Pages

14 January 2020

റിസർവ് ബാങ്ക് എന്ന ഗോമാതാവ്

ജോർജ്‌ ജോസഫ്‌

സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ വീണ്ടും കൈയിട്ടുവാരുകയാണ് കേന്ദ്ര സർക്കാർ. ഇടക്കാല ലാഭവിഹിതമായി 40,000 കോടി രൂപ അനുവദിക്കണമെന്നാണ് റിസർവ് ബാങ്കിനോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തികവളർച്ച താഴോട്ടായ സാഹചര്യത്തിൽ ,‘അസാധാരണമായ' ഒരു വർഷം എന്ന സ്ഥിതി പരിഗണിച്ച്, പണം അനുവദിക്കണമെന്നാണ് ആവശ്യം.

സാധാരണഗതിയിൽ ആർബിഐ ഇടക്കാല ലാഭവിഹിതം അനുവദിക്കുന്ന പതിവില്ല. എന്നാൽ, കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ തുടർച്ചയായി ഇടക്കാല ഡിവിഡന്റ് നൽകുന്നതിന് സർക്കാർ നിർബന്ധിക്കുകയും റിസർവ് ബാങ്ക് അത് അനുവദിക്കുകയും ചെയ്തു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് 1 .76 ലക്ഷം കോടി രൂപ ഈ ഇനത്തിൽ സർക്കാരിന് കൈമാറിയത്. ഇതിൽ 1.48 ലക്ഷം കോടിയും നടപ്പ് സാമ്പത്തികവർഷത്തിൽ മുൻകൂറായി നൽകിയതാണ്. ഇതിനു പുറമെയാണ് 40,000 കോടി കൂടി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
നികുതിവരുമാനം ഉൾപ്പെടെയുള്ള ധനാഗമ മാർഗങ്ങളിൽ വലിയ തോതിൽ ഇടിവുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ റിസർവ് ബാങ്കിനെ പിഴിയുന്നത്. പരോക്ഷനികുതിയിൽ, പ്രത്യേകിച്ച് ജി എസ്ടിയിൽ നിന്നുള്ള വരുമാനത്തിലെ ഗണ്യമായ ചോർച്ച ധനകമ്മി രൂക്ഷമാക്കി. ധനകമ്മി പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 115 ശതമാനം അധികമാകുമെന്നാണ് ഇപ്പോൾ കണക്കാക്കപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ആദായനികുതി ഇളവ് ഉൾപ്പെടെയുള്ള ചില ജനപ്രിയപ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഇത് ചെലവുകൾ കുത്തനെ ഉയർത്തും. ഇത്തരത്തിൽ സാമ്പത്തികപ്രതിസന്ധി അതിസങ്കീർണമാകുകയും അത് പരിഹരിക്കുന്നതിന് സർക്കാരിന് മുന്നിൽ പോംവഴികൾ കുറഞ്ഞതുമാണ് വീണ്ടും റിസർവ് ബാങ്കിനെ സമീപിക്കുന്നതിന് കാരണം. ക്യാപിറ്റൽ റിസർവ് എന്ന രീതിയിൽ ഇത്ര വലിയ ശേഖരം ആവശ്യമില്ല എന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളത്. അതുകൊണ്ട് മൂന്ന് ലക്ഷം കോടി രൂപയെങ്കിലും സർക്കാർ ഖജനാവിലേക്ക് കൈമാറണമെന്ന് ഒന്നാം മോഡി സർക്കാർ റിസർവ് ബാങ്കിന് മുന്നിൽ നിർദേശം സമർപ്പിച്ചിരുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നതും ആർബിഐയുടെ സ്വയംഭരണ അവകാശങ്ങളിലേക്ക് നേരിട്ടുള്ള കടന്നുകയറ്റവുമായ ഇതിനെ അന്നത്തെ ഗവർണർ ഉർജിത് പട്ടേൽ ഉൾപ്പെടെയുള്ളവർ എതിർത്തു. എന്നാൽ, തങ്ങളുടെ ഇംഗിതം ഒരു വിദഗ്ധസമിതിയുടെ റിപ്പോർട്ടായി കൊണ്ടുവന്ന്, അത് റിസർവ് ബാങ്കിന്റെ ഡയറക്ടർ ബോർഡിനെ കൊണ്ട് അംഗീകരിപ്പിച്ചാണ് കേന്ദ്രസർക്കാർ തീരുമാനം നടപ്പാക്കിയത്. തുടർന്ന് റിസർവ് ബാങ്കിന്റെ ചരിത്രത്തിൽ രാജിവയ്‌ക്കേണ്ടിവരുന്ന അഞ്ചാമത്തെ ഗവർണറായി ഉർജിത് പട്ടേലിന് മാറേണ്ടി വന്നു. പകരം ഒരു പാവ ഗവർണറെ അവരോധിക്കുകയും അദ്ദേഹവും ഡയറക്ടർ ബോർഡും മോഡി–-അമിത് ഷാ കൂട്ടുകെട്ടിന്റെ താളത്തിന് തുള്ളുന്നതുമാണ് ഇപ്പോൾ ആർബിഐയിൽ നടക്കുന്നത്. വിയോജിപ്പ് തുറന്ന് പ്രകടമാക്കിയ ഡെപ്യൂട്ടി ഗവർണർ വിരൽ ആചാര്യയും കേന്ദ്ര ബാങ്കിന്റെ പടിയിറങ്ങി.

ലാഭവിഹിതം അവകാശമല്ല
കേന്ദ്രസർക്കാരിന് ഇങ്ങനെ ലാഭവീതം ആവശ്യപ്പെടാൻ അധികാരമോ, അവകാശമോ ഇല്ല എന്നതാണ് നിയമവും കീഴ്‌വഴക്കങ്ങളും ഇതഃപര്യന്തമുള്ള പ്രവർത്തനരീതിയും വ്യക്തമാക്കുന്നത്. കമ്പനി നിയമങ്ങൾ പ്രകാരം ഡിവിഡന്റ് നൽകുക സാധാരണമാണ്. എന്നാൽ, അത് ഒരിക്കലും ഓഹരി ഉടമയുടെ അല്ലെങ്കിൽ ഉടമകളുടെ അവകാശമല്ല. ഒരു കമ്പനിയുടെ ഓഹരികൾ കൈവശമുള്ള ഒരു വ്യക്തിക്ക് എനിക്ക് ലാഭവിഹിതം തരണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ കഴിയില്ല. അത് നിയമപരമായ ഒരു അവകാശമല്ല. കമ്പനി മെച്ചപ്പെട്ട അറ്റാദായം നേടുമ്പോൾ ഓഹരി ഉടമകൾക്ക് അവരുടെ നിക്ഷേപത്തിനുള്ള പ്രതിഫലം എന്ന നിലയിലാണ് ഡിവിഡന്റ് അനുവദിക്കുക. സാധാരണരീതിയിൽ ഇത് കമ്പനിയുടെ ഡയറക്ടർ ബോർഡ് ശുപാർശചെയ്യുകയും ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം അതിന് അംഗീകാരം നൽകുകയും ചെയ്യുന്നതോടെയാണ് ഇതിനുള്ള നടപടിക്രമം പൂർത്തിയാകുന്നത്. അത് എത്ര ശതമാനം വേണം, എപ്പോൾ നൽകണം തുടങ്ങിയ കാര്യങ്ങൾ കമ്പനിയുടെമാത്രം അധികാരത്തിൽ വരുന്ന വിഷയങ്ങളാണ്. സാമ്പത്തികവർഷത്തെ ത്രൈമാസഫലങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു എന്ന് വ്യക്തമായാൽ ഇടക്കാല ലാഭവിഹിതവും നൽകാറുണ്ട്. ഇത് മൂലധന നിക്ഷേപ രംഗത്തെ പ്രവർത്തനരീതിയാണ്. എന്നാൽ, ഇത് ഒരിക്കലും ഓഹരി ഉടമകളുടെ നിയമപരമായ അവകാശമായി മാറുന്നില്ല. ഒരു കമ്പനിക്ക് അവരുടെ ലാഭം പല രീതിയിൽ സൂക്ഷിക്കുന്നതിനുള്ള അവകാശ - അധികാരങ്ങളുണ്ട്.

അതുകൊണ്ടാണ് റിസർവ് ബാങ്കിനോട് ലാഭവിഹിതം ചോദിക്കുന്നത് അതിന്റെ സ്വയംഭരണ അവകാശങ്ങളിലുള്ള പ്രത്യക്ഷ ഇടപെടലായി മാറുന്നത്. അത് സ്വാഭാവികമായി കൈമാറുന്ന ഒരു കാര്യമാണ്. റിസർവ് ബാങ്കിനെ സംബന്ധിച്ചിടത്തോളം സാധാരണ കമ്പനികളെ പോലെ ലാഭ നഷ്ട അടിസ്ഥാനത്തിൽ മാത്രമല്ല പ്രവർത്തനം. അതിന്റെ പ്രവർത്തനങ്ങളിൽനിന്ന് ലഭിക്കുന്നസാമ്പത്തികനേട്ടത്തെ ലാഭം എന്ന് പോലും വിശേഷിപ്പിക്കാറില്ല. സർപ്ലസ് അഥവാ മിച്ചം എന്ന വാക്കാണ് ഇവിടെ പൊതുവെ ഉപയോഗിക്കാറ്. ആർബിഐയുടെ പ്രവർത്തനത്തിനും അടിയന്തര സാഹചര്യങ്ങൾക്കാവശ്യമായ ഫണ്ടുകളും നീക്കിവയ്ക്കുന്നത് ഈ മിച്ചത്തിൽനിന്നാണ്. റിസർവ് ബാങ്കിന്റെ ഓഹരി ഉടമകൾ കേന്ദ്ര സർക്കാരാണ്. സ്വാഭാവികമായും കേന്ദ്രത്തിന് ലാഭവിഹിതം നൽകേണ്ടത് അവരുടെ ബാധ്യതയുമാണ്. എന്നാൽ, തങ്ങൾക്ക് ഇത്ര തുക ഈ ഇനത്തിൽ നൽകണം, ക്യാപ്പിറ്റൽ റിസർവുകളായി ഇത്ര തുക സൂക്ഷിക്കുന്നതെന്തിനാണ്, ഞങ്ങൾ ആവശ്യപ്പെടുമ്പോഴെല്ലാം പറയുന്ന തുക ഇടക്കാല ലാഭവിഹിതമായി നൽകണം എന്നെല്ലാം നിർദേശിക്കുന്നത് അതിന്റെ സ്വയംഭരണ അവകാശത്തെ ഹനിക്കലാണ്, പ്രവർത്തനത്തിൽ നേരിട്ട് ഇടപെടുന്നതിന് തുല്യവുമാണ്. മാത്രവുമല്ല, ഇത് റെഗുലേറ്റർക്കുമേൽ അസാധാരണമായ സമ്മർദം ഉണ്ടാക്കുകയും ചെയ്യുന്നു. ഉർജിത് പട്ടേൽ രാജിവയ്ക്കാൻ ഇത്തരം സമ്മർദം ഒരു കാരണമായിരുന്നു.

വിത്തെടുത്ത്‌ കുത്തുന്നു
സ്വയംഭരണസ്ഥാപനങ്ങളിൽ ഏറെ പ്രത്യേകതയുള്ള ഒന്നാണ് റിസർവ് ബാങ്ക്. രാജ്യത്തിന്റെ സാമ്പത്തികഘടനയുടെ അസ്‌തിവാരം എന്ന് പറയുന്നത് കേന്ദ്ര ബാങ്കും അത് സൂക്ഷിക്കുന്ന റിസർവുകളുമാണ്. സമ്പദ്ഘടനയുടെ നിലവാരവും കറൻസിയുടെ മൂല്യവുംമറ്റും ഇതിനെ ആധാരപ്പെടുത്തിയാണിരിക്കുന്നത് . കേന്ദ്ര സർക്കാരിന്റെ ആജ്ഞ അനുസരിക്കുന്ന ഒരു സംവിധാനമല്ല കേന്ദ്ര ബാങ്ക്. രാജഭരണം നിലവിലുള്ളതുൾപ്പെടെ ഒരു രാജ്യത്തും അത് അങ്ങനെയല്ല. ഇന്നത്തെ രീതിയിലല്ലെങ്കിലും ഇന്ത്യയിൽ നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന കാലത്തും ഇത്തരത്തിൽ സമ്പത്ത് സൂക്ഷിക്കുന്നതിന് കാണിച്ചിരുന്ന വ്യഗ്രതയുടെ ഒരു ഉത്തമദൃഷ്ടാന്തമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന നിധിശേഖരം. ആ വിത്തെടുത്ത് കുത്താൻ രാജഭരണംപോലും ശ്രമിച്ചിരുന്നില്ല. അതുകൊണ്ട് റിസർവ് ബാങ്കിന്റെ അധികാരത്തിന്മേൽ കടന്നുകയറുന്നത് വിപൽക്കരമായ നീക്കമാണ്‌. സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കലല്ല റിസർവ് ബാങ്കിന്റെ കടമ. അത് രാജ്യത്തെ പണവ്യവസ്ഥയുടെ സൂക്ഷിപ്പുകാരനാണ്. വിപണിയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് ക്രമീകരിച്ച് സാമ്പത്തികവ്യവസ്ഥയുടെ സുസ്ഥിരത സൂക്ഷിക്കേണ്ട സ്ഥാപനമാണ് . അല്ലാതെ സ്വയം കുഴിച്ച കുഴിയിൽ വീണ് കൈകാലിട്ടടിക്കുന്ന മോഡിയെയും അമിത്‌ ‌ഷായെയും സാമ്പത്തികമെന്നാൽ ആട്ടിൻകാഷ്‌ഠമാണോ, കൂർക്കക്കിഴങ്ങാണോ എന്നുപോലും തിരിച്ചറിയാൻ കഴിയാത്ത നിർമല സീതാരാമൻ ഉൾപ്പെടെയുള്ളവരെയും രക്ഷിച്ചെടുക്കലല്ല ആർബിഐയുടെ ജോലി. ഇവിടെ ഒരു കറവപ്പശുവിനെ എന്ന പോലെ റിസർവ് ബാങ്കിനെ ഉപയോഗിക്കുകയാണ് കേന്ദ്രഭരണത്തിലുള്ളവർ. കറന്ന് കറന്ന് അകിടിൽനിന്ന് ചോരവരെ പിഴിഞ്ഞെടുക്കുന്നത് സാമ്പത്തിക മേഖലയിൽ വൻ പ്രത്യാഘാതം സൃഷ്ടിക്കും. ഈ ഓർമകൾ ഉണ്ടായിരിക്കേണ്ടവർ രാജ്യത്തെ എല്ലാ സ്വത്തിന്റെയും ആത്യന്തിക ഉടമകളായ ജനങ്ങളാണ്.

No comments:

Post a Comment