Pages

26 January 2013

പെന്‍ഷന്‍ ഫണ്ടുകള്‍ വിശ്വാസ്യത ഉറപ്പാക്കണം

ഡോ. ബി. അശോക്‌
സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 80 ശതമാനത്തിലധികം (ജീവനക്കാര്‍ 60 ശതമാനം എന്നു പറയുന്നു; ആ തര്‍ക്കം അവിടെ നില്‍ക്കട്ടെ) ജീവനക്കാരുടെ വേതനവും പെന്‍ഷനും അപഹരിക്കുന്നു; വികസന പ്രവര്‍ത്തനം വായ്പകളില്‍ നിന്നു മാത്രം നടക്കുന്നു; ഇത് സംസ്ഥാനത്തെ കടുത്ത ധനകാര്യകമ്മി (Fiscal deficit) -യില്‍ എത്തിക്കും; പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാനാവാതെയാവും എന്നൊക്കെയുള്ള നിഗമനങ്ങളിലാണ് നിശ്ചയിക്കപ്പെട്ട പെന്‍ഷന്‍ഫണ്ടുകളില്‍ നിന്നും വേതനക്കാരനും വേതന ദാതാവും ചേര്‍ന്ന് ദീര്‍ഘകാലം കൊണ്ടു പങ്കാളിത്തത്തില്‍ നിക്ഷേപിക്കുന്ന (Contributory) അടിസ്ഥാനത്തില്‍ പെന്‍ഷന്‍ ഏര്‍പ്പാടാക്കാന്‍ കേന്ദ്രസര്‍ക്കാറും ആ നയത്തെ തുടര്‍ന്ന് സംസ്ഥാനസര്‍ക്കാറും തീരുമാനിച്ചിരിക്കുന്നത്. പുതിയ ഐ.എ.എസ്സുകാരുള്‍പ്പടെയുള്ള കേന്ദ്രസര്‍വീസുകാര്‍ക്ക് 2003-ല്‍ തന്നെ പെന്‍ഷന്‍ കോണ്‍ട്രിബ്യൂട്ടറി ആക്കിയെങ്കിലും ഇപ്പോഴും കോണ്‍ട്രിബ്യൂഷന്റെ നിക്ഷേപ മാനദണ്ഡങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. 2023-ല്‍ എങ്കിലും ആരംഭിക്കേണ്ട ഇവരുടെ പെന്‍ഷന്‍ ഇന്നും അനിശ്ചിതത്വത്തിലാണ്. 2003 മുതല്‍ 2013 വരെയുള്ള തുക ഇനിയെങ്ങനെ ശേഖരിക്കുമെന്നുമറിയില്ല. വികസനാവശ്യത്തിന് കൂടുതല്‍ റവന്യൂ വരുമാനം ലഭ്യമാക്കുക, അസംഘടിതമേഖല സ്വകാര്യമേഖല എന്നിവയുടെ പെന്‍ഷന്‍ ബാധ്യതയും ചേര്‍ത്ത് സുദൃഢമായ ഒരു വാര്‍ധക്യകാല സാമ്പത്തിക സുരക്ഷാപദ്ധതി എന്ന നിലയില്‍ ഈ പെന്‍ഷന്‍ഫണ്ട് ആശയത്തിന് ന്യായീകരണമുണ്ട്. പരിശോധിക്കേണ്ട ഒരു മാര്‍ഗമാണ് അത്. 

വളരെ ചുരുക്കിപ്പറഞ്ഞാല്‍ പുതിയ നിയമനങ്ങളുടെ ഭാവിപെന്‍ഷന്‍ വിഹിതത്തിന്റെ പത്തുശതമാനം മാത്രം സര്‍ക്കാറിന് ചെലവാകുന്നതാണ് സര്‍ക്കാറിനുള്ള നേട്ടം. ബജറ്റില്‍ എന്തെങ്കിലും വ്യത്യാസം അനുഭവപ്പെടാന്‍ ആദ്യ ഗുണഭോക്താക്കള്‍ പെന്‍ഷന്‍ വാങ്ങിത്തുടങ്ങണം. അഥവാ 25 വര്‍ഷമെങ്കിലും കഴിഞ്ഞു മാത്രം ഫലമറിയാവുന്ന ഒരു ധനകാര്യ നയമാറ്റമാണ് പെന്‍ഷന്‍ ഫണ്ടുകളുടെ രൂപവത്കരണം. 

ഈ പെന്‍ഷന്‍ഫണ്ടുകളാകട്ടെ പുതിയ കാര്യമേയല്ല. യൂറോപ്പിലും തെക്കേ അമേരിക്കയിലും ഇവരുടെ പ്രകടനം സമ്മിശ്ര ഫലങ്ങളാണുളവാക്കിയിട്ടുള്ളത്. പെന്‍ഷന്‍ ഫണ്ടുകള്‍ തുടര്‍ച്ചയായി 10ശതമാനം വളര്‍ച്ച കൈവരിക്കുന്നത് അത്യപൂര്‍വമാണ്. ഇംഗ്ലണ്ടില്‍ പെന്‍ഷന്‍ ഫണ്ടുകളുടെ മോശം പ്രകടനം കാരണം പെന്‍ഷന്‍ ഫണ്ട് സംരക്ഷണ ആക്ട് തന്നെ വേണ്ടി വന്നിരിക്കുകയാണ്. യു.എസ്സില്‍ ധാരാളം പെന്‍ഷന്‍ ഫണ്ടുകള്‍ തകരുകയും പാപ്പര്‍ നിയമത്തിന്‍ കീഴില്‍ സംരക്ഷണമാവശ്യപ്പെടുകയുമാണ്. ഇവിടെ പ്രസക്തമായ ചോദ്യം എത്ര കണ്ട് സ്വകാര്യ- സര്‍ക്കാര്‍-സംയുക്ത മേഖലകളിലെ ഫണ്ട് മാനേജുമെന്റ് സുരക്ഷിതമായിരിക്കും എന്നതാണ്. ശരാശരി 70 വയസ്സ് പ്രായമുള്ള ഭാവി പെന്‍ഷണര്‍ കോടതികളില്‍ കയറി ഫണ്ടുകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ആരോഗ്യവും കരുത്തും കുറഞ്ഞവരായിരിക്കും; മുതിര്‍ന്ന പൗരന്മാരെന്ന നിലയില്‍ അവര്‍ക്ക് പരിമിതികളുണ്ടാവും എന്നും നമ്മളോര്‍ക്കേണ്ടതുണ്ട്. വയോജന സംരക്ഷണത്തെയടക്കം ബാധിക്കുന്ന ഒരു വലിയ നയംമാറ്റമാണ് ഈ നവീകരണത്തിലുള്ളത്. കേവലം ജീവനക്കാരുടെ പ്രശ്‌നമല്ലത്. 2050 ല്‍ കേരളത്തിലെ കുറഞ്ഞത് അഞ്ചുലക്ഷം കുടുംബങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട, 40 ലക്ഷം പേരെ ബാധിക്കുന്ന തീരുമാനമാണിത്. 

സര്‍ക്കാര്‍ വരുമാനത്തില്‍ നിന്നും നീക്കി വെക്കപ്പെടുന്ന പെന്‍ഷനാണ് നിലവിലുള്ളത്. ഇത് നല്‍കാനുള്ള ബാധ്യതയിലേക്ക് സര്‍ക്കാര്‍ ഭാവി പെന്‍ഷണര്‍മാരില്‍ നിന്ന്‌പോലും കടപ്പത്രം സ്വീകരിക്കുന്നില്ല. വാസ്തവത്തില്‍ സ്വകാര്യ ഫണ്ട് മാനേജര്‍മാരില്ലാതെ ശരാശരി സര്‍ക്കാര്‍ കടത്തിനേക്കാള്‍ കുറഞ്ഞ പലിശനിരക്കില്‍ പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ജീവനക്കാരില്‍ നിന്നും സ്വീകരിക്കാം. ഇവിടെ പരിഗണിക്കുന്നത് സ്വകാര്യ മാനേജര്‍മാര്‍ കോണ്‍ട്രിബ്യൂഷനും ആനുപാതിക സര്‍ക്കാര്‍ ബജറ്റ് വിഹിതവും ചേര്‍ത്ത് നടത്തുന്ന ദീര്‍ഘകാലനിക്ഷേപവും (ശരാശരി 20 വര്‍ഷം) അതിന്റെ ധനകാര്യ ഫലസിദ്ധിയുമാണ്. 
ഇതില്‍ സുരക്ഷിതത്വത്തിന് എത്ര മുന്‍തൂക്കം നല്‍കണം എന്നു വാദിച്ചാലും ഫണ്ടുകളുടെ ശരാശരി നേട്ടത്തിന് നിക്ഷേപകരുടെ നല്ലൊരു പങ്ക് പണം ഓഹരികളിലെത്താതെ തരമില്ല. കാലാകാലങ്ങളിലെ ശരാശരി നിക്ഷേപത്തിന്റെ പ്രകടനമാണ് ഫണ്ടു മാനേജര്‍മാരുടെ മത്സരമികവ്. ഫണ്ടിന്റെ ഉടമസ്ഥത സര്‍ക്കാര്‍ കമ്പനികള്‍ക്കാണെങ്കിലും പൊതുമേഖലാബാങ്കുകള്‍ക്കാണെങ്കിലും ചുരുങ്ങിയ 'മാര്‍ക്കറ്റ് എക്‌സ്‌പോഷര്‍' ഇല്ലാതെ ഫണ്ട് നടക്കില്ല. കൂടുതല്‍ ശരാശരി വരുമാനം ഉറപ്പാക്കുന്ന ഫണ്ടുകള്‍ ശ്രദ്ധിച്ചാല്‍ ആദ്യ 5-6 വര്‍ഷത്തെ കാലയളവില്‍ മികച്ച വരുമാനം തരുന്ന ഓഹരികളിലും ഇടക്കാല ബോണ്ടുകളിലുമാവുംനിക്ഷേപം. സര്‍ക്കാര്‍ ബോണ്ടുകളുടെ ശരാശരി നിക്ഷേപം മാത്രം നിക്ഷേപിക്കാനാവുന്ന ഫണ്ടുകളില്‍ സ്വകാര്യ മേഖലയ്ക്ക് നടത്തിപ്പു ചെലവ(്Commission) മാത്രമേ കിട്ടൂ. ഇതിന് എത്രകണ്ട് ഫണ്ട് മാനേജര്‍മാര്‍ക്ക് ഉത്സാഹമുണ്ടാവും എന്നത് വ്യക്തമല്ല. 

പെന്‍ഷന്‍ഫണ്ടുകളുടെ പ്രയാസവും ഇതാണ്. പെന്‍ഷന്‍ ഫണ്ടുകളില്‍ സ്വീകാര്യത കൂടുതല്‍ ആദ്യ ഘട്ടത്തില്‍ മികച്ച ഇടക്കാല വരുമാനം തരുന്നവയ്ക്കാവും. എന്നാല്‍ ആദ്യ വര്‍ഷങ്ങളിലെ ഈ ചെപ്പടിവിദ്യ 20-25 വര്‍ഷത്തെ ദീര്‍ഘകാല പ്രകടനത്തിന് ഒരുറപ്പും നല്‍കുന്നില്ല. പെന്‍ഷന്‍ ഫണ്ടുകള്‍ അവരുടെ തന്നെ വിജയത്തിന്റെ ദുരന്തങ്ങളാവുകയാണ്. ആദ്യ വിജയം ധാരാളം നിക്ഷേപകരെ ആകര്‍ഷിക്കയും ബാധ്യത ശക്തമാവുകയും ഫണ്ടുകള്‍ തകരുകയും ചെയ്യുന്നത് സാധാരണമാണ്. പെന്‍ഷണര്‍ക്കുവേണ്ടത് ഹ്രസ്വകാല മികവുള്ള സ്‌കീമുകളല്ല; ദീര്‍ഘകാല സ്ഥിര വരുമാന- മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്‌കീമാണ്. 

ഇവിടെയാണ് മാര്‍ക്കറ്റിന്റെ അദൃശ്യമായ കൈ പെന്‍ഷണര്‍മാരെയും പെന്‍ഷന്‍ഫണ്ടുകളെയും അമ്മാനമാടുക. പ്രധാനമായും ഫണ്ടുകള്‍ നേരിട്ടിരിക്കുന്ന പ്രശ്‌നം ആകെ വരുമാനം വര്‍ധിപ്പിക്കാന്‍ നടത്തിയ ആസ്തി വിന്യാസം (Asset Allocation) ഗുണകരമല്ലാതെ മാറുക എന്നതാണ്. ഒരു വന്‍കിട കമ്പനിയുടെ പാപ്പര്‍ സ്യൂട്ടോ (ഇന്ത്യയിലെ 'സത്യം', യു എസ്സിലെ ജി. എം എന്നിവ പോലെ) വിദേശ കറന്‍സിയുടെ അനിശ്ചിതമായ കുതിച്ചുയരലോ വ്യവസായ മാന്ദ്യമോ ഒക്കെ മതി ഈ ബാലന്‍സ് തെറ്റാന്‍. ആസ്തിയില്‍ വരുന്ന ഈ ചാക്രിക ചാഞ്ചാട്ടം ഫണ്ടുകളെ ഒറ്റയടിക്ക് മൈനസ് ബാലന്‍സിലാക്കിയിട്ടുണ്ട്. OECD രാജ്യങ്ങളില്‍ തന്നെ നാളിതുവരെയുള്ള പെന്‍ഷന്‍ഫണ്ടുകളുടെ സഞ്ചിത നഷ്ടം 5.4 ട്രില്ല്യണ്‍ ഡോളറാണ്. സാമ്പത്തിക മികവുള്ള ഈ രാജ്യങ്ങള്‍ക്ക് പോലും നിയമനിര്‍മാണം മൂലം മാത്രം താങ്ങി നിറുത്താന്‍ കഴിയുന്ന വന്‍ ബാധ്യതകളാണിവ. തെക്കേയമേരിക്കന്‍ രാജ്യങ്ങളിലെ പെന്‍ഷന്‍ഫണ്ടുകള്‍ ശരാശരി 20 ശതമാനം മൂല്യം ഇടിഞ്ഞ സ്ഥിതിയിലാണ്. കറന്‍സി ഇടിയുകയും കച്ചവടക്കമ്മി (Trade Deficit) വര്‍ധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണിത് (Antellion & Stewart)ഇവിടെയൊക്കെ സംഭവിച്ചിരിക്കുന്നത്. ഫണ്ട് മാനേജര്‍മാര്‍ പൊതുവില്‍ ഹ്രസ്വകാല നേട്ടം പെരുപ്പിച്ചുകാട്ടി ഫണ്ടുകളാകര്‍ഷിക്കുകയും ദീര്‍ഘകാല സുസ്ഥിരത പണയപ്പെടുത്തുകയും ചെയ്തു എന്നതു കൊണ്ടാണിത്.

പെന്‍ഷന്‍ ഫണ്ടുകള്‍ നിക്ഷേപമാരംഭിച്ചു കഴിയുമ്പോള്‍ തുടക്കത്തിലെ വ്യവസ്ഥകള്‍ എന്തായിരുന്നാലും മൂന്നു തരം പരിഷ്‌കാരങ്ങള്‍ സര്‍ക്കാറില്‍ നിന്നും സമ്മര്‍ദം ചെലുത്തി വാങ്ങുന്നതായി കണ്ടുവരുന്നു. ഒന്നാമതായി കോണ്‍ട്രിബ്യൂഷന്‍ നിരക്കുകള്‍ ക്രമേണ വര്‍ധിപ്പിക്കുക, രണ്ട് അംഗത്തിന്റെ കോണ്‍ട്രിബ്യൂഷന്‍ കാലാവധി നീട്ടുക (അഥവാ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുക), മൂന്ന് ഓഹരി തുടങ്ങിയ അധിക വരുമാന സാധ്യതയുള്ള നിക്ഷേപകങ്ങളുടെ തോത് നിക്ഷേപത്തില്‍ വര്‍ധിപ്പിക്കുക. ഫണ്ടുകളുടെ ഇന്‍ഷുറന്‍സ് ബാധ്യതകള്‍ നിക്ഷേപകര്‍ക്ക് കൈമാറാനുള്ള നീക്കങ്ങളും കണ്ടുവരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നിലവില്‍ വന്ന ശക്തമായ പെന്‍ഷന്‍ ഫണ്ടുകളുടെ ലോബിയിങ് ഈ രാജ്യങ്ങളിലെ സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഫലിക്കുന്നു. മാറ്റങ്ങള്‍ സര്‍ക്കാറിന് എപ്പോഴും ഈ രാജ്യങ്ങളില്‍ നടത്താം. ഇവയുടെ സഞ്ചിത ഫലമായിട്ട് ധനകാര്യ നേട്ടം കൂടിയിട്ടും യൂറോപ്പിലും തെക്കേ അമേരിക്കയിലും പെന്‍ഷന്‍ ഫണ്ടുകള്‍ ഉദ്ദേശിച്ച മെച്ചം നിക്ഷേപകര്‍ക്ക് നല്‍കിയെന്നു ഗവേഷകര്‍ കാണുന്നില്ല.

അന്താരാഷ്ട്രമായിത്തന്നെ വിവിധ പെന്‍ഷന്‍ ഫണ്ടുകളുടെ റേറ്റിങ്, അവയുടെ ദീര്‍ഘകാല വിലയിരുത്തല്‍ (Life cycle evaluation) എന്നിവ വികസിത രാജ്യങ്ങളില്‍ പോലും ലഭ്യമല്ല. പലപ്പോഴും ഇതര ഹ്രസ്വകാല ഫണ്ടുകളുമായും ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകളുമായൊക്കെയാണ് താരതമ്യം നടക്കുന്നത്. ഇതാകട്ടെ ഒട്ടും ശാസ്ത്രീയവുമല്ല. 
ഇനി പ്രധാനപ്പെട്ട മറ്റൊരു ഗവേഷണഫലം പെന്‍ഷന്‍ ഫണ്ടുകള്‍ തമ്മിലുള്ള മത്സരം കൊണ്ട് ഫണ്ടുകളുടെ പ്രകടനം മെച്ചപ്പെടുന്നില്ല എന്നുള്ളതാണ്. ഇതിന് യൂറോപ്പിലടക്കമുള്ള കാരണം ആസ്തി വിന്യാസത്തില്‍ കേന്ദ്ര ബാങ്കടക്കം നടത്തുന്ന തുടര്‍ ഇടപെടലുകളാണ്. കര്‍ശന നിബന്ധനകള്‍ മത്സരം തടയുന്നു. എന്നാല്‍ ഫലത്തില്‍ പത്തു വര്‍ഷം പ്രവര്‍ത്തിച്ചശേഷം 80 ശതമാനം ചിലിയന്‍ പെന്‍ഷന്‍ ഫണ്ടും ഓഹരികളിലായി. എസ്‌തോണിയയില്‍ 50ശതമാനം പെന്‍ഷന്‍ ഫണ്ടും ഓഹരികളില്‍ നിക്ഷേപിച്ചു. മെക്‌സിക്കോവില്‍ 30ശതമാനം പെന്‍ഷന്‍ഫണ്ടുകളും ക്രമേണ ഓഹരി കമ്പോളത്തിലെത്തി. ഈ രാജ്യങ്ങളൊന്നുംഓഹരി നിക്ഷേപം ഇത്ര കണ്ട് പ്രതീക്ഷിച്ചോ നിജപ്പെടുത്തിയോ ഇറങ്ങിത്തിരിച്ചവയല്ല. ആദ്യ ഘട്ടത്തിലെ മികച്ച പ്രകടനം കൊണ്ട് നിക്ഷേപകരെ ഫണ്ടു മാനേജര്‍മാര്‍ ഓഹരികളിലേക്ക് ക്രമേണ കൊണ്ടുവരികയാണുണ്ടായത്. ഫണ്ടുമാനേജര്‍മാരുടെ വരുമാനം ഇതിനെ ആശ്രയിച്ചാണിരിക്കുന്നതെന്നും നമ്മള്‍ മനസ്സിലാക്കണം. 

ഉദാഹരണത്തിന് ചിലിയിലെ നിക്ഷേപങ്ങള്‍ 70ശതമാനം പെട്രോളിയം കമ്പനികളാണ് പിടിച്ചെടുത്തിട്ടുള്ളത്. 2008 ന്റെ മധ്യംവരെ നിക്ഷേപകര്‍ക്ക് ഇതിന്റെ ഗുണവും കിട്ടി. എന്നാല്‍ 2008 പകുതിയോടെ പെട്രോളിയം വരുമാനം ഇടിയുമാറ് കറന്‍സിയുടെ വിലയിടിക്കേണ്ടിവന്നു. ഇത് യു എസ്സിലെ സബ് പ്രൈം പ്രതിസന്ധിയുടെ തുടര്‍ച്ചയായിരുന്നു. കറന്‍സി 30ശതമാനവും പെന്‍ഷന്‍ ഫണ്ട് 40ശതമാനവും ഇടിഞ്ഞു. അതായത് 10, 000 രൂപ പെന്‍ഷന്‍ 6, 000 രൂപയായി ഒറ്റ രാത്രി കൊണ്ട് മാറി എന്നര്‍ഥം. പെന്‍ഷണറുടെ അത്യാഗ്രഹം പെട്രോളിയം കമ്പനികളും പെന്‍ഷന്‍ മാനേജര്‍മാരും പ്രയോജനപ്പെടുത്തിയപ്പോള്‍ നഷ്ടം നിക്ഷേപകര്‍ക്കു മാത്രം.
ഫണ്ടുകളുടെ അന്താരാഷ്ട്ര വിനിമയമുള്ള ഭാഗം അഥവാ ഡോളര്‍ നിക്ഷേപം ട്രേഡ് ഡെഫിസിറ്റിനെയും കറന്‍സി വ്യതിയാനത്തെയും ആശ്രയിച്ചിരിക്കും. അതായത് ഉത്പാദനമാന്ദ്യമോ വ്യാവസായിക തളര്‍ച്ചയോ കാര്‍ഷിക മരവിപ്പോ ഒക്കെ അന്താരാഷ്ട്രവിനിമയത്തിലൂടെ ഫണ്ടിന്റെ വളര്‍ച്ചാസാധ്യതകളെ ബാധിക്കും. മറ്റൊരു അബദ്ധ ധാരണ ശരാശരി പെന്‍ഷന്‍ ഫണ്ടുകള്‍ വ്യാവസായിക തന്ത്രപ്രധാന നിക്ഷേപമായി മാറും എന്നതാണ്. ഇതു ശരിയല്ല എന്നു പഠനങ്ങള്‍ കാണിക്കുന്നു. ഈ രാജ്യങ്ങളിലൊന്നും വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ കമ്പനികളിലോ ഗവേഷണ- അടിസ്ഥാന സൗകര്യ സ്ഥാപനങ്ങളിലോ കാര്യമായ ഒരു ചലനവുംപെന്‍ഷന്‍ഫണ്ടുകള്‍ ഉളവാക്കിയിട്ടില്ല. 
ശരാശരി പെന്‍ഷന്‍ഫണ്ടിന്റെ ഫലം ആകെ മൂന്നുശതമാനം ക്ഷേമത്തിലുള്ള നഷ്ടമാണെന്നാണ് നൂറുകണക്കിന് പെന്‍ഷന്‍ ഫണ്ടുകളുടെ പഠനങ്ങള്‍ കാണിക്കുന്നത്. കൂടാതെ പുനര്‍ ക്രമീകരണത്തിന്റെ ചെലവും പലപ്പോഴും വീണ്ടും ബജറ്റില്‍ നിന്നും നല്‍കണം. ജനറല്‍ മോട്ടോര്‍സിനെ യു. എസ്സും യു.ടി.ഐ.യെ ഇന്ത്യാ സര്‍ക്കാരും രക്ഷപ്പെടുത്തിയതുപോലെയുള്ള രക്ഷാമാര്‍ഗവും സര്‍ക്കാര്‍ ഒരുക്കേണ്ടതായി വരുന്നു. പെന്‍ഷന്‍ഫണ്ടുകള്‍ ഒരു ഫ്രാങ്കന്‍സ്റ്റീന്‍ ഭീകരന്‍ ആണെന്നല്ല ഇതിനര്‍ഥം. ശരിയായി ക്രമീകരിക്കാതെ എടുത്തു ചാടി നിക്ഷേപിക്കാന്‍ പറ്റിയ ഒരന്തരീക്ഷംഇനിയും നമുക്കുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്നു മാത്രം. വ്യാവസായികമേഖല കേന്ദ്രീകരിച്ച് വിജയകരമായി നടത്തിപ്പിലെത്തിച്ച ശേഷം സര്‍ക്കാര്‍ പെന്‍ഷനുകള്‍ മാര്‍ക്കറ്റില്‍ വിജയിക്കുന്ന മികച്ച റേറ്റിങ്ങുള്ള ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് കുറേക്കൂടി നിരീക്ഷണ സൗകര്യം തന്നേനെ. സാങ്കേതിക-വ്യാവസായിക മേഖലയിലെ പെന്‍ഷന്‍ രഹിത വിഭാഗങ്ങളില്‍ വളര്‍ന്ന ഒരു ദേശീയ പെന്‍ഷന്‍ ഫണ്ടുപോലും ഇല്ലെന്നതോര്‍ക്കണം. ഇതിനുള്ള സാവകാശം ഏറെ വൈദഗ്ധ്യം ഈ മേഖലയില്‍ ഉളവാക്കിയേനെ. 

നിയമ ദൃഷ്ടിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടുതരം പെന്‍ഷന്‍ ദുര്‍ബലമാകാന്‍ ഇടയുണ്ട്. അനുച്ഛേദം 14ന്റെ നിര്‍വചനത്തില്‍ തുല്യസ്ഥാനീയര്‍ക്ക് രണ്ടുതരം ചട്ടം ബാധകമാക്കാന്‍ സര്‍ക്കാരിനുള്ള അവകാശം പരിമിതമാണ്. മാര്‍ക്കറ്റ് നല്‍കേണ്ട പെന്‍ഷന്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍കാരെ അപേക്ഷിച്ച് കുറഞ്ഞതോ കുറഞ്ഞ ടേംസുള്ളതോ ആണെന്നു വരികിലോ പെന്‍ഷന്‍ഫണ്ടുകള്‍ തുടരെ പരാജയപ്പെടുകയോ ചെയ്താല്‍ കോടതികള്‍ മാര്‍ക്കറ്റ് അധിഷ്ഠിത പെന്‍ഷന്‍കാരുടെ സ്റ്റാറ്റിയൂട്ടറി അവകാശം പുനഃസ്ഥാപിക്കുകയും സര്‍ക്കാറിന് പരാജയപ്പെട്ട ഫണ്ടിന്റെ ബാധ്യതയും പെന്‍ഷണര്‍മാരുടെ ബാധ്യതയും ഏറ്റെടുക്കേണ്ടിവരാനുള്ള വിദൂരസാധ്യതയും കാണാതിരുന്നു കൂടാ. ഇത്തരം അപകടങ്ങളുടെ ഒരു സാധ്യതാവിശകലനവും വളരെ അനിവാര്യമാണ്. വെളുക്കാന്‍ തേച്ചത് പാണ്ടാകരുത്.
വയോജനങ്ങളുടെ നിലനില്പിനാധാരമായ പെന്‍ഷനുകള്‍ കോര്‍പ്പറേറ്റുകളുടെ പകിടപ്പണമായി മാറാതിരിക്കാനുള്ള ജാഗ്രതയും മാറ്റങ്ങള്‍ക്കൊപ്പം വേണം.

No comments:

Post a Comment