ടീം അഴിമുഖം
ദശാബ്ദം മുന്‍പ് ബ്രിട്ടനിലെ രണ്ട് പ്രമുഖ
സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ തമ്മിലുണ്ടായ കൊടുമ്പിരികൊണ്ട തര്‍ക്കമാണ്
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിന്റെയും അമേരിക്കയുടേയും സാമ്പത്തിക
നയങ്ങളെ രൂപപ്പെടുത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളെ എങ്ങനെ നേരിടാം എന്നും
സാമ്പത്തിക വളര്‍ച്ച എങ്ങനെ കൈവരിക്കാമെന്നുമുള്ളതിനെ ചൊല്ലിയുള്ള രണ്ട്
വിരുദ്ധ അഭിപ്രായങ്ങളുടെ ഏറ്റുമുട്ടലായിരുന്നു ജോണ്‍ മെനാര്‍ഡ് കെയ്ന്‍സും
ഫ്രെഡറിക് ഹയാകും തമ്മിലുള്ള ഈ വിശ്വവിഖ്യാത തര്‍ക്കം.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴില്‍
നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും സാമ്പത്തികാവസ്ഥ
മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ തന്നെ പണം ചെലവഴിക്കണമെന്നതായിരുന്നു
ചുരുക്കിപ്പറഞ്ഞാല്‍ കെയിന്‍സിന്റെ അടിസ്ഥാന വാദം. എന്നാല്‍ സര്‍ക്കാരുകള്‍
ഇത്തരത്തില്‍ സാമ്പത്തിക മേഖലയില്‍ ഇടപെടുന്നതിനെ ഹയാക്
അനുകൂലമായിരുന്നില്ല. സര്‍ക്കാരുകളുടെ ഇടപെടലിലൂടെ സാമ്പത്തിക മേഖലയില്‍
ഉണര്‍വുണ്ടാകുമെന്നും അതുവഴി 'ഡിമാന്‍ഡ്' വര്‍ദ്ധിപ്പിച്ച് സാമ്പത്തിക
വളര്‍ച്ച ത്വരിതപ്പെടുത്താം എന്ന വാദത്തെ ഇന്ത്യന്‍ ഇടതുപക്ഷം
ഉള്‍പ്പെടെയുള്ളവര്‍ അനുകൂലിക്കുന്നുണ്ട്. അടുത്ത കാലത്തുണ്ടായ സാമ്പത്തിക
മാന്ദ്യത്തില്‍ നിന്ന് കരകയറാനായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ
പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ ഈ കെനീഷ്യന്‍ മാതൃകയുടെ
ഭാഗമാണ്. എന്നാല്‍ ഹയാക് പറയുന്നതാകട്ടെ സ്വകാര്യ മേഖലയില്‍ നിന്നുള്ള
നിക്ഷേപങ്ങള്‍ അടിസ്ഥാനമാക്കി സര്‍ക്കാരുകള്‍ക്ക് മിനിമം പങ്കുള്ള
സാമ്പത്തിക മാതൃകകളാണ് വേണ്ടത് എന്നാണ്. ഉദാഹരണമായി 1980-കളില്‍
ബ്രിട്ടനില്‍ മാര്‍ഗരറ്റ് താച്ചര്‍ ചെയ്തതു പോലെ.
ഇപ്പോള്‍ നടക്കുന്ന അമര്‍ത്യ സെന്‍ - ജഗദീഷ് ഭഗവതി 'ഡിബേറ്റ്' ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. വ്യത്യസ്തവും എന്നാല്‍ ചില മേഖലകളില്‍ സമാനതകളുള്ളതുമായ രണ്ട് സാമ്പത്തിക തത്വശാസ്ത്രങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണിത്. ഒരു നോബല്‍ സമ്മാന ജേതാവും (സെന്‍) നോബല്‍ സമ്മാനത്തിന് സ്ഥിരമായി പരിഗണിക്കപ്പെടാറുമുള്ളയാളും (ഭഗവതി) തമ്മിലുള്ള തര്‍ക്കം. ശിക്ഷ്യ സമ്പത്തിലും ഇരുവരും സമ്പന്നരാണ്. പോള്‍ ക്രൂക്മാന്‍റെ പി.എച്ച്.ഡി ഗൈഡ് ആയിരുന്നു ഭഗവതി. കൈശിക് ബസുവിന്റെ ഗൈഡ് ആയിരുന്നു സെന്‍. വിദേശത്തു പോകുന്നതിനു മുമ്പ് രണ്ടു പേരും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇകണോമിക്‌സില്‍ അധ്യാപകരുമായിരുന്നു. ഇന്ത്യയില്‍ നിന്ന് മെച്ചപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഉണ്ടാവില്ലെന്ന ധാരണയെ തിരുത്തിക്കുറിച്ചവരാണ് ഇരുവരും. മലയാളിയായ കെ.എന്‍ രാജ് തുടക്കമിട്ട ഈ പാത ഇരുവരും മുന്നോട്ടു കൊണ്ടു പോവുകയായിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ ഇപ്പോഴത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും.
സര്‍ക്കാര്‍ ഏറ്റവും 'മിനിമം' ആയി
നില്‍ക്കണമെന്നും വിപണി തന്നെ സാമ്പത്തിക വളര്‍ച്ചയെ ഊര്‍ജിതമാക്കുമെന്നും
ഇതിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലും എത്തുമെന്നുമാണ് ഹയാകും അദ്ദേഹത്തിന്റെ
പിന്‍ഗാമികളും വാദിക്കുന്നത്. ഇതിന്റെ മൂര്‍ധന്യാവസ്ഥയായിരുന്നു 1980-കളുടെ
അവസാനം 'വാഷിംഗ്ടണ്‍ കണ്‍സെന്‍സസ്' എന്ന പേരില്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ അവതരിപ്പിച്ച റോഡ്
മാപ്. സര്‍ക്കാരിന്റെ ഇടപെടലിനെ കുറയ്ക്കുകയും വിപണിയെ അടിസ്ഥാനമാക്കുകയും
ചെയ്യുന്ന ഈ വാഷിംഗ്ടണ്‍ കണ്‍സന്‍സസിന്റെ വക്താക്കളാണ് ഒരു പരിധി വരെ
ജഗദീഷ് ഭഗവതി തൊട്ട് മൊണ്ടേക് സിംഗ് അലുവാലിയ വരെയുള്ളവര്‍. എന്നാല്‍
അമര്‍ത്യ സെന്നാകട്ടെ, ബംഗ്ളാദേശ്, ചൈന, കേരളം തുടങ്ങിയ ഇടങ്ങളില്‍ കാണുന്ന
സാമൂഹിക പുരോഗതിയെ അടിസ്ഥാനമാക്കി വാദമുഖങ്ങള്‍ നിരത്തി ഒറ്റയാനായി
നിലനില്‍ക്കുന്നയാളാണ്. അതുകൊണ്ടു തന്നെ ലോകത്തിലെ മികച്ച സാമ്പത്തിക
ശാസ്ത്രഞ്ജര്‍ക്കിടയില്‍ സെന്നിന് ഒരു പ്രത്യേക സ്ഥാനവുമുണ്ട്.
പൊതുതെരഞ്ഞെടുപ്പ് കൂടി അടുത്തു വന്നതോടെ
ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് രാഷ്ട്രീയമാനവും കൈവന്നു. ഇതൊരു
കോണ്‍ഗ്രസ് - ബി.ജെ.പി ചര്‍ച്ച കൂടിയായി മാറി. കൂടുതല്‍ വ്യക്തമായി
പറഞ്ഞാല്‍ മോഡി അനുകൂലികളും മോഡി വിരുദ്ധരും തമ്മിലുള്ള തര്‍ക്കമായും ഇതു
വ്യാഖ്യാനിക്കപ്പെടുന്നു. അടിസ്ഥാനപരമായി പറഞ്ഞാല്‍ അമര്‍ത്യ സെന്‍
'സോഷ്യല്‍ ചോയ്‌സി'ന്റെയും ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ 'പബ്ളിക്
ഫണ്ടിംഗി'ന്റെയും വക്താവാണ്. സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നതിന്
നിലവിലുള്ള ജോലിക്കാര്‍ അവരുടെ മേഖലയിലുളള വൈദഗ്ധ്യം മാറുന്ന
സാഹചര്യങ്ങള്‍ക്കനുസരിച്ച് മെച്ചപ്പെടുത്തണമെന്നും ഇതിന് ആരോഗ്യ,
വിദ്യാഭ്യാസ മേഖലകളില്‍ പൊതുനിക്ഷേപം വേണമെന്നും സെന്‍ വാദിക്കുന്നു.
എന്നാല്‍ സാമ്പത്തിക വളര്‍ച്ചയുണ്ടായാല്‍ അതില്‍ നിന്നുള്ള നേട്ടത്താല്‍
ജോലിക്കാര്‍ക്കു തന്നെ ഇതു ചെയ്യാമെന്നാണ് ഭഗവതിയുടെ നിലപാട്. ഇതിനര്‍ഥം,
സെന്നും ഭഗവതിയും വളര്‍ച്ചയ്‌ക്കോ സാമൂഹിക മാറ്റത്തിനോ ഘടകവിരുദ്ധമായ
നിലപാട് സ്വീകരിക്കുന്നു എന്നല്ല. ഒരുദാഹരണം പറഞ്ഞാല്‍ സെന്‍ പറയുന്നത്
പബ്ളിക് ഫണ്ടിംഗിലൂടെ സ്‌കൂളുകള്‍ തുടങ്ങണം എന്നാണ്. ഭഗവതിയാകട്ടെ, പബ്ളിക്
ഫണ്ടിംഗിലൂടെ സ്‌കൂളുകള്‍ നിര്‍മിക്കുന്നതിനു പകരമായി ഇതിനുള്ള പണം
നല്‍കിയാല്‍ ഇഷ്ടമുള്ള സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാഭ്യാസം നല്‍കാം എന്ന
നിലപാടാണ് സ്വീകരിക്കുന്നത്.
വന്‍ സ്വകാര്യ നിക്ഷേപത്തില്‍ അധിഷ്ഠിതമായ
വികസനമാണ് ഭഗവതി മുന്നോട്ടു വയ്ക്കുന്നത്. നിക്ഷേപവും അതുവഴി വന്‍
വ്യവസായങ്ങളും വരുന്നതോടു കൂടി തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നു, അനുബന്ധ
മേഖലകളില്‍ വളര്‍ച്ചയുണ്ടാകുന്നു, ആളുകളുടെ പക്കല്‍ പണമെത്തുന്നു, ഇത്
ഡിമാന്‍ഡ് - സപ്ളൈ വര്‍ധിപ്പിക്കുന്നു, ഇത് സാമ്പത്തിക വളര്‍ച്ച കൂട്ടുന്നു
- ഇതാണ് ഭഗവതിയെപ്പോലുള്ള 'മാര്‍ക്കറ്റ് ഫണ്ടമെന്ററലിസ്റ്റുക'ളുടെ
അഭിപ്രായം. ഗുജറാത്തിലെ സാമ്പത്തിക അസമത്വങ്ങളും ആരോഗ്യ, വിദ്യഭ്യാസ
മേഖലകളില്‍ വേണ്ടത്ര വളര്‍ച്ചയില്ലാത്തതും ഭഗവതിയെ പോലുള്ളവര്‍
കാര്യമാക്കുന്നില്ല എന്നാണ് സെന്‍ അനുകൂലികളും ഇടതുപക്ഷവും മുന്നോട്ടു
വയ്ക്കുന്ന വാദം. കേരള മോഡല്‍ വികസനത്തിന്റെ അനുകൂലി കൂടിയാണ് സെന്‍.
എന്നാല്‍ സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍
കേരളം മുമ്പന്തിയിലായിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്.
സ്വാതന്ത്ര്യത്തിനു ശേഷം ഇതേ വികസനം സാമൂഹിക സുരക്ഷാ മേഖലകളില്‍ കേരളം
മുന്നോട്ടു കൊണ്ടുപോയിട്ടുമുണ്ട്.
ഈ സാമ്പത്തിക ചര്‍ച്ചകള്‍ക്ക്
രാഷ്ട്രീയമാനം കൈവന്നത് നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍
താന്‍ തയാറല്ല എന്ന അമര്‍ത്യ സെന്നിന്റെ അഭിപ്രായപ്രകടനത്തോടെയാണ്.
ബി.ജെ.പി എം.പി ചന്ദന്‍ മിത്ര ഒരു പക്ഷേ വാജ്‌പേയി സര്‍ക്കാരാണ് സെന്നിന്
ഭാരതരത്‌നം നല്‍കിയത് എന്ന വസ്തുത മറന്നുകൊണ്ടു തന്നെ അദ്ദേഹത്തിനെതിരെ
ആഞ്ഞടിച്ചു. സെന്നും അദ്ദേഹത്തിന്റെ അതേ സാമ്പത്തിക തത്വശാസ്ത്രം
പിന്തുടരുന്ന ഴോന്‍ ഡ്രീസും യു.പി.എ സര്‍ക്കാരിന്റെ പല സാമൂഹിക സുരക്ഷാ
പദ്ധതികളെയും അനുകൂലിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഇവര്‍ മോഡി
വിരുദ്ധരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില ബി.ജെ.പി നേതാക്കള്‍ ശ്രമിച്ചു.
എന്നാല്‍ സെന്‍ ആദ്യമായല്ല രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടപെടുന്നത്. കഴിഞ്ഞ
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അന്നത്തെ ഇടതു
സര്‍ക്കാരിന്റെ സാമ്പത്തിക, വ്യാവസായിക നയങ്ങളെ അദ്ദേഹം
വിമര്‍ശിച്ചിരുന്നു. ഇതിന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്
വിശദമായ മറുപടിയും നല്‍കുകയുണ്ടായി.
ചന്ദന്‍ മിത്രയെ പോലുള്ളവര്‍ ഉയര്‍ത്തിയ
വില കുറഞ്ഞ അഭിപ്രായ പ്രകടനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഇതുപോലുള്ള
ചര്‍ച്ചകള്‍ സമൂഹത്തില്‍ അത്യാവശ്യമാണ്. വികസന കാര്യങ്ങളും സാമൂഹിക
പ്രശ്‌നങ്ങളും മുഖ്യധാരാ മാധ്യമങ്ങള്‍ അധികം ചര്‍ച്ച ചെയ്യാറില്ല. എന്നാല്‍
ഇത്തരത്തിലുള്ള ചര്‍ച്ചകളിലൂടെ സാമ്പത്തിക, വികസന പ്രശ്‌നങ്ങള്‍ മുഖ്യധാരാ
മാധ്യമങ്ങളിലും ഇടംപിടിക്കുന്നത് നല്ല കാര്യം തന്നെ. ഒരു സമൂഹത്തിന്റെ
വികസന, ക്ഷേമകാര്യങ്ങള്‍ അളക്കുന്നത് ജി.ഡി.പിയുടെ മാത്രം അടിസ്ഥാനത്തിലല്ല
എന്നത് ഇന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ആ അര്‍ഥത്തില്‍ നീതി
കിട്ടാത്ത ഒരു ന്യുനപക്ഷ സമൂഹവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും
ആരോഗ്യകരമായ അന്തരീക്ഷമില്ലത്ത അവസ്ഥ നിലനില്‍ക്കുന്ന
സാഹചര്യവുമുള്ളപ്പോള്‍ ആളോഹരി വരുമാനം എത്ര കൂടിയാലും എന്തു കാര്യം?
ഗുജറാത്തിന്റെ കാര്യത്തില്‍ ജഗദീഷ് ഭഗവതി ഉയര്‍ത്തുന്ന വാദങ്ങള്‍
അംഗീകരിക്കാന്‍ കഴിയാതാകുന്നതും അതുകൊണ്ടു തന്നെ.
FOR FULL STORY please visit Azhimukham
FOR FULL STORY please visit Azhimukham
No comments:
Post a Comment