Pages

1 January 2012

2011-നിറംമങ്ങിയ ഇന്ത്യന്‍ സമ്പദ്ഘടന


രവീന്ദ്രനാഥ് വളാഞ്ചേരി
2010 സാമ്പത്തിക തകര്‍ച്ചയില്‍നിന്നുള്ള കരകയറലായിരുന്നുവെങ്കില്‍ 2011 രണ്ടാംഘട്ട മാന്ദ്യത്തിലേക്കുള്ള തിരിച്ചുപോക്കായാണ് കാണേണ്ടത്. അമേരിക്കയിലെ സാമ്പത്തിക ക്ളേശങ്ങളും യൂറോ മേഖലയിലെ കടപ്രതിസന്ധിയും ലോക സമ്പദ്ഘടനയെ പിടിച്ചുകുലുക്കുമ്പോള്‍ അതിന്‍െറ അലയൊലികള്‍ ഇന്ത്യന്‍ സമ്പദ്ഘടനയിലും പ്രതിഫലിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ സാമ്പത്തികാടിത്തറ ശക്തവും വിപുലവുമാണെങ്കിലും ചില സ്ഥൂല സാമ്പത്തിക സൂചകങ്ങള്‍ ആശങ്കയുടെ കരിനിഴല്‍ പരത്തുന്നുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പം, വര്‍ധിച്ച ധനക്കമ്മി, പെരുകുന്ന വിദേശകടം, മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച, വ്യവസായമേഖലയിലെ മാന്ദ്യം, രൂപയുടെ മൂല്യശോഷണം, കയറ്റുമതിയെ വെല്ലുന്ന ഇറക്കുമതി, മൂലധനത്തിന്‍െറ പുറത്തേക്കുള്ള ഒഴുക്ക്, യൂറോപ്പിലേയും അമേരിക്കയിലേയും സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവ ഇന്ത്യന്‍ സമ്പദ് ഘടനയില്‍ വിപരീത ഫലങ്ങളാണ് ഉളവാക്കിക്കൊണ്ടിരിക്കുന്നത്.

മാന്ദ്യം ബാധിച്ച സാമ്പത്തിക വളര്‍ച്ച
2011-12ലേക്കുള്ള കേന്ദ്ര ബജറ്റില്‍ ധനമന്ത്രി ഒമ്പതു ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രത്യാശിച്ചത്. ആഗോള സാമ്പത്തിക സംഭവവികാസങ്ങളും രാജ്യത്തെ ഉയര്‍ന്ന പണപ്പെരുപ്പവും വ്യവസായ മേഖലയിലെ മാന്ദ്യവും, റിസര്‍വ് ബാങ്കിന്‍െറ കര്‍ശന പണനയവും കാരണം മൊത്ത ആഭ്യന്തരോല്‍പാദന (ജി.ഡി.പി) വളര്‍ച്ചനിരക്ക് 7.3 ശതമാനമായി നടപ്പു സാമ്പത്തിക വര്‍ഷം കുറവു വരുത്തി സര്‍ക്കാര്‍ പുനര്‍ നിര്‍ണയിച്ചിരിക്കുന്നു. 2010-11 സാമ്പത്തിക വര്‍ഷത്തിന്‍െറ രണ്ടാംപാദത്തില്‍ സാമ്പത്തിക വളര്‍ച്ച നിരക്ക് 8.4 ശതമാനമായിരുന്നുവെങ്കില്‍ 2011-12ല്‍ ഇതേസമയം വളര്‍ച്ചനിരക്ക് 6.9 ശതമാനമായി കുറയുകയാണുണ്ടായത്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യ പകുതിയില്‍ വളര്‍ച്ചനിരക്ക് 7.3 ശതമാനമാണ്. കഴിഞ്ഞ വര്‍ഷമിത് 8.6 ശതമാനമായിരുന്നു. നമ്മുടെ കുറഞ്ഞ സാമ്പത്തിക വളര്‍ച്ചക്ക് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തുക എളുപ്പമാണ്. കാര്‍ഷിക മേഖലയിലെ വളര്‍ച്ചനിരക്ക് കഴിഞ്ഞ വര്‍ഷത്തെ 5.4 ശതമാനത്തില്‍നിന്ന് നടപ്പുവര്‍ഷം 3.2 ശതമാനമായി കുറഞ്ഞതും നിര്‍മിത മേഖലയിലെയും ഖനനമേഖലയിലെയും വളര്‍ച്ച നിരക്കുകള്‍ കുത്തനെ ഇടിഞ്ഞതും ജി.ഡി.പിയുടെ  പ്രയാണത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ആദ്യമായി വ്യവസായികോല്‍പാദനത്തില്‍ സങ്കോചം ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒക്ടോബറില്‍ 11.3 ശതമാനം വളര്‍ച്ച നേടിയ വ്യവസായ  മേഖല നടപ്പുവര്‍ഷം ഇതേ മാസത്തില്‍ ന്യൂനം (-) 5.1 ശതമാനം നിഷേധാത്മക വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. 2010 ഏപ്രില്‍-ഒക്ടോബര്‍ കാലത്ത് 8.7 ശതമാനമായിരുന്ന വ്യവസായ വളര്‍ച്ച നടപ്പുവര്‍ഷം ഇതേകാലത്ത് 3.5 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഉല്‍പാദനം, ഖനനം, മൂലധന സാമഗ്രി മേഖലകളിലെ മോശം പ്രകടനമാണ് വ്യവസായ വളര്‍ച്ചയെ ഇത്തരമൊരു പതനത്തില്‍ എത്തിച്ചത്. മൂര്‍ത്തമായ ഒരു ഖനന നയത്തിന് രൂപംനല്‍കാന്‍ സര്‍ക്കാറിന് ഇതുവരെ കഴിയാതെപോയതും പാരിസ്ഥിതിക അംഗീകാരത്തിനായുള്ള നീണ്ട കാത്തിരിപ്പും ഖനനമേഖലയുടെ തളര്‍ച്ചക്ക് കാരണമായിട്ടുണ്ടെങ്കില്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് കൈക്കൊണ്ട കര്‍ശന നടപടികള്‍ വ്യവസായ മേഖലയെ മൊത്തത്തില്‍ തളര്‍ത്തിയിട്ടുണ്ട്. 19 മാസത്തിനുള്ളില്‍ 13 തവണയാണ് ഹ്രസ്വകാല വായ്പാനിരക്കുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. 2010 മാര്‍ച്ചില്‍ 4.5 ശതമാനമായിരുന്ന റിപ്പോ നിരക്ക് ഇപ്പോള്‍ 8.5 ശതമാനമാണ്. എന്നാല്‍, കേന്ദ്ര ബാങ്കിന്‍െറ കര്‍ശന പണനയമുണ്ടായിട്ടും പണപ്പെരുപ്പം ഉയര്‍ന്നതലത്തില്‍തന്നെ നില്‍ക്കുകയാണിപ്പോഴും.

ബാങ്ക് വായ്പയുടെ കണക്കുകള്‍ നോക്കിയാല്‍ മുന്‍ഗണനാ മേഖലകള്‍ക്ക് 2010ലേതുപോലെ വായ്പാ വര്‍ധന ഉണ്ടായിട്ടില്ളെന്നു കാണാം. 2010 ഒക്ടോബറില്‍ മുന്‍ഗണനാ മേഖലകള്‍ക്കുള്ള ബാങ്ക് വായ്പ 19 ശതമാനമായി വര്‍ധിച്ചപ്പോള്‍ 2011 ഒക്ടോബറില്‍ ഇത് പത്തു ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്്. കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമുള്ള വായ്പാ വര്‍ധന 2010 ഒക്ടോബറില്‍ 20.4 ശതമാനമായിരുന്നുവെങ്കില്‍ 2011ല്‍ അത് 7.1 ശതമാനം മാത്രമാണ്. ഇതുപോലെത്തന്നെ സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്കുള്ള വായ്പാ വര്‍ധനയിലും കുറവുണ്ടായിരിക്കുന്നു. ഇത് 20.4 ശതമാനത്തില്‍നിന്ന് 17.4 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. മുന്‍ഗണനാ മേഖലകള്‍ക്കുള്ള ഈ വായ്പാ വര്‍ധനയിലെ കുറവ് ചെറുകിട-പരിമിത കര്‍ഷകരെയും ചെറുകിട സംരംഭകരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

സാമ്പത്തിക വളര്‍ച്ച മുരടിക്കുന്ന ഈ സമയത്ത് ധനക്കമ്മി സംബന്ധിച്ച ബജറ്റ് ലക്ഷ്യം കൈവരിക്കുക കടുത്ത വെല്ലുവിളിയായിരിക്കും. രാജ്യത്തെ ധനക്കമ്മി സാമ്പത്തിക വര്‍ഷത്തിലെ  ആദ്യത്തെ ഏഴുമാസം കൊണ്ടുതന്നെ 3.07 ലക്ഷം കോടി രൂപയായിട്ടുണ്ട്. ഇത് ബജറ്റിലെ മൊത്തം ധനക്കമ്മിയുടെ 75 ശതമാനത്തോളം വരും. അമിതമായ ധനക്കമ്മി സാമ്പത്തിക വളര്‍ച്ചയെ വീണ്ടും സാവധാനത്തിലാക്കും. റവന്യൂ വരുമാനത്തിലും വേണ്ടത്ര വളര്‍ച്ച കാണുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് 40,000 കോടി രൂപ സമാഹരിക്കുന്നതിനാണ് ധനമന്ത്രി ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതുവരെയായി 1145 കോടി രൂപ സമാഹരിക്കുന്നതിനേ കഴിഞ്ഞിട്ടുള്ളൂ- ലക്ഷ്യത്തിന്‍െറ 2.86 ശതമാനം മാത്രം. ആഗോള ഓഹരി വിപണിയിലുണ്ടായ വിലത്തകര്‍ച്ച മൂലം ഇന്ത്യന്‍ ഓഹരികളുടെ വിലയിടിഞ്ഞതും അഴിമതിക്കഥകളും അഴിമതി വിരുദ്ധസമരങ്ങളുംമൂലം സര്‍ക്കാറിന് ആവശ്യമായ തീരുമാനങ്ങള്‍ തക്കസമയത്ത് എടുക്കാന്‍ കഴിയാതെപോയതും യാഥാര്‍ഥ്യത്തെ ലക്ഷ്യത്തില്‍നിന്ന് വളരെ പിന്നിലാക്കി. നടപ്പുവര്‍ഷം പ്രത്യക്ഷ നികുതി വഴി 5,32,651 കോടി രൂപയും പരോക്ഷ നികുതി വഴി 4,00,635 കോടി രൂപയും സമാഹരിക്കുന്നതിനാണ് ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും നടപ്പുവര്‍ഷത്തെ ആദ്യ എട്ടുമാസംകൊണ്ട് പ്രത്യക്ഷ നികുതി വഴി 2,35,333 കോടി രൂപയും (ലക്ഷ്യത്തിന്‍െറ 44.18 ശതമാനം) പരോക്ഷ നികുതി വഴി 2,52,000 കോടി രൂപയും (ലക്ഷ്യത്തിന്‍െറ 16.8 ശതമാനം) പിരിച്ചെടുക്കുന്നതിനേ കഴിഞ്ഞിട്ടുള്ളൂ. പ്രത്യക്ഷ നികുതിയിനത്തില്‍ ലക്ഷ്യമിട്ടതിലും 25,000 കോടി രൂപ കുറയുമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. പണപ്പെരുപ്പവും രൂപയുടെ മൂല്യശോഷണവും വ്യവസായ മേഖല നേരിടുന്ന മാന്ദ്യവും നികുതി പിരിവ് മന്ദഗതിയിലാക്കിക്കൂടായ്കയില്ല. അതുകൊണ്ടുതന്നെ റവന്യൂ കമ്മി ഉദ്ദേശിച്ച 1.8 ശതമാനത്തിലും ധനക്കമ്മി ലക്ഷ്യമിട്ട 4.6 ശതമാനത്തിലും ഒതുക്കിനിര്‍ത്താന്‍ കഴിഞ്ഞെന്നുവരില്ല. അത് ഗവണ്‍മെന്‍റിന്‍െറ കടബാധ്യത ഇനിയും കൂട്ടുകയാണ് ചെയ്യുക.
2011 മാര്‍ച്ച് അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ വിദേശകടം 306.5 ശതലക്ഷം ഡോളറായിരുന്നുവെങ്കില്‍ 2011 ജൂണില്‍ അത് 316.9 ശതലക്ഷം ഡോളറായി ഉയര്‍ന്നിരിക്കുന്നു. വാണിജ്യ കടമെടുപ്പിലും ഹ്രസ്വകാല വ്യാപാര വായ്പയിലുമുണ്ടായ വര്‍ധനയാണിതിന് കാരണം.

വിദേശ വ്യാപാരം
നമ്മുടെ കയറ്റുമതി നടപ്പുവര്‍ഷം ഏപ്രില്‍-നവംബര്‍ കാലത്ത് 32.2 ശതമാനം ഉയര്‍ന്ന് 192.7 ശതലക്ഷം ഡോളറിലെത്തിയിട്ടുണ്ടെങ്കിലും ഇക്കാലത്ത് വ്യാപാരക്കമ്മി 116.8 ശതലക്ഷം ഡോളറാണെന്നത് തികച്ചും ആശങ്കാജനകമാണ്. 2010-11ലെ മൊത്തം വ്യാപാര കമ്മി 116.8 ശതലക്ഷം ഡോളറായിരുന്നുവെന്ന് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഇറക്കുമതി ധനകാര്യ വര്‍ഷത്തെ ആദ്യത്തെ എട്ടുമാസം കൊണ്ട് 30.2 ശതമാനമുയര്‍ന്ന് 309.9 ശതലക്ഷം ഡോളറായിട്ടുണ്ട്. കയറ്റുമതി നവംബറില്‍ 22.3 ശതലക്ഷം ഡോളറിന്‍െറ വര്‍ധന കാണിച്ചപ്പോള്‍ ഇറക്കുമതി 35.9 ശതലക്ഷം ഡോളറിന്‍െറ വളര്‍ച്ചയാണ് കാണിക്കുന്നത്. കയറ്റുമതി സെപ്റ്റംബറില്‍ 24.8 ബില്യന്‍ ഡോളറിന്‍െറ വളര്‍ച്ച കാണിച്ചപ്പോള്‍ ഒക്ടോബറില്‍ കൈവരിച്ചത് 22.2 ബില്യണ്‍ ഡോളറിന്‍െറ കുറഞ്ഞ നേട്ടമാണ്. അതേസമയം, ഇറക്കുമതി സെപ്റ്റംബറിലെ 34.6 ബില്യണ്‍ ഡോളറില്‍നിന്ന് ഒക്ടോബറില്‍ 39.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കയറ്റുമതി പടിപടിയായി കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഇറക്കുമതി കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തികവര്‍ഷത്തിന്‍െറ അവസാനത്തോടെ വിദേശ വ്യാപാര കമ്മി 150 ശതലക്ഷം ഡോളര്‍ കവിയുമെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍െറ ഏകദേശ അനുമാനം. കയറ്റുമതിക്ക് ഉത്തേജനം പകരുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ച 900 കോടി രൂപയുടെ പാക്കേജും കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ച 800-900 കോടി രൂപയുടെ പലിശ സഹായവും ഉദ്ദേശിച്ച ഫലം ചെയ്തുകാണുന്നില്ല. രൂപയുടെ ഡോളറുമായുള്ള വിനിമയമൂല്യം ഗണ്യമായി ഇടിഞ്ഞത് കയറ്റുമതിയില്‍ കാര്യമായി പ്രതിഫലിച്ചുകാണുന്നില്ല. ഇതൊക്കെയാണെങ്കിലും കയറ്റുമതി നടപ്പു സാമ്പത്തിക വര്‍ഷം 300 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്‍െറ വിശ്വാസം. ആഗോളമാന്ദ്യം ഇതേപടി തുടരുകയും പുതിയ വാണിജ്യ സൗഹൃദം കെട്ടിപ്പടുക്കാന്‍ കഴിയാതെ വരുകയുമാണെങ്കില്‍ ഗവണ്‍മെന്‍റിന്‍െറ വിശ്വാസം മരീചികയായി മാറിയേക്കാം.
ഇന്ത്യയുടെ വിദേശ നാണയ കരുതല്‍ ശേഖരം ഒക്ടോബര്‍ 28ന് അവസാനിച്ച ആഴ്ചയില്‍ 320.90 ബില്യന്‍ ഡോളറായിരുന്നുവെങ്കില്‍ ഡിസംബര്‍ ഒമ്പതിന് അവസാനിച്ച ആഴ്ചയില്‍ അത് 306.77 ബില്യന്‍ ഡോളറായി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ ആറ് ആഴ്ചക്കുള്ളില്‍ അഞ്ചുതവണ വിദേശ നാണയ ശേഖരത്തില്‍ ഇടിവുണ്ടായി. ഇന്ത്യയുടെ കറന്‍റ് അക്കൗണ്ടിലെ കമ്മി 2011-12ല്‍ ലക്ഷ്യമിട്ടിരുന്നത് ജി.ഡി.പിയുടെ 2.6 ശതമാനമായിരുന്നുവെങ്കില്‍ അത് 3.25 ശതമാനമായി ഉയരുന്നതിന് സാധ്യതയുണ്ടെന്നാണ് റിസര്‍വ് ബാങ്കിന്‍െറ അനുമാനം. 2010-11ല്‍ കറന്‍റ് അക്കൗണ്ടിലെ കമ്മി 4430 കോടി ഡോളറായിരുന്നത് 2011-12ല്‍ 6,000 കോടി ഡോളറാകുമെന്നാണ് കരുതുന്നത്. വര്‍ധിച്ചുവരുന്ന വ്യാപാര കമ്മിയാണ് ഇതിന് മുഖ്യകാരണം. ലോക സമ്പദ്ഘടനയിലെ ഇന്നത്തെ പ്രവണതകളും അന്താരാഷ്ട്ര കമ്പോളങ്ങളുടെ സ്വഭാവവും കണക്കിലെടുക്കുമ്പോള്‍ കറന്‍റ് അക്കൗണ്ടിലെ കമ്മി കൂടുന്നതിനാണ് സാധ്യത.
2010ല്‍ ഓഹരി വില സൂചികകള്‍ ഉയരുന്നതാണ് കണ്ടതെങ്കില്‍ 2011ല്‍ ഓഹരി വിലകള്‍ കുത്തനെ ഇടിയുന്നതാണ് കാണുന്നത്. 2011 ജനുവരി ഒന്നിന് സെന്‍സെക്സ് 20509.09ലും നിഫ്റ്റി 6134.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചതെങ്കില്‍ ഡിസംബര്‍ 19ന് അത് യഥാക്രമം 15379.34ലും 4613.10ലുമാണ് വ്യാപാരം നിര്‍ത്തിയത്. സെന്‍സെക്സില്‍ 25.01 ശതമാനത്തിന്‍െറയും നിഫ്റ്റിയില്‍ 24.80 ശതമാനത്തിന്‍െറയും നഷ്ടമാണ് ഒരു വര്‍ഷംകൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധി, പണപ്പെരുപ്പം, വ്യവസായ മേഖലയിലെ മാന്ദ്യം, രൂപയുടെ മൂല്യശോഷണം, ഡോളറിന്‍െറ മൂല്യവര്‍ധന, വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കമ്പോളത്തില്‍നിന്ന് വന്‍തുക പിന്‍വലിക്കുന്നത് തുടങ്ങിയതെല്ലാം ഓഹരി കമ്പോള തകര്‍ച്ചക്ക് കാരണമായിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 16ന് മാത്രം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരിക്കമ്പോളത്തില്‍നിന്ന് പിന്‍വലിച്ചത് 220.25 കോടി രൂപയാണ്.
ഓഹരി കമ്പോളത്തിലെ ഈ അനിശ്ചിതത്വം കുറച്ചുകാലം കൂടി തുടരാനാണ് സാധ്യത. ഓഹരി സൂചികകള്‍ കഴിഞ്ഞ 28 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോള്‍.

2011-നിറംമങ്ങിയ ഇന്ത്യന്‍ സമ്പദ്ഘടന
രാജ്യം നേരിടുന്ന മറ്റു രണ്ട് പ്രധാന സാമ്പത്തിക വെല്ലുവിളികളാണ് പണപ്പെരുപ്പവും രൂപയുടെ ഡോളറിനെതിരായ മൂല്യശോഷണവും.
അവശ്യവസ്തുക്കളുടെ അനുസ്യൂതമായ വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പൊതു പണപ്പെരുപ്പം നവംബറില്‍ 9.11ശതമാനമാണ്. ഒരു വര്‍ഷത്തിലേറെയായി ഒമ്പതുശതമാനത്തിന് മുകളിലാണ് പണപ്പെരുപ്പ നിരക്ക്. സാമ്പത്തിക വര്‍ഷാവസാനത്തോടെ പണപ്പെരുപ്പ നിരക്ക് 6-7 ശതമാനത്തില്‍ ഒതുക്കി നിര്‍ത്താമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ഗവണ്‍മെന്‍റും കേന്ദ്രബാങ്കും. ഭക്ഷ്യ വിലപ്പെരുപ്പത്തില്‍ സമീപകാലത്ത് കുറവ് അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്. ഭക്ഷ്യോല്‍പാദനം 241.56 ദശലക്ഷം ടണ്ണിലെത്തിയിട്ടുണ്ടെന്നത് സന്തോഷകരമാണ്. ഡിസംബര്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യവിലക്കയറ്റം തലേ ആഴ്ചയിലെ 6.6 ശതമാനത്തില്‍നിന്ന് 4.35 ശതമാനമായി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേകാലത്ത് ഭക്ഷ്യവിലപ്പെരുപ്പം 10.78 ശതമാനമായിരുന്നു. ഭക്ഷ്യേതര വസ്തുക്കളുടെ വിലക്കയറ്റം ഡിസംബര്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ 2.12 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. തലേ ആഴ്ചയില്‍ ഇത് 1.37 ശതമാനമായിരുന്നു. ഇന്ധന വിലക്കയറ്റം നേരിയ കുറവില്‍ 15.24 ശതമാനത്തില്‍ നില്‍ക്കുന്നു. ചോദന-പ്രദാനങ്ങളിലെ അസന്തുലിതാവസ്ഥ, ആഗോള സാമ്പത്തിക പ്രതിസന്ധി, തുടരെത്തുടരെയുള്ള പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയുയര്‍ത്തല്‍, കമ്മിപ്പണം, കള്ളപ്പണം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, ഊഹക്കച്ചവടം, സാര്‍വത്രികമായ പൊതുവിതരണ സമ്പ്രദായത്തിന്‍െറ അഭാവം, രൂപയുടെ മൂല്യശോഷണം, രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മ എന്നിവയെല്ലാം ഇന്ത്യയിലെ വിലക്കയറ്റത്തിന്‍െറ കാരണങ്ങളാണ്. പണനയംകൊണ്ടു മാത്രം പണപ്പെരുപ്പത്തെ നിയന്ത്രിക്കാനാവില്ല. പണനയവും ധനനയവും വരുമാനനയവും സംയുക്തമായി പ്രയോഗിക്കുമ്പോള്‍ മാത്രമേ വിലക്കയറ്റത്തെ തടഞ്ഞുനിര്‍ത്താനാവുകയുള്ളൂ.

സാമ്പത്തികരംഗത്തെ ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയം ഡോളറിനെതിരായുള്ള രൂപയുടെ മൂല്യശോഷണമാണ്. ആഗസ്റ്റ് മാസം മുതല്‍ രൂപയുടെ വിനിമയമൂല്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2011 ജനുവരി ഒന്നിന് ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 44.84 രൂപയായിരുന്നുവെങ്കില്‍ ഡിസംബര്‍ 15ന് അത് 54.30 രൂപയെന്ന സര്‍വകാല റെക്കോഡിലേക്ക് ഉയര്‍ന്നശേഷം 53.64 രൂപയില്‍ അവസാനിച്ചു. 2011ല്‍ രൂപയുടെ മൂല്യശോഷണം 18 ശതമാനത്തോളം വരും. ഉയര്‍ന്ന പണപ്പെരുപ്പം, കൂടുന്ന ധനക്കമ്മി, കറന്‍റ് അക്കൗണ്ടിലെ ഉയര്‍ന്ന കമ്മി, മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച, വ്യവസായ മേഖലയിലെ മാന്ദ്യം, മൂലധനത്തിന്‍െറ പുറത്തേക്കുള്ള ശക്തമായ ഒഴുക്ക്, ഡോളറിന്‍െറ ഉയര്‍ന്ന ഡിമാന്‍റ്, കറന്‍സിക്കമ്പോളത്തിലെ ഊഹക്കച്ചവടം എന്നിവ രൂപയുടെ മൂല്യശോഷണത്തിന്‍െറ പ്രധാന കാരണങ്ങളാണ്. കൂടാതെ, യൂറോ മേഖലയിലെ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത കടബാധ്യതകള്‍ കാരണം അവിടെനിന്ന് മൂലധനം അമേരിക്കയിലേക്ക് മാറ്റപ്പെടുകയാണ് ചെയ്യുന്നത്. ഇതുകാരണം ഡോളര്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നു. ഡോളറിന്‍െറ ഈ തിരിച്ചുവരവ് ഇന്ത്യന്‍ രൂപക്ക് വിനയാവുകയാണിപ്പോള്‍. ലോകത്തിലെതന്നെ ഗണ്യമായ മൂല്യശോഷണം നേരിടുന്ന നാലു കറന്‍സികളില്‍ ഒന്നും ഏഷ്യയിലെ ഏറ്റവും അധികം മൂല്യശോഷണം വന്ന കറന്‍സിയും ഇന്ത്യന്‍ രൂപയാണ്. റിസര്‍വ് ബാങ്കിന്‍െറ ഇടപെടല്‍ അനിവാര്യമായിരിക്കുകയാണിപ്പോള്‍.
മാനവിക വികസന കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും ലോകത്തിലെതന്നെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ്. ശിശുമരണം, പോഷകാഹാര കുറവ്, സാക്ഷരത തുടങ്ങിയ കാര്യങ്ങളില്‍ നാം ബഹുദൂരം പിന്നിലാണ്. യു.എന്‍.ഡി.പിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 187 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 134 ആണ്. ജി.ഡി.പിയുടെ വളര്‍ച്ച സാധാരണക്കാരുടെ ജീവിത നിലവാരത്തില്‍ പ്രതിഫലിക്കുന്നില്ല. ദക്ഷിണേഷ്യയിലെ ആറു രാഷ്ട്രങ്ങളില്‍ മാനവ വികസന കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം പാകിസ്താനു മുകളില്‍ അഞ്ചാമതാണ്. നാം കൊട്ടിഘോഷിക്കുന്ന വികസനത്തിന്‍െറ പൊള്ളത്തരമാണ് ഇത് കാണിക്കുന്നത്.
വിവിധ കാര്യങ്ങളില്‍നിന്ന് വ്യക്തമാവുന്ന ഒരു കാര്യം നമ്മുടെ സാമ്പത്തികാടിത്തറ ശക്തവും വിപുലവുമാണെങ്കിലും 2011ല്‍ നിറംമങ്ങിയ പ്രകടനം കാഴ്ചവെക്കാനേ നമുക്ക് കഴിഞ്ഞുള്ളൂ എന്നാണ്. സാമ്പത്തിക രംഗത്ത് ശക്തവും യുക്തിസഹവുമായ തീരുമാനങ്ങളെടുക്കാന്‍ ഗവണ്‍മെന്‍റിന് കഴിയുന്നില്ല. രാഷ്ട്രീയ സുസ്ഥിരത സാമ്പത്തിക സുരക്ഷിതത്വത്തിന് അനിവാര്യമാണ്. അമേരിക്കയിലെയും യൂറോപ്പിലെയും ജപ്പാനിലെയും ആഫ്രിക്കയിലെയും അറബി രാഷ്ട്രങ്ങളിലെയുമെല്ലാം രാഷ്ട്രീയ ഭിന്നതകളും പാര്‍ട്ടികള്‍ തമ്മിലുള്ള വടംവലികളും ഈ രാജ്യങ്ങളിലെ സമ്പദ്ഘടനകളെ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും ഏറക്കുറെ ഇതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്‍റ് ശരിയാംവിധം പ്രവര്‍ത്തിക്കുന്നില്ല. സാമ്പത്തിക കാര്യങ്ങളില്‍ ഭരണമുന്നണിക്കുള്ളില്‍തന്നെ പ്രകടമായ ഭിന്നതകള്‍ നിലനില്‍ക്കുന്നു. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു. ഇതെല്ലാം നമ്മുടെ 2011ലെ മങ്ങിയ പ്രകടനത്തിന് കാരണമായിട്ടുണ്ട്.

No comments:

Post a Comment