Pages

15 February 2014

കുറ്റിച്ചൂല്‍ വിപ്ളവം, ഭാഗം രണ്ട്

എ.എസ്. സുരേഷ്കുമാര്‍
വെള്ളിയാഴ്ച രാത്രി എട്ടുമണി കഴിഞ്ഞ നേരത്ത് ഡല്‍ഹിയിലെ തെരുവുകളില്‍ പലേടത്തും മാലപ്പടക്കം പൊട്ടി. അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചതില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനുമുള്ള ആഹ്ളാദമായിരുന്നു അത്. ഡല്‍ഹിയില്‍ പതിവുതെറ്റിച്ചത്തെിയ തോരാമഴ വകവെക്കാതെ, ആം ആദ്മി പാര്‍ട്ടിയുടെ ഹനുമാന്‍ റോഡ് ആസ്ഥാനത്തേക്ക് കുറ്റിച്ചൂലേന്തി വീണ്ടുമൊരിക്കല്‍ക്കൂടി അന്നേരം ജനം ഒഴുകുകയായിരുന്നു. ഡല്‍ഹി സെക്രട്ടേറിയറ്റിലെ അവസാന മന്ത്രിസഭാ യോഗവും കഴിഞ്ഞ് നീല മാരുതി വാഗണ്‍ ആര്‍ സ്വയം ഓടിച്ച് പാര്‍ട്ടി ആസ്ഥാനത്തത്തെിയ അരവിന്ദ് കെജ്രിവാള്‍ അപ്പോള്‍ അവിടെയുണ്ട്. നേതൃയോഗം കഴിഞ്ഞ് യോഗേന്ദ്ര യാദവിനൊപ്പം ഒന്നാം നിലയിലെ കൊച്ചു ബാല്‍ക്കണിയിലേക്ക് കടന്നുവന്ന അദ്ദേഹം രാജിക്കത്ത് ഉയര്‍ത്തിക്കാട്ടി. രാജിയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ജനത്തോടു വിശദീകരിച്ചു. മുകേഷ് അംബാനിക്കെതിരെ കേസെടുത്തതിന്‍െറ പേരിലാണ് ബി.ജെ.പിയും കോണ്‍ഗ്രസും ഒന്നിച്ചുനിന്ന് ജന്‍ലോക്പാല്‍ ബില്ലിനെ എതിര്‍ത്തതെന്ന് കുറ്റപ്പെടുത്തി. റിലയന്‍സിനെതിരെ കേസെടുത്തപ്പോള്‍ മോദി ഗൂഢമൗനം നടിച്ചതിന്‍െറ കാര്യമെന്താണെന്ന് ജനങ്ങളോട് ചോദിച്ചു. അതിനെല്ലാമൊടുവില്‍ ജനസഞ്ചയത്തില്‍നിന്ന് പുതിയ മുദ്രാവാക്യങ്ങളുടെ മാലപ്പടക്കം പൊട്ടി: ‘അഭി തോ ഷീല ഹാരി ഹെ (ഇപ്പോള്‍ ഷീലയെ തോല്‍പിച്ചു), അബ് മോദി കി ബാരി ഹെ (ഇനി മോദിയുടെ ഊഴമാണ്).’
ആ മുദ്രാവാക്യത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പുതിയ നീക്കം തെളിഞ്ഞു കിടക്കുന്നു. വിളിപ്പാടകലെ നില്‍ക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി സെക്രട്ടേറിയറ്റിലിരുന്നല്ല, വീണ്ടും പോരാളിയായി തെരുവില്‍ ഇറങ്ങിക്കൊണ്ട് ആം ആദ്മി പാര്‍ട്ടി മുഖ്യധാരാ പാര്‍ട്ടികളെ വെല്ലുവിളിക്കാന്‍ പോകുന്നു. മുഖ്യമന്ത്രിയായി തെരഞ്ഞെടുപ്പിനെ നേരിടുന്നതിന്‍െറ പരിമിതികള്‍ ഇപ്പോള്‍ അരവിന്ദ് കെജ്രിവാളിനു മുന്നിലില്ല. ദേശീയ രാഷ്ട്രീയത്തില്‍ ഭരണവിരുദ്ധത അലയടിക്കുന്നതിനിടയില്‍, ജനത്തിന്‍െറ പ്രതിപക്ഷ വികാരം ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായി ആവാഹിക്കാനാണ് അരവിന്ദ് കെജ്രിവാളും സംഘവും നീങ്ങുന്നത്. അതിനുവേണ്ടി ഡല്‍ഹിയിലെ ഭരണം ആം ആദ്മി പാര്‍ട്ടി സ്വയം കുരുതികൊടുക്കുകയാണോ, കോണ്‍ഗ്രസും ബി.ജെ.പിയും സംയുക്തമായി പുതിയ സര്‍ക്കാറിനെ ശ്വാസംമുട്ടിച്ചു കൊല്ലുകയാണോ ചെയ്തതെന്ന ചോദ്യം സാങ്കേതികം മാത്രമാണ്. വളഞ്ഞുവെച്ച് ആക്രമിച്ച കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയില്‍ കെജ്രിവാളിന്‍െറ നീക്കത്തിലുമുണ്ട് തികഞ്ഞ രാഷ്ട്രീയ തന്ത്രം. അധികാരത്തിലിരിക്കുന്ന കെജ്രിവാളിനേക്കാള്‍, അധികാരം കളഞ്ഞ് തെരുവിലിറങ്ങിയ കെജ്രിവാളിനെയാണ് മുഖ്യകക്ഷികള്‍ പേടിക്കേണ്ടത്. ആം ആദ്മി പാര്‍ട്ടി മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് എത്രത്തോളം പരിക്കേല്‍പിക്കും എന്നതാണ് ഇനി പ്രധാനം. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍, അഴിമതിക്കും ഭരണപരാജയത്തിനും ശിക്ഷ ഏറ്റുവാങ്ങേണ്ട കോണ്‍ഗ്രസ് സ്വാഭാവിക ഇരകളാണ്. എന്നാല്‍, അതുവഴി മുന്നേറ്റം നടത്തേണ്ടിയിരുന്ന ബി.ജെ.പിക്കും മോദിക്കുമാണ് ശരിക്കും പരിക്കേല്‍ക്കാന്‍ പോകുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ, കെജ്രിവാള്‍ രാജിവെച്ചപ്പോള്‍ മാലപ്പടക്കം പൊട്ടിച്ചവര്‍ കാര്യമറിയാതെ ആഘോഷിച്ചെന്നേ പറയേണ്ടൂ. 

കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തെറിച്ചുവീണ ത്രികോണ മത്സരത്തില്‍ പ്രധാന പ്രതിപക്ഷമായിട്ടും കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ വരാന്‍ ബി.ജെ.പിക്ക് സാധിക്കാതെ പോയതാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി ദേശീയ രാഷ്ട്രീയത്തില്‍ നേടിയ താരപരിവേഷത്തിന്‍െറ പകിട്ടും അരവിന്ദ് കെജ്രിവാള്‍ കുറച്ചുകളഞ്ഞു. മോദി ലക്ഷ്യമിടുന്ന യുവ-മധ്യവര്‍ഗ സമൂഹം തന്നെയാണ് അരവിന്ദ് കെജ്രിവാളിന്‍െറ സാന്നിധ്യം മൂലം സ്വാധീനിക്കപ്പെടുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥലങ്ങളില്‍ എ.എ.പിയുടെ സാന്നിധ്യം, ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പിയെ മാറ്റാനുള്ള മോദിയുടെ നീക്കങ്ങള്‍ക്ക് തുരങ്കം വെക്കും. ഡല്‍ഹി തെരഞ്ഞെടുപ്പു ഫലത്തിന്‍െറ തിളക്കത്തില്‍ ദേശീയ തലത്തില്‍ ആം ആദ്മി പാര്‍ട്ടി പലേടത്തായി പച്ചപിടിക്കുന്നതില്‍ ബി.ജെ.പിയും രാഹുലിനെ മുന്‍നിരയിലേക്ക് നിര്‍ത്തിയ കോണ്‍ഗ്രസും അപകടം മണക്കുന്നു. അവിടങ്ങളിലെല്ലാം എ.എ.പി ജയിച്ചുവരുമെന്ന പേടിയല്ല കാരണം. മറിച്ച്, സ്വന്തം വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താനും ജയപരാജയത്തെ സ്വാധീനിക്കാനും ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം വഴിവെച്ചേക്കാമെന്നതാണ് കാര്യം. അതുകൊണ്ട്, ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ഇറങ്ങിക്കളിക്കാന്‍ അവസരം നല്‍കാതെ ഡല്‍ഹിയിലെ മുഖ്യമന്ത്രിക്കസേരയില്‍ അരവിന്ദ് കെജ്രിവാളിനെ തളച്ചിടുകയും ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം അട്ടിമറിക്കുകയും ചെയ്യുക എന്ന ലൈനാണ് അടുത്തകാലം വരെ കോണ്‍ഗ്രസും ബി.ജെ.പിയും സ്വകാര്യമായി കൊണ്ടുനടന്നത്. ആം ആദ്മി പാര്‍ട്ടിക്കാര്‍ അതു മനസ്സിലാക്കി കളിച്ചു. ജന്‍ലോക്പാല്‍ ബില്‍ പാസാക്കാനും റിലയന്‍സിനെതിരെ കേസെടുക്കാനും പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ നടത്താനുമൊക്കെ മുഖ്യമന്ത്രി ധിറുതി കൂട്ടിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്‍െറ ഉത്തരവും അവിടത്തെന്നെയാണ്. 

കയറിയ ദിവസംതന്നെ ഇറങ്ങിപ്പോകേണ്ടി വന്നേക്കാമെന്ന വാക്കുകളോടെയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസിന്‍െറ പുറംപിന്തുണയില്‍ ഭരിക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ആ ലൈന്‍ സ്വീകരിച്ച്, വീണ്ടുമൊരു തെരഞ്ഞെടുപ്പിന് സാഹചര്യമുണ്ടാക്കി ഡല്‍ഹിയിലും ലോക്സഭാ തെരഞ്ഞെടുപ്പിലും കൂടുതല്‍ സ്വാധീനം നേടുക എന്നതായിരുന്നു അവരുടെ തന്ത്രം. എന്നാല്‍, ഭരിക്കാന്‍ കിട്ടിയ അവസരത്തില്‍നിന്ന് ആം ആദ്മി പാര്‍ട്ടി ഒളിച്ചോടുന്നുവെന്ന ബി.ജെ.പി-കോണ്‍ഗ്രസ് പ്രചാരണത്തിന് മേല്‍ക്കൈ ലഭിക്കുന്നതു കണ്ടതോടെയാണ് ജനഹിതം പരിശോധിച്ച് കെജ്രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പക്ഷേ, രാഷ്ട്രീയ ശത്രുക്കളുടെ പിന്തുണയില്‍ തൂങ്ങി അധികനാള്‍ മുന്നോട്ടു പോകുന്നതിലെ അപകടഭീതിയാണ് കെജ്രിവാളിനെ എന്നും ഭരിച്ചതെന്നു കാണാം. അത് സത്യവുമായിരുന്നു. പിന്തുണ സ്വീകരിക്കുന്നതിന് ആം ആദ്മി പാര്‍ട്ടി മുന്നോട്ടു വെച്ച 18 ഇന ഉപാധികള്‍ അംഗീകരിച്ച കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ ബി.ജെ.പിയും ചേര്‍ന്ന് ഭരണപരിചയമില്ലാത്ത കെജ്രിവാള്‍ മന്ത്രിസഭയെ തുടക്കം മുതല്‍തന്നെ പ്രശ്നക്കുരുക്കില്‍ പൂട്ടിയിടാനാണ് ശ്രമിച്ചത്. ഒരു കേഡര്‍ പാര്‍ട്ടിയോ വ്യക്തമായ നയരൂപരേഖയോ ഇല്ലാത്ത ആം ആദ്മി പാര്‍ട്ടിയിലെ പുത്തന്‍ എം.എല്‍.എമാരില്‍ പലരും കെജ്രിവാളിനത്തെന്നെ തട്ടിമറിച്ച് മുന്നോട്ടു പോയേക്കാമെന്ന നില വരെയുണ്ടായി. അതിന് ഉദാഹരണമാണ് പാര്‍ട്ടി വിട്ട എം.എല്‍.എ ബിന്നിയുടെ കഥ. അധികാരത്തിലെ തന്ത്രങ്ങളും കുതന്ത്രങ്ങളും അറിയുന്ന മുഖ്യധാരാ പാര്‍ട്ടികള്‍ക്ക്, അധികാരത്തിലിരിക്കുന്ന ഒരു പുത്തന്‍ പാര്‍ട്ടിക്കുള്ളില്‍ കുത്തിത്തിരിപ്പും കലഹവുമുണ്ടാക്കാന്‍ പ്രയാസമുണ്ടാവില്ല. ഭരണം മുന്നോട്ടു പോകുന്തോറും അതിനുള്ള സാധ്യത കൂടിവരുകയും ചെയ്തു.
അപ്പോഴും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനപിന്തുണ വര്‍ധിപ്പിക്കാനുതകുന്ന നടപടികളില്‍ ഊന്നിനിന്നാണ് അവര്‍ മുമ്പോട്ടു പോയതെന്ന് കാണാം. പക്ഷേ, ഭരിക്കാനല്ല, പോരടിക്കാനാണ് ആം ആദ്മി പാര്‍ട്ടിക്കിഷ്ടമെന്ന പ്രചാരണമാണ് മുഖ്യപാര്‍ട്ടികള്‍ ഇതിനകം തുടങ്ങിയിരിക്കുന്നത്. അഴിമതിക്കെതിരായ കെജ്രിവാളിന്‍െറ പോരാട്ടം കപടരാഷ്ട്രീയമാണെന്നും ഗൗരവമുള്ള പാര്‍ട്ടിയല്ളെന്നും ആം ആദ്മി പാര്‍ട്ടി ഇന്ന് കെട്ടഴിഞ്ഞ ചൂലാണെന്നും ബി.ജെ.പിയും കോണ്‍ഗ്രസും ആരോപിക്കുന്നു. എല്ലാറ്റിനുമിടയിലും ആം ആദ്മി പാര്‍ട്ടിക്ക് ജനപിന്തുണ നഷ്ടപ്പെടാന്‍ സമയമായോ എന്നതാണ് കാതലായ ചോദ്യം. അഴിമതി, വിലക്കയറ്റം, ഭരണക്കാര്‍ക്ക് ജനങ്ങളുമായുള്ള ബന്ധം അറ്റുപോയ അവസ്ഥ, യുവരോഷം എന്നിങ്ങനെ ആം ആദ്മി പാര്‍ട്ടിക്ക് ഡല്‍ഹിയിലെ ജനങ്ങള്‍ വോട്ടുചെയ്ത ഒരു സാഹചര്യമുണ്ട്. അതിനെല്ലാം മുന്നില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും തള്ളിമാറ്റി, അരവിന്ദ് കെജ്രിവാള്‍ എന്ന പുതിയ താരോദയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചവര്‍, 49 ദിവസത്തെ ഭരണം കണ്ടു മടുത്ത് മുഖ്യധാരാ പാര്‍ട്ടികളെ വീണ്ടും ആശ്രയിക്കാന്‍ നിര്‍ബന്ധിതരായിക്കഴിഞ്ഞെന്ന് തല്‍ക്കാലം വിശ്വസിക്കുക വയ്യ. ആം ആദ്മി പാര്‍ട്ടി ഒരുവേള ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഹ്രസ്വകാല പ്രതിഭാസമായിരിക്കാം. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം ഒറ്റമൂലി കൈവശമുള്ള രാഷ്ട്രീയ പ്രസ്ഥാനവുമല്ല അവര്‍. പക്ഷേ, അവര്‍ ഡല്‍ഹിയിലും ദേശീയ രാഷ്ട്രീയത്തിലും ഉണ്ടാക്കിവെച്ച ബദല്‍ പ്രതീക്ഷയുടെ തുടിപ്പ്, പൊടുന്നനെ കെട്ടടങ്ങുമെന്ന് കരുതാനാവില്ല. ഏതു പ്രസ്ഥാനത്തെയും പരീക്ഷിച്ചതിനു ശേഷം മാത്രമാണ് പൊതുസമൂഹം ഉള്‍ക്കൊള്ളുകയോ ചവച്ചുതുപ്പുകയോ ചെയ്യുക. ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചില തിരുത്തലുകള്‍, ബദല്‍ മാതൃകകള്‍ ആം ആദ്മി പാര്‍ട്ടി ഇതിനകം കാണിച്ചു തന്നിട്ടുണ്ട്. അതിന്‍െറ മറ്റു പരിണതികള്‍ അറിയാനും ജനം ആഗ്രഹിച്ചെന്നു വരും. കെജ്രിവാളിന്‍െറയും സംഘത്തിന്‍െറയും ജനപക്ഷ രാഷ്ട്രീയം പിന്‍പറ്റി വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍തന്നെ, ആം ആദ്മി പാര്‍ട്ടിയെ മുഖ്യപാര്‍ട്ടികള്‍ എഴുതിത്തള്ളാന്‍ തിരക്കുകൂട്ടുന്ന വിരോധാഭാസമാണ് ഇപ്പോള്‍ കാണുന്നത്. അത്തരക്കാര്‍ മാറ്റത്തിനുള്ള ജനങ്ങളുടെ ഇച്ഛാശക്തി വീണ്ടും അവഗണിക്കാന്‍ നോക്കുന്നു. രാഷ്ട്രീയത്തിലും അധികാരത്തിലും വര്‍ധിക്കുന്ന ദുഷിപ്പുകളില്‍ തന്നെ ജനത്തെ തളച്ചിടാന്‍ ശ്രമിക്കുന്നു. 
ഡല്‍ഹി തെരഞ്ഞെടുപ്പിനു മുമ്പത്തെ സാഹചര്യങ്ങളിലേക്ക് കണ്ണോടിക്കാം. കോണ്‍ഗ്രസിന്‍െറയും ബി.ജെ.പിയുടെയും തിളക്കത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് അധികാരം പിടിക്കാന്‍ കഴിയുമെന്ന് എത്രപേര്‍ കരുതിയിരുന്നു? തങ്ങള്‍ വോട്ടുചെയ്യുന്ന പാര്‍ട്ടി ഇത്രത്തോളം മുന്നേറ്റം നടത്തുമെന്നോ അധികാരത്തില്‍ വരുമെന്നോ കുറ്റിച്ചൂലിന് വോട്ടുചെയ്തവരെല്ലാം കരുതിയിട്ടുണ്ടാവില്ല എന്നത് നൂറുതരം. പക്ഷേ, ഒന്നര വര്‍ഷമായി ആം ആദ്മി പാര്‍ട്ടിയുമായി നടക്കുന്ന കെജ്രിവാള്‍ അചഞ്ചലനായിനിന്നു. ഡല്‍ഹി സര്‍ക്കാറിന്‍െറ അസ്ഥിരതക്കിടയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിശ്വാസ്യത മുഖ്യപാര്‍ട്ടികള്‍ ചോദ്യംചെയ്യുന്ന ഈ ഘട്ടത്തിലും കെജ്രിവാള്‍ അചഞ്ചലനാണ്. പക്ഷേ, വലിയൊരു സാഹസികതയാണ് അരവിന്ദ് കെജ്രിവാള്‍ ഏറ്റെടുത്തിരിക്കുന്നത്. പക്ഷേ, രാഷ്ട്രീയം സാധ്യതകളുടെ കലയാണ്.

No comments:

Post a Comment