്ണുങ്ങളെ ചേര്‍ത്തുപിടിക്കാന്‍
അതെനിക്കു കരുത്തു തന്നു.
പെണ്ണിന്റെ പ്രശ്നങ്ങള്‍ തന്നെ വ്യത്യസ്തമാണെന്ന് ഫെമിനിസം എന്നെ
പഠിപ്പിച്ചു. ദളിത് സ്ത്രീയുടെയും കറുത്ത വര്‍ഗ്ഗ സ്ത്രീകളുടെയും
പ്രശ്നങ്ങള്‍ മറ്റു സ്ത്രീകളില്‍ നിന്നു വ്യത്യസ്തമാണെന്നു
ഫെമിനിസ്റ്റുകള്‍ വിളിച്ചു പറഞ്ഞു. ആലീസ് വാക്കറുടെ വുമണിസം, പുതിയ
കാഴ്ചകളിലേക്ക്, അനുഭവങ്ങളിലേക്ക് കൂട്ടികൊണ്ടു പോയി. ഹെട് റോസെക്ഷ്യല്‍
ഫെമിനിസ്റ്റുകളോട് ലെസ്ബിയന്‍സ് സ്ത്രീകളല്ല എന്ന മോണിക്ക വിറ്റിംഗിന്റെ
തുറന്നടിക്കല്‍ അതുവരെയുള്ള ബോധത്തിനേറ്റ കനത്ത അടിയായി. സ്വയം
വിമര്‍ശനത്തെ, വൈവിധ്യത്തെ ഇത്രമേല്‍ ഉള്‍ക്കൊള്ളുന്ന മറ്റേത്
പ്രസ്ഥാനമാണുള്ളത്! അവസാനത്തെ പെണ്ണും, അരികുവല്‍ക്കരിക്കപ്പെട്ട LGBT
വിഭാഗങ്ങളും ട്രാന്‍സ് മനുഷ്യരുമെല്ലാം വിമോചിപ്പിക്കപ്പെടും വരെ,
അവരെല്ലാം സ്വാതന്ത്ര്യത്തിന്റെ, ജനാധിപത്യത്തിന്റെ പുതിയ
ലോകത്തിലേക്കുണരും വരെ ആത്മാര്‍ത്ഥമായി നെഞ്ചില്‍ കൈവച്ച് തന്നെ പറയും, അതെ
ഞാന്‍ ഫെമിനിസ്റ്റാണ്.
By
ഷബിത
ഷബിത
No comments:
Post a Comment