Pages

16 March 2013

കേരള ബജറ്റ് 2013-14 - വികസനത്വരയോടെ മുന്നോട്ട്‌

ഡോ. മേരി ജോര്‍ജ് 
 ആകെക്കൂടി നോക്കുമ്പോള്‍ വരള്‍ച്ചയ്‌ക്കെതിരെ പ്രതിരോധം തീര്‍ത്ത് വികസനത്വരയോടെ ധനമന്ത്രി മുന്നേറുന്നു. അതേസമയം, വിഭവവിന്യാസം കുറഞ്ഞുപോയി എന്ന് കുറ്റപ്പെടുത്താം. സര്‍ക്കാര്‍ സംരക്ഷണത്തില്‍ ധനവും സമ്പാദ്യവും വര്‍ധിപ്പിക്കുന്നവര്‍ ധനതത്ത്വശാസ്ത്ര തത്ത്വമനുസരിച്ച്,  ലോകനടപ്പിനനുസരിച്ച് കൂടുതല്‍ സര്‍ക്കാറിലേക്ക് കൊടുക്കണം
കേരളം മികച്ച വികസന മോഡല്‍ ലോകത്തിനുമുന്നില്‍ കാഴ്ചവെച്ചെങ്കിലും അത് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുകയാണിന്ന്. തൊഴിലാളികളുടെ ദൗര്‍ലഭ്യവും അതിദുര്‍വഹമായ തൊഴിലില്ലായ്മയും ഒരേസമയം, ഒരുപോലെ അലട്ടുന്ന അപൂര്‍വ സംസ്ഥാനമാണ് കേരളം. രാഷ്ട്രീയ നീതി പ്രകൃതിക്ക് ലഭ്യമാകുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടതിന്റെ-ഭൂമാഫിയയുടെ കടന്നുകയറ്റവും അതിക്രമങ്ങളും കണ്ടില്ലെന്നു നടിച്ചതിന്റെ -ബാക്കിപത്രമാണ് ഇന്നത്തെ കൊടുംവരള്‍ച്ച. വിഭവ സമാഹരണം ആഭ്യന്തര വരുമാന വളര്‍ച്ചയ്ക്ക് ആനുപാതികമായി വളരുന്നില്ല. നികുതി പിരിവിലും നികുതിയിതര വരുമാനം സമാഹരിക്കുന്നതിലും പിഴവുകളില്ലാത്ത സംവിധാനം കൊണ്ടുവരാനാവാത്തതാണ് ഇതിനു കാരണം. ഉപഭോക്തൃ സംസ്ഥാനം എന്ന ദുഷ്‌പേര് സ്വന്തമെങ്കിലും കേരളത്തിലെ ആളോഹരി വില്പന നികുതി വരുമാനം ഒട്ടുമിക്ക സംസ്ഥാനങ്ങളിലേക്കാളും പിന്നിലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് പരിണതപ്രജ്ഞനായ ധനമന്ത്രി കെ.എം. മാണി 2013-'14-ലേക്കുള്ള ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
1956-ല്‍ കേരളസംസ്ഥാനം രൂപംകൊണ്ടതിനുശേഷം നിലവില്‍ വന്ന ഒരു സര്‍ക്കാറും പദ്ധതി നിര്‍വഹണം എങ്ങനെ നടക്കുന്നുവെന്നതില്‍ ആകുലപ്പെട്ടിട്ടില്ല. പോയവര്‍ഷം 14,010 കോടിയായിരുന്നു പദ്ധതിച്ചെലവിന് വകകൊള്ളിച്ചത്. ഇക്കഴിഞ്ഞ ജനവരി അവസാനം വരെ അതിന്റെ 52 ശതമാനമായിരുന്നു ചെലവഴിക്കപ്പെട്ടിരുന്നത്. ഈ മെല്ലെപ്പോക്കും ധനവര്‍ഷാവസാനം എങ്ങനെയും ചെലവഴിക്കലും തുടരുന്നതിനാലാണ് ബജറ്റില്‍ പറഞ്ഞതൊന്നും നടപ്പാക്കാതെ പോകുന്നത്. ഓരോ ബജറ്റിലും തുക കൂട്ടി നിശ്ചയിക്കും. വീണ്ടും വഞ്ചി തിരുനക്കരെതന്നെ. കാരാപ്പുഴ പ്രോജക്ട് 1970-കളില്‍ തുടങ്ങിയതാണ്. 2.5 കോടി അടങ്കലില്‍ തുടങ്ങി 2010-ല്‍ 250 കോടിയായി ഉയര്‍ന്നു. ഇന്നും പദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. ഇതിനൊരു മാറ്റം വരുത്താന്‍ ഈ സര്‍ക്കാറും ധനമന്ത്രിയും ശ്രമിക്കുന്നുവെന്നു തോന്നുന്നു. പദ്ധതിക്കുവേണ്ട രൂപരേഖ തയ്യാറാക്കുന്നതു മുതല്‍ നിരീക്ഷിക്കാനും മെല്ലെപ്പോക്ക് തടയാനും സര്‍ക്കാര്‍ വകുപ്പുകളിലും പ്ലാനിങ് ബോര്‍ഡിലും സംവിധാനമുണ്ടാവും എന്ന് ആമുഖത്തില്‍ത്തന്നെ മന്ത്രി പറയുകയുണ്ടായി. ഇതൊരു ദിശാമാറ്റവും നയപരിപാടികളുടെയും പ്രവര്‍ത്തനങ്ങളുടെയും സുതാര്യത ഉറപ്പുവരുത്തുന്നതിനുതകുന്നതും ആണെന്ന് ആശ്വസിക്കാം.
58,057.88 കോടി രൂപ റവന്യൂ വരുമാനവും 2,269.97 കോടി രൂപ റവന്യൂ കമ്മിയുമുള്ളതാണ് ബജറ്റ്. 70,076.34 കോടി രൂപ മൊത്തം ചെലവും 11,872.63 കോടി രൂപ ധനകമ്മിയും കാണിക്കുന്നു 

മൊത്തം ആഭ്യന്തര വരുമാനത്തില്‍ 2013-'14-ല്‍ പോയവര്‍ഷത്തെ അപേക്ഷിച്ച് നേരിയ വര്‍ധനമാത്രമാണ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫ്. സര്‍ക്കാര്‍ ഭരണത്തില്‍വന്ന വര്‍ഷം, തൊട്ടുമുമ്പത്തെ ശമ്പള പരിഷ്‌കരണഭാരം ഏറ്റെടുക്കേണ്ടിവന്നു.
അതിനാല്‍ ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായി ചെലവഴിക്കുന്ന പൈസ റവന്യൂവരുമാനത്തിന്റെ 81.76 ശതമാനമായി ഉയര്‍ന്നുവെന്ന് കാണാം. തുടര്‍ന്ന് മൂലധനച്ചെലവ് മുടന്തിമുന്നേറുന്ന അവസ്ഥയാണ് കാണുന്നത്. ഇതുമൂലമാണ് ആരോഗ്യം, വിദ്യാഭ്യാസം, ഭൗതിക സാഹചര്യം ഇവയില്‍ കേരളം പിറകോട്ടടിക്കപ്പെടുന്ന അവസ്ഥയിലേക്കുവരുന്നത്. 2010-ലെ ഫിസ്‌കല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്‌മെന്റ് ആക്ട് (അമന്‍മെന്റ്) പ്രകാരം 2016-'17 ആകുമ്പോഴേക്ക് ധനക്കമ്മി ജി.എസ്.ഡി.പി.യുടെ മൂന്ന് ശതമാനവും വരുമാനക്കമ്മി പൂജ്യവുമാക്കി മാറ്റേണ്ടതുണ്ട്. ആ ദിശയിലേക്ക് ധനമന്ത്രി നീങ്ങുന്നുവെന്നത് ശ്ലാഘനീയമാണ്. 

വിഭവ വിന്യാസം - വകുപ്പുതലത്തില്‍
കാര്‍ഷിക മേഖലയ്ക്കുവേണ്ട പ്രഖ്യാപനങ്ങളില്‍ കുറവുവന്നിട്ടില്ല. എന്നാല്‍, ഈ കൊച്ചുകൊച്ചു തുകകള്‍കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കാന്‍ വയ്യ. പ്രശ്‌നപരിഹാരം തുടങ്ങിവെക്കാം. ചെറുകിട കര്‍ഷകരുടെ പലിശ എഴുതിത്തള്ളുന്നതും ബാക്കി കടം എഴുതിത്തള്ളുന്നതും നല്ലതുതന്നെ. പക്ഷേ, ഗുണഭോക്താക്കള്‍ കര്‍ഷകര്‍തന്നെയെന്ന് ഉറപ്പു വരുത്തണം.
കാര്‍ഷിക വായ്പാ റിസ്‌ക് ഇന്‍ഷുറന്‍സ് ഒരു പുതിയ തുടക്കമാണ്. കാര്‍ഷികാദായ നികുതിയില്‍ നിന്ന് കര്‍ഷകരെ അപ്പാടെ ഒഴിവാക്കിയത് ശുഭകരമല്ല. റബ്ബര്‍ കര്‍ഷകര്‍-റബ്ബര്‍ വില തത്കാലം കുറച്ച് താണുനില്ക്കുന്നുവെങ്കിലും - എന്തുകൊണ്ട് നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടണം? ഏറ്റവും അധികം നികുതിവെട്ടിപ്പ് നടക്കുന്ന മേഖലയാണ് റബ്ബര്‍. 2004-'05-ല്‍ റബ്ബറില്‍ നിന്നുള്ള ആകെ വിറ്റുവരവ് 3,849 കോടിയായിരുന്നു. അന്ന് സര്‍ക്കാര്‍ ഖജനാവിലേക്ക് നികുതിയിനത്തില്‍ 318 (8.26 ശതമാനം) കോടി രൂപയെത്തി.
2010-'11-ല്‍ റബ്ബറിന്റെവിറ്റുവരവ് 14,650 കോടിയായി വര്‍ധിച്ചു. എന്നാല്‍ സര്‍ക്കാറിന് കിട്ടിയത് 298 കോടി മാത്രം. (2.03 ശതമാനം).

സംയോജിത കൃഷിത്തോട്ട പദ്ധതി കേരളത്തിനും നിര്‍ധന വനിതകള്‍ക്കും ഇണങ്ങുന്ന നല്ലൊരു പദ്ധതിയാണ്. മാതൃകാ ഹൈടെക് -ഹരിത ഗ്രാമങ്ങള്‍, കര്‍ഷക ഉത്പാദക സഹകരണ സംഘങ്ങളും വിപണന ശൃംഖലയും കേരളാ ബ്രാന്‍ഡ് ജൈവ കൃഷിയും വന്നുകഴിഞ്ഞ് ആഹ്ലാദിക്കാം. നെല്ലു സംഭരണം ഇപ്പോള്‍ നടത്തുന്നത് സ്വകാര്യ വ്യവസായികളാണ്. എല്ലാവര്‍ഷവും സര്‍ക്കാര്‍ ഏറ്റവും അവഗണിക്കുന്ന മേഖലയാണിത്. കൃഷിക്കാര്‍ക്കുള്ള സമഗ്ര വിള ഇന്‍ഷുറന്‍സ് കാര്‍ഷികവൃത്തിയിലുള്ള എല്ലാവരും ചിരകാലമായി ആഗ്രഹിക്കുന്നതാണ്.
അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനുതകുന്ന സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് പദ്ധതിയോടൊപ്പം പ്ലേസ്‌മെന്റ് സെന്ററുകളുംകൂടി കൊണ്ടുവരുന്നത് നല്ലതാണ്. എന്നാല്‍, ഏതുതരം വൈദഗ്ധ്യമാണ്(സ്‌കില്‍) വിവിധ മേഖലകളില്‍ ആവശ്യമുള്ളതെന്ന് സര്‍വേ നടത്തി പഠിച്ച് അവയുടെ മാറ്റത്തിനനുസരിച്ച് സ്‌കില്‍ പ്രോഗ്രാമിലും മറ്റും സാധ്യമാവുന്ന സമ്പ്രദായം കൊണ്ടുവന്നില്ലെങ്കില്‍ ഇതിനു ചെലവഴിക്കുന്നത് കടലില്‍ കല്ലെറിയുന്നതിന് തുല്യമാവും. തൊഴിലന്വേഷകര്‍ക്കായി വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തിയും അല്ലാതെയും പദ്ധതികളുണ്ട്. ഒക്കെ നല്ല മാതൃകകളാക്കിമാറ്റാവുന്നതുമാണ്.

വളരെ കുറച്ച് വിഭവംകൊണ്ട് സദ്യയൊരുക്കേണ്ട ധനമന്ത്രി മുന്തിയ പരിഗണന നല്‍കി 788.93 കോടിയാണ് അടിസ്ഥാന സൗകര്യവികസനത്തിനായി നീക്കിവെച്ചിരിക്കുന്നത്. കൊച്ചി മെട്രോ, തിരുവനന്തപുരം മോണോ റെയില്‍, തിരുവനന്തപുരം കാസര്‍കോട് സൂപ്പര്‍ ഹൈവേ തുടങ്ങിയ സ്വപ്ന പദ്ധതികളെ നാം താലോലിക്കുന്നു. എന്നാല്‍, അവയിലേതെങ്കിലും ഒന്നിന്റെ ആവശ്യത്തിനുപോലും തികയുന്നതല്ല, നീക്കിവെച്ചിരിക്കുന്ന തുക. കൊച്ചുവേളി കോച്ച്‌റിപ്പയര്‍ സെന്ററിന് വകകൊള്ളിച്ചിരിക്കുന്നതും എങ്ങുമെത്തുന്നില്ല.

ഫ്‌ളാഗ്ഷിപ്പ് പ്രോഗ്രാമായി കൊണ്ടുവന്നിരിക്കുന്ന, ഗ്രാമീണജീവിതത്തിന്റെ മുഖച്ഛായ മാറ്റാന്‍ സഹായകമായ ഏതാനും പദ്ധതികളുണ്ട്. ഇവയൊക്കെ ആവിഷ്‌കരിക്കുമ്പോള്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന അനുശാസിക്കുന്ന 'മാന്യമായ തൊഴിലും വേതനവും' എന്ന പട്ടികയില്‍ ഇതിന്റെ ഗുണഭോക്താക്കള്‍ക്ക് എത്തിപ്പെടാന്‍ പറ്റണം. പരമ്പരാഗത മേഖലയും പട്ടികജാതി-വര്‍ഗവും ഇങ്ങനെ ഉദ്ധരിക്കപ്പെടേണ്ടവരാണ്.

മത്സ്യബന്ധന മേഖലയ്ക്ക് ഉണര്‍വേകുന്നതാണ് ബജറ്റ് വിഭാവനം ചെയ്യുന്ന 'ഫിഷ് മാളുകള്‍. മത്സ്യബന്ധനം, തരംതിരിക്കല്‍, ശീതീകരിക്കല്‍, മൂല്യവര്‍ധന, വിപണനം, കയറ്റുമതി ഇവയെല്ലാം ബന്ധിപ്പിച്ച് ഫിഷ്മാളുകളെ വ്യവസായ ഹബ്ബുകള്‍കൂടി ആക്കി മാറ്റണം.
വനിതകള്‍ക്കായി-സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക്-നിരവധി പദ്ധതികളാണ് ബജറ്റിലുള്ളത്. വനിതാപക്ഷ ബജറ്റെന്ന് വിശേഷിപ്പിക്കാവുന്നതാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുമ്പോള്‍ അതിന്റെ ഗുണഭോക്താക്കളില്‍ 90 ശതമാനവും വനിതകളായിരിക്കും.
 

വിഭവ സമാഹരണം
ബജറ്റിന്റെ ഏറ്റവും വലിയ ന്യൂനതയായി ചൂണ്ടിക്കാണിക്കാവുന്നത് വിഭവസമാഹരണത്തിനായി വേണ്ടത്ര ശ്രമം നടത്തിയിട്ടില്ല എന്നുള്ളതാണ്. സുഖഭോഗവസ്തുക്കളുടെ നികുതി നിരക്കുകളില്‍ 13.5 ശതമാനത്തില്‍ നിന്ന് 14.5 ശതമാനമാക്കി ഉയര്‍ത്തിയത് നല്ല നപടിയാണ്. ഇതുമൂലം രണ്ടുഗുണങ്ങളുണ്ട്. 1. സാധാരണക്കാരുടെ ക്രയശേഷി കുറയ്ക്കുകയില്ല. ആഘാതം സമ്പന്നര്‍ക്കായിരിക്കും. 2. സാധന സേവന നികുതി നടപ്പാക്കുമ്പോള്‍ നികുതി വരുമാനം നിലവിലിരുന്ന നികുതി വരുമാനത്തേക്കാള്‍ കുറവാണെങ്കില്‍ അത് കേന്ദ്രം നല്‍കും. തന്മൂലം സംസ്ഥാനങ്ങളൊക്കെത്തന്നെ ഇത്തരം ഉപഭോഗവസ്തുക്കളുടെ നികുതി 14.5 ശതമാനം ആക്കിയിട്ടുണ്ട്. എന്നാലും ഇപ്പോഴത്തെ വരുമാനം ഉയര്‍ത്തി നിര്‍ത്തുന്നത് യുക്തസഹം.

കെട്ടിട നിര്‍മാണ മേഖലയില്‍ നല്ല വളര്‍ച്ച രേഖപ്പെടുത്തപ്പെട്ടപ്പോഴും സാനിറ്ററി ഫിറ്റിങ്‌സ്, പെയിന്റ്, തടി എന്നിവയില്‍ നിന്നുള്ള വരുമാനം വളരെ താഴ്ന്നു നില്‍ക്കുകയാണ്. എന്നുവെച്ചാല്‍ ഈ സാധനങ്ങള്‍ കേരളത്തിനു വെളിയില്‍ നിന്ന് വാങ്ങി റെയില്‍, റോഡ്, കപ്പല്‍ വഴി നികുതി വെട്ടിച്ചു കടത്തുന്നുവെന്നാണ്. അതിന് തടയിടാന്‍ മാര്‍ഗങ്ങളൊന്നും നിര്‍ദേശിച്ചു കണ്ടില്ല.
ധനമന്ത്രി ഒരുമാസം മുമ്പ് പത്രസമ്മേളനത്തില്‍ നികുതിയിതര വരുമാന സമാഹരണം ഈ ബജറ്റിലെ പ്രധാന വരുമാന മാര്‍ഗമാവും എന്ന് പ്രസ്താവിച്ചിരുന്നു. എന്നാല്‍, ആ നിലയ്ക്കുള്ള ശക്തമായ നടപടികളൊന്നും ബജറ്റില്‍ കണ്ടില്ല.
കേരളത്തില്‍ 36-ഓളം ക്ഷേമബോര്‍ഡുകളുണ്ട്. ഇത് ഒറ്റ ബോര്‍ഡാക്കി മാറ്റാവുന്നതേയുള്ളൂ. ഏപ്രില്‍ ഒന്നിനുശേഷം സര്‍വീസില്‍ കയറുന്നവരുടെ പെന്‍ഷന്‍ പ്രായം 60 വയസ്സാക്കിയത് ഉചിതമായി.

ആകെക്കൂടി നോക്കുമ്പോള്‍ വരള്‍ച്ചയ്‌ക്കെതിരെ പ്രതിരോധം തീര്‍ത്ത് വികസനത്വരയോടെ ധനമന്ത്രി മുന്നേറുന്നു. വിഭവവിന്യാസം കുറഞ്ഞുപോയി എന്നു കുറ്റപ്പെടുത്തുന്നവരോടു ചോദിക്കാം. നികുതി വര്‍ധിപ്പിച്ചാല്‍ പൊതുമുതല്‍ നശിപ്പിച്ചു സമരം, ഫീസുകളിലേതിലെങ്കിലും തൊട്ടാലും തഥൈവ. കടമെടുത്താല്‍ സി.എ.ജി. പറയും സംസ്ഥാനം കടക്കെണിയിലേക്കെന്ന്. കരണീയമായിട്ടൊന്നേയുള്ളൂ. സര്‍ക്കാര്‍ സംരക്ഷണത്തില്‍ ധനവും സമ്പാദ്യവും വര്‍ധിപ്പിക്കുന്നവര്‍ ധനതത്ത്വശാസ്ത്ര തത്ത്വമനുസരിച്ച്, ലോകനടപ്പിനനുസരിച്ച് കൂടുതല്‍ സര്‍ക്കാറിലേക്ക് കൊടുക്കണം. ബില്‍ ഗേറ്റ്‌സ് പറഞ്ഞതോര്‍ക്കുക, ''എനിക്ക് പണത്തിന് യാതൊരു വിലയുമില്ല. അതുകൊണ്ട് സമ്പാദ്യത്തില്‍ വലിയ ഭാഗം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നു.'' പി.എന്‍.സി.മേനോന്‍ ചെയ്യുന്നതോര്‍ക്കുക, പകുതി സ്വത്ത് ജീവകാരുണ്യത്തിന്. നാം ജീവകാരുണ്യത്തിന് കൊടുത്തില്ലെങ്കിലും സര്‍ക്കാറിന്റെ വിഹിതം (നികുതി ഫീസ്) തുടങ്ങിയവ കൊടുത്ത് സര്‍ക്കാറില്‍ നിന്ന് മെച്ചപ്പെട്ട സേവനം തിരിച്ചുചോദിക്കാം.

No comments:

Post a Comment