Pages

29 November 2011

രൂപയുടെ മൂല്യശോഷണവും പ്രത്യാഘാതങ്ങളും


രൂപയുടെ മൂല്യശോഷണവും പ്രത്യാഘാതങ്ങളും

ഡോ. വി.കെ. വിജയകുമാര്

നവംബര് 22-ന് രൂപയുടെ മൂല്യം ഒരു ഡോളറിന് 52.73 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ജൂലായ് 27-ന് ഡോളറിന് 43.95 രൂപ എന്ന അവസ്ഥയില് നിന്നാണ് രൂപയുടെ ഈ പതനം. ഈ വര്ഷം ആഗസ്തിനുശേഷം 16 ശതമാനത്തിലധികം രൂപയുടെ മൂല്യം ശോഷിച്ചു. സമ്പദ്വ്യവസ്ഥയില് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്   ഉളവാക്കാന് കെല്പുള്ളതാണ് ചെറിയ കാലയളവിലെ ഈ വലിയ തകര്ച്ച.

എന്താണ് രൂപയുടെ ഈ മൂല്യത്തകര്ച്ചയ്ക്ക് കാരണം ?
ഇതിന്റെ പ്രത്യാഘാതങ്ങള് എന്തെല്ലാം ?
വരുംനാളുകളില് രൂപയുടെ പ്രകടനം എങ്ങനെയായിരിക്കും ?

ഇവയാണ് പ്രസക്തങ്ങളായ ചോദ്യങ്ങള്.രൂപയുടെ മൂല്യശോഷണത്തിന്റെ കാരണങ്ങളിലേക്കും പ്രത്യാഘാതങ്ങളിലേക്കും പോകുന്നതിനുമുന്പ് അല്പം താത്ത്വിക വിശദീകരണം:

ഒരു കറന്സി മറ്റൊരു കറന്സിയുമായി വിനിമയം ചെയ്യപ്പെടുന്ന നിരക്കാണ് വിനിമയനിരക്ക്. മറ്റൊരു തരത്തില് പറഞ്ഞാല്, വിനിമയനിരക്ക് വിദേശ കറന്സിയുടെ വിലയാണ്. ഡോളറാണ് ലോകത്തിലെ മുഖ്യ റിസര്വ് കറന്സി. രൂപ-ഡോളര് വിനിമയനിരക്ക് ഒരു ഡോളര്50 രൂപ എന്നാണെങ്കില് അതിന്റെ അര്ഥം ഒരു ഡോളറിന്റെ വില 50 രൂപയാണ് എന്നാണ്.
സാമ്പത്തിക പരിഷ്കാരങ്ങള്ക്ക് മുമ്പുണ്ടായിരുന്ന നിശ്ചിത വിനിമയനിരക്ക് (fixed exchange rate) സമ്പ്രദായത്തില് വിനിമയനിരക്ക് നിശ്ചയിച്ചിരുന്നത് റിസര്വ്ബാങ്കായിരുന്നു. ഇപ്പോള് ഇന്ത്യയില് ഫ്ളോട്ടിങ് എക്സ്ചേഞ്ച് റേറ്റ് സമ്പ്രദായമാണുള്ളത്. എല്ലാ വികസിതരാജ്യങ്ങളിലും മിക്ക ഉയര്ന്നുവരുന്ന സമ്പദ്വ്യവസ്ഥകളിലും ഇപ്പോള് ഈ സംവിധാനമാണുള്ളത്. നിശ്ചിത വിനിമയനിരക്ക് സംവിധാനത്തില് ദീര്ഘകാലം വിനിമയനിരക്ക് നിശ്ചിതമായി തുടരാനാവില്ല. മാത്രമല്ല, കറന്സി പ്രതിസന്ധികള് ഉണ്ടായിട്ടുള്ളതെല്ലാം നിശ്ചിത വിനിമയ സമ്പ്രദായങ്ങളിലാണ്. ഈ ചരിത്രാനുഭവമാണ് ഫ്ളോട്ടിങ് റേറ്റ് സംവിധാനത്തിലേക്ക് വഴിവെച്ചത്. ഈ സംവിധാനത്തില് വിനിമയനിരക്ക് (വിദേശ കറന്സിയുടെ വില) നിര്ണയിക്കുന്നത് വിപണിയാണ്. അതായത്, വിപണിയിലെ കറന്സിയുടെ ഡിമാന്ഡ് സപ്ലൈ ഘടകങ്ങള്. ഡോളറിന്റെ ആവശ്യം വര്ധിക്കുകയും അതിനനുസൃതമായി ലഭ്യത വര്ധിക്കാതിരിക്കുകയും ചെയ്യുമ്പോള് ഡോളറിന്റെ മൂല്യം വര്ധിക്കുന്നു; രൂപയുടെ മൂല്യം താഴുന്നു.

ഡോളറിനുള്ള ഡിമാന്ഡ് പ്രധാനമായും വരുന്നത് ഇറക്കുമതിയാവശ്യത്തില് നിന്നാണ്. അതുപോലെ, ഡോളറിന്റെ സപ്ലൈ വരുന്നത് പ്രധാനമായും കയറ്റുമതിയില് നിന്നാണ്. കൂടാതെ, വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാര് നാട്ടിലേക്കയയ്ക്കുന്ന പണവും വിദേശനിക്ഷേപവും മറ്റും വിദേശ കറന്സിയുടെ ലഭ്യത വര്ധിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്, വ്യാപാരക്കമ്മിയും (ഇറക്കുമതി കയറ്റുമതിയേക്കാള് കൂടുതലുള്ള അവസ്ഥ) കറന്റ് അക്കൗണ്ട് കമ്മിയുമാണ് (വിദേശ കറന്സിയുടെ ചെലവ് വിദേശ കറന്സി വരുമാനത്തേക്കാള് കൂടുതലുള്ള അവസ്ഥ) കറന്സിയുടെ മൂല്യം നിര്ണയിക്കുന്നത്. സ്ഥിരമായി കറന്റ് അക്കൗണ്ട് കമ്മിയുള്ള ഒരു രാജ്യത്തിന്റെ കറന്സിയുടെ മൂല്യം ശോഷിച്ചുകൊണ്ടേയിരിക്കും. ദീര്ഘകാലമായി വ്യാപാര കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയുമുള്ള രാജ്യമാണ് ഇന്ത്യ. ഇതാണ് രൂപയുടെ മൂല്യശോഷണത്തിന്റെ അടിസ്ഥാനകാരണം.

വ്യാപാര/കറന്റ് അക്കൗണ്ട് കമ്മിയുണ്ടെങ്കിലും ഹ്രസ്വകാലയളവില് ചിലപ്പോള് രൂപയുടെ മൂല്യം വര്ധിക്കും. ഇതിനുകാരണം, ഹ്രസ്വകാല മൂലധന ഒഴുക്കുകളാണ്. വിദേശനിക്ഷേപത്തിലുണ്ടാകുന്ന വ്യതിയാനങ്ങള് പ്രത്യേകിച്ച്, വിദേശ പോര്ട്ട് ഫോളിയോ നിക്ഷേപങ്ങളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള് വിനിമയനിരക്കിനെ ഹ്രസ്വകാലത്ത് കാര്യമായി സ്വാധീനിക്കും. 2008-ല് രൂപയുടെ മൂല്യത്തില് വന് തകര്ച്ചയുണ്ടായതും പിന്നീട് 2009-ലും 2010-ലും രൂപ ശക്തിപ്രാപിച്ചതും ഹ്രസ്വകാല മൂലധന ഒഴുക്കുകളില്-പ്രധാനമായും വിദേശ ധനകാര്യ സ്ഥാപനങ്ങള് ഇന്ത്യയുടെ ഓഹരി വിപണിയില് നടത്തുന്ന നിക്ഷേപവും വില്പനയും- ഉണ്ടായ വ്യതിയാനങ്ങള് മൂലമാണ്.

ഇപ്പോള് സംഭവിച്ചത് പ്രധാനമായും ഡോളറിന്റെ മൂല്യത്തിലുള്ള വര്ധനയാണ്. ചൈനയെ മാറ്റിനിര്ത്തിയാല് മറ്റ് മിക്ക വികസിത/വികസ്വര രാജ്യങ്ങളുടെയും കറന്സികളുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോള് ഇടിയുകയാണ്. പട്ടിക കാണുക:
മറ്റ് കറന്സികളുടെ മൂല്യശോഷണത്തിനുള്ള കാരണം ലളിതമാണ്. യൂറോപ്പിലെ കടപ്രതിസന്ധി യൂറോ മേഖലയുടെയും യൂറോ കറന്സിയുടെയും സ്ഥിതി നന്നേ പരുങ്ങലിലാക്കിയിരിക്കുകയാണ്. 2012-ല് യൂറോപ്പ് മാന്ദ്യത്തിലേക്ക് കൂപ്പുകുത്താനാണിട. അമേരിക്കയിലും സ്ഥിതി മോശമാണ്. വലിയ അനിശ്ചിതത്വത്തിന്റെ ഈ സാഹചര്യത്തില് ഡോളറിന്റെ ഡിമാന്ഡ് വര്ധിക്കുക സ്വാഭാവികമാണ്. പ്രശ്നങ്ങളുണ്ടെങ്കിലും ഇപ്പോഴും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ ആസ്തിയായി ലോകനിക്ഷേപകര് കാണുന്നത് ഡോളറിനെയാണ് എന്നതാണ് വസ്തുത. അമേരിക്കയിലെ ക്രഡിറ്റ് റേറ്റിങ് താഴ്ത്തിയതിനെ തുടര്ന്നുണ്ടായ ദിവസങ്ങളില് ഡോളറിന്റെ ഡിമാന്ഡ് കുതിച്ചുയരുകയാണുണ്ടായത് എന്നോര്ക്കുക.  ഈ പ്രവണതയില് പെട്ടെന്ന് മാറ്റമുണ്ടാകാനിടയില്ല.

രൂപയുടെ മൂല്യം കുറഞ്ഞത് ഡോളറിന്റെ മൂല്യം വര്ധിച്ചതുകൊണ്ട് മാത്രമാണോ ? തീര്ച്ചയായും അല്ല. അങ്ങനെയാണെങ്കില് ഡോളറിന്റെ മൂല്യവര്ധനയും രൂപയുടെ മൂല്യശോഷണവും ഒരേ അനുപാതത്തിലായിരിക്കണം. എന്നാല് സംഭവിച്ചത് ഡോളറിന്റെ മൂല്യം (ഒ്ാാവി കൃലവന്ദ) അഞ്ച് ശതമാനം ഉയര്ന്നപ്പോള് രൂപയുടെ മൂല്യം 16 ശതമാനത്തോളം താണു എന്നതാണ്. ഈ വ്യത്യാസത്തിനുള്ള കാരണം ഇന്ത്യയുടെ ഉയര്ന്ന വ്യാപാര കമ്മിയും (16,000 കോടി ഡോളര്) കറന്റ് അക്കൗണ്ട് കമ്മിയും (5500 കോടി ഡോളര്) ആണ്. ഏഷ്യയിലെ ഏറ്റവും മൂല്യശോഷണം സംഭവിച്ച കറന്സി രൂപയായത് ഏഷ്യയില് ഏറ്റവും കൂടുതല് വ്യാപാര/കറന്റ് അക്കൗണ്ട് കമ്മി ഇന്ത്യയിലാണ് എന്നതുകൊണ്ടാണ്.

കറന്സിയുടെ പ്രവണത, കൂടുതല് ക്ഷയിക്കാനാണ് എന്ന തോന്നലുണ്ടാകുമ്പോള് പ്രതീക്ഷകളുടെ പങ്ക് സുപ്രധാനമാകും. രൂപ കൂടുതല് ക്ഷയിക്കുമെന്ന തോന്നലുണ്ടാകുമ്പോള് കയറ്റുമതിക്കാര് പണം ഡോളറില്ത്തന്നെ സൂക്ഷിക്കും. ഇറക്കുമതിക്കാര് ഭാവിയിലെ ആവശ്യത്തിനുള്ള ഡോളര്പോലും പെട്ടെന്ന് വാങ്ങാന് നിര്ബന്ധിതരാകും. ഇത് മൂല്യശോഷണത്തിന്റെ ആക്കം വര്ധിപ്പിക്കും. പ്രതികൂല ആഗോള സാമ്പത്തിക സാഹചര്യത്തില് വിദേശ ധനകാര്യസ്ഥാപനങ്ങള് വികസ്വര രാജ്യത്തില്നിന്നുള്ള പോര്ട്ട്ഫോളിയോ നിക്ഷേപം പിന്വലിക്കും. ചെറിയ തോതില് ഇപ്പോള് ഇത് നടക്കുന്നുണ്ട്. ഹ്രസ്വകാലയളവില് ഇന്ത്യയിലേക്ക് ഉയര്ന്ന മൂലധന ഒഴുക്ക് ഉണ്ടാകാനിടയില്ല എന്ന കണക്കുകൂട്ടലും രൂപയുടെ മൂല്യശോഷണത്തിന് ആക്കം കൂട്ടുന്ന ഘടകമാണ്.

രൂപയുടെ മൂല്യശോഷണത്തിന്റെ പ്രത്യാഘാതങ്ങളെന്തെല്ലാമാണ് ? കോട്ടങ്ങളും നേട്ടങ്ങളുമുണ്ട്. ഏറ്റവും വലിയ കോട്ടം വിലക്കയറ്റം തന്നെയാണ്. ഇന്ത്യയുടെ മൊത്ത വിലസൂചികയില് വരുന്ന 40 ശതമാനം ഉത്പന്നങ്ങളിലും ഇറക്കുമതി ചെയ്ത വസ്തുക്കളുണ്ട്. അതുകൊണ്ട് ഇവയുടെ വില വര്ധിക്കും. ക്രൂഡ് ഓയിലിന്റെയും സ്വര്ണത്തിന്റെയും അന്തര്ദേശീയ വിലയിലുണ്ടായിട്ടുള്ള താഴ്ചയുടെ ഗുണം ഉപഭോക്താക്കള്ക്ക് രൂപയുടെ മൂല്യശോഷണം കാരണം ലഭിക്കില്ല. ഇന്ത്യയുടെ വിദേശകട തിരിച്ചടവ് ബാധ്യത വര്ധിക്കും. കയറ്റുമതിക്കാര്ക്ക് ഇത് ചാകരയാണ്; ഇറക്കുമതിക്കാര്ക്ക് ശാപവും.

കേരള സമ്പദ്വ്യവസ്ഥയുടെ കാഴ്ചപ്പാടില് നോക്കിയാല് രൂപയുടെ മൂല്യശോഷണം ഗുണകരമാണ്. ഗള്ഫ് നാടുകളില്നിന്നുള്ള പണമൊഴുക്ക് കൂടും. അമേരിക്കയില് നിന്നും യൂറോപ്പില്നിന്നുമുള്ള വരുമാനവും വര്ധിക്കും. ഇത് കേരള സമ്പദ്വ്യവസ്ഥയ്ക്ക് ശക്തിപകരും. മണിഓര്ഡര് ഇക്കോണമി പൊടിപൊടിക്കും.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് മൊത്തത്തില് ക്ഷീണമുണ്ടാക്കുന്ന രൂപയുടെ മൂല്യശോഷണം ഇനിയും തുടരുമോ ? റിസര്വ് ബാങ്ക് ശക്തമായി വിപണിയിലിടപെട്ട് വിദേശവിനിമയ ശേഖരത്തില് നിന്ന് ഡോളര് വിറ്റഴിച്ച് രൂപയുടെ മൂല്യത്തകര്ച്ച പിടിച്ചുനിര്ത്തണം എന്ന് വാദിക്കുന്നവരുണ്ട്. തീര്ച്ചയായും ഒരു പരിധി കഴിഞ്ഞാല് റിസര്വ് ബാങ്ക് ഇടപെടും. എന്നാല് ശക്തമായ ഒരു പ്രവണത നിലനില്ക്കുന്ന സാഹചര്യത്തില് റിസര്വ് ബാങ്കിന്റെ ഇടപെടലിന് പരിമിതിയുണ്ട്.

2008 ജൂണ് മുതല് 2009 മാര്ച്ച് വരെയുള്ള കാലയളവില് റിസര്വ് ബാങ്ക് 3,900 കോടി ഡോളര് വിറ്റഴിച്ചിട്ടും രൂപയുടെ മൂല്യം ഗണ്യമായി ഇടിഞ്ഞു. അതുപോലെ 2007-ല് റിസര്വ്ബാങ്ക് 2,900 കോടി ഡോളര് വിപണിയില്നിന്ന് വാങ്ങിയിട്ടും രൂപയുടെ മൂല്യം വര്ധിച്ചു. ശക്തമായ സാമ്പത്തികപ്രവണതകള്ക്ക് എതിരായ ഇടപെടലുകള്ക്ക് പരിമിതിയുണ്ടെന്ന് സാരം.

റിസര്വ്ബാങ്കിന്റെ ഇടപെടലില്ലാതെതന്നെ 2012-ല് രൂപ ശക്തിപ്രാപിക്കാനിടയുണ്ട്. യൂറോപ്യന് പ്രതിസന്ധി കൂടുതല് വഷളാവാതെ ഒരു പരിഹാരം കാണാനായാല് -ജര്മനി വിചാരിച്ചാല് സാധ്യമാകുന്ന കാര്യം- നിക്ഷേപകരുടെ 'റിസ്ക്'എടുക്കാനുള്ള താത്പര്യം വര്ധിക്കുകയും ഇന്ത്യയിലേക്ക് കൂടുതല് മൂലധനമൊഴുക്ക് ഉണ്ടാവുകയും ചെയ്യും. വരാനിരിക്കുന്ന വര്ഷങ്ങളില് ലോകത്തിലെതന്നെ ഏറ്റവും ഉയര്ന്ന സാമ്പത്തികവളര്ച്ച കൈവരിക്കുന്ന രാജ്യമായിരിക്കും ഇന്ത്യ എന്ന കാര്യത്തില് സംശയം വേണ്ട; ഹ്രസ്വകാലസാഹചര്യങ്ങള് മോശമാണെങ്കിലും. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്കുള്ള മൂലധനപ്രവാഹം അനിവാര്യമാണ്. എന്നാല്, ഹ്രസ്വകാലയളവില് യൂറോപ്യന് പ്രതിസന്ധി വഷളായി യൂറോപ്യന് ബാങ്കിങ് മേഖലയെ തകര്ക്കുന്ന അവസ്ഥയിലെത്തിയാല് പ്രശ്നം ഗുരുതരമാകും.
അത്തരമൊരു സാഹചര്യത്തില് റിസര്വ് ബാങ്കിനും രൂപയുടെ മൂല്യത്തകര്ച്ച തടയാനാവില്ല. അങ്ങനെ സംഭവിക്കില്ലെന്ന് പ്രത്യാശിക്കാം.

(ജിയോജിത്ത് ബി.എന്.പി. പാരിബായില് ഇന്വെസ്റ്റ്മെന്റ് സ്ട്രേറ്റ്ജിസ്റ്റാണ് ലേഖകന്.)

No comments:

Post a Comment