ഡോ. കെ.വി. ജോസഫ്
ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു കൊച്ചിയില്‍നടന്ന 'എമര്‍ജിങ് കേരള' സംഗമം. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന സംരംഭങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്ന സഹകരണത്തിന്റെയും പ്രോത്സാഹനത്തിന്റെയും പിന്‍ബലത്തില്‍ കേരളത്തില്‍ വ്യവസായവികസനം കൈവരിക്കാനാവുമെന്ന പ്രത്യാശയാണ് സംഗമത്തില്‍ പ്രകടമായത്. എന്നാല്‍, അതിന് ഫലം കാണണമെങ്കില്‍ പല വെല്ലുവിളികളെയും തരണംചെയ്യേണ്ടതുണ്ട്.
മൂലധനം, സംരംഭകരുടെ സാന്നിധ്യം, നിക്ഷേപ സൗഹാര്‍ദാന്തരീക്ഷം തുടങ്ങിയവ വ്യവസായ വികസനത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഘടകങ്ങളാണ്.
ഇന്ത്യയിലെ ഫാക്ടറിമേഖലയില്‍ നിക്ഷേപിച്ചിരിക്കുന്ന ആകെ മൂലധനത്തില്‍ 1.33 ശതമാനം മാത്രമാണ് (2007-08ല്‍), രാജ്യത്തെ ജനസംഖ്യയില്‍ 2.75 ശതമാനം അധിവസിക്കുന്ന കേരളത്തില്‍ നിക്ഷേപിച്ചിട്ടുള്ളത്. മാത്രമല്ല, പുതുതായി സ്വരൂപിക്കുന്ന മൂലധനത്തില്‍ വെറും 0.56 ശതമാനം മാത്രമാണിവിടെ സമാഹരിക്കുന്നതും. ഇക്കാര്യത്തില്‍ ഇന്ന് കേരളത്തിന്റെ നില അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കയാണ്. 1983-84ല്‍ മൂലധനസ്വരൂപണത്തില്‍ കേരളത്തിന്റെ പങ്ക് 1.84 ശതമാനമായിരുന്നു.
വിഭവശേഷിയുടെ അഭാവംകൊണ്ടല്ല ഈ ക്ഷയം. കേരളത്തിലെ ബാങ്ക്‌നിക്ഷേപം 1,70,547 കോടി രൂപ വരും. ഇത് ഇന്ത്യയിലെ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 3.14 ശതമാനത്തോളമാണ്. കേരളത്തിലെക്കാള്‍ കൂടുതല്‍ പ്രതിശീര്‍ഷ ബാങ്ക്‌നിക്ഷേപമുള്ളത് മഹാരാഷ്ട്രയിലും പഞ്ചാബിലും മാത്രമാണ്. കേരളത്തിലേക്ക് ഏകദേശം 50,000 കോടി രൂപയാണ് പ്രവാസിമലയാളികള്‍ അയച്ചുതരുന്നത്. അത് സംസ്ഥാനത്തിന്റെ മൊത്തവരുമാനത്തിന്റെ 20 ശതമാനത്തില്‍ കവിയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ വിഭവസ്രോതസ്സുകളെ എളുപ്പത്തില്‍ മൂലധനമായി രൂപാന്തരപ്പെടുത്താവുന്നതാണ്. എന്നാല്‍, അവയിപ്പോള്‍ കെട്ടിടനിര്‍മാണത്തിനും ഉപഭോക്തൃ ആവശ്യങ്ങള്‍ക്കും മാത്രമാണ് ഉപയോഗപ്പെടുത്തിവരുന്നത്.
നിക്ഷേപസൗഹാര്‍ദാന്തരീക്ഷം വ്യവസായവികസനത്തിന് അത്യന്താപേക്ഷിതമാണ്. മുതലിനും ജീവനും സംരക്ഷണം, തൊഴില്‍ചെയ്യുന്നതിന് സന്നദ്ധതയുള്ള തൊഴിലാളികളുടെ ലഭ്യത, വ്യവസായസംരംഭങ്ങളോട് മൊത്തത്തില്‍ അനുഭാവപൂര്‍ണമായ സാമൂഹികാന്തരീക്ഷത്തിന്റെ സാന്നിധ്യം തുടങ്ങിയ വസ്തുതകള്‍ ഉള്‍ക്കൊള്ളുന്ന അവസ്ഥയാണത്.
സ്വകാര്യസംരംഭങ്ങളോട് കേരളത്തില്‍ ഒരു തരത്തിലുള്ള അസഹിഷ്ണുതാമനോഭാവം നിലനിന്നിരുന്നു. സ്വകാര്യസംരംഭങ്ങളെ മൊത്തത്തില്‍ കരിഞ്ചന്തക്കാരുടെയും കുത്തകക്കാരുടെയും ചൂഷകരുടെയും മേഖലയായിട്ടാണ് കേരളസമൂഹത്തിലെ ഒരു നല്ലവിഭാഗം ആള്‍ക്കാര്‍ വീക്ഷിച്ചിരുന്നതുതന്നെ. അതോടെ പൊതുമേഖലയില്‍മാത്രം സംരംഭങ്ങള്‍ വളര്‍ന്നാല്‍ മതി എന്ന ഒരു മനോഭാവം പൊതുജനങ്ങളുടെയിടയില്‍ വേരൂന്നിവന്നു. വെറുതെയല്ല, കേരളത്തിലെ ഫാക്ടറിമേഖലയിലെ ആകെ മൂലധന നിക്ഷേപത്തില്‍ സ്വകാര്യമേഖലയുടെ പങ്ക് 10 ശതമാനത്തില്‍ താഴെമാത്രമായി ഒതുങ്ങി നില്‍ക്കുന്നത്. നേരേമറിച്ച് ഇന്ത്യയില്‍ മൊത്തത്തില്‍ സ്വകാര്യ മേഖലയുടെ പങ്ക് 50 ശതമാനത്തില്‍ക്കവിയും.
നിക്ഷേപസൗഹാര്‍ദാന്തരീക്ഷം വളര്‍ത്തിയെടുക്കണമെന്ന ലക്ഷ്യത്തോടുകൂടിയാണ് 'എമര്‍ജിങ് കേരള' സംഘടിപ്പിച്ചതും. പക്ഷേ, ഇക്കാര്യത്തില്‍ ആശാവഹമായ മാറ്റം കണ്ടുതുടങ്ങി എന്ന് പറയാറായിട്ടില്ല. പല പാര്‍ട്ടികളും സംഗമത്തില്‍ നിന്ന് വിട്ടുനിന്നു. എങ്കിലും കേരളത്തില്‍ വ്യവസായം വളരണമെന്നാണ് ഭൂരിപക്ഷം ജനങ്ങളുടെയും ആഗ്രഹം. ഇതെങ്ങനെ യാഥാര്‍ഥ്യമാക്കിത്തീര്‍ക്കാം എന്നുള്ളതാണ് വെല്ലുവിളി.
മൂലധന സ്രോതസ്സുകള്‍ ഉണ്ടെങ്കിലും മൂലധനസ്വരൂപണത്തില്‍ കേരളം വളരെ പിന്നാക്കാവസ്ഥയിലാണിപ്പോള്‍. വ്യാവസായികാവശ്യത്തിനുള്ള അസംസ്‌കൃതപദാര്‍ഥങ്ങളുടെ അപര്യാപ്തതയുമുണ്ട്. പൊതുവേ തൊഴില്‍ ചെയ്യുന്നതിലുള്ള അലംഭാവവും കാണാം. പരിസ്ഥിതി പ്രശ്‌നങ്ങളും തരണംചെയ്യേണ്ടതായിട്ടുണ്ട്. ഈ യാഥാര്‍ഥ്യങ്ങളുടെ വെളിച്ചത്തില്‍, എമര്‍ജിങ് കേരളയില്‍ ഊന്നല്‍ നല്‍കി മുന്നോട്ടുവെച്ച വ്യവസായവേദികളാകട്ടെ വിവരസാങ്കേതിക മേഖല (ഐ.ടി.), ടൂറിസം, അടിസ്ഥാന വികസനം എന്നിവയാണ്. ഇവയില്‍ ഐ.ടി.ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. വന്‍ മുതല്‍മുടക്ക് കൂടാതെയും പരിസ്ഥിതിപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെയും വളര്‍ന്നുവരാവുന്ന മേഖലയാണിത്. എന്നിരുന്നാലും ഭാവനാശൂന്യമായ ഒരു സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത് എന്നുതോന്നാവുന്ന രീതിയിലാണ് അതിനെ വികസിപ്പിക്കാനുള്ള പരിപാടികള്‍ ആസൂത്രണംചെയ്തിരിക്കുന്നത്. ഇതുവരെയും വളര്‍ച്ച പ്രാപിക്കാത്ത ഈ വ്യവസായത്തെ കേരളത്തിലാകമാനം വ്യാപിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടികള്‍ ആസൂത്രണംചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക് കൂടാതെ, കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കും കോഴിക്കോട്ട് ടെക്‌നോസിറ്റിയും സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. അതിനുപുറമേ കൊരട്ടിയിലും ആമ്പല്ലൂരും പാലക്കാട്ടും കൊല്ലത്തും ചേര്‍ത്തലയിലും കണ്ണൂരിലുമൊക്കെ ഐ.ടി. ശൃംഖലകള്‍ സ്ഥാപിക്കാനും പരിപാടിയുണ്ട്. ചുരുക്കത്തില്‍ കേരളത്തിലാകെ 50 ടെക്‌നോപാര്‍ക്കുകളാണ് സ്ഥാപിക്കുന്നത്. എന്നാല്‍, ഈ സ്ഥലങ്ങളിലെല്ലാം ഐ.ടി. വളര്‍ന്നുവികസിക്കുന്നതിന് ഉതകുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍, ബാംഗ്ലൂര്‍ ഒരു ഐ.ടി. നഗരമായി വളര്‍ന്നതുപോലെ ഒരു പ്രത്യേകസ്ഥലത്ത് ഐ.ടി.യെ വളര്‍ത്തിയെടുക്കുന്നതല്ലേ കൂടുതല്‍ അഭിലഷണീയം എന്ന് ആലോചിക്കേണ്ടതാണ്.
പുകവമിക്കാത്ത വ്യവസായം എന്ന് പലരും വിശേഷിപ്പിക്കുന്ന ടൂറിസത്തിനും കേരളത്തിന്റെ വികസനപന്ഥാവില്‍ നിര്‍ണായകസ്ഥാനം നല്‍കിക്കൊണ്ടാണ് എമര്‍ജിങ് കേരള പര്യവസാനിച്ചത്. എന്നാല്‍, ഏഴാംപദ്ധതിയുടെ രൂപരേഖയില്‍ വിഭാവനം ചെയ്തിരിക്കുന്നതുപോലെ വികസനത്തിന്റെ എന്‍ജിന്‍ ആയിത്തീരാന്‍ ടൂറിസത്തിന് സാധ്യമാണോ എന്ന കാര്യം സംശയമാണ്. ഇന്ത്യയില്‍ മൊത്തത്തിലും കേരളത്തില്‍ വിശേഷിച്ചും ടൂറിസം ഇതുവരെയും ഗണ്യമായ സംഭാവനകള്‍ ഒന്നുംതന്നെ നല്‍കിയിട്ടില്ല. ഇന്ത്യയില്‍ എത്തുന്നതിലും കൂടുതല്‍ ആള്‍ക്കാരാണ് ഇവിടെനിന്ന് വിനോദസഞ്ചാരത്തിനായി ഓരോ വര്‍ഷവും അന്യരാജ്യങ്ങളിലേക്ക് പുറപ്പെടുന്നത്. 2010-ല്‍ 55.8 ലക്ഷം വിദേശികള്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ 120.01 ലക്ഷം ഇന്ത്യക്കാര്‍ അന്യരാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2009-10-ല്‍ ടൂറിസത്തില്‍നിന്ന് ഇന്ത്യക്ക് കിട്ടിയ വരുമാനം 56045 കോടി രൂപയായിരുന്നു. ഇന്ത്യക്കാര്‍ അന്യരാജ്യങ്ങളില്‍ ചെലവാക്കിയതാകട്ടെ 44090 കോടി രൂപയും. മിച്ചമായി കിട്ടിയത് 11805 കോടി രൂപ മാത്രവും. പുകവമിക്കുന്നില്ലെങ്കിലും ടൂറിസം സൃഷ്ടിക്കുന്ന പരിസ്ഥിതിപ്രശ്‌നങ്ങള്‍ അതിഗുരുതരം തന്നെയാണ്. മനുഷ്യനിര്‍മിതവും പ്രകൃതിദത്തവുമായ ആകര്‍ഷണങ്ങളെ കമ്പോളവത്കൃത ചരക്കുകളായി, ടൂറിസ്റ്റുകളുടെ ആസ്വാദനത്തിനായി പ്രദാനംചെയ്യുന്ന പ്രക്രിയയാണല്ലോ ടൂറിസം. സ്ഥായിയായ സേവനം നല്‍കാവുന്ന ഈ ആകര്‍ഷണങ്ങളെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അവയ്ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിനോ അല്ലെങ്കില്‍ അവ എളുപ്പത്തില്‍ നശിച്ചുപോകുന്നതിനോ ഉള്ള സാധ്യത ഏറെയാണ്. അവയെ സൂക്ഷിച്ചുപയോഗിക്കുന്ന കാര്യത്തില്‍ ബഹുരാഷ്ട്രക്കമ്പനികളോ വിനോദസഞ്ചാരികളോ ഭരണാധികാരികളോ വേണ്ടത്ര ശ്രദ്ധാലുക്കള്‍ ആകണമെന്നില്ല. അനിയന്ത്രിതമായ ഉപയോഗപ്പെടുത്തല്‍ മൂലം ഹിമാചല്‍പ്രദേശിലെ മണാലി പ്രദേശം വികൃതമാക്കപ്പെട്ട കാര്യം പ്ലാനിങ്കമ്മീഷന്‍തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അശാസ്ത്രീയമായ ഉപയോഗപ്പെടുത്തല്‍മൂലം ഗോവാതീരത്തെ മണല്‍ത്തിട്ടുകളും ഭൂതല ജലസ്രോതസ്സുകളും ആശങ്കാജനകമായി ക്ഷയിക്കുന്നതിനും ഇടയായിട്ടുണ്ട്.
കേരളം ലോകടൂറിസംമാപ്പില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ടൂറിസം വലിയ പുരോഗതിയൊന്നും കൈവരിച്ചിട്ടില്ല. 2010-11ല്‍ ഇന്ത്യയിലെത്തിയ സഞ്ചാരികളില്‍ വെറും 6.57 ലക്ഷം പേര്‍ മാത്രമാണ് കേരളത്തില്‍ എത്തിയത്. 3796 കോടി രൂപ മാത്രമാണ് കേരളത്തിന് ഇതുവഴി ലഭിച്ച വരുമാനം. അതായത് ഇന്ത്യനേടിയ വരുമാനത്തിന്റെ 6.77 ശതമാനം. ഇങ്ങനെയുള്ള ടൂറിസം അതിവേഗം വളരുമെന്ന് പ്രതീക്ഷിക്കുന്നത് അര്‍ഥശൂന്യമായ വിശ്വാസമെന്നേ പറയാനാവൂ. ഇപ്പോള്‍ മാലിന്യസംസ്‌കരണത്തിന്റെ കാര്യത്തില്‍ വീര്‍പ്പുമുട്ടിയിരിക്കുന്ന കേരളത്തിന് ടൂറിസ്റ്റുകളുടെ വന്‍തോതിലുള്ള പ്രവാഹം ഗുണത്തേക്കാളേറെ ദോഷമായിത്തീരാനാണ് സാധ്യത. ദോഷങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഇക്കോടൂറിസം പോലുള്ള രീതികള്‍ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പര്യാപ്തമാണെന്നും തോന്നുന്നില്ല. ടൂറിസത്തിന്റെ എല്ലാ വശങ്ങളെയും പറ്റിയുള്ള പഠനത്തിന് ശേഷമാണോ ടൂറിസത്തെ കാര്യമായി പ്രോത്സാഹിപ്പിക്കുന്ന കാര്യം മുന്നോട്ടുവെച്ചിരിക്കുന്നത് എന്ന സംശയം ബാക്കിനില്‍ക്കുന്നു.
വരുംനാളുകളില്‍ കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്ന നെല്‍ക്കൃഷിയെ എങ്ങനെ സമുദ്ധരിക്കാമെന്നുള്ളതായിരിക്കും. പ്രതിവര്‍ഷം 45-50 ലക്ഷം ടൗണ്‍ അരിവേണ്ട സ്ഥാനത്ത് കേരളത്തിന്റെ ഇപ്പോഴത്തെ ആഭ്യന്തര ഉത്പാദനം വെറും ആറുലക്ഷം ടണ്ണാണ്. ഈ പോക്കുപോയാല്‍ കേരളത്തിന്റെ അവസ്ഥ 'അരിയെന്തെന്ന് എനിക്കറിയില്ല, വിലയെന്തെന്നറിയാം' എന്ന് ബ്രഷ്ത് പാടിയതുപോലെ ആയിത്തീരും. തീര്‍ച്ചയായും ഈ അവസ്ഥ കൂടുതല്‍ മോശമാകുന്നതിന്, പരിസ്ഥിതിപരവും സാംസ്‌കാരികവുമായ കാരണങ്ങളാല്‍ തടയിടേണ്ടത് അത്യാവശ്യമാണ്. ഇതിന് കാര്യമായ യാതൊരു നിര്‍ദേശവും എമര്‍ജിങ് കേരളയില്‍ മുന്നോട്ടുവെച്ചതായി കാണുന്നില്ല. കേന്ദ്ര ആസൂത്രണക്കമ്മീഷന്റെ ഉപാധ്യക്ഷനായ അലുവാലിയ, നെല്‍ക്കൃഷിയെത്തന്നെ ഉപേക്ഷിക്കണമെന്ന നിര്‍ദേശവുമായിട്ടാണ് മുന്നോട്ടുവന്നതുതന്നെ. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിയോജനം രേഖപ്പെടുത്തിയെങ്കിലും എമര്‍ജിങ് കേരള എന്ന വലിയ സമ്മേളനത്തിന് മങ്ങലേല്പിച്ച പ്രസ്താവനതന്നെയാണ് അലുവാലിയ നടത്തിയത്.
മേല്‍പ്പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തില്‍ ഒന്നുരണ്ട് കാര്യങ്ങള്‍ പരിഗണനാര്‍ഹമാണ്. എമര്‍ജിങ് കേരളയ്ക്ക് പൊതുജനപങ്കാളിത്തം ഉറപ്പുവരുത്താന്‍കൂടി യത്‌നിക്കുക തന്നെ വേണം. അതോടെ ഒരു പരിധിവരെ സംശയാലുക്കളുടെയും ശത്രുതാമനോഭാവക്കാരുടെയും എതിര്‍പ്പുകള്‍ ഇല്ലാതാവും. പൊതുജനപിന്തുണ നേടാന്‍ ജില്ലകള്‍ തോറും 'എമര്‍ജിങ് കേരള' സംഗമങ്ങള്‍ വിളിച്ചുകൂട്ടിയാല്‍ നന്നായിരിക്കും. ജനകീയാസൂത്രണം മുന്നേറിക്കൊണ്ടിരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാര്‍ അതിന്റെ വിജയത്തിനുവേണ്ടി ജനകീയപങ്കാളിത്തം ഉറപ്പുവരുത്താന്‍ ശ്രദ്ധാലുക്കളായിരുന്നു എന്നതുകൊണ്ടാണ് .
രണ്ടാമതായി ഏതൊരുപദ്ധതിക്കും രൂപം നല്‍കുന്നതിന് പ്ലാനിങ് ബോര്‍ഡിന്റെ അംഗീകാരം നേടിയെടുക്കേണ്ടതാണ്. അപ്പോള്‍ അതിന് ഔദ്യോഗിക പരിവേഷംകൂടി ലഭിക്കും. ഇക്കാര്യത്തില്‍ പ്ലാനിങ് ബോര്‍ഡ് വേണ്ടത്ര ശ്രദ്ധചെലുത്തിയിരുന്നോ എന്ന് സംശയമാണ്. പഠനങ്ങളും തയ്യാറെടുപ്പുകളും നടത്തുകയാണെങ്കില്‍ ഓരോ പദ്ധതിയിലും അടങ്ങിയിരിക്കുന്ന ന്യൂനതകള്‍ ഒഴിവാക്കാന്‍ സാധിക്കും. ഇങ്ങനെയുള്ള വസ്തുനിഷ്ഠമായ പഠനങ്ങള്‍ ഭാവിയിലെങ്കിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
(മുന്‍ ഇക്കണോമിക്‌സ് പ്രൊഫസറായ ലേഖകന്‍ സംസ്ഥാന എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റി മെമ്പറാണ് )
No comments:
Post a Comment