ഡോ. കെ.പി. കണ്ണന്‍
രാഷ്ട്രീയമായും സാമൂഹികമായും അതിവേഗം
മാറിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയിലാണ് നമ്മുടെ രാജ്യം. ഏറ്റവും വലിയ സംസ്ഥാനമായ
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം നോക്കിയാല്‍ ഒരു
കാര്യം മനസ്സിലാകും. സാധാരണക്കാരും ദരിദ്രരുമടങ്ങുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍
ഉദാരീകരണ സാമ്പത്തികനയങ്ങളെ തള്ളിപ്പറഞ്ഞിരിക്കുന്നു. കഴിഞ്ഞ മുപ്പത്
കൊല്ലത്തോളമായി അഭൂതപൂര്‍വമായ സാമ്പത്തികവളര്‍ച്ച നേടിയ ഒരു പശ്ചാത്തലത്തില്‍ വേണം
ഇതിനെ കാണാന്‍. ഇത്രയും വലിയൊരു സാമ്പത്തികവളര്‍ച്ച മൊത്തത്തിലുണ്ടായിട്ടും
വിലക്കയറ്റം കൊണ്ടും സുരക്ഷിതമല്ലാത്ത തൊഴില്‍ കൊണ്ടും മാന്യമായി ജീവിക്കാന്‍
വേണ്ട പ്രാഥമിക സാമൂഹിക,
സാമ്പത്തിക
സുരക്ഷ ഇല്ലാത്ത ഒരവസ്ഥയിലാണ് ബഹുഭൂരിപക്ഷം സാധാരണക്കാരും. ഇത് ഏറ്റവും രൂക്ഷമായി
നിലനില്‍ക്കുന്നത് ഗ്രാമങ്ങളിലാണ്;
കേരളം, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്
എന്നിങ്ങനെ ചില സംസ്ഥാനങ്ങള്‍ ഇതിനൊരപവാദമാണെങ്കിലും. ഒരു ജനപക്ഷ ബജറ്റ്
അവതരിപ്പിച്ച് അതിലൂടെ സമഗ്രവികസനത്തിന് - വളര്‍ച്ചയ്ക്ക് മാത്രമല്ല- മുന്‍തൂക്കം
കൊടുത്ത് പന്ത്രണ്ടാം പദ്ധതിയും ആവിഷ്‌കരിച്ച് പുതിയൊരു ദിശാബോധവും സാധാരണജനങ്ങള്‍ക്ക്
ആശയ്ക്കും വക നല്‍കേണ്ട അവസരമാണ് കളഞ്ഞുകുളിച്ചിരിക്കുന്നത്. ശുഷ്‌കവും
ഭാവനാശൂന്യവുമായ ഒരു കണക്കെഴുത്തുകാരന്റെ ബജറ്റാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി
അവതരിപ്പിച്ചത് എന്നുപറഞ്ഞാല്‍ അതിശയോക്തിയാവില്ല.
വേറൊന്നുമില്ലെങ്കിലും
രാഷ്ട്രീയമായ അതിജീവനത്തിന്റെ പേരിലെങ്കിലും ഇപ്പോഴുള്ള ലക്കുംലഗാനുമില്ലാത്ത
ഉദാരീകരണത്തിലധിഷ്ഠിതമായ സാമ്പത്തികനയം മാറ്റേണ്ടിയിരിക്കുന്നു. ജനങ്ങളുടെ
വികസനത്തിലധിഷ്ഠിതമായ ഒരു മാറ്റം ഇന്നത്തെ ഉദാരീകരണ പ്രക്രിയയ്ക്ക് കൊണ്ടുവരാന്‍
കഴിയില്ല. ആസൂത്രിത വികസനം എന്ന നെഹ്രുവിയന്‍ കാഴ്ചപ്പാടിലേക്ക് വേണ്ട പരിഷ്‌കാരങ്ങളോടെ
തിരിച്ചു പോകാന്‍ സാഹചര്യങ്ങള്‍ നിര്‍ബന്ധിക്കുന്നു എന്ന് തിരിച്ചറിയാന്‍
ഭരണസംവിധാനം മടിക്കുന്നു. അതുകൊണ്ടുതന്നെ ഇതൊരു ആത്മഹത്യാപ്രവണതയാണെന്ന് ജനങ്ങള്‍
വിചാരിച്ചാല്‍ അദ്ഭുതമില്ല തന്നെ.
ചുരുക്കത്തില്‍
ഇന്ത്യയുടെ ആഭ്യന്തരവും ബാഹ്യവുമായ സാഹചര്യം നിര്‍ബന്ധിക്കുന്നത് ഒരു പുത്തന്‍
സാമ്പത്തിക കാഴ്ചപ്പാടും നയരൂപവത്കരണവുമാണ്. ഇതിനു തയ്യാറാകാന്‍ മടിക്കുന്ന
ഇന്നത്തെ നിലപാട് സാമ്പത്തികവും സാമൂഹികവുമായ പല പ്രശ്‌നങ്ങളും സംഘട്ടനങ്ങളും
ഇന്നത്തേതിലും കൂടുതല്‍ രൂക്ഷമായ നിലയില്‍ ഉയര്‍ന്നുവരാന്‍ ഇടയാക്കും.
വിലക്കയറ്റത്തെ
സ്പര്‍ശിക്കില്ല
സാധാരണക്കാര്‍
ഒരു ബജറ്റില്‍ നിന്ന് ആദ്യമായി പ്രതീക്ഷിക്കുന്നത് വിലക്കയറ്റം എങ്ങനെ
നിയന്ത്രിക്കുന്നു എന്നതാവാം. ഈ ബജറ്റിന്റെ പല നിര്‍ദേശങ്ങളും കണക്കിലെടുത്താല്‍
വിലക്കയറ്റം കൂടുകയോ അല്ലെങ്കില്‍ ഇന്നത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുകയോ
ചെയ്യാനാണ് സാധ്യത. പരോക്ഷ നികുതി വര്‍ധനയാണ് ഇങ്ങനെ ഒരു സാഹചര്യം
ഉണ്ടാക്കിയിട്ടുള്ളത്. കൂടാതെ രണ്ടുദിവസം മുമ്പാണ് റെയില്‍വേ യാത്രക്കൂലി
കൂട്ടിയത്. അതിന് കുറച്ചു ദിവസം മുമ്പ് ചരക്കുകൂലിയും റെയില്‍വേ കൂട്ടിയിരുന്നു.
എപ്പോഴാണ് പെട്രോള്‍, ഡീസല്‍, പാചകവാതകം
എന്നിവയുടെ വിലകള്‍ കൂട്ടുന്നത് എന്നത് കാത്തിരുന്നു കാണാം. റെക്കോഡ് നിലയിലുള്ള
ഭക്ഷ്യശേഖരം ഉണ്ടായിട്ടും വിലക്കയറ്റത്തിന്റെ തോത് കുറച്ചു കൊണ്ടുവരാന്‍ അതിനെ
എങ്ങനെ ഉപയോഗിക്കാം എന്നതിനെപ്പറ്റി ഒരു നിര്‍ദേശവും ഇല്ല. കാര്‍ഷിക വികസനത്തിന്
അല്ലറ ചില്ലറ വര്‍ധന ഇപ്പോഴുള്ള പല പദ്ധതികളിലും വരുത്തിയിട്ടുണ്ടെങ്കിലും അത്
വിലക്കയറ്റവുമായി തട്ടിക്കിഴിക്കുമ്പോള്‍ കാര്യമായ വര്‍ധനയായി കാണാന്‍ ഇടയില്ല.
ജലസേചനവും മറ്റു തരത്തിലുള്ള സ്ഥല-ജല മാനേജ്‌മെന്റും കാര്‍ഷിക വിളകള്‍ക്കും
കന്നുകാലി വികസനത്തിനും അത്യാവശ്യമാണ്. അതിനുവേണ്ടി തൊഴിലുറപ്പു പദ്ധതി, കൃഷിവികസന പദ്ധതി, മറ്റു ബന്ധപ്പെട്ട
പദ്ധതികള്‍ ഇവയെല്ലാം സംയോജിപ്പിച്ചുകൊണ്ട് സാധ്യമാവുന്ന ഒരു വന്‍മുന്നേറ്റം
മനസ്സില്‍ കാണുകപോലും ചെയ്തിട്ടില്ല.
ഭക്ഷ്യസുരക്ഷാ
ബില്‍
രണ്ടാമതായി, വിലക്കയറ്റവുമായി
ബന്ധപ്പെട്ട പ്രധാന അജന്‍ഡയായ ഭക്ഷ്യസുരക്ഷാബില്ലാണ്. എട്ടു വര്‍ഷം കഴിഞ്ഞിട്ടും
അത് ബില്ലിന്റെ രൂപത്തില്‍ത്തന്നെ നില്‍ക്കുന്നു. അതു നടപ്പാക്കാന്‍ വേണ്ട സഹായധനം
നല്‍കും എന്ന ഒരു പൊതുപ്രഖ്യാപനം മാത്രമാണ് ധനമന്ത്രി നടത്തിയിട്ടുള്ളത്.
രാജ്യത്തെ ജനങ്ങളെ മൂന്നു തട്ടുകളായി തിരിക്കുമ്പോള്‍ താഴെത്തട്ടില്‍ അഴിമതിക്കും
മറ്റു പല പങ്കുപറ്റ് അവസരങ്ങള്‍ക്കും വഴി തുറക്കുമെന്നും അങ്ങനെ വന്നാല്‍ ഇതിന്
ഉദ്ദേശിച്ച ഫലം കാണില്ലെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ട് വികസന സാമ്പത്തിക
ശാസ്ത്രജ്ഞരായ ഞങ്ങളില്‍ കുറേപ്പേര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
ഭക്ഷ്യസുരക്ഷാബില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പൊതുവിതരണ സമ്പ്രദായത്തെ
മാറ്റിമറിക്കില്ലെന്ന് പ്രഖ്യാപിക്കാനോ അല്ലെങ്കില്‍ അതെങ്ങനെ ഫലവത്തായി
നടപ്പാക്കുമെന്ന് പറയാനോ ഉള്ള മനഃസ്ഥിതിപോലും കാണിക്കാത്തതാണ് ബജറ്റ് പ്രസംഗം.
ആസൂത്രണക്കമ്മീഷന്റെ തലപ്പത്തുള്ളവര്‍ ഈ ഭക്ഷ്യസുരക്ഷാബില്ലിനെ മനസ്സുകൊണ്ട് എതിര്‍ക്കുന്നവരാണ്.
ഭക്ഷ്യവസ്തുക്കള്‍ നേരിട്ട് നല്‍കുന്നതിന് പകരം പണമായുള്ള കൂപ്പണ്‍ നല്‍കിയാല്‍
മതി എന്ന അഭിപ്രായമുള്ളവരാണ് അവര്‍. ഈ രീതിയില്‍ രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന
ഭക്ഷ്യസുരക്ഷാസംവിധാനം 'വെളുക്കാന്‍
തേച്ചത് പാണ്ടായി'പ്പോകുന്ന
അവസ്ഥയിലാകുമോ എന്ന് ഭയപ്പെടേണ്ടതുണ്ട്. ഇതുപോലെതന്നെ ചില നാമമാത്ര വര്‍ധനയാണ്
വിധവാപെന്‍ഷന്‍ മുതലായ കാര്യത്തിലും ചെയ്തിരിക്കുന്നത്.
തൊഴിലുറപ്പു
പദ്ധതി
ശ്രദ്ധേയമായ
മറ്റൊരു കാര്യം തൊഴിലുറപ്പു പദ്ധതിയെപ്പറ്റി കാര്യമായി ഒന്നും പറയാത്തതാണ്.
പലപ്പോഴും പറയാതെപോകുന്ന കാര്യങ്ങളാണ് പ്രാധാന്യം അര്‍ഹിക്കുന്നത്. ചരിത്രപരമായി
ഇത്രയും ബൃഹത്തും മഹത്തരവുമായ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി അതിന്റെ
ലക്ഷ്യത്തിലെത്തിയില്ലെന്ന് മാത്രമല്ല അഞ്ചാം വര്‍ഷമെത്തിയപ്പോള്‍ അതിന്റെ വേഗം
കുറയുകയും ആറാംവര്‍ഷമായ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ വീണ്ടും പിന്നോട്ടു
പോവുകയും ചെയ്തിരിക്കുന്നു. ആദ്യത്തെ അഞ്ചുവര്‍ഷം നടപ്പാക്കിയപ്പോള്‍ ഈ പദ്ധതിയില്‍
പണിയെടുത്ത കുടുംബങ്ങള്‍ക്ക് കിട്ടിയത് ശരാശരി 48 ദിവസത്തെ തൊഴില്‍ മാത്രമാണ്. നാലാംവര്‍ഷത്തില്‍
54
ദിവസമുണ്ടായിരുന്നത് അഞ്ചാം വര്‍ഷമായപ്പോള്‍ 47-ആയി കുറഞ്ഞു. ഈ വര്‍ഷത്തില്‍ ഇതിലും
താഴെയാവാനാണ് സാധ്യത. കുടുംബത്തിന് നൂറു ദിവസത്തെ തൊഴില്‍ എന്ന ലക്ഷ്യം
കൈവരിക്കാന്‍ എന്തു ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ ബജറ്റില്‍ പറയുന്നില്ല.
മറ്റു പല പദ്ധതികളും എന്ന പോലെ ഇതും ഒരു വഴിപാടായി മാറിയാല്‍ അതില്‍
അദ്ഭുതപ്പെടേണ്ടതില്ല.
ആരോഗ്യമേഖലയില്‍
കുറഞ്ഞു
ആരോഗ്യസംരക്ഷണമെന്നത്
വ്യക്തികളുടെയും കുടുംബങ്ങളുടെയും കാര്യം മാത്രമായി കരുതാന്‍ പറ്റില്ല.
ആരോഗ്യമുള്ള തൊഴില്‍സേന ഉണ്ടെങ്കില്‍ മാത്രമേ സാമ്പത്തിക വികസനം നടക്കൂ. 2004-ല്‍ യു.പി.എ. സര്‍ക്കാര്‍
ആരോഗ്യമേഖലയില്‍ ദേശീയ വരുമാനത്തിന്റെ മൂന്നു ശതമാനം വകയിരുത്തും എന്നാണ് വാഗ്ദാനം
ചെയ്തിരുന്നത്. പതിനൊന്നാംപദ്ധതി കഴിയുന്ന ഈ സമയത്ത് അത് വെറും ഒന്നരശതമാനം
മാത്രമാണെന്ന് തിരിച്ചറിയുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അതില്‍
വേവലാതിപ്പെടുന്നുണ്ടെന്നുപോലും പറയാന്‍ പറ്റില്ല. പഴയ വാഗ്ദാനം ആവര്‍ത്തിക്കുക
മാത്രമാണ് ചെയ്യുന്നത്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന് 15 ശതമാനം കൂടുതല്‍
വകയിരുത്തും എന്നു പറയുമ്പോള്‍ അതിന്റെ യഥാര്‍ഥ വര്‍ധന അഞ്ചുശതമാനം മാത്രമാണെന്ന്
ജനങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലാകില്ല. കാരണം പത്തു ശതമാനത്തോളം വില വര്‍ധനയുടെ
കാലത്താണ് ഈ പതിനഞ്ചു ശതമാനം വര്‍ധന. മറ്റു പല പദ്ധതി വര്‍ധനയിലും ഈ ഒരു വസ്തുത ഒളിഞ്ഞിരിക്കുന്നുണ്ട്.
ഇതേപോലെത്തന്നെ
സ്‌കൂള്‍ വിദ്യാഭ്യാസപദ്ധതിയായ സര്‍വ ശിക്ഷാ അഭിയാന് 22 ശതമാനത്തോളം വര്‍ധന
അനുവദിച്ചിട്ടുണ്ടെങ്കിലും അത് രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ എത്രവേഗം
നന്നാക്കിയെടുക്കുമെന്ന് പറയാന്‍ വയ്യ. ഉദാരീകരണത്തിന്റെ പ്രിയപ്പെട്ട ആശയമായ
പൊതു-സ്വകാര്യ കൂട്ടുകെട്ട് (Public-Private
Partnership) ഇവിടെയും നടപ്പാക്കും എന്നാണ് എടുത്തു
പറഞ്ഞിരിക്കുന്നത്.
പശ്ചാത്തലസൗകര്യങ്ങളൊരുക്കുന്ന
കാര്യത്തിലും ഭരണസംവിധാനം നന്നാക്കുന്ന കാര്യത്തിലും ഇപ്പോഴിതാ
വിദ്യാഭ്യാസകാര്യത്തിലും ഇനി ചിലപ്പോള്‍ ആരോഗ്യ മേഖലയിലും ഈ ഒരു ആശയമാണ് സര്‍ക്കാര്‍
ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത്. ആസൂത്രിത വികസനത്തെ കത്തിവെക്കുന്ന ഒരു
ഉപകരണമായി ഈ ഒരു ആശയം വളര്‍ന്നു വന്നുകഴിഞ്ഞു. പൊതു ഗതാഗത
സംവിധാനങ്ങളുണ്ടാക്കുമ്പോള്‍ ഈ മാതൃക ഒട്ടും കാര്യക്ഷമമോ സൗകര്യപ്രദമോ അല്ല എന്ന്
ഇ. ശ്രീധരന്‍ കമ്മിറ്റി പറഞ്ഞത് ഈയിടെ മാത്രമാണ്. എന്നാല്‍, ഇതുകൊണ്ടൊന്നും
ഉദാരീകരണത്തിന്റെ നേതൃത്വം കുലുങ്ങുമെന്ന് തോന്നുന്നില്ല. പൊതുമേഖലയില്‍ ജനങ്ങളില്‍
നിന്ന് നികുതിയും മറ്റു വരുമാനങ്ങളും ഉണ്ടാക്കി അവര്‍ക്കുവേണ്ടി സര്‍ക്കാര്‍ പൊതു
സംവിധാനങ്ങള്‍ ഉണ്ടാക്കുക എന്ന പ്രാഥമികതത്ത്വം നിരാകരിക്കുകയാണ്. സ്വകാര്യമേഖലയെ
കൂട്ടുപിടിച്ച് അതുവഴി അവര്‍ക്ക് പൊതുധനം നല്‍കുകയും, നഷ്ടംവരുമ്പോള്‍
സര്‍ക്കാര്‍ സഹിക്കുകയും ലാഭം സ്വകാര്യ സംരംഭകര്‍ ജനങ്ങളില്‍ നിന്ന്
സമാഹരിക്കുകയും ചെയ്യുന്ന (ഉദാ: ടോള്‍ പിരിവ്) ഈ പുത്തന്‍ സംവിധാനം എന്തെല്ലാം
പ്രശ്‌നങ്ങളാണ് ഭാവിയില്‍ സൃഷ്ടിക്കുക എന്ന് പ്രവചിക്കാന്‍ പറ്റില്ല.
സബ്‌സിഡിയുടെ
പ്രശ്‌നം
സബ്‌സിഡി
എന്നാല്‍, പാഴ്‌ച്ചെലവും
ധൂര്‍ത്തും ആണ്. അത് ദരിദ്രര്‍ക്കും സാധാരണജനങ്ങള്‍ക്കും വേണ്ടി ആയാല്‍
പോപ്പുലിസമാകുന്നു. മറിച്ച് വ്യവസായങ്ങള്‍ക്കും മറ്റു ബിസിനസ്സുകാര്‍ക്കും -
പ്രത്യേകിച്ച് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് - നല്‍കുന്ന സഹായധനമാകട്ടെ വളര്‍ച്ചയ്ക്കുള്ള
പ്രോത്സാഹനവുമാണ്. ഇതാണ് പ്രചരിപ്പിക്കപ്പെടുന്നത്. സബ്‌സിഡി വെട്ടിക്കുറയ്‌ക്കേണ്ടതാണെന്നും
അങ്ങനെ സര്‍ക്കാര്‍ ചെലവ് ചുരുക്കി,
കടബാധ്യത
കുറച്ച്, ധനകാര്യ മാനേജ്‌മെന്റ്
സ്ഥിരപ്പെടുത്തുകയും വേണം എന്നാണ് വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ കടം
വാങ്ങി ചെലവഴിക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യം ചര്‍ച്ച ചെയ്യപ്പെടാതെ
പോകുകയാണ്. പിരിച്ചെടുക്കേണ്ട നികുതി പിരിച്ചെടുക്കുക, സമ്പന്നര്‍ക്കും
വ്യവസായങ്ങള്‍ക്കും കൈയയച്ച് നല്‍കുന്ന സബ്‌സിഡികള്‍ നിര്‍ത്തലാക്കുക, കള്ളപ്പണം, നികുതി തട്ടിപ്പ്
എന്നിവ നിയന്ത്രിക്കുക,
അഴിമതിയില്‍
കൂടി നഷ്ടമാകുന്ന വരുമാനം വീണ്ടെടുക്കുക,
ഇവയെല്ലാം
സര്‍ക്കാറിന്റെ ധനവിഭവ മാര്‍ഗങ്ങളായി കാണുകയും അതുവഴി വരുമാനം വര്‍ധിപ്പിക്കുകയും
ചെയ്യുകയാണെങ്കില്‍ കടബാധ്യത എന്നൊരവസ്ഥ തന്നെ സര്‍ക്കാറിന് നേരിടേണ്ടതായി വരില്ല.
ഇതിന് ഉദാഹരണമായി ചില സംഗതികള്‍ സൂചിപ്പിക്കട്ടെ.
ബജറ്റ്
രേഖകളനുസരിച്ച് നികുതിയിലും മറ്റിനങ്ങളിലും നല്‍കിയ ഇളവ് വകയില്‍ 2011-'12 ല്‍ കിട്ടാതെ പോയ
വരുമാനം 5,81,872 കോടി ആണ്(മതിപ്പു
കണക്ക്). അതിന് മുന്‍വര്‍ഷം ഇത് 5,17,095 കോടിയായിരുന്നു.
ഇവിടെ കൊടുത്തിട്ടുള്ള പട്ടിക പരിശോധിച്ചാല്‍ ഈ ഇളവുകളുടെ ഭൂരിപക്ഷം
ഗുണഭോക്താക്കളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണെന്ന് മനസ്സിലാവും. നികുതിയിളവ്, കയറ്റുമതി
പ്രോത്സാഹനം, ഇറക്കുമതി ത്തീരുവ, എകൈ്‌സസ് തീരുവ -
ഇതിലൊക്കെയാണ് പ്രധാന ഇളവുകള്‍. അതേസമയം,
സര്‍ക്കാറിന്റെ
ധനക്കമ്മി എന്നു പറയുന്നത് 2011-'12 ല്‍ 5,21,980 കോടിയും 2010-'11 ല്‍ 3,73,591 കോടിയും
ആയിരുന്നു. വേണ്ടെന്നുവെച്ച വരുമാനം മൊത്തം ധനക്കമ്മിയേക്കാള്‍ കൂടുതലാണ് എന്നു
പറയേണ്ടതില്ലല്ലോ. ഇതുകൂടാതെയാണ് നികുതി വെട്ടിച്ചും മറ്റു പല മാര്‍ഗങ്ങളില്‍ക്കൂടിയും
വിദേശത്തേക്ക് കടത്തിയ പണം. ഈയിടെ സി.ബി.ഐ. ഡയറക്ടര്‍ നടത്തിയ പ്രസ്താവന
അനുസരിച്ച് ഇന്ത്യക്കാര്‍ വിദേശത്തുള്ള ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്
അഞ്ഞൂറ് ബില്യണ്‍ അമേരിക്കന്‍ ഡോളറിന് തുല്യമായ തുകയാണ്. എന്നുപറഞ്ഞാല്‍, ഇത് ഇരുപത്തിയഞ്ച്
ലക്ഷം കോടി രൂപയോളം വരും. ഇതിന്റെ നികുതി മാത്രം 7,50,000 കോടി വരും.
അഴിമതികൊണ്ടു മാത്രം നഷ്ടമാകുന്ന സംഖ്യ അപ്പോള്‍ വിശ്വസിക്കാന്‍ പറ്റാത്തത്രയും
വലുതാണ്. 2 ജി സ്‌പെക്ട്രം
അഴിമതിക്കേസില്‍ ഇന്ത്യയുടെ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണക്കാക്കിയ
നഷ്ടം 1,76,000 കോടി എന്നാണ്.
ഇതിനൊക്കെപ്പുറമേയാണ് നികുതി വെട്ടിച്ച് രാജ്യത്തുതന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന
കള്ളപ്പണം. ഈ വക കാര്യങ്ങള്‍ ഗവണ്‍മെന്റോ സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയോ അവരുടെ
ഇഷ്ടഭാജനങ്ങളായ മാധ്യമചാനലുകളോ അതില്‍ വരുന്ന പണ്ഡിത ശ്രേഷ്ഠന്മാരോ ഗൗരവപൂര്‍വം
ചര്‍ച്ച ചെയ്യാത്തതെന്ത് എന്നുചോദിക്കാന്‍ ഓരോ സാധാരണ പൗരനും അവകാശമുണ്ടെന്നു
മാത്രം പറഞ്ഞുകൊള്ളട്ടെ.
No comments:
Post a Comment