Pages

27 July 2012

പണപ്പെരുപ്പമോ വിലക്കയറ്റമോ?

ഡോ. ടി.എം. തോമസ് ഐസക്‌ 
സാധനങ്ങളുടെ വില ഉയരുന്ന പ്രതിഭാസമാണ് സാമ്പത്തികശാസ്ത്രത്തില്‍ 'ഇന്‍ഫ്‌ളേഷന്‍' (Inflation ). ഈ വാക്കിന് 'പണപ്പെരുപ്പം' എന്ന തര്‍ജമയാണ് മാധ്യമങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. സത്യത്തില്‍ 'വിലക്കയറ്റം' എന്ന ലളിതമായ വാക്ക് മതിയാകും. അക്കാര്യം പലവട്ടം എഴുതുകയും വാദിക്കുകയും ചെയ്തയാളാണ് ഞാന്‍. പക്ഷേ, ഫലമൊന്നുമില്ല. ആര്‍ക്കും മനസ്സിലാകാത്ത പണപ്പെരുപ്പം എന്ന പ്രയോഗം സാര്‍വത്രികമായിക്കഴിഞ്ഞു. ഇത് കേവലമൊരു ഭാഷാശൈലിയുടെ പ്രശ്‌നമല്ല. സാമ്പത്തികശാസ്ത്രപ്രകാരം അതൊരബദ്ധ പ്രയോഗമാണ്. 

പണപ്പെരുപ്പം അഥവാ പണത്തിന്റെ മൂല്യം സംബന്ധിച്ച പരിമാണ സിദ്ധാന്തം (Quantity theory of money) സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥികള്‍ ബി.എ. ക്ലാസില്‍ പരിചയപ്പെട്ടിട്ടുണ്ട്. പണത്തിന്റെ മൂല്യം നിര്‍ണയിക്കുന്നത് അതിന്റെ ലഭ്യതയാണ് എന്നാണ് ഈ സിദ്ധാന്തം പറയുന്നത്. ലഭ്യത ആവശ്യത്തിലധികമായാല്‍ എല്ലാ വസ്തുക്കളുടെയും മൂല്യം താഴും. പണത്തിന്റെ കാര്യത്തിലുമതേ. 

മറ്റു ചരക്കുകളുടെ മൂല്യം അളക്കാനുള്ള അളവുകോലാണ് പണം. അതിന്റെ മൂല്യം താണാല്‍ മറ്റു ചരക്കുകളുടെ വില ഉയരും. ലളിതമായ ഉദാഹരണം പറയാം. ഒരു അടി എന്നത് പന്ത്രണ്ടിഞ്ച് ആണല്ലോ. ഒരു മേശയുടെ ഉയരം മൂന്നടിയാണ് എന്നിരിക്കട്ടെ. ഒരു അടി സമം പന്ത്രണ്ട് ഇഞ്ച് എന്നത് തിരുത്തി ആറ് ഇഞ്ച് എന്നാക്കിയാലോ? മേശയുടെ പഴയ ഉയരമായ മൂന്നടി ഇപ്പോള്‍ ആറ് അടിയായി മാറും. ഇതുപോലെത്തന്നെയാണ് രൂപയുടെ മൂല്യം അല്ലെങ്കില്‍ വില ഇടിഞ്ഞാലും. രൂപയുടെ മൂല്യമിടിഞ്ഞാല്‍ മറ്റു സാധനങ്ങളുടെ വില ഉയരും. 

പണം ആവശ്യത്തിലധികമാകുമ്പോഴാണ് പണത്തിന്റെ മൂല്യം ഇടിയുന്നതും വില ഉയരുന്നതും. അങ്ങനെ പണപ്പെരുപ്പമാണ് വിലക്കയറ്റത്തിനു കാരണമെന്ന് വരുന്നു. കെയിന്‍സിനു മുമ്പ് സാര്‍വത്രികമായി അംഗീകരിച്ചിരുന്നത് ഈ സിദ്ധാന്തമാണ്. ഇതാണ് പണപ്പെരുപ്പ സിദ്ധാന്തം. 
ഈ സിദ്ധാന്തത്തിന്റെ അബദ്ധം കെയിന്‍സ് ചൂണ്ടിക്കാണിച്ചു. മൊത്തം ചരക്കുകളുടെ ലഭ്യതയേക്കാള്‍ ആവശ്യം കൂടുമ്പോഴാണ് വില ഉയരുന്നത് എന്ന് അദ്ദേഹം വാദിച്ചു. അടിസ്ഥാനപരമായി പണം രണ്ടുകാര്യങ്ങള്‍ക്കാണല്ലോ ഉപയോഗിക്കുന്നത്. ഒന്ന്, സാധനങ്ങള്‍ വാങ്ങാനോ വില്‍ക്കാനോ, കടം കൊടുക്കാനോ വാങ്ങാനോ, അല്ലെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ക്കു വേണ്ടി. രണ്ട്, പണം കൈയില്‍ കാശായി സൂക്ഷിക്കാം. മനുഷ്യന് സുരക്ഷിതത്വമല്ലേ പ്രധാനം. പണത്തിന്റെ ആവശ്യം വരിക എപ്പോഴാണെന്ന് ആര്‍ക്കറിയാം? അതുകൊണ്ട് കുറച്ചു പണം കാശായിത്തന്നെ സൂക്ഷിക്കേണ്ടി വരും. പ്രതിസന്ധിയുടെ കാലഘട്ടം വരുമ്പോള്‍ മനുഷ്യരുടെ മാത്രമല്ല, കമ്പനികളുടെ മനസ്സിലും ഭയം ചേക്കേറും. കൂടുതല്‍ക്കൂടുതല്‍ പണം കാശായി സൂക്ഷിക്കാന്‍ തുടങ്ങും. സര്‍ക്കാര്‍ പണമെത്ര അച്ചടിച്ചു വിറ്റാലും അവരതു ചെലവാക്കുകയില്ല. അങ്ങനെ പണം പെരുകിയാലും പണത്തിന്റെ മൂല്യം ഇടിയുകയില്ല. മറ്റു ചരക്കുകളുടെ വിലയും ഉയരുകയില്ല. 

ചുരുക്കത്തില്‍ പണപ്പെരുപ്പം ഉണ്ടായാല്‍ വിലക്കയറ്റം ഉണ്ടാകണമെന്നില്ല. പണപ്പെരുപ്പമില്ലെങ്കിലും വിലക്കയറ്റം ഉണ്ടാകും. ഉള്ളപണം കൂടുതല്‍ വേഗത്തില്‍ ആളുകള്‍ ചെലവാക്കിയാല്‍ മതിയല്ലോ. ആവശ്യക്കാരുടെ എണ്ണം കൂട്ടുന്നതിന് പണലഭ്യത ചില സന്ദര്‍ഭങ്ങളില്‍ കാരണമാകാം. മറ്റു ചില സന്ദര്‍ഭങ്ങളില്‍ പണലഭ്യത എത്ര കൂട്ടിയാലും വില ഉയരണമെന്നുമില്ല.
ഉദാഹരണത്തിന് 2008-ലെ മാന്ദ്യകാലത്ത് ലോകത്തെ വിവിധ സര്‍ക്കാറുകള്‍ പണലഭ്യത ഭീമമായ തോതിലാണ് ഉയര്‍ത്തിയത്. എന്നാല്‍, ബാങ്കുകളും മറ്റും വായ്പ കൊടുക്കാന്‍ പേടിച്ചു. കമ്പനികളും മറ്റും വായ്പയെടുക്കാനും. ഉപഭോക്താക്കളാകട്ടെ, ചെലവു ചുരുക്കി കാശ് കൈയില്‍ മിച്ചം പിടിച്ചു. അങ്ങനെ പണലഭ്യത വര്‍ധിപ്പിച്ചെങ്കിലും വിലകള്‍ ഇടിയുകയാണുണ്ടായത്. ചുരുക്കത്തില്‍ വിലക്കയറ്റത്തിന്റെ ഒരു കാരണം മാത്രമാണ് പണപ്പെരുപ്പം. അപ്പോള്‍ ആര്‍ക്കും മനസ്സിലാകുന്ന വിലക്കയറ്റം എന്ന വാക്കുപയോഗിക്കുന്നതിന് പകരം താരതമ്യേന ദുര്‍ഗ്രഹമായ പണപ്പെരുപ്പം എന്ന പ്രയോഗത്തിന്റെ ആവശ്യമെന്ത്? മലയാള മാധ്യമങ്ങളിലെ പണപ്പെരുപ്പ പ്രയോഗം എത്രമാത്രം അസംബന്ധമായി മാറാമെന്നുള്ളത് സമീപകാലത്ത് തെളിയുകയുണ്ടായി. 
ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധനയാണ് ഇന്ത്യയിലെ വിലക്കയറ്റത്തില്‍ മുന്‍പന്തിയില്‍ നിന്നത്. 'ഭക്ഷ്യവിലക്കയറ്റം' എന്നു പറയുന്നതിന് പകരം മലയാളത്തിലെ ചില മാധ്യമങ്ങള്‍ ഭക്ഷ്യപണപ്പെരുപ്പം എന്നാണ് പ്രയോഗിച്ചത്! 'ഫുഡ് ഇന്‍ഫ്‌ളേഷന്‍' എന്ന ഇംഗ്ലീഷ് വാക്കിന്റെ പദാനുപദ തര്‍ജമയാണ് ഭക്ഷ്യ പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കള്‍ക്കുവേണ്ടി മാത്രം പണം പെരുകുമെന്നു പറയുന്നത് എന്തൊരു അസംബന്ധമാണ്! 

മൊത്തം ആവശ്യം അല്ലെങ്കില്‍ ചോദനം ഉയരുന്നതു കൊണ്ടാണ് വിലകള്‍ ഉയരുന്നത് എന്നുള്ളത് എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും സര്‍വസ്വതന്ത്രമായും കാര്യക്ഷമമായും നടക്കുന്നു എന്നുള്ളതിന്റെ അടിസ്ഥാനത്തിലാണ്. ഇതങ്ങനെയാകണമെന്നില്ലല്ലോ. ഒരു വ്യവസായമേഖലയില്‍ ഒരു കുത്തകയോ ഏതാനും കുത്തകകളോ മാത്രമേയുള്ളൂവെങ്കില്‍ അവര്‍ക്കു തന്നിഷ്ടപ്രകാരം വില ഉയര്‍ത്താനാവും. സമീപകാലത്തുണ്ടായ ഒരു ഉദാഹരണം പറയാം. 

ഏറ്റവും കൂടുതല്‍ കേന്ദ്രീകരണമുള്ള വ്യവസായങ്ങളിലൊന്നാണ് സിമന്റ് ഉത്പാദനം. ഏതാനും ഭീമന്‍ കുത്തകകള്‍ മാത്രമേയുള്ളൂ. അവര്‍ വട്ടമേശയുടെ ചുറ്റുമിരുന്ന് സിമന്റിന്റെ വില കാലാകാലങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് സിമന്റുവില ഇങ്ങനെ ക്രമാതീതമായി ഉയരുന്നത്. ചിദംബരം ധനമന്ത്രിയായിരുന്നപ്പോള്‍ ഇതു തകര്‍ക്കാനൊരുശ്രമം നടത്തി. 190 രൂപയ്ക്കു താഴെ വില്‍ക്കുന്ന സിമന്റിനെല്ലാം ചാക്കൊന്നിന് 390 രൂപ എകൈ്‌സസ് ഡ്യൂട്ടി പ്രഖ്യാപിച്ചു. 190 രൂപയ്ക്കു മുകളില്‍ വില്‍ക്കുന്ന സിമന്റിന് 600 രൂപ എകൈ്‌സസ് നികുതിയായി നിജപ്പെടുത്തി. ചിദംബരം കരുതിയത് എകൈ്‌സസ് നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാവരും വില കുറയ്ക്കുമെന്നാണ്. പക്ഷേ, സിമന്റു വ്യാപാരികള്‍ ചെയ്തത് നേര്‍വിപരീതമാണ്. അവരെല്ലാവരും ഒത്തുചേര്‍ന്ന് എല്ലാ സിമന്റിന്റെയും വില 190 രൂപയ്ക്കു മുകളിലാക്കി. വെളുക്കാന്‍ തേച്ചത് പാണ്ടായി. അവസാനം ചിദംബരം അടിയറ പറഞ്ഞ് ഈ ഇരട്ട എകൈ്‌സസ് നികുതി സമ്പ്രദായം ഉപേക്ഷിച്ചു. ഇതുപോലെത്തന്നെ പൂഴ്ത്തിവെപ്പുകാരും ഊഹക്കച്ചവടക്കാരും ഭക്ഷ്യവിലക്കയറ്റത്തിന് വലിയ സംഭാവന നല്‍കുന്നുണ്ട്. 

ഉത്പാദനച്ചെലവ് ഉയരുന്നതുകൊണ്ടും വില കൂടാം. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നമാണ് പെട്രോള്‍. ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നാല്‍ പെട്രോളിന്റെ വില ഉയരും. രൂപയുടെ വിദേശ വിനിമയനിരക്ക് ഇടിഞ്ഞാലും പെട്രോള്‍ വില ഉയരും. പെട്രോളിന്റെ വില ഉയര്‍ന്നാല്‍ ഒട്ടെല്ലാ സാധനങ്ങളുടെ വിലയും ചരക്ക് കടത്തുകൂലിയും ഉയരും. ഇതിന്റെ ഫലമായി പൊതുവില്‍ വിലകള്‍ ഉയരും. പണപ്പെരുപ്പം ഉണ്ടായതു കൊണ്ടല്ല ഈ വിലക്കയറ്റം. 

ഇന്ത്യയിലെ ഇന്നത്തെ വിലക്കയറ്റം പണത്തിന്റെ ലഭ്യത ക്രമാതീതമായി ഉയരുന്നതുകൊണ്ടാണെന്ന ധാരണയില്‍ കഴിഞ്ഞ രണ്ടുകൊല്ലമായി പണലഭ്യത നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് കിണഞ്ഞു ശ്രമിക്കുകയാണ്. അവര്‍ പലിശ നിരക്ക് ഉയര്‍ത്തി. അപ്പോള്‍ കടം വാങ്ങാന്‍ ആളുകള്‍ മടിക്കും. പണലഭ്യത കുറയും. അവര്‍ ചെയ്ത മറ്റൊരുകാര്യം കാഷ് റിസര്‍വ് തോത് ഉയര്‍ത്തിയതാണ്. മൊത്തം ഡെപ്പോസിറ്റിന്റെ നിശ്ചിതശതമാനം റെഡി കാഷായി ബാങ്കുകള്‍ കൈയില്‍ സൂക്ഷിക്കണമെന്നുണ്ട്. ഈ തോതുയര്‍ത്തിയാല്‍ ബാങ്കുകള്‍ക്ക് വായ്പ നല്‍കാനുള്ള പണം കുറയും. രാജ്യത്തെ പണലഭ്യതയും കുറയും. പക്ഷേ, റിസര്‍വ് ബാങ്ക് പഠിച്ചപണിയെല്ലാം പയറ്റിയിട്ടും വിലക്കയറ്റം പിടിച്ചു നിര്‍ത്താനാവുന്നില്ല. 

ഭക്ഷ്യസാധനങ്ങളുടെ ഉത്പാദനം മുരടിക്കുകയാണ്.ഉള്ളതു സംഭരിച്ച് പൊതുവിതരണത്തിലൂടെ നല്‍കുന്നതിന് സര്‍ക്കാര്‍ പരാജയപ്പെടുന്നു. ഊഹക്കച്ചവടക്കാരും പൂഴ്ത്തിവെപ്പുകാരും ഭക്ഷ്യസാധനങ്ങള്‍ കൈപ്പിടിയിലൊതുക്കുന്നു. കുത്തകകള്‍ ഒത്തുകളിച്ച് ഏകപക്ഷീയമായി വില ഉയര്‍ത്തുന്നു. പെട്രോള്‍ പോലെ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഈ യാഥാര്‍ഥ്യം അംഗീകരിച്ച് നടപടി സ്വീകരിക്കുന്നതിന് പകരം റിസര്‍വ് ബാങ്കിനെക്കൊണ്ട് പണപ്പെരുപ്പത്തെ തടയാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഫലമോ വിലക്കയറ്റം തുടര്‍ക്കഥയായി മാറുന്നു.

No comments:

Post a Comment